Pages

Sunday 6 May, 2012

ഏട്ടനെ അവര്ക്ക് കൊല്ലാനേ കഴിയൂ..തോല്പ്പിക്കാനാവില്ല!


പുലരി തേടിയുള്ള യാത്രയില്‍
ഞങ്ങളും വീണു പോയേക്കാം
പക്ഷെ.. കാലത്തിന്റെ ചുമരില്‍ ഞങ്ങള്‍
കര്‍മം കൊണ്ട് കുറിച്ചിടും..
'കൊല്ലാം പക്ഷെ, തോല്‍പ്പിക്കാനാവില്ല'

എന്റെ നാടും സമീപ പ്രദേശങ്ങളും ഒരു വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ടി. പി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ശേഖരേട്ടന്റെ അരുംകൊല പച്ചക്കരളുള്ള എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. കലാപങ്ങളുടെ കനലുറങ്ങാത്ത കണ്ണൂര്‍ എന്ന ദുഷ്പേര്‍ കാലം മായ്ച്ചു തുടങ്ങും മുമ്പ് തലശ്ശേരിയുടെ ചോരയുറഞ്ഞ മണ്ണില്‍ നിന്നും ഏറെയൊന്നും അകലെയല്ലാത്ത ഒഞ്ചിയത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു രക്ത സാക്ഷി കൂടി..! ഒളി മങ്ങാത്ത സമരസ്മരണകള്‍ ഉള്ളിലേറ്റു കിടക്കുന്ന ഒഞ്ചിയത്തിന് അതിന്റെ നായകനെ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ ഒരു വ്യത്യാസം മാത്രം. ഏതൊരു പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണോ ടി. പി. യെന്ന മനുഷ്യസ്നേഹി നിലകൊണ്ടത്, അതേ പ്രത്യയ ശാസ്ത്രത്തിന്റെ കരങ്ങളാല് തന്നെ വെട്ടി നുറുക്കപ്പെട്ടു ഒടുങ്ങേണ്ടി വന്നു ആ ധീര സഖാവിന്.

കാതടപ്പിക്കുന്ന പ്രത്യയ ശാസ്ത്ര ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ മൃദു ഭാഷിയായ ടി. പി. യുടെ പ്രസംഗം പോലെ അദ്ദേഹത്തെയും ജനങ്ങളിഷ്ടപ്പെട്ടത് അവരോടുള്ള അദ്ദേഹത്തിന്‍റെ സമീപനം കൊണ്ട് കൂടിയായിരുന്നു. എല്ലാത്തില്‍ നിന്നും വേറിട്ടൊരു സഖാവ്. അതായിരുന്നു ടി. പി. തിരക്കുകള്‍ക്കിടയിലും മനുഷ്യത്തത്തിനു ടി. പി. വില കല്പിച്ചു. എന്നാല്‍ ആ മനുഷ്യത്തം മരിച്ചു പോയ പാര്‍ട്ടിക്ക് ടി. പി. തലവേദനയായത്‌ സ്വാഭാവികം! പാര്‍ട്ടിയെ രക്ഷിക്കാന്‍ ടി. പി യെ ഇല്ലാതാക്കുന്നതിലൂടെ കഴിയും എന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ തെറ്റി. ചേതനയറ്റ ഭര്‍ത്താവിന്റെ ശരീരത്തിനരികില്‍ നിന്നും അദ്ദേഹത്തിന്റെ സഹധര്മിണി പാര്‍ട്ടിയെ ഓര്‍മിപ്പിച്ചത് പഴയൊരു മുദ്രാവാക്യമാണ്. വിസ്മൃതിയില്‍ മറഞ്ഞു പോയ പഴയ പാര്‍ട്ടി ഓഫീസിന്‍റെ ചുമരുകളില്‍ ചിതലരിക്കാതെ കിടപ്പുണ്ടാകും ഇപ്പോഴുമാ മുദ്രാവാക്യം. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല. ഒരു തലമുറയ്ക്ക് മുഴുവന്‍ വിപ്ലവ വീര്യം പകര്‍ന്ന ചെ യുടെ വിശ്വ പ്രസിദ്ധമായ വാക്കുകള്‍ ശേഖരേട്ടനെ ഇല്ലായ്മ ചെയ്തവരോട് അദ്ദേഹത്തിന്‍റെ വിധവ വിതുമ്പലോടെ ആ വാക്കുകളുച്ചരിക്കേണ്ടി വരുമ്പോള്‍ തോറ്റു പോകുന്നത് പാര്‍ട്ടിയാണ്. ഒരു കാലത്ത് അവര്‍ കൂടി വളര്‍ത്തിയെടുത്ത പാര്‍ട്ടി. കള്ളും കഞ്ചാവും കാറും കൊടുത്ത് ടി. പി യെന്ന നേതാവിനെ വക വരുത്താന്‍ പരോള്‍ പ്രതികളെയും ക്വട്ടേഷന്‍കാരെയും എല്പ്പിച്ചവര്‍ മറന്നതും വിമോചന പോരാട്ടത്തിന്‍റെ രണഭൂമികളില്‍ ജ്വാലയായി മാറിയ ആ വാക്കുകള്‍ തന്നെയായിരുന്നു. അസഹിഷ്ണുതയുടെ കൊടുമുടികളില്‍ എരിപിരി കൊള്ളുന്നവരുടെ പതനം എളുപ്പത്തിലായിരിക്കുമെന്നത് ചരിത്രത്തിന്‍റെ പാഠമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്തതും ആ ചരിത്രത്തെ തന്നെയാണ്.

പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുന്നതിന്റെ മാതൃകകള്‍ റഷ്യയില്‍ നിന്നും തുടങ്ങി ലാറ്റിനമേരിക്കന് രാജ്യങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ്‌ ഇന്ത്യയിലെത്തിയപ്പോള്‍ ബംഗാളിലും ഒടുക്കം അതു തന്നെയാണ് സംഭവിച്ചത്. അതേ അപചയങ്ങള്‍ ഒഞ്ചിയത്തും ഏറാമലയിലും അഴിയൂരിലും എങ്ങിനെയാണുണ്ടാവുന്നതെന്ന് ടി. പി ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇത്രയും കാലം. അതാണ് പാര്‍ട്ടി കോടതി ഈ കിരാതമായ ശിക്ഷ അദ്ദേഹത്തിന് വിധിക്കാന്‍ കാരണമായത്.‌ അങ്ങിനെയാണെങ്കില്‍ ‍ കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന തകര്‍ച്ചയുടെ കമ്മ്യൂണിസ്റ്റ്‌ ചരിത്രം, അതിന്റെ ആവര്‍ത്തനമാണ് ഇവിടെയും പാര്‍ടിക്ക് സംഭവിക്കാനുള്ളതെന്നു മാത്രം ഓര്‍മിപ്പിക്കുന്നു. കുറേ നാളുകള്‍ കഴിയുമ്പോള്‍ പാര്‍ട്ടി മാത്രം കാണും; പിന്നില്‍ അണികളുണ്ടാവില്ല എന്ന വിജയന്‍ മാഷിന്റെ മുന്നറിയിപ്പ് ക്വട്ടേഷന്‍ മുതലാളിമാര്‍ ഓര്‍ക്കുന്നത് നന്ന്. അതു തന്നെയായിരുന്നു ടി. പി തന്റെ പ്രസംഗങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടിരുന്നതും.

