shamsiswanam - read@ur own risk :)

Pages

Showing posts with label celibration. Show all posts
Showing posts with label celibration. Show all posts

Thursday, 29 December 2011

ഹിപ്പി ന്യൂ ഇയര്‍..!

കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ്‌ ചെയ്ത കാര്‍ഡിന്റെ ആശംസാ വാചകങ്ങളും പറഞ്ഞു തന്നു. മഡഗാസ്ക്കര് ദ്വീപിലെ ‍ 'അട്ടപ്പാടിയി'ലെങ്ങാണ്ടോ ഇരുന്നു വാതക പൈപ്പ് ലൈനിന്റെ സുരക്ഷ പരിശോധിക്കുന്ന ‍സുഹൃത്തിന്റെ ഉച്ചപ്പിരാന്തെന്നു കരുതിയെങ്കിലും അവന്റെ വിശദീകരണം കേള്‍ക്കാമെന്ന കൌതുകത്തിനു മറുപടി മെയില്‍ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അറുപതുകളില്‍ യുവത്വം നിറഞ്ഞാടിയ 'ഹിപ്പി' സംസ്കാരത്തിന്റെ സെറോക്സ് കോപ്പികളാണത്രേ ഇന്നിന്റെ തലമുറയും അവരുടെ ആഘോഷങ്ങളും എന്ന മുഖവുരയോടെയുള്ള നെടുങ്കന്‍ മറുപടി ഇന്‍ബോക്സില്‍ ഒരു സീല്‍ക്കാരത്തോടെയെത്തി. സൈക്കഡലിക്ക് റോക്കും സിരകളില്‍ നുരഞ്ഞു പൊന്തുന്ന ലഹരിയും അരാഷ്ട്രീയവാദവും ഒപ്പം നീട്ടി വളര്‍ത്തിയ മുടിയിലൂടെ തങ്ങളുടെ ഐഡന്റ്റിറ്റി തെളിയിക്കുന്ന രൂപങ്ങളുമായി അരാജക വാദത്തിന്റെ ആള്‍രൂപങ്ങളായി പകര്‍ന്നാടിയ യുവത്വം. ഹിപ്പികള്‍ എന്ന് ലോകം വിളിച്ച, ആഘോഷത്തിന്റെ അവര്‍ക്ക് മാത്രമറിയാവുന്ന വ്യാകരണങ്ങളില്‍ ജീവിതം 'കത്തിച്ചു തീര്‍ത്ത' യൌവനങ്ങള്‍. കലയിലും, സിനിമയിലും എല്ലാം സാന്നിധ്യമറിയിച്ചു കൊണ്ട് അവരിന്നും സജീവമാണെന്ന അവന്റെ കണ്ടെത്തല്‍, ഫൈന്‍ ആര്‍ട്സ് ബിരുദവും മള്‍ട്ടി മീഡിയ ഡിപ്ലോമയും എടുത്തു നല്ലൊരു ഡിജിറ്റല്‍ ആര്‍ടിസ്റ്റ് എന്ന പേരും സമ്പാദിച്ചു കരിയര്‍ തുടങ്ങിയ‍ ആളിപ്പോള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഒരു പെട്രോ-കെമിക്കല്‍ കമ്പനിയുടെ പ്രോജക്റ്റ് സേഫ്റ്റി ഓഫീസറായി മാറിയത് പോലുള്ള അനേകം നട്ടപ്പിരാന്തുകളിലൊന്നായി കാണാനാണെനിക്കിഷ്ടം.

