Pages

Sunday, 18 March 2012

മോഡിയുടെ 'TIME’

നാട്ടില്‍ അത്യാവശ്യം നിലയും വിലയുമുള്ള മാന്യനെ സദ്യക്ക് വിളിച്ചു വരുത്തി തൂശനിലയിട്ടു ചോറ് വിളമ്പിക്കൊടുക്കുന്നതിനു പകരം അടുക്കളപ്പുറത്തെ കോലായില്‍ ചമ്രം പടിഞ്ഞിരുത്തി ചേമ്പിലയില്‍ പഴങ്കഞ്ഞി കൊടുത്തത് പോലെയാണ് ടൈം മാഗസിനുകാര്‍ മോഡിയോടു ചെയ്തത്. കുറഞ്ഞത് ഐക്യരാഷ്ട്ര സഭാ സെക്രട്ടരിയെങ്കിലുമാവാന്‍ മാത്രം യോഗ്യതയും 'കയ്യിലിരിപ്പു'മുള്ള മിസ്റ്റര്‍ മോഡിയെ  ടൈം മാഗസിനുകാര്‍ വെറുമൊരു ഇന്ത്യാ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നൊക്കെ വിളിച്ച് അപമാനിക്കുകയും പോരാത്തതിന് ആ വിവരം മാലോകര്‍ ശ്രദ്ധിക്കാന്‍ വേണ്ടി അങ്ങേരുടെ മുഖചിത്രം വെച്ച് കവര്‍ സ്റ്റോറിയാക്കി ഇറക്കുകയും ചെയ്തു കളഞ്ഞു. ടൈം മാഗസിന്റെ ഏഷ്യന്‍ എഡിഷന്‍ ലേറ്റസ്റ്റ് ലക്കത്തിലാണ് ഈ 'കൊലച്ചതി' അവര്‍ മോഡിയോടു ചെയ്തിരിക്കുന്നത്. അമേരിക്കയുടെ സ്റ്റോക്കിലുള്ള ഏതെങ്കിലും ലെശ്കറുകാരനെ വിട്ട് അങ്ങേരെയങ്ങു കൊല്ലിക്കുന്നതായിരുന്നു ഇതിലും ഭേദം.

താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിനുള്ള ഉരുപ്പടിയാണെന്ന് മോഡി സാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല അത്തരം പിള്ളേര് കളിയൊക്കെ പ്രായം അമ്പതിനോടടുത്ത് എത്തിയിട്ടും ബുദ്ധിയുറക്കാതെ നില്‍ക്കുന്ന രാഹുലാദികള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. അല്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ ഇത്രയധികം കഷ്ടപ്പെടേണ്ട യാതൊരാവശ്യവും ഇല്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചു ജയിച്ചിട്ടില്ലാത്ത മന്മോഹനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. സംഗതി അത്രയ്ക്ക് ഈസിയാണെന്ന് അര്‍ഥം. അതൊന്നും മനസ്സിലാക്കാനുള്ള വകതിരിവില്ലാത്തത് കൊണ്ടാണ് ഡല്‍ഹി മാഡത്തിന്റെ മോന്‍ പായും തലയിണയുമെടുത്ത് യു. പി. യിലെ ബസ്തികളില്‍ പോയി അന്തിയുറങ്ങിയത്. ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍ എന്ന് പറഞ്ഞത് പോലെ ജയിച്ചോണ്ടിരുന്ന മമ്മിയുടെ മണ്ഡലം വരെ മോന്‍ വന്നത് കൊണ്ട് വഴി മാറിപ്പോയത് മിച്ചം!

