Pages

Monday, 30 May 2011

ഇരയും വേട്ടക്കാരും

terror
ലാദന്‍ വധം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ഒസാമയെ കണ്ടു പിടിച്ചത്‌ താലിബാന്‍ സഹ-സ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗാനി ബറദാര്‍ ഒറ്റിക്കൊടുത്തത് മൂലമാണെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. യു കെയില്‍ നിന്നും പുറത്തിറങ്ങുന്ന Sunday Mirror ന്‍റെ ലേഖകന്‍ നിക് ഓവന്‍സ് ആണ് ഈ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. പാശ്ചാത്യ മീഡിയയുടെ പതിവ് പ്രചാര വേലകള്‍ക്കപ്പുറം ഈ വാര്‍ത്തയുടെ വിശ്വാസീയതയും അതിന്റെ ലക്ഷ്യങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. അങ്ങിനെയെങ്കില്‍ ഒസാമയുടെ വിശ്വസ്തനായ സന്ദേശവാഹകന്‍ അബു അഹ്മദ്‌ അല്‍ കുവൈത്തിയുടെ ടെലഫോണ്‍ ചോര്‍ത്തിയാണ് താവളം കണ്ടു പിടിച്ചതെന്ന വൈറ്റ്‌ ഹൗസ്‌ ഭാഷ്യം തകരുകയാണിവിടെ ചെയ്യുന്നത്; മറ്റു പലതിലുമെന്ന പോലെ.
ഒസാമ ഒളിച്ചു താമസിച്ചതെന്നു പറയപ്പെടുന്ന അബട്ടാബാദിലെ വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്ത കുറിപ്പടിയിലാണ് ഇതിന്റെ സ്രോതസ്സ് ഓവന്‍സ് കണ്ടെത്തുന്നത്. ഓപ്പറേഷനില്‍ പങ്കെടുത്ത സീലുകളില്‍ ആരുടെയെങ്കിലും അടുത്ത് നിന്ന് കൈമോശം വന്നതാവാം കുറിപ്പടിയെന്നും അദ്ദേഹം അനുമാനിക്കുന്നു. പ്രഥമ ദൃഷ്ട്യാ തന്നെ അവിശ്വസനീയമാണ് ഈ റിപോര്‍ട്ടെങ്കിലും അത് ബന്ധപ്പെടുത്തിയിരിക്കുന്നത് താലിബാന്‍ നേതാവുമായിട്ടായതിനാല്‍ പാടെ അവഗണിക്കാനും നിരീക്ഷകന്മാര്‍ തയ്യാറല്ല.
എണ്‍പതുകളില്‍ റഷ്യന്‍ അധിനിവേശത്തിന്റെ അരുംകൊലകള്‍ക്ക് അറുതി വരുത്താനും ഒപ്പം അധിനിവേശം അവശേഷിപ്പിക്കുന്ന ധാര്‍മികത്തകര്ച്ചയില്‍ നിന്നും അഫ്ഗാനിനെ എങ്ങിനെ കര കയറ്റാം എന്ന യുവത്വത്തിന്റെ വിപ്ലവ ചിന്താ ഗതിയുടെ ഉല്പന്നമായിരുന്നു താലിബാന്‍ (വിദ്യാര്‍ത്ഥികള്‍) എന്ന ആശയം. ജനിച്ചതും വളര്‍ന്നു വികാസം പ്രാപിച്ചതും അഫ്ഗാനിലാണെങ്കിലും അതിന്റെ മസ്തിഷ്കവും ഊര്‍ജ സ്രോതസ്സും എന്നും പാകിസ്താനായിരുന്നു. പാകിസ്താനിലെ തെക്കന്‍ വസീരിസ്ഥാനില്‍ ഇന്നും ഭീകര ക്യാമ്പുകള്‍ നിര്‍ലോഭം നടന്നു വരികയും ചെയ്യുന്നുണ്ട്. ഇതിന്റെ മുഖ്യ ആസൂത്രകര്‍ ഭരണ രംഗത്തെ തലവന്മാരായിരിക്കണമെന്നില്ല. അവരുടെ അറിവോടെയും സമ്മതത്തോടെയും ആയിരിക്കണമെന്നുമില്ല. കാരണം പാകിസ്താന്‍ എന്നത് അത്യന്തം സങ്കീര്‍ണ്ണവും അതിലുപരി അപകടകരവുമായ രാഷ്ട്രീയ സാമൂഹിക ഘടനകളുള്ള ഒരു രാഷ്ട്രമാണ്. അതു കൊണ്ടാണ് സ്വന്തം രാജ്യത്ത് തന്നെ അനുദിനം നടന്നു കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെ ചെറുക്കുന്നതില്‍ ആ രാജ്യം പരാജയപ്പെടുന്നത്. ഇന്നവിടെ നടക്കുന്ന തീവ്രവാദ രാഷ്ട്രീയത്തിന് എല്ലാ കാല ഘട്ടത്തിലെയും ഭരണാധികാരികള്‍ വളം