shamsiswanam - read@ur own risk :)

Pages

Showing posts with label wishes. Show all posts
Showing posts with label wishes. Show all posts

Wednesday, 31 August 2011

ഈദ്‌ മുബാറക്‌

അല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ്..!
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രികയുടെ മിന്നലാട്ടം.
വ്രത നിറവിനു പരിസമാപ്തി കുറിച്ചു കൊണ്ട് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനം,
ഈദുല്‍ ഫിത്വര്‍..
ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്.
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള
പരിശീലനമായിരുന്നു ഒരു മാസക്കാലം.
പരിശീലനത്തില്‍ നാം വിജയിച്ചുവോ?
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
ഈദ്‌ മടക്കമാണ്.
അഹങ്കാരത്തിന്റെ പരകോടിയില്‍ കയറി നില്‍ക്കുന്നവനോട്
അവന്റെ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈദ്‌.
വാവിട്ടു കരയാന്‍ മാത്രമറിയാമായിരുന്ന പിഞ്ചുകുഞ്ഞില്‍ നിന്നും
ഇന്നിലെ അവനിലേക്കുള്ള ദൂരം ദൈവത്തിന്റെ
കാരുണ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍!
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം.
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍
പഠിപ്പിച്ചു പ്രവാചകന്‍.
റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ
തെളിനീരുറവയാകണം ഈദ്‌.
അന്യന്‍റെ ഉള്ളം കാണാത്തവനും
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍.
ഈദ്‌ ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ
പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്‌.
ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ പുഞ്ചിരിയുടെ
പ്രകടനങ്ങളാണ്.
സ്നേഹമാണ് ഈദിന്റെ ഭാഷ.
സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും, അശരണരോടും
കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം..
സന്ദര്‍ശനങ്ങളിലൂടെ അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു
സ്നേഹ പ്രവാചകന്‍.
ഈദ്‌ വിചിന്തനത്തിന്റെ വേളയാണ്.
ഒരു മാസത്തെ വ്രതം നല്കിയതെന്തു
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്‌.
സഹോദരങ്ങളെ..ഈദ്‌ ആഘോഷിക്കുക!.
ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു
പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍.
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല.
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക!
അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക.
വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും
പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും
ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ
നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കാതിരിക്കുക.
കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ,
സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ!
തക്ബീര്‍ ധ്വനികള്‍ ചക്രവാള സീമകളോളം പ്രകമ്പനം കൊള്ളട്ടെ!
അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്!
അല്ലാഹുവത്രെ വലിയവന്‍..സ്തുതികളഖിലവും അവനു മാത്രം!
ഈദാശംസകളോടെ...

Monday, 15 August 2011

സാരെ ജഹാന്‍ സെ അച്ചാ..

സര്‍വ ലോകത്തേക്കാള്‍ മഹത്തരം
നമ്മുടെ ഹിന്ദുസ്ഥാന്‍..
നാമിവിടുത്തെ രാപ്പാടികള്‍..
ഇതോ നമ്മുടെ പൂന്തോട്ടവും!

ദാര്‍ശനിക കവി ഇഖ്ബാലിന്റെ തൂലികയില്‍
നിന്നും ഉതിര്‍ന്നു വീണ സ്വപ്ന തുല്യമായ
വരികള്‍..
നമുക്ക്‌ അവകാശമുണ്ടോ ഈ പൂന്തോട്ടത്തിലെ
രാപ്പാടികളെന്നു പറയാന്‍..
നാമെന്തു നല്‍കി ഈ രാജ്യത്തിന്?
സ്വയം ചോദിക്കുക, നമോരോരുത്തരും..
ആറര പതിറ്റാണ്ട് മുമ്പത്തെ സ്വാതന്ത്ര്യപ്പുലരി
അതൊരു ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്കാര ഭൂമിയുടെ
വിമോചന വിളംബരം..

സ്വാതന്ത്ര്യം ഒരു രാജ്യത്തെ ജനതയുടെ ജീവ വായുവാണ്.
അത് നല്‍കുന്ന ആനന്ദം അനിര്‍വചനീയവും
പക്ഷെ, ആ നാളുകളില്‍ ഇന്ത്യയുടെ കണ്ണുകളില്‍ അശ്രുകണങ്ങളായിരുന്നു..
സന്തോഷത്തിന്റെയല്ല; അസമാധാനത്തിന്റെ..
മുറിപ്പെട്ടു പോയ മനസ്സില്‍ നിന്നും ഉത്ഭവിച്ച,
വിഭജനത്തിന്റെ മുറിപ്പാടുകളിലൂടെ വാര്‍ന്നൊലിക്കുന്ന
ചോരയുടെ ഗന്ധമുള്ള അശ്രുകണങ്ങള്‍..
പട്ടിണി കിടന്നും ലാളിത്യത്തിന്റെ ആള്‍രൂപമായും
മുമ്പില്‍ നടന്ന ഒരു വൃദ്ധനുണ്ടായിരുന്നു ഈ നാടിനെ നയിക്കാന്‍.
താന്‍ കുത്തി നടക്കുന്ന വടിക്കടിയില്‍പ്പെട്ടാണെങ്കിലും,
ഒരുറുമ്പിനു പോലും നോവരുതേ എന്ന് ആശിച്ച
ഒരു പാവം മനുഷ്യന്‍..
സഹനം കൊണ്ട് സമരം ജയിക്കാമെന്ന് കാണിച്ചു
തന്ന അര്‍ദ്ധ നഗ്നനായ ഫഖീര്‍.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ
കൊള്ളമുതലാളിമാരുടെ തോക്കുകള്‍ക്ക് പക്ഷെ,
ആ വൃദ്ധനും അദ്ദേഹത്തിന്റെ ജനതക്കും മുമ്പില്‍
അടിയറവു പറയേണ്ടി വന്നു.
അവിടുന്നിങ്ങോട്ടു തുടങ്ങിയ ചരിത്രത്തിന്റെ പ്രയാണം
സമാനതകളില്ലാത്ത ഒരു രാജ്യവും ജനതയും എന്തെന്ന്
അടയാളപ്പെടുത്തുകയായിരുന്നു.
അങ്ങിനെ കുതിച്ചും കിതച്ചും എത്തിച്ചേര്‍ന്നതാണ് നാമിന്നു
കാണുന്ന നമ്മുടെ മഹാരാജ്യം!

വെല്ലു വിളികളും പ്രതിബന്ധങ്ങളും ഏറെയായിരുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന വെള്ളക്കാരന്റെ കൌശലങ്ങള്‍
ബാക്കി വെച്ചത് ഗോദ്സേമാരുടെ ജന്മങ്ങളായിരുന്നു.
അതിന്റെ അനിവാര്യതകളായ ആഴത്തിലുള്ള ഓരോ മുറിപ്പാടുകള്‍
രാജ്യത്തിന് സമ്മാനിച്ചു കൊണ്ട് തന്നെ..
ജഡങ്ങള്‍ നിറഞ്ഞ തെരുവുകളും
തേങ്ങലുകള്‍ തിങ്ങി നിറഞ്ഞ കൂരകളും മാത്രം
ബാക്കിയാക്കിയ എണ്ണമറ്റ കലാപങ്ങള്‍..
സ്ഫോടനങ്ങള്‍.. കൂട്ടക്കുരുതികള്‍..
കൊലയാളികള്‍ ഒരേ തരക്കാരായിരുന്നു.
നാടിന്‍റെ നാശമായിരുന്നു അവരുടെയെല്ലാം ലക്ഷ്യം.
കാരണങ്ങള്‍ പറയാന്‍ അവര്‍ ഓരോ കൊടികള്‍ക്ക് പിന്നില്‍
അണി നിരന്നു.
പക്ഷെ അഗ്നി പരീക്ഷകള്‍ക്ക് മുമ്പില്‍
ഭരണഘടനയെന്ന മഹത്തായ ആയുധം രാജ്യത്തിന് കരുത്തേകി.
നൂറു കണക്കില്‍ സംസ്കാരങ്ങളും അതിലും കൂടുതല്‍
ഉപസംസ്കാരങ്ങളും ഭാഷാ വൈവിധ്യങ്ങളുമുള്ള ഒരു നാടിനെ
ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടു പോകാന്‍
പ്രയത്നിച്ച ഭരണഘടനാ ശില്‍പികള്‍
സ്വപ്നം കണ്ടത്‌ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
എന്നത് മാത്രമായിരുന്നു.
പഞ്ചാബും കശ്മീരും ഗുജറാത്തും പിന്നെ ബാബരിയും മുംബൈയും
എല്ലാമെല്ലാം ആ ദൂരത്തിലേക്കുള്ള പുഴുക്കുത്തുകള്‍..
ചോര കിനിയുന്ന മുറിവുകള്‍..
എല്ലാം മറന്ന്, ഒരു മെയ്യാണെന്ന് പറഞ്ഞു
കൂടുമ്പോഴും വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന
അനുഭവങ്ങളുമായി അതിന്റെ ആവര്‍ത്തനങ്ങള്‍!

പുതിയ കാലത്ത് സമവാക്യങ്ങള്‍
മാറി മറിഞ്ഞിരിക്കുന്നു..
അഴിമതിയും സ്വജന പക്ഷപാതവും
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴുകി ദുര്‍ഗന്ധം വമിക്കാന്‍
തുടങ്ങിയിട്ട് നാളുകളേറെയായി.
അതിനിയും മടുക്കാത്തത് രാഷ്ട്രീയ മേലാളന്മാര്‍ക്കും
അതിന്റെ പ്രയോജകര്‍ക്കും മാത്രം.
ആ മടുപ്പിന്റെ ഉദാഹരണമാണ് ലോകപാല്‍
സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
അതൊരു മാരക രോഗാണു കണക്കെ ഈ നാടിനെയും
അതിന്റെ സ്വത്വത്തെയും തിന്നു തീര്‍ക്കുകയാണ്.
നിണം കൊണ്ട് പണിയാനിറങ്ങിയ
കസബുമാര്‍ക്കും പ്രജ്ഞ സിങ്ങുമാര്‍ക്കും, പിന്നെ
ടുജി കൊണ്ട് വഞ്ചിച്ച രാജമാര്‍ക്കും
'ഖേലി'ല്‍ പോലും കോഴ കളിച്ച കല്‍മാഡിമാര്‍ക്കും
നമ്മളും ഈ നാടും ഇനിയും
നിന്ന് കൊടുക്കണോ?
ഇല്ല! ഇനിയും ഈ കീടങ്ങള്‍
നമ്മുടെ നാടിനെ നശിപ്പിച്ചു കൂടാ..
നമ്മുടെ ച്ഛാശക്തിയാണ് അതിനുള്ള പോംവഴി.
കേവലം നാമിവിടെ ജനിച്ചു വീണു എന്നത് കൊണ്ടു മാത്രമല്ല..
ഈ രാജ്യം നമ്മുടെ ജീവനാണ്; ഒപ്പം ജീവിതവും!
നമുക്കഭിമാനിക്കാം..ലോകത്തെ
പുത്തന്‍ കണ്ടുപിടുത്തങ്ങളില്‍,
ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളില്‍
എണ്ണമറ്റ മറ്റു മേഖലകളില്‍
എല്ലാം അണിയറക്കാര്‍ ഈ നാടിന്റെ മക്കള്‍..!
കണക്കുകള്‍ പറയുന്നത് എണ്ണം
പറഞ്ഞ മാധ്യമക്കാര്‍.
എണ്ണപ്പാടങ്ങളുള്ള അറബികളേയും
ഡോളറുകളുള്ള സായിപ്പിനേയും
ബുദ്ധിയും അധ്വാനവും കൊണ്ട് കീഴടക്കുന്നു
ഈ നാടിന്റെ ചുണക്കുട്ടികള്‍!
ബുദ്ധിയുടെയും വിദ്യയുടെയും
കരുത്ത് കൊണ്ട് നമുക്ക് ഇല്ലായ്മ
ചെയ്യാനാകണം,
വിശപ്പിന്റെ കരച്ചിലുകളും
ദാരിദ്ര്യത്തിന്റെ എരിച്ചിലുകളും!
അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ
സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകൂ..

