Pages

Monday, 15 August 2011

സാരെ ജഹാന്‍ സെ അച്ചാ..

സര്‍വ ലോകത്തേക്കാള്‍ മഹത്തരം
നമ്മുടെ ഹിന്ദുസ്ഥാന്‍..
നാമിവിടുത്തെ രാപ്പാടികള്‍..
ഇതോ നമ്മുടെ പൂന്തോട്ടവും!

ദാര്‍ശനിക കവി ഇഖ്ബാലിന്റെ തൂലികയില്‍
നിന്നും ഉതിര്‍ന്നു വീണ സ്വപ്ന തുല്യമായ
വരികള്‍..
നമുക്ക്‌ അവകാശമുണ്ടോ ഈ പൂന്തോട്ടത്തിലെ
രാപ്പാടികളെന്നു പറയാന്‍..
നാമെന്തു നല്‍കി ഈ രാജ്യത്തിന്?
സ്വയം ചോദിക്കുക, നമോരോരുത്തരും..
ആറര പതിറ്റാണ്ട് മുമ്പത്തെ സ്വാതന്ത്ര്യപ്പുലരി
അതൊരു ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്കാര ഭൂമിയുടെ
വിമോചന വിളംബരം..

സ്വാതന്ത്ര്യം ഒരു രാജ്യത്തെ ജനതയുടെ ജീവ വായുവാണ്.
അത് നല്‍കുന്ന ആനന്ദം അനിര്‍വചനീയവും
പക്ഷെ, ആ നാളുകളില്‍ ഇന്ത്യയുടെ കണ്ണുകളില്‍ അശ്രുകണങ്ങളായിരുന്നു..
സന്തോഷത്തിന്റെയല്ല; അസമാധാനത്തിന്റെ..
മുറിപ്പെട്ടു പോയ മനസ്സില്‍ നിന്നും ഉത്ഭവിച്ച,
വിഭജനത്തിന്റെ മുറിപ്പാടുകളിലൂടെ വാര്‍ന്നൊലിക്കുന്ന
ചോരയുടെ ഗന്ധമുള്ള അശ്രുകണങ്ങള്‍..
പട്ടിണി കിടന്നും ലാളിത്യത്തിന്റെ ആള്‍രൂപമായും
മുമ്പില്‍ നടന്ന ഒരു വൃദ്ധനുണ്ടായിരുന്നു ഈ നാടിനെ നയിക്കാന്‍.
താന്‍ കുത്തി നടക്കുന്ന വടിക്കടിയില്‍പ്പെട്ടാണെങ്കിലും,
ഒരുറുമ്പിനു പോലും നോവരുതേ എന്ന് ആശിച്ച
ഒരു പാവം മനുഷ്യന്‍..
സഹനം കൊണ്ട് സമരം ജയിക്കാമെന്ന് കാണിച്ചു
തന്ന അര്‍ദ്ധ നഗ്നനായ ഫഖീര്‍.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ
കൊള്ളമുതലാളിമാരുടെ തോക്കുകള്‍ക്ക് പക്ഷെ,
ആ വൃദ്ധനും അദ്ദേഹത്തിന്റെ ജനതക്കും മുമ്പില്‍
അടിയറവു പറയേണ്ടി വന്നു.
അവിടുന്നിങ്ങോട്ടു തുടങ്ങിയ ചരിത്രത്തിന്റെ പ്രയാണം
സമാനതകളില്ലാത്ത ഒരു രാജ്യവും ജനതയും എന്തെന്ന്
അടയാളപ്പെടുത്തുകയായിരുന്നു.
അങ്ങിനെ കുതിച്ചും കിതച്ചും എത്തിച്ചേര്‍ന്നതാണ് നാമിന്നു
കാണുന്ന നമ്മുടെ മഹാരാജ്യം!

വെല്ലു വിളികളും പ്രതിബന്ധങ്ങളും ഏറെയായിരുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന വെള്ളക്കാരന്റെ കൌശലങ്ങള്‍
ബാക്കി വെച്ചത് ഗോദ്സേമാരുടെ ജന്മങ്ങളായിരുന്നു.
അതിന്റെ അനിവാര്യതകളായ ആഴത്തിലുള്ള ഓരോ മുറിപ്പാടുകള്‍
രാജ്യത്തിന് സമ്മാനിച്ചു കൊണ്ട് തന്നെ..
ജഡങ്ങള്‍ നിറഞ്ഞ തെരുവുകളും
തേങ്ങലുകള്‍ തിങ്ങി നിറഞ്ഞ കൂരകളും മാത്രം
ബാക്കിയാക്കിയ എണ്ണമറ്റ കലാപങ്ങള്‍..
സ്ഫോടനങ്ങള്‍.. കൂട്ടക്കുരുതികള്‍..
കൊലയാളികള്‍ ഒരേ തരക്കാരായിരുന്നു.
നാടിന്‍റെ നാശമായിരുന്നു അവരുടെയെല്ലാം ലക്ഷ്യം.
കാരണങ്ങള്‍ പറയാന്‍ അവര്‍ ഓരോ കൊടികള്‍ക്ക് പിന്നില്‍
അണി നിരന്നു.
പക്ഷെ അഗ്നി പരീക്ഷകള്‍ക്ക് മുമ്പില്‍
ഭരണഘടനയെന്ന മഹത്തായ ആയുധം രാജ്യത്തിന് കരുത്തേകി.
നൂറു കണക്കില്‍ സംസ്കാരങ്ങളും അതിലും കൂടുതല്‍
ഉപസംസ്കാരങ്ങളും ഭാഷാ വൈവിധ്യങ്ങളുമുള്ള ഒരു നാടിനെ
ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടു പോകാന്‍
പ്രയത്നിച്ച ഭരണഘടനാ ശില്‍പികള്‍
സ്വപ്നം കണ്ടത്‌ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
എന്നത് മാത്രമായിരുന്നു.
പഞ്ചാബും കശ്മീരും ഗുജറാത്തും പിന്നെ ബാബരിയും മുംബൈയും
എല്ലാമെല്ലാം ആ ദൂരത്തിലേക്കുള്ള പുഴുക്കുത്തുകള്‍..
ചോര കിനിയുന്ന മുറിവുകള്‍..
എല്ലാം മറന്ന്, ഒരു മെയ്യാണെന്ന് പറഞ്ഞു
കൂടുമ്പോഴും വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന
അനുഭവങ്ങളുമായി അതിന്റെ ആവര്‍ത്തനങ്ങള്‍!

പുതിയ കാലത്ത് സമവാക്യങ്ങള്‍
മാറി മറിഞ്ഞിരിക്കുന്നു..
അഴിമതിയും സ്വജന പക്ഷപാതവും
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴുകി ദുര്‍ഗന്ധം വമിക്കാന്‍
തുടങ്ങിയിട്ട് നാളുകളേറെയായി.
അതിനിയും മടുക്കാത്തത് രാഷ്ട്രീയ മേലാളന്മാര്‍ക്കും
അതിന്റെ പ്രയോജകര്‍ക്കും മാത്രം.
ആ മടുപ്പിന്റെ ഉദാഹരണമാണ് ലോകപാല്‍
സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
അതൊരു മാരക രോഗാണു കണക്കെ ഈ നാടിനെയും
അതിന്റെ സ്വത്വത്തെയും തിന്നു തീര്‍ക്കുകയാണ്.
നിണം കൊണ്ട് പണിയാനിറങ്ങിയ
കസബുമാര്‍ക്കും പ്രജ്ഞ സിങ്ങുമാര്‍ക്കും, പിന്നെ
ടുജി കൊണ്ട് വഞ്ചിച്ച രാജമാര്‍ക്കും
'ഖേലി'ല്‍ പോലും കോഴ കളിച്ച കല്‍മാഡിമാര്‍ക്കും
നമ്മളും ഈ നാടും ഇനിയും
നിന്ന് കൊടുക്കണോ?
ഇല്ല! ഇനിയും ഈ കീടങ്ങള്‍
നമ്മുടെ നാടിനെ നശിപ്പിച്ചു കൂടാ..
നമ്മുടെ ച്ഛാശക്തിയാണ് അതിനുള്ള പോംവഴി.
കേവലം നാമിവിടെ ജനിച്ചു വീണു എന്നത് കൊണ്ടു മാത്രമല്ല..
ഈ രാജ്യം നമ്മുടെ ജീവനാണ്; ഒപ്പം ജീവിതവും!
നമുക്കഭിമാനിക്കാം..ലോകത്തെ
പുത്തന്‍ കണ്ടുപിടുത്തങ്ങളില്‍,
ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളില്‍
എണ്ണമറ്റ മറ്റു മേഖലകളില്‍
എല്ലാം അണിയറക്കാര്‍ ഈ നാടിന്റെ മക്കള്‍..!
കണക്കുകള്‍ പറയുന്നത് എണ്ണം
പറഞ്ഞ മാധ്യമക്കാര്‍.
എണ്ണപ്പാടങ്ങളുള്ള അറബികളേയും
ഡോളറുകളുള്ള സായിപ്പിനേയും
ബുദ്ധിയും അധ്വാനവും കൊണ്ട് കീഴടക്കുന്നു
ഈ നാടിന്റെ ചുണക്കുട്ടികള്‍!
ബുദ്ധിയുടെയും വിദ്യയുടെയും
കരുത്ത് കൊണ്ട് നമുക്ക് ഇല്ലായ്മ
ചെയ്യാനാകണം,
വിശപ്പിന്റെ കരച്ചിലുകളും
ദാരിദ്ര്യത്തിന്റെ എരിച്ചിലുകളും!
അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ
സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകൂ..

കോളേജ് കാലത്തെങ്ങോ എന്റെ ഡയറിത്താളുകളില്‍
കവി കൂടിയായ സുഹൃത്ത്‌ കുറിച്ചിട്ട വരികള്‍
ഓര്‍മ വരുന്നു..അതൊരു പ്രാര്‍ത്ഥനയായി
വീണ്ടും ഉരുവിടട്ടെ!

 മലരുകളിനിയും വിരിയട്ടെ മണ്ണിതില്‍
വസന്തങ്ങളിനിയും വിടരട്ടെ ഭൂവിതില്‍
ഇനിയുമെന്നിന്ത്യ തളരാതിരിക്കട്ടെ!