പക്ഷെ ടൈമുകാര്‍ പറഞ്ഞു പരത്തുന്നത് പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടി കഴിയേണ്ട ഒരു 'മൊതലല്ല' മോഡി എന്നതാണ് സത്യം. ഇനിയെങ്ങാന്‍ കയറി പ്രസിഡണ്ടായിക്കളയുമോ എന്ന പേടിയുള്ളത് കൊണ്ടാണ് അമേരിക്ക പോലും മോഡിക്ക് വിസ കൊടുക്കാത്തത്. അത്രയുമാണ് ടിയാന്റെ 'പവര്‍'. ഇതൊന്നുമറിയാത്തവരല്ല ടൈം വാരികയുടെ ബെഞ്ചിലിരുന്നു എഴുതിക്കൂട്ടുന്നവര്‍. ഗുജറാത്തിന്റെ വികസനത്തില്‍ കണ്ണു കടിയുള്ള അബ്ദുള്ളക്കുട്ടിയുടെ അനന്തിരവന്മാര്‍ ആരെങ്കിലും ടൈം വാരികയില്‍ പണിയെടുക്കുന്നുണ്ടോ എന്നറിയില്ല. തന്റെ വീര കൃത്യങ്ങളായി വാരികയില് വന്ന കാര്യങ്ങള് ഇന്ത്യന്‍ പ്രധാനമന്ത്രിയായി തന്നെ ചുരുട്ടിക്കൂട്ടി നിര്‍ത്തേണ്ട തരത്തിലൊരു 'ഹിഡന്‍ അജണ്ട' അതിന്റെ പിറകിലുണ്ടെന്നത് കട്ടായം! ആഗോള ലെവലിലേക്കൊരു എന്ട്രി എന്ന നിലയ്ക്കാണ് ടൈം വാരികക്കാരന് മുമ്പെങ്ങോ  'അഫിമുഖം' കൊടുക്കാന്‍ തയ്യാറായത് തന്നെ. കൂതറ ഇന്ത്യന്‍ മാധ്യമങ്ങളടക്കം സകല മുരടിപ്പന്‍ അഭിമുഖക്കാര്‍ക്കു മുമ്പിലും മോഡി നിന്നു കൊടുക്കാത്തതും തന്റെ 'വികസന വാന്ജ്ഞ' ഇന്ത്യയെയും കവച്ചു വെക്കുന്നതായത് കൊണ്ടാണ്. തന്റെ ഓഫീസിലേക്കുള്ള നാലുവരിപ്പാത ഉണ്ടാക്കിയത് 120 ചെറുകിട അമ്പലങ്ങള്‍ പൊളിച്ചു മാറ്റിയാണ് എന്ന കാര്യം എടുത്തു പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേരയില്‍ തന്നെ പിടിച്ചിരുത്താനുള്ള ബുദ്ധി സായിപ്പിനുണ്ടാവാന്‍ സാധ്യതയില്ല. താന്‍ ഐക്യ രാഷ്ട്ര സഭാ സെക്രട്ടറിയാകുന്നതില് കെറുവുള്ള ബ്ലഡി ഇന്ത്യന്‍സ് ആരെന്കിലുമാവാനേ തരമുള്ളൂ. വികസനവും അമ്പലവും പള്ളിയുമൊന്നും ഒരേ പള്ളിക്കൂടത്തില്‍ പഠിച്ചവരല്ലെന്ന് മനസ്സിലാക്കിയ ഒരേ ഒരാളാണ് മോഡി. വികസനം വരണമെങ്കില്‍ അമ്പലവും പള്ളിയുമൊക്കെ പൊളിയണം. ഗുജറാത്തില്‍ 120 അമ്പലം പൊളിക്കണമെങ്കില്‍ മോഡിയൊരുത്തന് വിചാരിച്ചാല്‍ മതി. പക്ഷെ ഒരു പള്ളി പൊളിക്കാന്‍‍ കാര്‍ണോര്‍ക്ക് കുറഞ്ഞത് ഒരു ലക്ഷം കര്‍സേവകരെയെങ്കിലും വേണം. എന്നാലും തീരില്ല കേസുകളും പൊല്ലാപ്പുകളും. അമ്പലം പൊളിച്ചു റോഡേ ഉണ്ടാക്കാന്‍ പാടുള്ളൂ. പള്ളി പണിയാന്‍ പാടില്ല.

