Pages

Sunday, 16 October, 2011

റിയല്‍ എസ്റ്റേറ്റ് അപ്പയും രഥത്തിന്റെ വഴിയും

ക്കള്‍ക്ക്‌ ആവശ്യമുള്ളത് കൊടുക്കുക എന്നത് ഏതൊരപ്പന്റെയും ആഗ്രഹമാണ്; ഒരു പരിധി വരെ കടമയും കൂടിയാണ്. കുറ്റം പറയാനൊക്കില്ല! അത് മാത്രമേ
ബുക്കനക്കര സിദ്ധലിംഗപ്പ യെദിയൂരപ്പയെന്ന ബി.എസ്. യെദിയൂരപ്പയും ചെയ്തുള്ളൂ. പക്ഷെ
മക്കള്‍ ചോദിക്കുന്നത് ഭൂമിയായിപ്പോയത് ഒരപ്പന്റെ കുറ്റമല്ലല്ലോ? വിനയമുള്ളവരാവാന്‍
വേണ്ടിയാണ് താഴെ നോക്കി വളരാന്‍ ശീലിപ്പിച്ചത്. ഭൂമിയിലേക്ക്‌ നോക്കി വളര്ന്നവരായത്
കൊണ്ടാവും, വളര്‍ന്നു വലുതായപ്പോ അവര്‍ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരായത്.വളര്‍ത്തു ദോഷമെന്നല്ലാതെന്തു പറയാന്‍? അപ്പന്‍ ഭരിക്കുന്ന സ്ഥലത്തിന്റെ ഉടമ അപ്പയാണെന്ന് മക്കള്‍ തെറ്റായോ ശരിയായോ ധരിച്ചു വെച്ചു. അത് കൊണ്ട് തന്നെ ഭൂമിക്കു മുട്ടുണ്ടാകുമ്പോഴൊക്കെ മക്കള്‍
അപ്പയെ വിളിച്ചു പറയും. അപ്പന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ എഴുതിക്കൊടുക്കും. ഇങ്ങനെ ഒരു സന്തുഷ്ട കുടുംബം ജീവിച്ചു പോകുന്നതിനിടയിലാണ് ലോകായുക്തയെന്നും മറ്റും പറഞ്ഞു ചിലവന്മാര്‍ റിപ്പോര്‍ട്ടും മണ്ണാങ്കട്ടയും കാണിച്ചു പേടിപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെയും വിമതന്മാരുടെയും കണ്ണുരുട്ടലും ഭീഷണിയും റിയല്‍ എസ്റ്റേറ്റ്‌കാര്‍ക്ക് ചതുപ്പ് നിലം കിട്ടിയത് പോലെ തനിക്കു ചുക്കുവിലയില്ലാത്തതാണെന്നു പല തവണ കാണിച്ചു കൊടുത്തിട്ടുണ്ട്‌ നമ്മുടെ യെദിയപ്പന്‍. ഒടുക്കം ഈ പറഞ്ഞ മൂരാചികളെ കൊണ്ട് ഗതികെട്ടാണ്‌ തന്റെ അസാനിധ്യത്തില്‍
'കാര്യങ്ങളെ'ല്ലാം തന്നെക്കാള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു വിശ്വസ്തനെയും കസേരയില്‍ പിടിച്ചിരുത്തി മുഖ്യന്റെ സഫാരി സ്യൂട്ട് അഴിച്ചു വെച്ചത്. അതിനിടയിലാണ് തന്റെ തന്നെ നാട്ടുകാരായ രണ്ടു വക്കീലന്മാര്‍ പണി പറ്റിച്ചതും ഇപ്പൊ ലോകായുക്ത കോടതി മുന്‍‌കൂര്‍ ജാമ്യം തള്ളിയതും. ഈ യെഡ്ഡിയും കൂട്ടു കച്ചവടക്കാരായ ബെല്ലാരി റെഡ്ഡി ബ്രദേര്‍സും കൂടി സര്‍ക്കാരിനുണ്ടാക്കിയ നഷ്ടത്തിന്റെ കണക്കു കണ്ടാല്‍ നമ്മുടെ രാജയുടെയൊക്കെ കണ്ണു തള്ളിപ്പോകും. യെഡ്ഡി-റെഡ്ഡി കൂട്ടുകച്ചവടത്തിനിടയില്‍ ടു ജി സ്പെക്ട്രം അഴിമതിയാണെന്ന് പറയാന്‍ തന്നെ കൊള്ളില്ല. രാജയുടെ അഴിമതിക്കണക്ക് പത്രത്തില്‍ വന്ന അറിവ് വെച്ച് എന്നാല്‍ കഴിയുന്ന രൂപത്തില്‍ ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അത് നേരാം വണ്ണം അക്കത്തിലെഴുതാന്‍ എനിക്കറിയില്ല. യെദിയൂരപ്പയുടെ അഴിമതിയുടെ മൊത്തം കണക്കു ഒരു മാധ്യമവും ഇത് വരെ പുറത്തു വിട്ടതായി
അറിവില്ല. (ഇനി അവര്‍ക്കും എന്നെ പോലെ ഈ 'അക്ക പ്രശ്നം' ഉണ്ടോ എന്നറിയില്ല). എന്നാല്‍ സര്‍ക്കാരിന് ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തത് കൊണ്ട് അവര്‍ കണക്കു കൂട്ടി വെച്ചത് 17000 കോടിക്കടുത്തു വരുമെന്നാണ് മനസ്സിലാകുന്നത്. അടിയാധാരത്തിന്റെയും കരമടച്ച രസീതിന്റെയും അടിസ്ഥാനത്തിലുള്ള ഔദ്യോഗിക കണക്കായിരിക്കില്ലല്ലോ യഥാര്‍ത്ഥ കണക്കു?
30 ലക്ഷം സെന്റിന് വില വരുന്ന ഭൂമിക്കു മുപ്പതിനായിരത്തില്‍ താഴെ മാത്രമേ
രേഖകളിലുണ്ടാകൂ എന്നതാണ് ഔദ്യോഗിക കണക്കിന്റെ ഒരു 'മെറിറ്റ്'.

ഈ വിഷമ സന്ധിയിലെക്കാണ് പഴയ പുലിക്കുട്ടി അഴിമതി വിരുദ്ധ മോട്ടോര്‍
രഥവും ഓടിച്ചോണ്ട് വരുന്നത്. വയസ്സാന്‍ കാലത്ത്‌ തോന്നുന്ന അത്തും
പിത്തുമെന്നല്ലാതെന്തു പറയാന്‍. പെട്രോളടിച്ചാല്‍ രഥം ഓടിക്കോളും. പക്ഷെ ഓടുന്നത് ജനം അറിയണമെങ്കില്‍ പത്രക്കാര്‍ തന്നെ വിചാരിക്കണം. കാര്യം പത്രക്കാരാണെങ്കിലും നാല് മുക്കാല്‍ തടയാതെ പേനയുന്തില്ല ഏമ്പോക്കികള്‍. അതിനാണ് ആളും തരവും നോക്കി പച്ച ഗാന്ധിയും ചുവപ്പ് ഗാന്ധിയും കൊടുക്കാന്‍ മന്ത്രിയെയും എംപിയെയും ഏല്‍പ്പിച്ചത്.
നന്ദിയില്ലാത്ത വര്‍ഗം! നമ്പാന്‍ കൊള്ളാത്തവരാണെന്ന് അവര്‍ ഒരിക്കല്‍ കൂടി
തെളിയിച്ചിരിക്കുന്നു. ഗാന്ധിമാരെയും പോക്കറ്റിലിട്ടു അത് കിട്ടിയ കാര്യം വിളിച്ചു പറഞ്ഞു , മാലോകരോട്.

കണ്ട അണ്ടനും അടമോഡിയുമൊക്കെ പ്രധാനമന്ത്രിക്കസേരയും കണ്ണു വെച്ച് സത്യാഗ്രഹമെന്നും മറ്റും പറഞ്ഞിറങ്ങിയപ്പോഴാണ് പ്രായത്തിന്റെ അസ്കിതകള്‍ തല്‍ക്കാലം മറന്നു 'ഇനിയൊരങ്കത്തിനു ബാല്യമുണ്ടെന്ന' മട്ടില്‍ ഇറങ്ങിപ്പുപ്പെട്ടത്. ഇറങ്ങിപ്പോയ സ്ഥിതിക്ക് ഇനി ഇന്ത്യാ രാജ്യം അംശം ദേശമടക്കം കാണാതെ വണ്ടി ഷെഡ്ഡില്‍ കയറ്റാനും പറ്റില്ല. കണക്കു വെച്ച് വണ്ടി മുപ്പതാം തിയ്യതി കര്‍ണാടകയിലെത്തേണ്ടതാണ്. അവിടെ താലപ്പൊലിയും ചെണ്ടമേളവുമായി വരവെല്‍ക്കെണ്ടയാളാ ഇപ്പൊ ജയിലില്‍ കിടക്കുന്നത്. ബി ജെ പി യുടെ ശനിദശ വിട്ടു മാറുന്നില്ലല്ലോ ദൈവമേ! നിലവിലുള്ള ജോല്സ്യനെ മാറ്റി നോക്കിയാല്‍ ചിലപ്പോ ഫലം കണ്ടേക്കാം.

മക്കളുടെ സ്വന്തം അപ്പയിലേക്ക് തന്നെ മടങ്ങി വരാം. അപ്പയെ കുറിച്ച്
പറയുമ്പോ അമ്മയെക്കുറിച്ചും പറയണമല്ലോ? 2004 വരെ അങ്ങിനെയൊരാളുണ്ടായിരുന്നു ഈ ഭൂമിക്കു മുകളില്‍. കിണറ്റില്‍ വീണാണ് മരിച്ചത്. അപ്പ തന്നെ കൊന്ന്‌ തള്ളിയിട്ടതാണെന്നും സംസാരമുണ്ട്. ഭൂമിക്കടിയില്‍ പോയ കേസായത് കൊണ്ട് മക്കള്‍ക്കതില്‍ അശേഷം താല്പര്യമില്ല. ഭൂമിക്കു മീതെയുള്ളത് നോക്കാനാ അപ്പ പഠിപ്പിച്ചത്. അപ്പയുടെ മക്കള്‍ അതേ ചെയ്യൂ. അല്ലെങ്കിലും കാലത്തെണീറ്റു കുളിച്ചു കുറി തൊട്ടു പൂജയും ജപവുമായി കഴിയുന്ന അപ്പയെ പറ്റി അങ്ങിനെയൊക്കെ വിചാരിച്ചാല്‍ ഭൂമീദേവി പോലും പൊറുക്കില്ല. വിശ്വാസം അതിര് കടന്നു പോയത് കൊണ്ട് രാഹുവിന്റെയും കേതുവിന്റെയും ട്രാന്‍സ്പോര്‍ട്ടെഷനും
ഗുളികന്റെ ബൈപാസും ഒക്കെ നോക്കിയേ അപ്പ പുറത്തിറങ്ങാറുള്ളൂ. പോലീസുകാര്‍ക്കത് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം കൊടുത്തിട്ടില്ലാത്തത് കൊണ്ടാണ് അറസ്റ്റു ചെയ്യാന്‍ വന്നപ്പോ മുങ്ങിയതും രാഹു കാലത്തിനു മുമ്പ് കോടതിയില്‍ കീഴടങ്ങിയതും. ജയിലിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ് മനസ്സിലായത് ജയിലിന്റെ കന്നി മൂലയും രാശിയും തെറ്റിയാണ് കിടക്കുന്നത് എന്ന്. ഉടന്‍ വന്നു ചര്ദിയും നെഞ്ച് വേദനയും. (ഗുണപാഠം: ചര്ദിയും
നെഞ്ച് വേദനയും വരുന്നവര്‍ അവരുടെ വീടിന്റെ -രാഷ്ട്രീയക്കാരാണെങ്കില് ജയിലിന്റെ- കന്നി മൂലയും രാശിയും നോക്കുന്നത് നന്നായിരിക്കും).


മടിയനായ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പോലെയാണ് രാഷ്ട്രീയക്കാരെ
ജയിലിലാക്കിയാല്‍. ജനിച്ചു മൂന്നാം മാസം പിടിപ്പെട്ട ബാല ടി.ബി മുതല്‍ രക്തവാതവും പേശീ വലിവുമടക്കമുള്ള സകല രോഗങ്ങളും പുറത്തു ചാടും. നാട്ടിലെ മുന്തിയ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ വക സുഖ ചികിത്സയും കിഴിയിടലും. വെറുതേ ഒന്നഴിമതി നടത്താന്‍ തോന്നിപ്പോകും ജയിലിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍. നമ്മുടെ പിള്ളയുടെ കാര്യത്തിലും ഈ വക 'വയ്യായ്മ'കളും സൌകര്യങ്ങളും നമ്മള്‍ കണ്ടതാണ് . പാവം നികുതി ദായകനാണ് ആ സ്ഥാനത്തെങ്കില് ഇതൊന്നുമായിരിക്കില്ല സീനില്.‍‍ ഉരുട്ടലും കുനിച്ചു നിര്‍ത്തലുകള്‍ക്കും ശേഷം ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തു വന്നാലായി. അടി കിട്ടി കൂമ്പ് വാടിയാലും പനി പിടിച്ചു കാമ്പ് കെട്ടുപോയാലും ഒരു പാരസെറ്റമോള്‍ പോലും സാധാരണക്കാരന് അവിടെ നിന്നും കിട്ടില്ല. സാമ്പത്തികമായും ശാരീരികമായും പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാത്തവന്റെ ബോഡി പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം പോലീസ് തന്നെ വീട്ടിലെത്തിച്ചു കൊടുക്കും. യെദിയൂരപ്പയുടെ നെഞ്ചു വേദനയും ആ റൂട്ടിലൂടെയേ വരൂ. ജയിലിലിടുക എന്ന ചെയ്തു പോയ അപരാധത്തില്‍ മാപ്പപേക്ഷിച്ചു കേസില്‍ നിന്നും ഊരിക്കൊടുത്താല്‍‍ കോടതിക്കും സര്‍ക്കാരിനും നന്ന്. സര്‍ക്കാരിന്റെ കയ്യിലുള്ള കാശെങ്കിലും മിച്ചം പിടിക്കാം. അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ്‌ മക്കള്‍ ജയില്‍ ഭൂമിക്കും വില പറയും. ജാഗ്രതൈ!

ലാസ്റ്റ്‌ ബോള്‍: ജയിലില്‍ യെദിയൂരപ്പയ്ക്ക് ഫാന്‍, സിംഗിള്‍ ബെഡ്, വീട്ടില്‍ നിന്നുള്ള ഭക്ഷണം, അറ്റാച്ച് ഡ് ബാത്ത് റൂം എന്നീ ഫസ്റ്റ് ക്ലാസ്‌ സൌകര്യങ്ങള്‍.

യെദിയൂരപ്പയുടെ സോഷ്യല്‍ നെറ്റ് വര്‍‍ക്കില്‍ കയറി പത്തു പതിനഞ്ചു ലൈകും ഫ്രണ്ട്സ്‌ റിക്വസ്റ്റും നടത്തിയാല്‍ മഅദനിക്ക് നല്ലത്. ശിഷ്ട കാലം മുട്ടില്ലാതെ ജീവിക്കാം.

നിങ്ങള്‍ പറയൂ..:

3 മറുമൊഴികള്‍:

ഇങ്ങനെയൊരു ബ്ലോഗ് കാണുന്നതിതാദ്യം. നല്ല എഴുത്ത്. "വിശേഷാല്പ്രതി" ഇന്ദ്രന്റെ ഒരു ടച്ചുണ്ട്. നര്‍മ്മവും കാര്യവും ഒന്നിച്ചുരിട്ടിയ ഈ സദ്യ ആസ്വദിച്ചു.

buy tramadol tramadol hcl tablets - tramadol nice high

phentermine diet pills phentermine news - order phentermine without a rx