
എന്തൊക്കെ പറഞ്ഞാലും ഹസാരെയും സംഘവും ഈ നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രത്യാശ ചെറുതായിരുന്നില്ല. അഴിമതിയില്‍ മുച്ചൂടും മുങ്ങിക്കുളിച്ച ഒരു രാജ്യത്തിലെ ജനങ്ങള്‍ക്ക് ഹസാരെ എന്നത് വെറും ഒരു കച്ചിത്തുരുമ്പായിരുന്നില്ല. ഒരു നവയുഗത്തിന്റെ പിറവിയും അഴിമതി രഹിത ഇന്ത്യ എന്ന സ്വപ്നാടനത്തിന്റെ വഴികാട്ടിയും പുണ്യ പുരുഷന്മാരുടെ പുനരവതാരങ്ങളും അങ്ങിനെ എന്തെല്ലാമോ ഒക്കെയായിരുന്നു. അങ്ങിനെ കണ്ടു പോയ, കാണാനിഷ്ടപ്പെട്ട ജനങ്ങളുടെ മുമ്പില്‍ തങ്ങളും പണത്തിനു മുന്നില്‍ പാപം ചെയ്യുന്നവരാണെന്ന് വരുന്നത് രാജ്യം ചെന്നെത്തിയിരിക്കുന്ന അരാജകത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. അഴിമതി എന്നത് 'സ്വിച് ആന്റ് ലൈറ്റ്' മാതൃകയില്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല എന്നെങ്കിലും അണ്ണാ ഹസാരെയും കൂട്ടരും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകും.
ടുജിയും ത്രീ ജിയും കടന്നു അഴിമതിയുടെ നീരാളിക്കൈകള്‍ വീണ്ടും വളരുന്നു എന്നതിന്റെ തെളിവാണ് റിലയന്‍സിനെ 'ആം ആദ്മി' യായിക്കണ്ട് നല്‍കിയ കരാറിലെ അഴിമതി. സി. എ. ജിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം! സ്വാഭാവികമായും സമാന തുക ലാഭം വന്നിരിക്കുന്നത് റിലയന്‍സിനു തന്നെ. കോര്‍പ്പറേറ്റു താല്പര്യങ്ങള്‍ക്കനുകൂലമായി ഭരണ സംവിധാനങ്ങളും നിയമ നിര്‍മാണവും നടത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെതിരെ 'Occupy Wall street’ എന്ന മുദ്രാവാക്യം മുഴക്കി അവിടുത്തെ പൌരന്മാര്‍ അണിനിരന്നെങ്കില് രാജ്യത്തെ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നമ്മുടെ ഭരണാധികാരികളുടെ മുമ്പില്‍ ചങ്കുറപ്പോടെ പറയാന്‍ ഒരു മുദ്രാവാക്യമെങ്കിലും ഇല്ലാതെ വരുന്നത് ഉദാസീനതയുടെ നവ ഇന്ത്യന്‍ മാതൃകയായിരിക്കാം. അഴിമതിയുടെ ചരിത്രത്തിനു വിപ്ലവകരമായ വ്യതിയാനങ്ങള്‍ സംഭവിച്ചത് ആഗോളീകരണ കാലഘട്ടങ്ങള്‍ക്ക് ശേഷമാണെന്ന് ഇഴ കീറി പഠിച്ച നമ്മള്‍ക്ക് പക്ഷെ അതിനെ ചെറുക്കാനുള്ള ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാന്‍ കഴിയാതെ പോയത് ഈ ഉദാസീനതയും മരവിപ്പുമല്ലാതെ മറ്റെന്താണ്? അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെയും ഭരണ സുതാര്യതയിലൂടെയും ഭരണകാര്യാവബോധത്തിലൂടെയും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടേണ്ട അഴിമതി എന്ന മഹാ മാരിയെ ലോക്പാല്‍ ബില്‍ എന്ന കഫ് സിറപ്പു കൊണ്ട് ഒതുക്കാം എന്ന വിഡ്ഢിത്തത്തിനു കാലം നല്‍കിയ തിരുത്താണ് കെജ്രിവാള്‍-കിരണ്‍ ബേദിയുടെ പിന്നാമ്പുറക്കഥകള്‍.
ലാസ്റ്റ് ബോള്‍: ഹസാരെ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതിയാരോപണ പരമ്പര. 29 ന് കോര്‍ കമ്മിറ്റി യോഗം വിളിച്ചതിനിടയില്‍ കിരണ്‍ ബേദിയുടെ ഇന്ത്യാവിഷന്‍ സംഘടനയില്‍ നിന്നും അനില്‍ബാലിന്റെ രാജിയും. ഹസാരെ സംഘം സമ്മര്‍ദ്ദത്തില്‍.
മിക്കവാറും ഹസാരെ മൌനവ്രതം തുടരും.
0 മറുമൊഴികള്‍:
Post a Comment