Pages

Wednesday 25 April, 2012

വക്താക്കളിലെ അശ്ലീലങ്ങളും എ. കെ. ജി സെന്ററിലെ ഡാര്‍വിനും

http://www.shamsiswanam.com
കോണ്ഗ്രസ്സുകാര്‍ അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്കെ ഔട്ടോ ഫാഷനല്ലേ?) ഖദറുമുടുത്ത് കാലത്ത് കക്ഷത്തില്‍ ഡയറിയുമായി ഇറങ്ങുന്ന നാടന്‍ യൂത്തന്‍ മുതല്‍ നെഹ്‌റു ജാക്കറ്റും കുര്‍ത്തയുമുടുത്തിറങ്ങുന്ന കേന്ദ്രന്മാര്‍ക്ക് വരെ മനസ്സിലുള്ള ചിന്ത ജനസേവനം മാത്രം! പക്ഷെ ജനങ്ങള്‍ കൂടുന്നതിനനുസരിച്ച് ജനസേവനത്തിന്റെ മേന്മയും കൂടണമെന്നതാണ് കോണ്ഗ്രസ്സുകാരുടെ നയം. അത് കൊണ്ടു തന്നെ ജനസേവനത്തിനു നവം നവങ്ങളായ രീതികള്‍ പരീക്ഷിക്കുന്ന പാര്‍ട്ടിയും കോണ്ഗ്രസ് മാത്രമാണ്.



ഏറ്റവും പുതിയ ജനസേവന രീതിയാണ് ഫാക്ടറി സിസ്റ്റം. അതായത് നിലവില്‍ മന്ത്രിമാരായ കുറച്ചു പേരെ പാര്‍ട്ടിപ്പണിയിലേക്കും, അവിടെയുണ്ടായിരുന്നവരെ മന്ത്രിപ്പണിയിലേക്കും മാറ്റി സ്ഥാപിക്കുക എന്ന അള്‍ട്രാമോഡേണ്‍ സമ്പ്രദായം. മന്ത്രിയുദ്യോഗം നേരാം വണ്ണം ചെയ്യാനറിയാത്തവരെയാണ് പാര്‍ട്ടി സേവനത്തിനു വിടുന്നതെന്ന് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നതാണ്. സത്യം അതല്ല. മന്ത്രിയായി കൂടുതല്‍ ശോഭിക്കാന്‍ കഴിയാത്തവനു ജനങ്ങളുമായുള്ള സമ്പര്‍ക്കം കൂടുതലായിരിക്കുമെന്നാണ് കോണ്ഗ്രസ് പരീക്ഷണ ശാലയിലെ വര്‍ഷങ്ങളുടെ ഗവേഷണഫലം പറയുന്നത്! അവര്‍ക്കാണത്രേ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയുക. കോണ്ഗ്രസ് ലോ അനുസരിച്ച് നേരെ മറിച്ചും സംഭവിക്കും. ജനസമ്പര്‍ക്കമില്ലാത്ത നേതാക്കന്മാര്‍ മന്ത്രിമാരായാല്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്നര്‍ത്ഥം. അതാണ്‌ ഷിഫ്റ്റിങ് സിസ്റ്റം കൊണ്ടുള്ള ഗുണം. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് നമ്മുടെ  മന്‍മോഹന്‍ സിംഗ്. അദ്ദേഹം പ്രധാനമന്ത്രിയായത് കൊണ്ടാണ് ഇന്ത്യ എന്ന രാജ്യം തന്നെ ഇവിടെ നിലനില്‍ക്കുന്നതെന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്?

മാധ്യമങ്ങള്‍ പറയുന്നത് ശരിയാണ് എങ്കില്‍ നാലു മന്ത്രിമാര്‍ തങ്ങള്‍ പാര്ട്ടിപ്പണിയെടുക്കാനും‍ ജന സമ്പര്‍ക്കം നടത്താനും മുട്ടി നില്‍ക്കുവാണെന്നും പറഞ്ഞു മാഡത്തിന് അങ്ങോട്ട്‌ കത്ത് കൊടുത്തിട്ടുണ്ടത്രേ! ജയ്റാം രമേഷും, ഗുലാം നബി ആസാദും, സല്‍മാന്‍ ഖുര്‍ഷിദും, വയലാര്‍ രവിയുമടങ്ങുന്ന പുലികളാണ് ആ നാലു പേര്‍. മന്ത്രിയെന്ന നിലയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടതാണ് കത്ത് കൊടുക്കാന്‍ കാരണമെന്നാണ് മാധ്യമങ്ങളുടെ തന്നെ കണ്ടു പിടുത്തം. പക്ഷെ വയലാര്‍ രവി അത് സമ്മതിച്ചു തരില്ല. അങ്ങേര്‍ക്കു ആകെയുള്ളത് പ്രതിച്ഛായ മാത്രമാണ്. നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയെ നഷ്ടത്തില്‍ തന്നെ നിലനിറുത്തിയത് അങ്ങേരുടെ കഴിവൊന്ന് കൊണ്ടു മാത്രമാണ്. അതിലും വലുതെന്തോ വരാനുണ്ടായിരുന്നത് അദ്ദേഹം അങ്ങിനെ ഒപ്പിച്ചെടുത്തു എന്നതാണ് കാര്യം. പ്രവാസികളില്‍ ബാക്കിയുള്ള കുറച്ചു പേര്‍ കൂടി ക്ഷേമത്തിലായിക്കഴിഞ്ഞാല്‍ വയലാര്‍ രവി തന്റെ ദൌത്യം അവസാനിച്ചതായി മാഡത്തിന് കത്ത് കൊടുക്കും. പിന്നെയാണ് ജനസമ്പര്‍ക്കം. അതുവരേക്കും ജനങ്ങള്‍ തല്‍ക്കാലം ക്ഷമി!

കോണ്ഗ്രസ്സിലെ 'അന്യന്‍' ആണ് മനു അഭിഷേക് സിംഘ്വി . ഒരേ സമയം പാര്‍ട്ടി വക്താവും അതേ സമയം പാര്‍ട്ടിക്കെതിരായ വാദത്തിന്റെ വക്താവായും കോടതിയില്‍ കോട്ടിടുന്നയാളാണ് കക്ഷി. പാര്‍ട്ടി വേറെ കോര്‍ട്ട് വേറെ എന്നതാണ് അദ്ദേഹത്തിന്റെ നയം. സിംഘ്വിയെപ്പോലുള്ള ജനുസ്സുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെന്നല്ല ലോക വംശഭൂപടത്തില്‍ തന്നെ അപൂര്‍വമാണ്. അത് കൊണ്ട് തന്നെയാണ് എന്തെല്ലാം വിവാദങ്ങളുണ്ടായാലും കോണ്ഗ്രസ് അദ്ദേഹത്തെ കയ്യൊഴിക്കാതിരുന്നത്. ലോട്ടറിക്കെതിരെ ഡല്‍ഹിയില്‍ വെച്ച് പാര്‍ട്ടി സ്പീകിംഗ് നടത്തുകയും കേരളാ ഹൈക്കോടതിയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ തോളില്‍ കയ്യിട്ടു കോണ്ഗ്രസ്സുകാരെ കണക്കറ്റു തെറിവിളിക്കുകയും ചെയ്യുക എന്നതൊക്കെ സിംഘ്വിയുടെ നേരമ്പോക്കുകളാണ്. എല്ലാത്തിന്റെയും പ്രചോദനം 'ഗാന്ധിജി' തന്നെ. കൂടുതല്‍ ഗാന്ധിയെ കൊടുക്കുന്നവരുടെ വക്താവാകും മൂപ്പിലാന്‍. ഇങ്ങിനെയുള്ള നേരമ്പോക്കുകള്‍ മാത്രം നടത്തുന്ന ആളാണ്‌ സിംഘ്വി എന്നാരും തെറ്റിദ്ധരിക്കരുത്. ജോര്‍ജ്ജ് ബുഷിന്‌ ഭാരത രത്ന പുരസ്കാരം നല്‍കണം എന്നത് പോലുള്ള 'ഗൌരവതരമായ' കാര്യങ്ങളും അദ്ദേഹം ഇടയ്ക്കൊക്കെ പറയാറുണ്ട്‌. വക്കീലായും വക്താവായും ഫാന്‍സി ഡ്രസ്സ് കളിക്കാറുള്ള സിംഘ്വിയിപ്പോള് കോണ്ഗ്രസ് വക്താവ് പദം രാജി വെച്ചിരിക്കുകയാണ്. പണം കഴിഞ്ഞാല്‍ രാഷ്ട്രീയക്കാരന്റെ ജന്മദൌര്‍ബല്യമായ പെണ്ണിലാണ് സിംഘ്വിയുടെയും കണ്ണുടക്കിയത്. ഓഫീസ് മുറിയില്‍ വെച്ച് 'ഷക്കീല കളിച്ചത്' സ്വന്തം ഡ്രൈവര്‍ കാമറയില്‍ പകര്‍ത്തി സി. ഡി. യാക്കിക്കളഞ്ഞത്രെ! പോരാത്തതിന് ഓരോ കോപ്പിയെടുത്ത് മാധ്യമങ്ങള്‍ക്കും കൊടുത്തു. മുടിഞ്ഞ വക്കീലായത് കൊണ്ട് അത് പ്രക്ഷേപണം ചെയ്യാതെ മാനം കാക്കാന്‍ സിംഘ്വിക്കായി. രണ്ടു മാസത്തെ ശമ്പളം അധികം തരാമെന്നോ മറ്റോ പറഞ്ഞു ഡ്രൈവറുമായി സുല്ലാവുകേം ചെയ്തു. ഇനിയും വക്താവ് കളിച്ചാല്‍ താനഭിനയിച്ച 'ഷക്കീല' ടിവിയില്‍ കളിക്കുമെന്ന് ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ സിംഘ്വിക്കുണ്ട്. അത് കൊണ്ട് തല്‍ക്കാലം രാജി. മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്. സി. ഡി യുടെ ഓരോ കോപ്പിയെടുത്ത് കര്‍ണാടകത്തിലെയും രാജസ്ഥാനിലെയും ബി. ജെ. പി മന്ത്രിമാര്‍ക്ക് അയച്ചു കൊടുത്താല്‍ അവര്‍ക്കതൊരു 'വെറൈറ്റി' ആയിരിക്കും. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്ന നിലയ്ക്ക് വല്ലതും കിട്ടുകയും ചെയ്യും. അല്ലാതെ പൊതു ജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചാല്‍ അവരദ്ദേഹത്തെ അടുത്ത തവണ എന്ത് വില കൊടുത്തും ജയിപ്പിച്ചു വിടും. പോരാത്തതിന് കോടതിയലക്ഷ്യം വേറെയും. അത് വേണോ?

തീവ്രവാദത്തെക്കുറിച്ചും അതിന്റെ പരിണാമ ഗതികളെക്കുറിച്ചും  ആധികാരികമായി പഠനം നടത്തുന്നയാളാണ് സി. പി. എം സെക്രട്ടറി സഖാവ് പിണറായി വിജയന്‍. പഠനത്തില്‍ ഇപ്പോള്‍ വെളിപ്പെട്ടു കൊണ്ടിരിക്കുന്നത് ലീഗ് തീവ്രവാദപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. ഡാര്‍വിനു ശേഷം പരിണാമത്തെക്കുറിച്ച് ഇത്രയും സമഗ്രമായ നിരീക്ഷണം വേറെയാരും നടത്തിയതായി അറിവില്ല. എ. കെ. ജി. സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന അത്യന്താധുനിക മൈക്രോസ്കോപ്പിക് സംവിധാനമുപയോഗിച്ചാണ് നിരീക്ഷണം. പി. ഡി. പി യും തരം കിട്ടിയാല്‍ ബി. ജെ. പി യും തികഞ്ഞ മതേതര പാര്‍ട്ടിയായിട്ടാണ് ചിലപ്പോഴൊക്കെ ആ ഉപകരണത്തിന്റെ പാനലില്‍ തെളിയാറുള്ളത് എന്നത് കൊണ്ട് സാധനം ചൈനാ മെയ്ഡ് ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിര്മിക്കുന്നതെല്ലാം ഡ്യൂപ്ലിക്കേറ്റല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കുന്നത് നന്ന്! കുറെ കാലം ഈ ഉപകരണം വഴി നിരീക്ഷണത്തിലായിരുന്ന ഐ. എന്‍. എല്ലിനെ വംശനാശ ഭീഷണി നേരിടുന്ന വര്‍ഗം എന്ന പരിഗണന നല്‍കി മാറ്റി വെച്ചതിന് ശേഷമാണ് ആ ഫോക്കസിലേക്ക് ഇപ്പോള്‍ ലീഗിനെ പരിഗണിച്ചിരിക്കുന്നത്. ഏതായാലും പിണറായി ഗവേഷണം നടത്തി വല്ലതുമൊക്കെ കണ്ടുപിടിക്കുന്നതിനിടയില്‍ ഏതെങ്കിലും തീവ്രവാദികള്‍ കയറി പോളിറ്റ് ബ്യൂറോ മെമ്പറാവാതിരുന്നാല്‍  മതിയായിരുന്നു. ചാത്തനെന്തു മഹ്ഷറ എന്നത് പോലെ തീവ്രവാദിക്കെന്തു സി. പി. എമ്മും ലീഗും വന്നിരിക്കുന്നു അല്ലേ സഖാവേ..?


ലാസ്റ്റ് ബോള്‍: വാഴ്സിറ്റി ഭൂമിദാനം: പാണക്കാട് തങ്ങള്‍ പല സംഘടനകളുടെയും ആലങ്കാരിക നേതൃത്വം മാത്രമാണെന്ന് ഇ. ടി. മുഹമ്മദ്‌ ബഷീര്‍.

ലീഗും അതിലുള്‍പ്പെടുമോ സാര്‍..?
  

0 മറുമൊഴികള്‍: