മടിയനായ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പോലെയാണ് രാഷ്ട്രീയക്കാരെ
ജയിലിലാക്കിയാല്‍. ജനിച്ചു മൂന്നാം മാസം പിടിപ്പെട്ട ബാല ടി.ബി മുതല്‍ രക്തവാതവും പേശീ വലിവുമടക്കമുള്ള സകല രോഗങ്ങളും പുറത്തു ചാടും. നാട്ടിലെ മുന്തിയ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ വക സുഖ ചികിത്സയും കിഴിയിടലും. വെറുതേ ഒന്നഴിമതി നടത്താന്‍ തോന്നിപ്പോകും ജയിലിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍. നമ്മുടെ പിള്ളയുടെ കാര്യത്തിലും ഈ വക 'വയ്യായ്മ'കളും സൌകര്യങ്ങളും നമ്മള്‍ കണ്ടതാണ് . പാവം നികുതി ദായകനാണ് ആ സ്ഥാനത്തെങ്കില് ഇതൊന്നുമായിരിക്കില്ല സീനില്. ഉരുട്ടലും കുനിച്ചു നിര്‍ത്തലുകള്‍ക്കും ശേഷം ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തു വന്നാലായി. അടി കിട്ടി കൂമ്പ് വാടിയാലും പനി പിടിച്ചു കാമ്പ് കെട്ടുപോയാലും ഒരു പാരസെറ്റമോള്‍ പോലും സാധാരണക്കാരന് അവിടെ നിന്നും കിട്ടില്ല. സാമ്പത്തികമായും ശാരീരികമായും പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാത്തവന്റെ ബോഡി പോസ്റ്റ് മോര്‍ട്ടത്തിനുശേഷം പോലീസ് തന്നെ വീട്ടിലെത്തിച്ചു കൊടുക്കും. യെദിയൂരപ്പയുടെ നെഞ്ചു വേദനയും ആ റൂട്ടിലൂടെയേ വരൂ. ജയിലിലിടുക എന്ന ചെയ്തു പോയ അപരാധത്തില്‍ മാപ്പപേക്ഷിച്ചു കേസില്‍ നിന്നും ഊരിക്കൊടുത്താല്‍ കോടതിക്കും സര്‍ക്കാരിനും നന്ന്. സര്‍ക്കാരിന്റെ കയ്യിലുള്ള കാശെങ്കിലും മിച്ചം പിടിക്കാം. അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മക്കള്‍ ജയില്‍ ഭൂമിക്കും വില പറയും. ജാഗ്രതൈ!
ലാസ്റ്റ് ബോള്‍: ജയിലില്‍ യെദിയൂരപ്പയ്ക്ക് ഫാന്‍, സിംഗിള്‍ ബെഡ്, വീട്ടില്‍ നിന്നുള്ള ഭക്ഷണം, അറ്റാച്ച് ഡ് ബാത്ത് റൂം എന്നീ ഫസ്റ്റ് ക്ലാസ് സൌകര്യങ്ങള്‍.
യെദിയൂരപ്പയുടെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കയറി പത്തു പതിനഞ്ചു ലൈകും ഫ്രണ്ട്സ് റിക്വസ്റ്റും നടത്തിയാല്‍ മഅദനിക്ക് നല്ലത്. ശിഷ്ട കാലം മുട്ടില്ലാതെ ജീവിക്കാം.