Friday, 2 December 2011

ഐക്യത്തിന്റെ ആത്മാവ്

എണ്ണപ്പൊന്നിന്റെ സാന്നിധ്യം മരുഭൂമിയുടെ മണല്‍ത്തരികള്‍ അറിഞ്ഞു തുടങ്ങിയ അറുപതിന്റെ ഒടുക്കം. ബര്‍മക്കും സിലോണിനും പകരം ഗള്‍ഫ്‌ എന്ന പദം ഉപയോഗിച്ചു തുടങ്ങിയ കാലം. അതൊരു പുതിയ തുടക്കമായിരുന്നു. അതിനും മുമ്പ്‌ പരിശുദ്ധ ഗേഹം തേടിയുള്ള യാത്രയായിരുന്നു മറുനാടന്‍റെ ഗള്‍ഫ്‌ ഓര്‍മകളില്‍.. പോയവരില്‍ പലരും തിരികെ വരാറുണ്ടായിരുന്നില്ല. അവസാന യാത്രക്കുള്ള ഒരുക്കങ്ങളുമായാണവന്‍ വീട് വിട്ടിറങ്ങിയിരുന്നത്. പാതി വഴിയിലോ തിരികെ വീടണയാനുള്ള മടക്കത്തിലോ കൊഴിഞ്ഞു തീര്‍ന്നിരുന്ന യാത്രകള്‍. എന്നിട്ടും യാത്രകള്‍ അവസാനിച്ചില്ല. കാലം പത്തേമാരികളില്‍ മറുകര കാണിച്ചു തന്നപ്പോള്‍ കൂടുതല്‍ ചക്രവാളങ്ങള്‍ കീഴടക്കാനുള്ള വെമ്പലായിരുന്നു. മാസങ്ങള്‍ നീളുന്ന യാത്രക്കൊടുവില്‍ തീരത്തു നിന്നും കുറെയകലെ അവസാനിക്കുന്ന ഉരുവിലെ സഞ്ചാരം. ഖോര്ഫുക്കാന്‍ കടല്‍ തീരത്ത് ജീവിതം നീന്തിയടുപ്പിച്ച ആയിരങ്ങള്‍..ഒരു പക്ഷെ ആ നീന്തലിനിടയില്‍ കര കാണാന്‍ ഭാഗ്യം കിട്ടാതെ പോയ പതിനായിരങ്ങള്‍ വേറെയും. പ്രവാസത്തിന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു. ഒപ്പം മാസ്മര വര്‍ണത്തിന്റെ മായാ പ്രപഞ്ചം തീര്‍ത്ത യു. എ. ഇ  എന്ന രാജ്യത്തിന്റെയും.
അതിനും മുമ്പ്‌ ഇന്നത്തെ യു. എ. ഇ ഉള്‍ക്കൊള്ളുന്ന പ്രദേശം ചെറു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഗോത്ര വഴക്കിലും താന്‍ പോരിമയിലും അകപ്പെട്ട് കഴിഞ്ഞിരുന്ന കുറച്ച് ഭരണാധികാരികളും അരപ്പട്ടിണിയുടെ സമൃദ്ധിയില്‍ ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു ജനതയും. ചരിത്രത്തിലുടനീളം അറബ് ജനതയുടെ ജീവിതം എന്നും പ്രതിസന്ധികളോടുള്ള സമരമായിരുന്നു. ജീവിതത്തിന്റെ തന്നെ പ്രതിസന്ധികളും ഒപ്പം സാഹചര്യങ്ങള്‍ തീര്‍ക്കുന്ന വൈതരണികളും. ജനിച്ച നാള്‍ തൊട്ട് ജീവിതത്തോട് മല്ലിടുന്ന പോരാട്ട വീര്യം. മരുഭൂമിയുടെ ചുഴികളും മണല്ക്കാറ്റും വകഞ്ഞു മാറ്റി അവര്‍ സഞ്ചരിച്ചത് ജീവിതത്തിലേക്കായിരുന്നു. ആ നൂറ്റാണ്ടുകളുടെ സഹനത്തിന് സ്രഷ്ടാവിന്റെ പാരിതോഷികമാവാം ഇന്നിന്റെ സമൃദ്ധി.
മരുഭൂമിയിലെ എണ്ണ കിനിയുന്ന കിണറുകള്‍ പോലെ അവരുടെ ഉള്ളിലെ വൈരത്തിന്റെ മഞ്ഞുരുകുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്‌. യു. എ. ഇ എന്ന രാജ്യപ്പിറവിയിലേക്ക് മനസ്സുകളെ കൊണ്ടെത്തിച്ച ഒരു ദീര്ഗ ദര്ശിയുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ ഒരു രാജ്യ നായകന്‍. ശൈഖ് സായിദ്‌ എന്ന യു. എ. ഇ യുടെ രാഷ്ട്ര പിതാവ്. നന്മയുടെയും സൌഹാര്ദത്തിന്റെയും ഉന്നത മൂല്യങ്ങള്‍ കൊണ്ട് വിളക്കിച്ചേര്ത്തും സ്നേഹത്തിന്റെ പരിമളം കൊണ്ട് സമ്പുഷ്ടമാക്കിയും എങ്ങിനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാം എന്ന് പഠിപ്പിച്ചു തന്ന ജന നേതാവ്‌. അതായിരുന്നു ശൈഖ് സായിദ്‌. വഴികളും ആശയങ്ങളും നല്‍കി വീട്ടിലിരിക്കുന്ന നേതാവായിരുന്നില്ല അദ്ദേഹം, പകരം എന്നും വഴികാട്ടിയായി മുമ്പില്‍ നടന്നു. ഒപ്പം ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല. ഇന്നീ രാജ്യത്തിന്റെ സാരഥിയായ ശൈഖ് ഖലീഫയുടെയും വഴിത്താരകള്‍ പിതാവിന്റെതു തന്നെയെന്ന് കാണുമ്പോള്‍ സന്തോഷം വരുന്നത് പ്രവാസിയുടെ കണ്ണുകളിലാണ്. കാരണം സ്നേഹവും ആതിഥ്യവും നല്‍കി ശൈഖ് സായിദ്‌  സ്വന്തം ജനതയെപ്പോലെ ഒരു പക്ഷെ അവരേക്കാളേറെ പരിഗണിച്ചത്‌ പ്രവാസി സമൂഹത്തെയായിരുന്നു; വിശേഷിച്ചും ഇന്ത്യാക്കാരെ. ഇന്ത്യാക്കാരനും ആ സ്നേഹം തിരിച്ചു നല്‍കിയ ചാരിതാര്‍ത്ഥ്യം.!   
കടലില്‍ നിന്നും മുത്തും മത്സ്യവും ശേഖരിച്ചു വിപണനം നടത്തിയ ദുബായിയുടെ ഇന്നലെകളില്‍ നിന്നും സ്കൈ സ്ക്രാപറുകളുടെയും ഹൈപര്‍ ടെക്നോളജിയുടെയും ഇന്നിലേക്കുള്ള ദൂരം കണ്ണിമ വെട്ടുന്ന വേഗത്തിലായിരുന്നു. ഏഴ് എമിറേറ്റുകളില്‍ തലസ്ഥാനമായ അബുദാബി എണ്ണയില്‍ സമൃദ്ധി കണ്ടപ്പോള്‍ പേരിനു മാത്രം എണ്ണ സമ്പത്തുള്ള ദുബായ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ലോകം ഒരു കുടക്കീഴില്‍ എന്നും ആഗോള ഗ്രാമം എന്നും ലോകം പിന്നീട് പേരിട്ടു വിളിച്ചതിനെ യാഥാര്‍ത്ഥ്യമാക്കി കാണിച്ചു കൊടുത്തു കൊണ്ടായിരുന്നു ദുബായിയുടെ കുതിപ്പ്. മരുക്കടലില്‍ നിന്നും സ്വപ്നഭൂമിയിലേക്കുള്ള പരിവര്‍ത്തനം. ഇന്ന് ദുബായിക്കാരന് മരുഭൂമി കാണണമെങ്കില്‍ ഏറെ ദൂരം യാത്ര ചെയ്യണം. ദുബായിയുടെ വളര്‍ച്ച മനുഷ്യന് ദൈവം നല്‍കിയ കഴിവിന്‍റെ അനന്യ സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ കൂടിയായിരുന്നു. ധിഷണയും കഠിന പ്രയത്നവും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ അത്ഭുതം..അതാണിന്നത്തെ ദുബായ് നഗരത്തിന്റെ ചൈതന്യം. ഗള്‍ഫ്‌ നാടുകള്‍ക്ക് നമ്മള്‍ മലയാളികള്‍ പൊതുവേ പറഞ്ഞു ശീലിച്ച പേരാണ് ദുബായ്. ദുബായിക്കാരനെന്ന വിളിപ്പേര് സൌദിക്കാരന്‍ കൂടി ആസ്വദിക്കുന്ന അവസ്ഥകളിലേക്കുള്ള അസൂയപ്പെടുത്തുന്ന വളര്‍ച്ച,  പാശ്ചാത്യ നാടുകള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്തത്‌ ദുബായ് ഏതാനും മാസങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയെന്നതാണ് അതിനെ വ്യതിരിക്തമാക്കുന്നത്. ഇന്ന് മറ്റ് ഗള്‍ഫ്‌ നാടുകള്‍ക്ക് വികസന കാര്യങ്ങള്‍ക്കുള്ള റോള്‍ മോഡല്‍ ദുബായ് ആണെന്നത് വാസ്തവം. ഇതിനൊക്കെയും സാരഥ്യം വഹിച്ച മഖ്തൂം കുടുംബം. പ്രത്യേകിച്ച് ശൈഖ് മുഹമ്മദ്‌ എന്ന ജനകീയ നേതാവിന്റെ വീക്ഷണവും വിചാരങ്ങളും. സമാനതകളില്ല ഇത് പോലൊരു ജനകീയ ഭരണാധികാരിക്ക്. തന്റെ ഒന്നാം നമ്പര്‍ വാഹനത്തില്‍ പരിവാരങ്ങളില്ലാതെ അകമ്പടി വാഹനങ്ങളില്ലാതെ നിങ്ങള്ക്ക് കാണാം ഈ നാടിന്റെ നായകനെ. ദുബായിയുടെ പാതയോരങ്ങളില്‍. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിനിടയില്‍ അതുമല്ലെങ്കില്‍ മെട്രോ ട്രെയിനിന്റെ സാദാ കമ്പാര്‍ട്ടുമെന്റില്‍ അദ്ദേഹം കയറി വന്നേക്കാം..നിങ്ങളിലൊരുവനായി..ഭരണാധികാരി എന്ന പരുക്കന്‍ ജാഡകളില്ലാതെ..!  
ഗള്‍ഫ്‌ എന്ന നാട്ടിലേക്കുള്ള പ്രയാണം ഇന്ത്യയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. വിശേഷിച്ചും കേരളത്തിന്റെ. ഇന്ന് കേരളത്തില്‍ സമൃദ്ധിയായ് കാണുന്നതെല്ലാം ഗള്‍ഫുകാരന്റെ വിയര്‍പ്പിന്റെ ശേഷിപ്പുകളാണ്. പത്തേമാരിയില്‍ തുടങ്ങിയ ജീവിതയാത്രയുടെ ശേഷിപ്പുകള്‍..! ആ ശേഷിപ്പുകളിലാണിന്നും കേരളം ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും. അതിന്റെ പകുതിയും യു. എ. ഇ യുടെ സ്നേഹ സംഭാവനകളും. തീ പുകയാത്ത കൂരയുടെ സ്ഥാനത്ത്‌ മണിമാളികകള്‍ പൊങ്ങിയതും ഹവായ് ചപ്പലും ഹെര്‍കുലീസ് സൈക്കിളും സ്വപ്നം കണ്ടിരുന്നവര്‍ വേര്സാച്ചി മണമുള്ള കുപ്പായങ്ങളിട്ടു റോള്‍സ് റോയ്സില്‍ ചാഞ്ഞിരിക്കുന്നതും ഈ നാടിന്റെ അതിലുപരി ഇവിടത്തുകാരുടെ സാഹോദര്യ സ്നേഹത്തിന്റെ, കരുണാ വായ്പുകളുടെ ഈന്തപ്പഴ മധുരം ഒന്ന് കൊണ്ട് മാത്രമാണ്. ഇസ്ലാമിക ചരിത്രത്തിലെ അന്‍സാറുകളെ പോലെ.. പരസ്പരം പകുത്തു നല്‍കുകയായിരുന്നു..ജീവനും ജീവിതവും! ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ശൈഖ് മുഹമ്മദ്‌ പറഞ്ഞത്‌ പോലെ ഇന്ത്യയിലേക്ക് വരുമ്പോള്‍ എനിക്ക് ഒരു അന്യതാ ബോധം ഉണ്ടാകുന്നില്ല. എന്‍റെ സ്വന്തം നാട്ടിലേക്ക് വരുന്ന പ്രതീതി. എന്നാല്‍ കേരളത്തിലേക്ക് പോയാല്‍ സ്വന്തം വീട്ടിലെത്തിയത് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഇത് പറയിപ്പിച്ച ആ പരസ്പര സ്നേഹ-സഹോദര ബന്ധം നില നിര്‍ത്താം നമുക്ക്‌.. കാലങ്ങളോളം..നമ്മുടെ വറ്റിന്റെ മണികള്‍ വിതറിയിരിക്കുന്ന ഈ മണ്ണിനും ഇവിടുത്തെ ജനങ്ങള്‍ക്കും സകല സമൃദ്ധികളും സര്‍വേശ്വരന്‍ ഇനിയും കനിഞ്ഞരുളട്ടെ.. ഈ നാടിന്റെ നമ്മുടെ ഈ രണ്ടാം വീടിന്റെ വാര്‍ഷികത്തില്‍ എല്ലാ ആശംസകളും നേരുന്നു. ഈ ഒരുമയുടെ വിളക്കണയാതെ അതിന്റെ ആത്മാവിനെ ദൈവം എന്നെന്നും ജ്വലിപ്പിച്ചു നിര്‍ത്തട്ടെ.!

Monday, 15 August 2011

സാരെ ജഹാന്‍ സെ അച്ചാ..

സര്‍വ ലോകത്തേക്കാള്‍ മഹത്തരം
നമ്മുടെ ഹിന്ദുസ്ഥാന്‍..
നാമിവിടുത്തെ രാപ്പാടികള്‍..
ഇതോ നമ്മുടെ പൂന്തോട്ടവും!

ദാര്‍ശനിക കവി ഇഖ്ബാലിന്റെ തൂലികയില്‍
നിന്നും ഉതിര്‍ന്നു വീണ സ്വപ്ന തുല്യമായ
വരികള്‍..
നമുക്ക്‌ അവകാശമുണ്ടോ ഈ പൂന്തോട്ടത്തിലെ
രാപ്പാടികളെന്നു പറയാന്‍..
നാമെന്തു നല്‍കി ഈ രാജ്യത്തിന്?
സ്വയം ചോദിക്കുക, നമോരോരുത്തരും..
ആറര പതിറ്റാണ്ട് മുമ്പത്തെ സ്വാതന്ത്ര്യപ്പുലരി
അതൊരു ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്കാര ഭൂമിയുടെ
വിമോചന വിളംബരം..

സ്വാതന്ത്ര്യം ഒരു രാജ്യത്തെ ജനതയുടെ ജീവ വായുവാണ്.
അത് നല്‍കുന്ന ആനന്ദം അനിര്‍വചനീയവും
പക്ഷെ, ആ നാളുകളില്‍ ഇന്ത്യയുടെ കണ്ണുകളില്‍ അശ്രുകണങ്ങളായിരുന്നു..
സന്തോഷത്തിന്റെയല്ല; അസമാധാനത്തിന്റെ..
മുറിപ്പെട്ടു പോയ മനസ്സില്‍ നിന്നും ഉത്ഭവിച്ച,
വിഭജനത്തിന്റെ മുറിപ്പാടുകളിലൂടെ വാര്‍ന്നൊലിക്കുന്ന
ചോരയുടെ ഗന്ധമുള്ള അശ്രുകണങ്ങള്‍..
പട്ടിണി കിടന്നും ലാളിത്യത്തിന്റെ ആള്‍രൂപമായും
മുമ്പില്‍ നടന്ന ഒരു വൃദ്ധനുണ്ടായിരുന്നു ഈ നാടിനെ നയിക്കാന്‍.
താന്‍ കുത്തി നടക്കുന്ന വടിക്കടിയില്‍പ്പെട്ടാണെങ്കിലും,
ഒരുറുമ്പിനു പോലും നോവരുതേ എന്ന് ആശിച്ച
ഒരു പാവം മനുഷ്യന്‍..
സഹനം കൊണ്ട് സമരം ജയിക്കാമെന്ന് കാണിച്ചു
തന്ന അര്‍ദ്ധ നഗ്നനായ ഫഖീര്‍.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ
കൊള്ളമുതലാളിമാരുടെ തോക്കുകള്‍ക്ക് പക്ഷെ,
ആ വൃദ്ധനും അദ്ദേഹത്തിന്റെ ജനതക്കും മുമ്പില്‍
അടിയറവു പറയേണ്ടി വന്നു.
അവിടുന്നിങ്ങോട്ടു തുടങ്ങിയ ചരിത്രത്തിന്റെ പ്രയാണം
സമാനതകളില്ലാത്ത ഒരു രാജ്യവും ജനതയും എന്തെന്ന്
അടയാളപ്പെടുത്തുകയായിരുന്നു.
അങ്ങിനെ കുതിച്ചും കിതച്ചും എത്തിച്ചേര്‍ന്നതാണ് നാമിന്നു
കാണുന്ന നമ്മുടെ മഹാരാജ്യം!

വെല്ലു വിളികളും പ്രതിബന്ധങ്ങളും ഏറെയായിരുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന വെള്ളക്കാരന്റെ കൌശലങ്ങള്‍
ബാക്കി വെച്ചത് ഗോദ്സേമാരുടെ ജന്മങ്ങളായിരുന്നു.
അതിന്റെ അനിവാര്യതകളായ ആഴത്തിലുള്ള ഓരോ മുറിപ്പാടുകള്‍
രാജ്യത്തിന് സമ്മാനിച്ചു കൊണ്ട് തന്നെ..
ജഡങ്ങള്‍ നിറഞ്ഞ തെരുവുകളും
തേങ്ങലുകള്‍ തിങ്ങി നിറഞ്ഞ കൂരകളും മാത്രം
ബാക്കിയാക്കിയ എണ്ണമറ്റ കലാപങ്ങള്‍..
സ്ഫോടനങ്ങള്‍.. കൂട്ടക്കുരുതികള്‍..
കൊലയാളികള്‍ ഒരേ തരക്കാരായിരുന്നു.
നാടിന്‍റെ നാശമായിരുന്നു അവരുടെയെല്ലാം ലക്ഷ്യം.
കാരണങ്ങള്‍ പറയാന്‍ അവര്‍ ഓരോ കൊടികള്‍ക്ക് പിന്നില്‍
അണി നിരന്നു.
പക്ഷെ അഗ്നി പരീക്ഷകള്‍ക്ക് മുമ്പില്‍
ഭരണഘടനയെന്ന മഹത്തായ ആയുധം രാജ്യത്തിന് കരുത്തേകി.
നൂറു കണക്കില്‍ സംസ്കാരങ്ങളും അതിലും കൂടുതല്‍
ഉപസംസ്കാരങ്ങളും ഭാഷാ വൈവിധ്യങ്ങളുമുള്ള ഒരു നാടിനെ
ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടു പോകാന്‍
പ്രയത്നിച്ച ഭരണഘടനാ ശില്‍പികള്‍
സ്വപ്നം കണ്ടത്‌ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
എന്നത് മാത്രമായിരുന്നു.
പഞ്ചാബും കശ്മീരും ഗുജറാത്തും പിന്നെ ബാബരിയും മുംബൈയും
എല്ലാമെല്ലാം ആ ദൂരത്തിലേക്കുള്ള പുഴുക്കുത്തുകള്‍..
ചോര കിനിയുന്ന മുറിവുകള്‍..
എല്ലാം മറന്ന്, ഒരു മെയ്യാണെന്ന് പറഞ്ഞു
കൂടുമ്പോഴും വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന
അനുഭവങ്ങളുമായി അതിന്റെ ആവര്‍ത്തനങ്ങള്‍!