പാര്‍ട്ടിയില്‍ നിന്നും ടി. പി അകലാനുണ്ടായ മാര്‍ഗങ്ങളെല്ലാം അദ്ദേഹത്തെ വക വരുത്താനും അവര്‍ ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി. ഒഞ്ചിയത്തിന്റെ മണ്ണ് ഇനിയും ചോരപ്പാടുകള്‍ വീണ് വിറങ്ങലിക്കരുതെന്ന് ആ ജനനായകന്‍ ആശിച്ചിരുന്നു. ഒമ്പതോളം തവണ കൊലപാതക ശ്രമമുണ്ടായിട്ടും 'പാര്‍ട്ടി ധീരരെ' പോലെ ചുവപ്പു കുപ്പായക്കാരുടെ സംരക്ഷണയില്‍ സഞ്ചരിക്കുന്ന ആളായിരുന്നില്ല ടി. പി. അങ്ങിനെയൊന്നുണ്ടായിരുന്നെങ്കില്‍ സഹജീവികളുടെ നന്മയ്ക്ക് വേണ്ടി പുഞ്ചിരി തൂകി വിപ്ലവം നയിക്കുന്ന ആ നായകന്‍ ഇപ്പോഴും ഈ ഭൂമുഖത്ത് ബാക്കിയായേനെ. പക്ഷെ ഒളിത്താവളങ്ങളിലിരുന്നു ക്വട്ടേഷന്‍ കൊടുക്കുന്ന നായകന്മാരില്‍ നിന്നും എത്രയോ അകലെയാണ് ആ മനുഷ്യ സ്നേഹിയുടെ വിപ്ലവമെന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലുള്ളവര്‍ പോലും അംഗീകരിക്കുന്നു. ഒരു കണക്കില്‍, പാര്‍ട്ടി അണികളെ പോലും അമ്പരപ്പിച്ചു കളഞ്ഞു കാടത്തത്തിന്‍റെയീ ഭീകര രൂപം. ജനകീയനായ നായനാരുടെ വിലാപയാത്രയേക്കാളധികം ജനം ടി. പി യുടെ വിലാപയാത്രയ്ക്ക് തടിച്ചു കൂടിയതും അത് കൊണ്ട് തന്നെയാണ്. ജീവിച്ചിരുന്ന ടി. പി യേക്കാള്‍ പാര്‍ട്ടി ഭയപ്പെടേണ്ടത് മരിച്ചു പോയ ടി. പി യെയാണ്. പാര്‍ട്ടിയെക്കുറിച്ച് ടി. പി പറഞ്ഞതൊക്കെയും സത്യമാണെന്ന് തന്റെ രക്തസാക്ഷിത്തത്തിലൂടെ ടി. പി തെളിയിച്ചിരിക്കുന്നു.