കോളേജ് കാലത്തെങ്ങോ എന്റെ ഡയറിത്താളുകളില്‍
കവി കൂടിയായ സുഹൃത്ത്‌ കുറിച്ചിട്ട വരികള്‍
ഓര്‍മ വരുന്നു..അതൊരു പ്രാര്‍ത്ഥനയായി
വീണ്ടും ഉരുവിടട്ടെ!

 മലരുകളിനിയും വിരിയട്ടെ മണ്ണിതില്‍
വസന്തങ്ങളിനിയും വിടരട്ടെ ഭൂവിതില്‍
ഇനിയുമെന്നിന്ത്യ തളരാതിരിക്കട്ടെ!

Wednesday, 1 June 2011

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്..


മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ..  കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു    കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ഒന്നാം തീയ്യതിയായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്. അന്നും മഴ തിമിര്‍ത്തു പെയ്തിരുന്നു. ക്ലാസ്സിലിരുത്തി തിരിഞ്ഞു നടക്കുന്ന മാതാപിതാക്കന്മാരെ നോക്കി കരയുന്ന കുട്ടികളുടെ കരച്ചില്‍ ക്ലാസ് മുറിക്കുള്ളിലും മഴയുടെ പ്രതീതിയുണര്‍ത്തി.. അതു കൊണ്ടു തന്നെ ജൂണിന്റെ ഓര്മകള്‍ കണ്ണീരു വീണ് നനഞ്ഞതുമായിരുന്നു. ആദ്യ ദിവസങ്ങളിലെ ഉല്ക്കണ്ഠ കൌതുകമായും പിന്നീട് പുതിയ കൂട്ടുകാരെയും കളികളെയും കിട്ടിക്കഴിഞ്ഞപ്പോള് സ്കൂള് ദിനങ്ങള് ഒരാവേശമായി മാറിയതും പെട്ടെന്നായിരുന്നു. അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചതും അവിടെ നിന്നായിരുന്നു. 

