കുട്ടിക്കാലത്ത് ഓണാവധിക്കും മറ്റും ഇത്താത്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. കൃത്യമായ താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന 'ടക്..ടക്' ശബ്ദം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം. പിന്നെപ്പിന്നെയാണ് ബാല്യത്തിന്റെ കൌതുകങ്ങളിലൊന്നായ തറി യന്ത്രത്തെയും അതിനു പിന്നിലിരിക്കുന്ന ചാത്തുവേട്ടനെയും പരിചയപ്പെടുന്നത്. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുഭലക്ഷ്മി സുപ്രഭാതം കേള്‍ക്കുന്നതോടെ തുടങ്ങുകയായി , പരസ്പരം ആ; തറിയുടെയും ആകാശവാണിയുടെയും. രാത്രി പതിനൊന്നു മണിയോടെ നിശ്ചലമാകുന്ന ആകാശവാണിക്കൊപ്പം ചാത്തുവേട്ടന്റെ തറിയും നിശ്ചലമാകുന്നു. നന്നെ കാലത്ത് തുടങ്ങി രാവേറുവോളം നീളുന്ന ചാത്തുവേട്ടന്റെ ജീവിതം പക്ഷെ അദ്ദേഹം നെയ്തെടുക്കുന്ന തുണികള്‍ പോലെ വര്‍ണാഭമായിരുന്നില്ല. അത്ര യൊക്കെ ചെയ്താലേ അഷ്ടിക്കു തികയൂ എന്ന് നാണിയമ്മ പറയുമ്പോള്‍ അതിനുള്ളില്‍ വിതുമ്പിക്കിടക്കുന്ന ഇല്ലായ്മകള്‍ കുരുന്നിളം പ്രായത്തിലെ ബുദ്ധിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.