ടി. പി യെന്ന നേതാവിനെ കൊല്ലാന്‍ മാത്രമുള്ള എന്ത് യോഗ്യതയാണ് വായാപ്പടച്ചി എന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന റഫീഖിനുള്ളത് എന്ന്‌ ഒരു പക്ഷെ വായാപ്പടച്ചിക്ക് പോലും മനസ്സിലായിട്ടുണ്ടാവില്ല. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായ ഞങ്ങളുടെ അയല്‍ക്കാരന്‍ ചെറുകല്ലായി സുനിയെ കൊടി സുനി എന്ന പാര്‍ട്ടി ഗുണ്ടയാക്കിയത് ആരാണ്? മാഹിയില്‍ ടാക്സി ഓടിച്ചും, വെള്ളമടിച്ചും പിന്നെ ചില്ലറ ചട്ടമ്പിത്തരങ്ങളുമായി നടന്നിരുന്ന വായാപ്പടച്ചി റഫീഖിനെ ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ മാത്രം ധൈര്യ ശാലിയാക്കിയതാരാണെന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടത് പാര്‍ട്ടി തന്നെയാണ്. വായാപ്പടച്ചിയുടെ ‘ധൈര്യം’ എത്രയെന്ന് മാഹിയിലെ അവനെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. തന്നോട് പോന്നവരോട് മാത്രം ചട്ടമ്പിത്തരവുമായി നടന്ന ഒരു സാദാ ടാക്സി ഡ്രൈവറെ കുപ്രസിദ്ധ ക്വട്ടേഷന്‍ ഗുണ്ടയാക്കിയത് പി.സി. ജോര്‍ജ്ജാണെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങള്‍. പണ്ട് കണ്ണൂര്‍ കലാപത്തിന്‍റെ നാളുകളില്‍ പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാവാനും ഒരു ചാവേര്‍പ്പടയുണ്ടായിരുന്നു, പാര്‍ട്ടി ഗ്രാമങ്ങളില്‍. ഇന്നത്തെ യുവാക്കളെ ചാവേറാകാന്‍ കിട്ടില്ലെന്നിടത്താണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്‌. ഏതെങ്കിലുമൊരു കേസില്‍പ്പെടുത്തി ജീവിതകാലം മുഴുവന്‍ പാര്‍ട്ടിഗുണ്ടയാക്കി നിര്‍ത്തുന്ന ‘വിപ്ലവ തന്ത്രം’ പാര്‍ട്ടി പ്രയോഗിച്ചു തുടങ്ങിയത് മുതല്‍ പാര്‍ട്ടിയുടെ അപചയവും സംഭവിച്ചു തുടങ്ങിയിരുന്നു. നാടിനും വീടിനും വേണ്ടാത്തവരല്ലാത്ത ഒരാളെയും ഇന്ന് പാര്‍ട്ടിക്ക് വേണ്ടി രക്ത വിപ്ലവം നടത്താന്‍ കിട്ടില്ലെന്ന് നേതാക്കള്‍ക്ക് തന്നെ ഉത്തമ ബോധ്യമുണ്ട്. ഒരു കോര്‍പ്പറേറ്റ് മുതലാളിയുടെ എല്ലാ ഗുണഗണങ്ങളും ആസ്തിയുമുള്ള പാര്‍ട്ടിയെയാണ് ടി. പി. യെപ്പോലുള്ള നേതാക്കള്‍ ഉപേക്ഷിച്ച് മാറി നിന്നത്. കുട്ടിക്കാലം മുതല്‍ നെഞ്ചേറ്റി വളര്‍ത്തിയ പാര്‍ട്ടി ജനങ്ങളില്‍ നിന്നുംഅതിന്‍റെ മൂല്യങ്ങളില്‍ നിന്നും അകലുന്ന കാഴ്ച വേദനിക്കുന്ന മനസ്സോടെയാണ് ടി.പി യെപ്പോലുള്ള പതിനായിരങ്ങള്‍ ഉള്‍ക്കൊണ്ടത്. കേവല വിഭാഗീയതയ്ക്കപ്പുറം അതിനെക്കാണുവാന്‍ ആചാര്യ വേഷധാരികള്‍ക്കാവുന്നില്ല എങ്കില്‍ ഇനിയും ഒരു പാട് ശേഖരേട്ടന്മാരുടെ ജീവനുകള്‍ അതിനു വിലയായി നല്‍കേണ്ടി വരും. ടി. പി എന്ന യഥാര്‍ത്ഥ രക്തസാക്ഷിയുടെ പോരാട്ടത്തിന്റെ വീറുറ്റ കഥകള്‍ പാര്‍ട്ടി പത്രങ്ങളില്‍ ബഹു വര്‍ണ ചിത്രങ്ങള്‍ സഹിതം അച്ചടിച്ചു വരില്ലായിരിക്കാം. രക്തസാക്ഷി മണ്ഡപവും ദിനാചരണങ്ങളും ജയ്‌ വിളികളും ചിലപ്പോള്‍ ടി. പി യെന്ന സഖാവിനെ മറന്നേക്കാം. പക്ഷെ ഒഞ്ചിയം എന്ന പോരാട്ട നാടിന്റെ ചരിത്രത്തില്‍ നിന്നും ടി. പി യെന്ന പോരാളിയെ ഒഴിച്ചു നിര്ത്താനാവില്ല. ഒഞ്ചിയത്തിന്‍റെ പതിനൊന്നാം അഗ്നി നക്ഷത്രമായി ജനമനസ്സുകളില്‍ ടി. പി. ചന്ദ്രശേഖരന്‍ എന്ന സഖാവ് നിറഞ്ഞു നില്‍ക്കും. കോര്‍പ്പറേറ്റ്‌ മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ലാസ്റ്റ്‌ ബോള്‍: കൊലയാളികളെക്കുറിച്ച് ഞാനെഴുതിയ കാര്യങ്ങള്‍ തികച്ചും സാങ്കല്‍പികം! ജീവിച്ചിരിക്കുന്ന പാര്ട്ടിയുമായോ മരിച്ചു പോയ പ്രവര്‍ത്തകരുമായോ അതിനു യാതൊരു ബന്ധവുമില്ല. (ശ്..ശ്...സഖാവേ, ഒരു സ്വകാര്യം! മരണപ്പെട്ട ടി. പി മാത്രമല്ല; കൊലയാളികള്‍ എന്നാരോപിക്കപ്പെടുന്ന റഫീഖും, സുനിയും കൂടി എന്റെ പരിചയക്കാരായത് കൊണ്ട്, ബ്ലോഗെഴുതിയതിന്റെ പേരില്‍ രക്തസാക്ഷിയാവാന്‍ ഞാനില്ല. അടുത്ത് തന്നെ നാട്ടിലേക്ക് തിരിക്കുന്ന എന്നെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നതിനു പകരം ആ കാശ് എനിക്ക് തന്നെ തന്നാല്‍ ഞാനീ ഏര്‍പ്പാട് നിര്‍ത്തിക്കോളാം. എന്നെ കൊല്ലാന് മാത്രമല്ല തോല്‍പ്പിക്കാനും നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ മുന്‍കൂറായി പ്രഖ്യാപിച്ചും കൊള്ളുന്നു. ലാല്‍ സലാം!)

4 മറുമൊഴികള്‍:

സഖാവ് ടി പി ചന്ദ്ര ശേഖരന് ആദരാഞ്ജലികള്‍...,...

മനുഷ്യ മനസ്സിനെ ചോദ്യം ചെയ്തു പോയ ഈ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ എതവനായാലും, അവന്‍ ഒരിക്കല്‍ നിയമത്തിനു മുന്നില്‍ വന്നു നിന്ന് തല താഴ്ത്തി നിക്കും. ആ ദിവസത്തിനായി ഈ ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുന്നു.

ഇവിടെ കൊല ചെയ്യപ്പെട്ടത് സഖാവും ഗാന്ധിയനും ഭാരതീയനുമല്ല, ഒരു മനുഷ്യനാണ്. നഷ്ടപെട്ടത് കണ്ണീരൊഴുക്കുന്ന ഒരു പാര്‍ട്ടിക്കാര്‍ക്കുമല്ല, അദ്ദേഹത്തിന്‍റെ കുടുംബത്തിന് മാത്രം.

ഈ മൃഗീയ അക്രമ രാഷ്ട്രീയം നമുക്ക് ബഹിഷ്ക്കരിച്ചു കൂടെ... ഈ തിരഞ്ഞെടുപ്പ് പ്രഹസനം വേണോ ? വേണമെങ്കില്‍ ആര്‍ക്കു വേണ്ടി ? എന്തിനീ രാഷ്ട്രീയ മുതലെടുപ്പുകല്‍ക്കായി ഒരു തിരഞ്ഞെടുപ്പ്? ബഹിഷ്ക്കാന്‍ തയ്യാറുള്ള വിവേചന ബുദ്ധിയുള്ള നട്ടെല്ലുള്ള ജനങ്ങളെ നിങ്ങള്‍ ഉണരിന്‍...,... ആട്ടി പായിക്കിന്‍ ഈ രാഷ്ട്രീയ പിശാചിനെ. ഉണര്‍ത്തിന്‍ ഒരു നവ ചേതനയെ....

ഇനിയും വീണ്ടും ഒരിക്കല്‍ കൂടി രക്ത സാക്ഷി മണ്ഡപം പണിയാന്‍ ഈ ഭൂമിയില്‍ ഇടമില്ലാതാകട്ടെ...

ഞാന്‍ ഒരു സഖാവല്ല, ഒരു മനുഷ്യന്‍..,. ഈ മൃഗീയത കണ്ടു കരഞ്ഞു പോയ വെറും ഒരു മനുഷ്യന്‍ മാത്രം..

നമ്മുടെ രാജ്യത്ത് ഇത്തരം കുറ്റവാളികള്‍ തല കുനിച്ചു നില്‍ക്കില്ല എന്നത്
സത്യമായേക്കാം..പക്ഷെ ഇവനെയൊക്കെ കാത്തു കൊണ്ട് ഒരു നീതി ന്യായ വ്യവസ്ഥ
ഇവിടെ എവിടെയോ ഉണ്ട്.. ഒരിക്കല്‍ അവന്‍ ആ നിയമത്തിനു മുന്നിലൂടെ
മുട്ടിലിഴയും... അത് കണ്ടു കൊണ്ടിരിക്കാന്‍ കണ്ണീരു വാര്‍ക്കുന്ന കണ്ണുകള്‍
കൊണ്ടാവില്ല. ചോര വാര്‍ക്കുന്ന കണ്ണുകള്‍ക്ക്‌ മാത്രമേ സാധിക്കൂ.. ആ ചോര കുറെ
അമ്മമാരുടെ ശാപമാണ്..അതിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരുത്തനും ആകില്ല.

സത്യം ...മൂടി വക്കാന്‍ പറ്റാത്ത സത്യം..അതെന്നായാലും പുറത്തു വരും..

ക്ഷോഭം മുഴുവന്‍ വിരലുകളില്‍ ആവാഹിച്ചുവല്ലേ, നന്നായി.

ലേഖനമെല്ലാം നന്നായി, സിപി എമ്മിന്‌ ഈ കൊലപാതകത്തില്‍ പങ്കുണ്‌ടോ? സാഹചര്യത്തെളിവുകള്‍ അവര്‍ക്കെതിരെയാണെങ്കിലും ഇതിന്‌ പിന്നില്‍ വേറെ ചില കറുത്ത കരങ്ങളുണ്‌ടാകാം... ശ്രമിച്ചാല്‍ കണ്‌ടുപിടിക്കാന്‍ കഴിയും...

ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........