കുഞ്ഞു ബെഞ്ചുകളില് ഇരിക്കുമ്പോള് അടുത്തിരിക്കുന്ന ആളോട് ആദ്യം ചെറു പുഞ്ചിരി. പിന്നീടെപ്പൊഴോ ചങ്ങാത്തം. പേരും വീടുമൊക്കെ ചോദിച്ചുള്ള ഔപചാരികതകളിലൂടെയൊന്നുമല്ല ചങ്ങാത്തം തുടങ്ങിയത്. പരസ്പരം ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു ചങ്ങാത്തത്തില്. ഇന്റര്‍വെല്ലിനോ മറ്റോ ആളുടെ അഭാവത്തില് പുസ്തകവും സ്ലേറ്റും സൂക്ഷിക്കേണ്ട ഭാരിച്ച ചുമതല! കൂട്ടത്തില്‍ എന്നും പ്രാധാന്യം സ്ലേറ്റിനായിരുന്നു. മുള്ളാണിയും തകരക്കഷണവും ചേറ്ത്ത് ഘടിപ്പിച്ച മരക്കൂടിനകത്ത് കറുത്ത നെഞ്ചു കാട്ടി എഴുതാന് ശീലിപ്പിച്ചവന്. അമ്മയും തറയും പനയും ഒരു പാട് രൂപ ഭാവങ്ങളില് അതിലൂടെ നിറഞ്ഞാടി. കണക്കിലെ അക്കങ്ങള്‍ പാടവരമ്പിലൂടെ പോകുന്ന റെയില് വേ ബോഗികള് പോലെ നീണ്ട് വളഞ്ഞു കിടന്നു. അദ്യമെഴുതുമ്പോള് കുഞ്ഞു കൈകള്‍ക്ക് മീതെ ടീച്ചറുടെയോ ഉമ്മയുടെയോ കൈകളും കൂടെ വന്നു; വഴി കാട്ടിയായി. സ്ലേറ്റുകള് വീടിനുള്ളിലെ 'സ്ഥിതി' കൂടി പറഞ്ഞു തന്നിരുന്നു. ഗള്‍ഫുകാരന്റെ മക്കളുടെ സ്ലേറ്റുകള് താഴെ വീണാല് പൊട്ടുന്നവയായിരുന്നില്ല. അതിന്റെ വശങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെ എണ്ണത്തില്‍ പല വര്‍ണങ്ങളില്‍ മുത്തു മണികള്‍ കോര്‍ത്തിട്ടുണ്ടാകും. ചിലരുടെ സ്ലേറ്റുകള് പൊട്ടിപ്പൊയാലും  വര്‍ഷാന്ത്യം വരെ അങ്ങിനെ തന്നെ കിടക്കുമായിരുന്നു. വശങ്ങള്‍ പൊളിഞ്ഞു പോയ സ്ലേറ്റില് വരികള് മുഴുമിക്കാന് പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന്‍ വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള് കൂട്ടിമുട്ടിക്കാന് പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം കാണാനുള്ള പക്വത അന്നില്ലായിരുന്നു. സ്ലേറ്റുകളില്‍ എഴുതുന്നതിനേക്കാള്‍ ആവേശമായിരുന്നു അതിലുണ്ടായിരുന്നത് മായ്ച്ചു കളയാന്. തൊടിയിലെ വെള്ളം തള്ളിയും (മഷിപ്പച്ച) പിന്നെ പേരറിഞ്ഞു കൂടാത്ത വേറെയും ചെടികള്‍ അതിന്നുള്ളതായിരുന്നു. മാലിന്യമില്ലാത്ത മനസ്സിന്റെ മായാജാലമെന്നോണം ഉമിനീര് കൂട്ടി തുടക്കുന്നവരും വിരളമായിരുന്നില്ല. പിരീഡവസാനം ജനലഴികള്‍ക്കിടയിലൂടെ പെയ്യുന്ന ഇറയത്തേക്കു സ്ലേറ്റ് നീട്ടിപ്പിടിച്ച് പാഠങ്ങള് മഴവെള്ളത്തോടൊപ്പം ഒഴുക്കിക്കളഞ്ഞവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. എഴുതാനുപയോഗിച്ച പെന്സിലുകളും വിവിധ തരക്കാരായിരുന്നു. കല്ലു പെന്സില് കൊണ്ടെഴുതിയ അക്ഷരങ്ങള് സ്ലേറ്റിനു മീതെ മുറിപ്പാടുകളുണ്ടാക്കി. മഷിപ്പച്ചകള്ക്കും പിടി കൊടുക്കാതെ അവ കുറെ കാലം അങ്ങിനെ തന്നെ കിടന്നു. കൂട്ടത്തില് കേമനും താരമൂല്യവും മദ്രാസ് പെന്സിലെന്നും ചോക്ക് പെന്സിലെന്നും വിളിപ്പേരുകളുള്ള വെളുത്തു നീണ്ട ചതുരക്കഷണങ്ങള്ക്കാ‍യിരുന്നു. മഷിപ്പച്ച വീട്ടിലെ തൊടിയിലില്ലാത്തവര്‍ ഒരു മദ്രാസ് പെന്സിലിനു അഞ്ചു മഷിപ്പച്ചകള് എന്ന ബാര്‍ട്ടര്‍ പാഠം ആദ്യമേ പഠിച്ചു വെച്ചു.

കാലം ഡി.പി..പി യുടെയും സി.ബി.എസ്.സിയുടെയും പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതിനും മുമ്പ് കേരളപാഠാവലിയായിരുന്നു ഒരു തലമുറയുടെ ആദ്യാക്ഷരങ്ങള്‍ പേറിയിരുന്നത്. നീലാകാശം പീലികള്‍ വിരിച്ചതും കൂ കൂ തീവണ്ടി കൂകിപ്പാഞ്ഞതും അതിലൂടെയായിരുന്നു. അദ്ധ്യാപകരില് ക്ലാസ് ടീച്ചറിനോടായിരിക്കും പിരിശം കൂടുതല്. പൂമ്പാറ്റയെക്കുറിച്ച് പറഞ്ഞപ്പോള്‍ കൈകള് വിടര്‍ത്തി ചിറകുകളടിച്ചും ബക്കറ്റ് വെള്ളത്തിലെ കണ്ണാടിയിലൂടെ മഴവില്ലു കാണിച്ചു തന്നും ടീച്ചറ് പാഠങ്ങള്‍ മനസിന്റെ ആഴങ്ങളില്‍ കൊത്തി വെച്ചു; തലമുറയോളം..!. ചെയ്തിരുന്ന ശരികള്‍ക്ക് അമ്മയോളം സ്നേഹമുള്ള ഒരു തലോടല്‍.. അല്ലെന്കില്‍ മിടുക്കന്‍ എന്ന ഒരു വിളി. അപ്പോള്‍ ലോകം കീഴടക്കിയവന്റെ സന്തോഷം മുഖത്ത് വിടരും. പിന്നെ ഏറ്റവും ഇഷ്ടമുള്ളയാളിനെ ഒളി കണ്ണിട്ടൊരു നോട്ടം. അയാള് എന്നെ കാണുന്നുണ്ടോ എന്ന അന്വേഷണം. വികൃതികള്‍ക്ക് പക്ഷെ സ്നേഹം കൂട്ടിത്തിരുമ്മിയ ഒരു നുള്ളല്‍..ഒരു കണ്ണുരുട്ടല്‍.. അതു മതിയായിരുന്നു. അത് കൊണ്ടു തന്നെ പരാതിപ്പെട്ടികള്‍ ക്ലാസ് ടീച്ചറ്ക്കു മുന്നിലായിരുന്നു തുറന്നിരുന്നത്. ഹെഡ് മാഷ് എന്നും പേടി സ്വപ്നമായിരുന്നു. കയ്യില്‍ സദാ കാണാറുള്ള ചൂരലിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള് അതായിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാല് ചൂരലുകള്‍ ആരെയും നോവിച്ചിട്ടില്ലെന്ന സത്യം വളര്‍ന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളു. കുട്ടികളുടെ കളിപ്പാവകളായിരുന്നു പ്യൂണുമാര്. കൂട്ടം തെറ്റി വന്നവരെ കൂട്ടിലടക്കാനും തിരിച്ച് മലവെള്ളപ്പാച്ചില്‍ പോലെ ഒരാരവത്തോടെ പുറത്തിറക്കാനും കഴിയുന്ന നാഴിക മണിയുടെ കാവലാള്‍. കുരുന്നുകളുടെ കുസൃതികളേറ്റു വാങ്ങുമ്പോഴും കളികള്‍ക്കിടയിലുണ്ടാകുന്ന മുറിവുകളില്‍ സ്നേഹത്തിന്റെ മരുന്ന് പുരട്ടിത്തന്ന് വീടുകളില്‍ കൊണ്ടാക്കിയതും അവര്‍ തന്നെ.
ചങ്ങാതിമാരുടെ കൂട്ടത്തില്‍ ഒരാളിനോടാകും ഇഷ്ടം കൂടുതല്‍. കിട്ടുന്നതില്‍ പാതിയോ മുഴുവന്‍ തന്നെയോ ആളിന്നുള്ളതായിരുന്നു. പെന്സിലും മിഠായിയും ഐസ് പോലും പങ്കിട്ടു കഴിച്ച സൌഹൃദത്തിന്റെ കുളിര്‍മ പിന്നീടിങ്ങോട്ടുള്ള ഒരു സൌഹൃദത്തിലും ലഭിച്ചിട്ടില്ല. ചിലര്‍ക്കത് ആദ്യാനുരാഗത്തിന്റെ  ദിനങ്ങളായിരുന്നു. വാലന്റ്റൈനുകളൊക്കെ വാഴും മുമ്പ് വളപ്പൊട്ടുകളും മയില്പ്പീ‍ലി തുണ്ടുകളും കണ്ണിമാങ്ങയും കൈമാറിയ ഇഷ്ടത്തിനെ അനുരാഗമെന്നു വിളിക്കാമോ.. അറിയില്ല. ബഷീറിന്റെ ‘ബാല്യ കാല സഖി’യിലെ മജീദ് ഉറുമ്പിന്റെ കടി വക വെക്കാതെ മാവില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചത് സുഹറയ്ക്കു വേണ്ടിയായിരുന്നു. താന്‍ വളറ്ന്നു വരാന്‍ പോകുന്ന ലോകത്ത് ശരിക ള് മാത്രമല്ല; അരുതായ്മകളും ശരിയാണെന്നു ശീലിക്കാ പഠിപ്പിച്ചത് കൂട്ടുകാരിലെ കുട്ടിക്കുറുമ്പന്മാരായിരുന്നു. ഡസ്കിനു മുകളില്‍ ബെഞ്ചിട്ടു സീസൊ കളിക്കാന്‍ പഠിപ്പിച്ചതും അവരായിരുന്നു. കുറച്ച് കൂടി മുതിറ്ന്നപ്പോള്‍ കടലാസു ചുരുട്ടി ബീഡിയാക്കി വലിക്കുന്നതിന്റെ ട്രെയിനിങും കിട്ടിയത് അവിടെ നിന്നു തന്നെയായിരുന്നു. അവരില്‍ നിന്നും പഠിച്ചെടുത്ത ചില വാക്കുകള്‍, വിളികള്‍ വീട്ടിലെത്തിയപ്പോള്‍ കിട്ടിയ 'സമ്മാന'ത്തിന്റെ പാടുകള് കാലം കാല്‍ത്തണ്ടയില്‍ നിന്നു മായ്ച്ചെങ്കിലും അതിന്റെ നീറ്റല്‍ ഇന്നും മനസ്സില്‍ അവശേഷിക്കുന്നു.

സുന്ദരമായ സ്വപ്നങ്ങള്‍ക്കിടയിലെ ഞെട്ടിയുണരലുകളാണ് ബാല്യകാല സ്മരണകള്‍ എന്ന് തോന്നാറുണ്ട്. മധുരം മനസ്സില്‍ കിനിയുമ്പോഴും പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയെന്നുള്ള നോവ് അവശേഷിപ്പിക്കുന്ന സ്വപ്നങ്ങള്‍. ഓര്‍ത്തു നോക്കിയിട്ടുണ്ടോ നിങ്ങളോടൊപ്പം അന്നുണ്ടായിരുന്ന കൂട്ടുകാരെ? അതില് ഒന്നോ രണ്ടോ കൂട്ടുകാരായിരിക്കും ഇപ്പോഴും നിങ്ങളുടെ ആത്മ സുഹ്റ്ത്തുക്കള്‍. മനസ്സില്‍ വളപ്പൊട്ടുകള്‍ പോലെ ചിതറിക്കിടക്കുന്ന, ഭംഗിയുള്ള ചില ഓര്മകള്‍ മാത്രം സമ്മാനിച്ച് എങ്ങോട്ടൊക്കെയോ നടന്നു മറഞ്ഞ നമ്മുടെ പഴയ കൂട്ടുകാറ്.. അവര് എന്നെങ്കിലും നമ്മെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ? ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഓര്മകളുടെ മയില്പ്പീലിത്തുണ്ടുകളെ നമുക്ക് നെഞ്ചോട് ചേര്‍ത്തു വെക്കാം..മറവിയുടെ വെളിച്ചം കാണിക്കാതെ..

ലാസ്റ്റ് ബോള്‍: പ്രൈമറി ക്ലാസ്സിന്റെ അവസാനത്തില്‍ എന്റെയൊരു സുഹൃത്ത് തിരക്കിട്ട പണിയിലായിരുന്നു. അവന്റെ പേരിന്റെ ആദ്യാക്ഷരവും പ്രണയിനിയുടെ ആദ്യാക്ഷരവും + ചിഹ്നമുപയോഗിച്ച് ബെഞ്ചില്‍ ഭംഗിയായി കൊത്തി വെക്കുന്ന തിരക്കില്‍.. ആ ബെഞ്ച് ഇപ്പോഴുമുണ്ടോ എന്നറിയില്ല. അവന്റെ ഹൃദയത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ ആ പേരുകാരി ഇപ്പോഴുമുണ്ടാകുമോ?