ഇന്ത്യയില്‍ നിന്ന് ഇതിനു മുമ്പും ടൈം മാഗസിന്‍ 'മുഖ പടം' പിടിച്ചിട്ടുണ്ട്. ഗാന്ധിയില്‍ തുടങ്ങി നെഹ്രുവും, ഇന്ദിരയും, രാജീവും ഒടുക്കം മന്‍മോഹന്‍ പോലും 'ടൈമിങ്ങി'ന്റെ വലയില്‍പ്പെട്ടു പോയവരാണ്. പക്ഷെ ഇവരുടെയൊക്കെ പൊതു ഗുണമായ മതേതരത്വത്തില്‍ മോഡിക്കു അശേഷം വിശ്വാസമില്ലെന്ന് മാത്രമല്ല അങ്ങിനെയൊന്ന് രാജ്യത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കും എന്ന അഭിപ്രായക്കാരന്‍ കൂടിയാണ് അദ്ദേഹം. അങ്ങിനെ നോക്കുമ്പോള്‍ ടൈമിന്റെ കവറില്‍ അച്ചടിച്ച്‌ വന്നിട്ടുള്ള ഹിറ്റ്‌ലര്,‍ ഏരിയല്‍ ഷാരോണ്‍, മിലോസെവിക്ക് തുടങ്ങിയ ലോക നേതാക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തെ എണ്ണേണ്ടിയിരുന്നത്. പക്ഷെ ടൈം വാരിക എണ്ണിക്കൂട്ടിയെത്തിയത് നെഹ്രുവും രാജീവും മന്മോഹനുമൊക്കെയുള്ള വെറും പഞ്ചപ്പാവങ്ങള്‍ക്കിടയില്‍! അത് തന്നെയാണ് അവരുടെ ഹിഡന്‍ അജണ്ടയും. ജോര്‍ജ് ബുഷോളമില്ലെങ്കിലും പത്തു രണ്ടായിരം പേരെയെങ്കിലും കൊന്നു തള്ളി ഉണ്ടാക്കിയെടുത്ത ഇമേജാണ് ടൈമുകാരന്‍ കേവലം ഒരു കവര്‍ സ്റ്റോറി കൊണ്ട് തകര്‍ത്തു കളഞ്ഞിരിക്കുന്നത്. പോരാത്തതിന് പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്നും മറ്റുമുള്ള ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളും. ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പള്ളിക്കൂടത്തിന്റെ പടം പോലും കാണണമെന്നില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്? ഇനിയിപ്പോ ടൈം മാഗസിന്‍ കണ്ടു ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഒബാമയെങ്ങാന്‍ നിര്‍ബന്ധിച്ചാലും (നിര്‍ബന്ധിക്കണം; എന്നാലേ ആവൂ) തീരില്ല പ്രശ്നങ്ങള്‍. കാലു കുഴിയിലാണെങ്കിലും കാര്‍ണോര്‍ സമ്മതിക്കില്ല. കുറച്ചു കാശ് കൊടുത്ത് അടുത്ത ലക്കം 'ടൈം' കാര്‍ണോരുടേതാകില്ലെന്ന് ആര് കണ്ടു?

ലാസ്റ്റ് ബോള്‍: യു.പി യിലെ തോല്‍വി ഒരു പാട് പാഠം പഠിപ്പിച്ചു - രാഹുല്‍

എങ്ങിനെയൊക്കെ തോല്‍ക്കാം എന്ന പാഠം. ജയിക്കാനുള്ള പാഠങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളൂ.

2 മറുമൊഴികള്‍:

ചോരക്കൊതിയനായ സാക്ഷാല്‍ ബുഷ്‌ ജൂനിയര്‍ ആയിരുന്നു, ടൈം മാഗസിനിന്റെ 2004 ലെ Person of the Year ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെങ്കില്‍, 1938 ലെ അവരുടെ Person of the Year സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്നെയായിരുന്നു എന്നത് നമ്മെ അതിശയപ്പെടുത്തുവാനെ വഴിയില്ല...! മാഗസിന്റെ 'നല്ല പൈതൃക'ത്തിന്റെ മോടി കൂട്ടാന്‍ ഇനി മോഡിയെക്കൂടി ചേര്‍ക്കാം, എന്നേയുള്ളൂ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ്, ടി. മാഗസിനില്‍ തന്നെ, ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദിയുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ടൈമിന്റെ മുഖപടവും നജാദിന്റെതായിരുന്നു. വെളുത്ത നിറക്കാരനായ പ്രസിഡന്റിന്റെ കറുപ്പിച്ച ചിത്രമായിരുന്നു, പക്ഷെ നല്‍കപ്പെട്ടത്‌. ഇന്ടര്‍വ്യൂക്ക് നല്‍കപ്പെട്ട തലക്കെട്ട്‌, "A date with a dangerous mind" എന്നുമായിരുന്നു എന്നോര്‍ക്കുന്നു.

വികസനവും മനുഷ്യത്വവും (മതേതരത്തമല്ല ഉദ്ദേശിച്ചത്) ഒന്നിച്ചു സമ്മേളിക്കേണ്ടിയിരുന്നു മോഡിയില്‍! മോഡിയുടെ വികസന മോഡല്‍ തന്നെ ലക്ഷക്കണക്കിന് ദരിദ്രരെ ആട്ടിപ്പായിക്കുന്നതാണെന്നും പാണന്മാര്‍ പാടി നടക്കുന്നുണ്ട്. എന്തായാലും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുടെ വികസനത്തിന്റെ വീരകഥകള്‍ നമുക്കു കേള്‍ക്കാതിരിക്കാം. നല്ല മൂര്‍ച്ചയുള്ള ലേഖനം.