പുതിയ കാലത്ത് സമവാക്യങ്ങള്‍
മാറി മറിഞ്ഞിരിക്കുന്നു..
അഴിമതിയും സ്വജന പക്ഷപാതവും
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴുകി ദുര്‍ഗന്ധം വമിക്കാന്‍
തുടങ്ങിയിട്ട് നാളുകളേറെയായി.
അതിനിയും മടുക്കാത്തത് രാഷ്ട്രീയ മേലാളന്മാര്‍ക്കും
അതിന്റെ പ്രയോജകര്‍ക്കും മാത്രം.
ആ മടുപ്പിന്റെ ഉദാഹരണമാണ് ലോകപാല്‍
സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
അതൊരു മാരക രോഗാണു കണക്കെ ഈ നാടിനെയും
അതിന്റെ സ്വത്വത്തെയും തിന്നു തീര്‍ക്കുകയാണ്.
നിണം കൊണ്ട് പണിയാനിറങ്ങിയ
കസബുമാര്‍ക്കും പ്രജ്ഞ സിങ്ങുമാര്‍ക്കും, പിന്നെ
ടുജി കൊണ്ട് വഞ്ചിച്ച രാജമാര്‍ക്കും
'ഖേലി'ല്‍ പോലും കോഴ കളിച്ച കല്‍മാഡിമാര്‍ക്കും
നമ്മളും ഈ നാടും ഇനിയും
നിന്ന് കൊടുക്കണോ?
ഇല്ല! ഇനിയും ഈ കീടങ്ങള്‍
നമ്മുടെ നാടിനെ നശിപ്പിച്ചു കൂടാ..
നമ്മുടെ ച്ഛാശക്തിയാണ് അതിനുള്ള പോംവഴി.
കേവലം നാമിവിടെ ജനിച്ചു വീണു എന്നത് കൊണ്ടു മാത്രമല്ല..
ഈ രാജ്യം നമ്മുടെ ജീവനാണ്; ഒപ്പം ജീവിതവും!
നമുക്കഭിമാനിക്കാം..ലോകത്തെ
പുത്തന്‍ കണ്ടുപിടുത്തങ്ങളില്‍,
ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളില്‍
എണ്ണമറ്റ മറ്റു മേഖലകളില്‍
എല്ലാം അണിയറക്കാര്‍ ഈ നാടിന്റെ മക്കള്‍..!
കണക്കുകള്‍ പറയുന്നത് എണ്ണം
പറഞ്ഞ മാധ്യമക്കാര്‍.
എണ്ണപ്പാടങ്ങളുള്ള അറബികളേയും
ഡോളറുകളുള്ള സായിപ്പിനേയും
ബുദ്ധിയും അധ്വാനവും കൊണ്ട് കീഴടക്കുന്നു
ഈ നാടിന്റെ ചുണക്കുട്ടികള്‍!
ബുദ്ധിയുടെയും വിദ്യയുടെയും
കരുത്ത് കൊണ്ട് നമുക്ക് ഇല്ലായ്മ
ചെയ്യാനാകണം,
വിശപ്പിന്റെ കരച്ചിലുകളും
ദാരിദ്ര്യത്തിന്റെ എരിച്ചിലുകളും!
അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ
സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകൂ..

കോളേജ് കാലത്തെങ്ങോ എന്റെ ഡയറിത്താളുകളില്‍
കവി കൂടിയായ സുഹൃത്ത്‌ കുറിച്ചിട്ട വരികള്‍
ഓര്‍മ വരുന്നു..അതൊരു പ്രാര്‍ത്ഥനയായി
വീണ്ടും ഉരുവിടട്ടെ!

 മലരുകളിനിയും വിരിയട്ടെ മണ്ണിതില്‍
വസന്തങ്ങളിനിയും വിടരട്ടെ ഭൂവിതില്‍
ഇനിയുമെന്നിന്ത്യ തളരാതിരിക്കട്ടെ!