shamsiswanam - read@ur own risk :)

Pages

Showing posts with label mubarak. Show all posts
Showing posts with label mubarak. Show all posts

Wednesday, 7 November 2012

'മാറ്റ'മില്ലാതെ വീണ്ടും!






shamsiswanam.com_Obama
തിരഞ്ഞെടുപ്പവലോകനങ്ങള്പോസ്റ്റ് മോര്ട്ടം പോലെയാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്മാത്രം കഴിയുന്നവ. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടുകള്അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ജനങ്ങള്മറക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പു സമയം പത്ര മാധ്യമങ്ങള്കൊണ്ടു നടന്നതും അല്ലാത്തതുമായ കാര്യങ്ങളാണ് തങ്ങളുടെ ജയ-പരാജയങ്ങള്ക്കു നിമിത്തമായത് എന്നാണ് ഓരോ മത്സരാര്ഥിയും അവകാശപ്പെടാറുള്ളത്. ഇതാണ് തെരഞ്ഞെടുപ്പവലോകനങ്ങളുടെ ഒരു സാമാന്യ വീക്ഷണം. നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും തോല്വിയുടെയും ജയത്തിന്റെയും കാരണങ്ങള്ഒരിക്കലും റ്റാലിയാവാത്തതിന്റെ കാരണവും ഒരു പക്ഷെ അതാവാം.

Wednesday, 31 August 2011

ഈദ്‌ മുബാറക്‌

അല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ്..!
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രികയുടെ മിന്നലാട്ടം.
വ്രത നിറവിനു പരിസമാപ്തി കുറിച്ചു കൊണ്ട് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനം,
ഈദുല്‍ ഫിത്വര്‍..
ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്.
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള
പരിശീലനമായിരുന്നു ഒരു മാസക്കാലം.
പരിശീലനത്തില്‍ നാം വിജയിച്ചുവോ?
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
ഈദ്‌ മടക്കമാണ്.
അഹങ്കാരത്തിന്റെ പരകോടിയില്‍ കയറി നില്‍ക്കുന്നവനോട്
അവന്റെ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈദ്‌.
വാവിട്ടു കരയാന്‍ മാത്രമറിയാമായിരുന്ന പിഞ്ചുകുഞ്ഞില്‍ നിന്നും
ഇന്നിലെ അവനിലേക്കുള്ള ദൂരം ദൈവത്തിന്റെ
കാരുണ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍!
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം.
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍
പഠിപ്പിച്ചു പ്രവാചകന്‍.
റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ
തെളിനീരുറവയാകണം ഈദ്‌.
അന്യന്‍റെ ഉള്ളം കാണാത്തവനും
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍.
ഈദ്‌ ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ
പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്‌.
ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ പുഞ്ചിരിയുടെ
പ്രകടനങ്ങളാണ്.
സ്നേഹമാണ് ഈദിന്റെ ഭാഷ.
സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും, അശരണരോടും
കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം..
സന്ദര്‍ശനങ്ങളിലൂടെ അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു
സ്നേഹ പ്രവാചകന്‍.
ഈദ്‌ വിചിന്തനത്തിന്റെ വേളയാണ്.
ഒരു മാസത്തെ വ്രതം നല്കിയതെന്തു
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്‌.
സഹോദരങ്ങളെ..ഈദ്‌ ആഘോഷിക്കുക!.
ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു
പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍.
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല.
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക!
അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക.
വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും
പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും
ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ
നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കാതിരിക്കുക.
കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ,
സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ!
തക്ബീര്‍ ധ്വനികള്‍ ചക്രവാള സീമകളോളം പ്രകമ്പനം കൊള്ളട്ടെ!
അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്!
അല്ലാഹുവത്രെ വലിയവന്‍..സ്തുതികളഖിലവും അവനു മാത്രം!
ഈദാശംസകളോടെ...