ഒരു മൈക്കും കേള്‍ക്കാന്‍ ഇത്തിരി ആള്‍ക്കൂട്ടവുമായാല്‍ പിന്നെ വായ്ക്കു വന്നത് കോതയ്ക്ക് പാട്ടെന്ന രൂപത്തിലുള്ള പ്രാസംഗികന്മാരായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കത്തിക്കാന്‍ തീപ്പെട്ടിയുമായി ഇറങ്ങിത്തിരിച്ചവരില്‍ പ്രമുഖര്‍. നാടിന്റെ ചരിത്രമോ സാമൂഹിക ഭദ്രതയുടെ ഭാവിയോ ഒന്നും പ്രശ്നമല്ലാത്ത ഇക്കൂട്ടര്‍ ആള്‍ക്കൂട്ട മന:ശ്ശാസ്ത്രവും വാക്കുകളെ യഥേഷ്ടമെടുത്തുപയോഗിക്കാനുള്ള കഴിവും സമന്വയിപ്പിച്ച് പച്ച മാംസം കത്തിയെരിയുന്നതില് കൗതുകം കണ്ടെത്തിയവരായിരുന്നു. ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തില് പോലും. അബ്ദുന്നാസര് മഅദനി എന്ന മത പ്രാസംഗികന് മുസ്ലിം യുവാക്കള്ക്കിടയില് ഒരാവേശമായി പടര്ന്നു കയറിയത് ഇതേ ചേരുവകള് വിളക്കിച്ചേര്ത്തു കൊണ്ടായിരുന്നുവെന്നത് ചരിത്രം. അന്നും കേരളം ഉത്തരേന്ത്യയാവാതെ നിന്നത് ഇവിടുത്തെ ഹിന്ദുക്കളടക്കമുള്ള മത സമൂഹങ്ങളുടെയും മത നിരപേക്ഷ പ്രസ്ഥാനങ്ങളുടെയും സമയോചിത ഇടപെടല് ഒന്ന് കൊണ്ട് മാത്രമായിരുന്നു.