വെച്ച് കൊടുത്തിടുണ്ട്. എന്നിരുന്നാലും താലിബാന്റെ മേല്‍ പകിസ്താനുള്ള സ്വാധീനം അവിതര്‍ക്കിതമാണ്. അതു കൊണ്ടാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പ്‌ ഗീലാനി-കര്‍സായി കൂടിക്കാഴ്ചയ്ക്ക് ശേഷം അഫ്ഗാന്‍ താലിബാനെ നിയന്ത്രണ വിധേയമാക്കാം എന്ന് ഗീലാനി ഉറപ്പു കൊടുത്തതായ വാര്‍ത്തകള്‍ പുറത്തു വന്നത്. പാക്‌ താലിബാനെ നിയന്ത്രിക്കാന്‍ കഴിയാത്ത പാകിസ്താന്‍ എങ്ങിനെയാണ് അഫ്ഗാനില്‍ അവരെ നിയന്ത്രണ വിധേയമാക്കുന്നതെന്ന് സാധാരണക്കാരായ അഫ്ഗാനികള്‍ ചോദിക്കുന്നതും അത് കൊണ്ടാണ്. ഒസാമയെ ഒററുന്നതിന് പകരമായി ബര്ദര്‍ അമേരിക്കയോട്‌ ആവശ്യപ്പെട്ടത്‌ തടവിലുള്ള താലിബാന്‍കാരുടെ മോചനവും അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലുമാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങേണ്ടത് താലിബാനെ പോലെ തന്നെ പാകിസ്താന്റെയും ആവശ്യമാണ്‌. കാരണം ഇന്ത്യ എന്ന ജന്മശത്രുവിന്റെ അഫ്ഗാന്‍ താല്പര്യങ്ങള്‍ തന്നെ. അഫ്ഗാനോളം മറ്റൊരു രാജ്യത്തെയും ഇന്ത്യ ഇത്ര കണ്ടു സഹായിച്ചിട്ടില്ല. എല്ലാവരുടെയും കണ്ണ് അഫ്ഗാനിന്റെ പുനര്‍ നിര്‍മാണവും പുരോഗതിയും എന്നതിനപ്പുറം ബാമിയാനടങ്ങുന്ന അഫ്ഗാനിന്റെ മലമടക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ തോതിലുള്ള ധാതു ശേഖരവും. ബാറ്ററി നിര്‍മാണത്തിനുപയോഗിക്കുന്ന ലിഥിയം മുതല്‍ ഇരുമ്പും സ്വര്‍ണവുമടങ്ങുന്ന വമ്പന്‍ ധാതു ശേഖരത്തിന്റെ കണ്ടെത്തലുകള്‍ റഷ്യ തന്നെ കണ്ടെത്തിയതുമാണ്. പിന്നീട് വന്ന അമേരിക്ക അവര്‍ നിര്‍ത്തി വെച്ചേടത്ത്‌ നിന്ന് തുടങ്ങി. പക്ഷെ ഇതിനിടയില്‍ അഫ്ഗാനില്‍ പാകിസ്താന്‍ സഹായത്തോടെ കയറിപ്പറ്റിയ ചൈനയാണ് ഭാവിയിലെ അഫ്ഗാനിനെ പാട്ടക്കരാറുകളിലൂടെ അധിനിവേശം നടത്താന്‍ പോകുന്നത്. അതിനവര്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അഫ്ഗാന്‍-പാക്‌-ചൈന സഖ്യമാണ് ചൈനയുടെയും പാകിസ്താന്റെയും താല്പര്യം. ഇതെത്ര കണ്ട് ഇന്ത്യയും അമേരിക്കയും വെച്ച് പൊറുപ്പിക്കുമെന്നും അതിനെ തടയിടാന്‍ ഇരു രാഷ്ട്രങ്ങളും എടുക്കുന്ന നടപടികള്‍ എന്തൊക്കെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു മേഖലയില്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ സൈനിക നീക്കങ്ങളുടെ ഗതിയും വികാസവും. ഏതായാലും അമേരിക്കയേക്കാള്‍ പതിന്മടങ്ങ്‌ വിഷം ഉള്ളില്‍ കൊണ്ട് നടക്കുന്ന ‘വന്മതിലുകാര്‍ക്ക് സ്വാഗതമരുളുന്നതിലൂടെ കരിമൂര്‍ഖനില്‍ നിന്ന് രക്ഷപ്പെടാന്‍ മലമ്പാമ്പിനെ കൂട്ട് പിടിച്ച ആട്ടിന്‍കുട്ടിയുടെ കഥയോര്മിപ്പിക്കുകയാണ് അഫ്ഗാന്‍. പാവം അഫ്ഗാനികള്‍ക്ക് സമാധാനം എന്നത് ഇനിയും മരീചിക തന്നെയായിരിക്കും.
ലാസ്റ്റ്‌ ബോള്‍: ഈ ചൈനാക്കച്ചവടത്തിലൂടെ പാകിസ്താന് വല്ലതും കിട്ടുമോ ആവോ?
എന്തു കിട്ടാന്‍ ശത്രുവിന്റെ ശത്രു മിത്രം!

0 മറുമൊഴികള്‍: