Pages

Wednesday 26 October, 2011

ആരുണ്ടിനി കല്ലെറിയാന്‍..?

ആരുണ്ടിനി കല്ലെറിയാന്‍..? ഇതിനൊരറുതിയില്ലേ..? അങ്ങേയറ്റം മനോവേദനയോടെ നടുറോഡില് നിന്നും ‍ ഈ ചോദ്യം ഉന്നയിക്കുന്നത് മറ്റാരുമല്ല; സര്‍ക്കാരിന് മാത്രം മനസ്സിലാകുന്ന കണക്കിന്റെ കളികളിലൂടെ ദാരിദ്ര്യ രേഖ എന്ന സങ്കല്പത്തിന് മുകളിലെത്തിയവര്‍. ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വരുന്ന സാധാരണക്കാര്‍ എന്ന മേല്വിലാസം മാത്രം സമ്പാദ്യമായുള്ളവര്‍. കമ്പ്യൂട്ടറിന് മുന്നില്‍ നിന്നും അഴിമതിക്കെതിരെ അവരെ നടുറോഡിലിറക്കി വിട്ടവരുടെ 'ചരിത്രവും വര്‍ത്തമാനവും' ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങളുടെ പരിണതി. രാഷ്ട്രീയ അഴിമതിയെ ചെറുക്കാന്,‍ ചോദ്യം ചെയ്യാന്‍ അഴിമതി മുക്ത വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ..?(അതൊരു തരം വെള്ളരിക്കാ ഏര്‍പ്പാടാണെന്ന തരത്തില്‍) എന്ന് ചോദിച്ചിരിക്കുന്നത് ഗാന്ധി-2011 എന്ന മെഡലിന്നര്‍ഹനായി മിണ്ടാവ്രതത്തിലാണ്ടു പോയ സാക്ഷാല്‍ ഹസാരെയുടെ വലം കൈ അരവിന്ദ് കെജ്രിവാള്‍. ടിയാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് ശത്രു പക്ഷത്തുള്ളവരാണെന്നു (സ്വാഭാവികമായും സര്‍ക്കാര്‍) ധരിച്ചെങ്കില്‍ തെറ്റി. തോളോട് തോള്‍ ചേര്‍ന്ന് അഴിമതിക്കെതിരെ പോരാട്ടത്തിനിറങ്ങിയ സ്വാമി അഗ്നിവേശ് ആണ് കെജ്രിവാളിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. തീര്‍ന്നില്ല ഹസാരെ സംഘത്തിന്റെ അപച്യുതികള്‍. മുന്നണിപ്പോരാളികളിലെ പെണ്സിംഹം കിരണ്‍ ബേദിയും വിമാന യാത്രക്കൂലി വിവാദത്തില്‍ അഴിമതിയുടെ ചെളി പുരണ്ട കുപ്പായമാണ് അണിഞ്ഞിരിക്കുന്നത് എന്നതാണ് ചാനലുകളിലെ ശബ്ദഘോഷങ്ങള്‍ നമ്മോടു പറയുന്നത്. അതൊന്നു കൂടി അരക്കിട്ടുറപ്പിക്കുന്നതായി അവരുടെ തന്നെ സന്നദ്ധസംഘടനയുടെ സഹസ്ഥാപകരിലൊരാളായ അനില്‍ബാലിന്റെ രാജി.

എന്തൊക്കെ പറഞ്ഞാലും ഹസാരെയും സംഘവും ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ നല്‍കിയിരുന്ന പ്രത്യാശ ചെറുതായിരുന്നില്ല. അഴിമതിയില്‍ മുച്ചൂടും മുങ്ങിക്കുളിച്ച ഒരു രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ ഹസാരെ എന്നത് വെറും ഒരു കച്ചിത്തുരുമ്പായിരുന്നില്ല. ഒരു നവയുഗത്തിന്റെ പിറവിയും അഴിമതി രഹിത ഇന്ത്യ എന്ന സ്വപ്നാടനത്തിന്റെ വഴികാട്ടിയും പുണ്യ പുരുഷന്മാരുടെ പുനരവതാരങ്ങളും അങ്ങിനെ എന്തെല്ലാമോ ഒക്കെയായിരുന്നു. അങ്ങിനെ കണ്ടു പോയ, കാണാനിഷ്ടപ്പെട്ട ജനങ്ങളുടെ മുമ്പില്‍ തങ്ങളും പണത്തിനു മുന്നില്‍ പാപം ചെയ്യുന്നവരാണെന്ന് വരുന്നത് രാജ്യം ചെന്നെത്തിയിരിക്കുന്ന അരാജകത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. അഴിമതി എന്നത് 'സ്വിച് ആന്റ് ലൈറ്റ്' മാതൃകയില്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല എന്നെങ്കിലും അണ്ണാ ഹസാരെയും കൂട്ടരും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകും.

ടുജിയും ത്രീ ജിയും കടന്നു അഴിമതിയുടെ നീരാളിക്കൈകള്‍ വീണ്ടും വളരുന്നു എന്നതിന്റെ തെളിവാണ് റിലയന്‍സിനെ 'ആം ആദ്മി' യായിക്കണ്ട് നല്‍കിയ കരാറിലെ അഴിമതി. സി. എ. ജിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം! സ്വാഭാവികമായും സമാന തുക ലാഭം വന്നിരിക്കുന്നത് റിലയന്‍സിനു തന്നെ. കോര്‍പ്പറേറ്റു താല്പര്യങ്ങള്‍ക്കനുകൂലമായി ഭരണ സംവിധാനങ്ങളും നിയമ നിര്‍മാണവും നടത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെതിരെ 'Occupy Wall streetഎന്ന മുദ്രാവാക്യം മുഴക്കി അവിടുത്തെ പൌരന്മാര്‍ അണിനിരന്നെങ്കില് രാജ്യത്തെ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നമ്മുടെ ഭരണാധികാരികളുടെ മുമ്പില്‍ ചങ്കുറപ്പോടെ പറയാന്‍ ഒരു മുദ്രാവാക്യമെങ്കിലും ഇല്ലാതെ വരുന്നത് ഉദാസീനതയുടെ നവ ഇന്ത്യന്‍ മാതൃകയായിരിക്കാം. അഴിമതിയുടെ ചരിത്രത്തിനു വിപ്ലവകരമായ വ്യതിയാനങ്ങള്‍ സംഭവിച്ചത് ആഗോളീകരണ കാലഘട്ടങ്ങള്‍ക്ക് ശേഷമാണെന്ന് ഇഴ കീറി പഠിച്ച നമ്മള്‍ക്ക് പക്ഷെ അതിനെ ചെറുക്കാനുള്ള ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാന്‍ കഴിയാതെ പോയത് ഈ ഉദാസീനതയും മരവിപ്പുമല്ലാതെ മറ്റെന്താണ്? അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെയും ഭരണ സുതാര്യതയിലൂടെയും ഭരണകാര്യാവബോധത്തിലൂടെയും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടേണ്ട അഴിമതി എന്ന മഹാ മാരിയെ ലോക്പാല്‍ ബില്‍ എന്ന കഫ് സിറപ്പു കൊണ്ട് ഒതുക്കാം എന്ന വിഡ്ഢിത്തത്തിനു കാലം നല്‍കിയ തിരുത്താണ് കെജ്രിവാള്‍-കിരണ്‍ ബേദിയുടെ പിന്നാമ്പുറക്കഥകള്‍.

എഴുപതു ശതമാനത്തിലധികം പേരും ഇരുപതു രൂപയില്‍ താഴെയുള്ള വരുമാനം കൊണ്ട് നിത്യവൃത്തി കണ്ടെത്തുന്ന ഒരു രാജ്യത്ത്, അതിന്റെ സമ്പത്തിന്റെ മുക്കാല്‍ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് വെറും 54 ശത കോടീശ്വരന്മാരാണെന്നുള്ള വസ്തുത പുരോഗതിയുടെ ഗ്രാഫ് കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന നമ്മള്‍ക്കിനി ജി. ഡി. പി യുടെ മായികക്കണക്കുകളില്‍ നിര്‍വൃതിയടഞ്ഞു സുഖനിദ്ര പുല്‍കാം. ഉറങ്ങി മതി വരുമ്പോള്‍ 'ഞാന്‍ അണ്ണയാണെന്ന' പ്ലക്കാര്‍ടുകളുമേന്തി തെരുവിലേക്കിറങ്ങി അഴിമതിക്കെതിരെ ഘോര ഘോരം മുദ്രാവാക്യം വിളിക്കാം. അപ്പോഴും മുദ്രാവാക്യം വിളിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വിറ്റു പോകാതെ ബാക്കിയുണ്ടെങ്കില്‍ നമ്മള്‍ ഭാഗ്യവാന്മാര്‍.

ലാസ്റ്റ് ബോള്‍: ഹസാരെ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതിയാരോപണ പരമ്പര. 29 ന് കോര്‍ കമ്മിറ്റി യോഗം വിളിച്ചതിനിടയില്‍ കിരണ്‍ ബേദിയുടെ ഇന്ത്യാവിഷന്‍ സംഘടനയില്‍ നിന്നും അനില്‍ബാലിന്റെ രാജിയും. ഹസാരെ സംഘം സമ്മര്‍ദ്ദത്തില്‍.

മിക്കവാറും ഹസാരെ മൌനവ്രതം തുടരും.

0 മറുമൊഴികള്‍: