shamsiswanam - read@ur own risk :)

Pages

Sunday 6 May, 2012

ഏട്ടനെ അവര്ക്ക് കൊല്ലാനേ കഴിയൂ..തോല്പ്പിക്കാനാവില്ല!


പുലരി തേടിയുള്ള യാത്രയില്‍
ഞങ്ങളും വീണു പോയേക്കാം
പക്ഷെ.. കാലത്തിന്റെ ചുമരില്‍ ഞങ്ങള്‍
കര്‍മം കൊണ്ട് കുറിച്ചിടും..
'കൊല്ലാം പക്ഷെ, തോല്‍പ്പിക്കാനാവില്ല'

എന്റെ നാടും സമീപ പ്രദേശങ്ങളും ഒരു വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ടി. പി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ശേഖരേട്ടന്റെ അരുംകൊല പച്ചക്കരളുള്ള എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. കലാപങ്ങളുടെ കനലുറങ്ങാത്ത കണ്ണൂര്‍ എന്ന ദുഷ്പേര്‍ കാലം മായ്ച്ചു തുടങ്ങും മുമ്പ് തലശ്ശേരിയുടെ ചോരയുറഞ്ഞ മണ്ണില്‍ നിന്നും ഏറെയൊന്നും അകലെയല്ലാത്ത ഒഞ്ചിയത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു രക്ത സാക്ഷി കൂടി..! ഒളി മങ്ങാത്ത സമരസ്മരണകള്‍ ഉള്ളിലേറ്റു കിടക്കുന്ന ഒഞ്ചിയത്തിന് അതിന്റെ നായകനെ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ ഒരു വ്യത്യാസം മാത്രം. ഏതൊരു പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണോ ടി. പി. യെന്ന മനുഷ്യസ്നേഹി നിലകൊണ്ടത്, അതേ പ്രത്യയ ശാസ്ത്രത്തിന്റെ കരങ്ങളാല് തന്നെ വെട്ടി നുറുക്കപ്പെട്ടു ഒടുങ്ങേണ്ടി വന്നു ആ ധീര സഖാവിന്.

Tuesday 1 May, 2012

ഉസ്താദേ, എന്താണാ വാക്കിന്റെ അര്ത്ഥം?

www.shamsiswanam.com/ഒരു പാട് കെട്ടുമാമാങ്കങ്ങളും ആഘോഷരാവുകളും കണ്ടു മതിമറന്ന കേരളത്തിന്റെ തലസ്ഥാന നഗരി കഴിഞ്ഞ ദിവസം മറ്റൊരു മാമാങ്കത്തിന് കൂടി സാക്ഷിയായി. ഒരു മത നേതാവ് നടത്തിയ കേരള യാത്രയുടെ ആര്‍ഭാട പൂര്‍ണമായ പരിസമാപ്തിയുടെ നിറങ്ങള്‍ പേജിലും സ്ക്രീനിലും മിന്നി മറഞ്ഞു കൊണ്ടേയിരുന്നു. പ്രൈം ടൈം ഷെഡ്യൂളുകള്‍ മാറ്റി വെച്ച് സ്പോണ്‍സേര്‍ഡ്  ലൈവ് ടെലികാസ്റ്റുകളുമായി ചാനല്‍ക്കൂട്ടങ്ങള്‍ സമ്മേളനത്തിന്റെ മദ്ഹ് പടപ്പാട്ടുകള്‍ പാടി വാങ്ങിയ കാശിനു ഉപകാരസ്മരണയോതി. കാസര്ക്കോട് നിന്നും ആദ്യമായല്ല ഒരാള്‍ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ അരങ്ങേറ്റവും പിരിഞ്ഞൊഴിയലുമെല്ലാം പതിറ്റാണ്ടുകളായി കേരളം കണ്ടു വരുന്നത് ഇത്തരം യാത്രകളിലൂടെയാണ്. ആ യാത്രകളിലൊന്നും കാണാത്ത പളപളപ്പ്, അതിഭാവുകത്വങ്ങളെപ്പോലും അസ്ഥാനത്താക്കുന്ന ആഡംബരം..അതാണീ യാത്രയുടെ പ്രത്യേകതയും. ലക്ഷങ്ങള്‍ ചെലവഴിച്ച് കാസര്ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ട്രെയിന്‍ സര്‍വീസുകള്‍, കോടികള്‍ മുടക്കി ഗള്‍ഫില്‍ നിന്നും രണ്ടു ചാര്‍ട്ടെര്ഡ് ഫ്ലൈറ്റുകള്‍. പുരോഹിതപ്പണക്കൊഴുപ്പുകള്‍ക്ക് മുകളില്‍ പറക്കാന്‍ അഗ്നി-5 മിസൈലുകള്‍ക്ക് പോലും ശേഷിയുണ്ടോ എന്നു തോന്നിപ്പിച്ച കെട്ടുകാഴ്ചകള്‍. എല്ലാ അര്‍ത്ഥത്തിലും ആര്‍ഭാടത്തിന്റെ അങ്ങേത്തലയോളം ചെന്നെത്തുന്ന അഭ്യാസങ്ങള്‍. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇത്തരം ആഡംബരങ്ങള്‍ ആഗ്രഹിച്ചാലും അവ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുണ്ടാവില്ല. പണത്തിന്റെ ഉറവിടങ്ങള്‍ തേടിയുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കും എന്നത് തന്നെ കാരണം. പക്ഷെ കോടികളുടെ കൊട്ടിയാടലുകള്‍ക്ക് കഴിഞ്ഞ ദിവസം തലസ്ഥാന നഗരി സാക്ഷിയായിട്ടും ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല, ധനാഗമന മാര്‍ഗങ്ങളെപ്പറ്റി അന്വേഷിച്ചതുമില്ല; ഇനിയൊട്ടു അന്വേഷിക്കുകയുമില്ല. കാരണം ഇത് മതത്തിന്റെ പേരിലാണ്. തൊട്ടാല്‍ തൊട്ടവന് പൊള്ളും.