Pages

Monday 4 June, 2012

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്‍...

School (shamsiswanam.com)മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ.. കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ജൂണ്‍ മാസത്തിലായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്. അന്നും മഴ തിമിര്‍ത്തു പെയ്തിരുന്നു. ക്ലാസ്സിലിരുത്തി തിരിഞ്ഞു നടക്കുന്ന ഉറ്റവരെ നോക്കി കരയുന്ന കുട്ടികളുടെ കരച്ചില്‍ ക്ലാസ് മുറിക്കുള്ളിലും മഴയുടെ പ്രതീതിയുണര്‍ത്തി.. അതു കൊണ്ടു തന്നെ ജൂണിന്റെ ഓര്മകള്‍ കണ്ണീരു വീണ് നനഞ്ഞതുമായിരുന്നു. ആദ്യ ദിവസങ്ങളിലെ ഉല്ക്കണ്ഠ പതിയെ കൌതുകങ്ങള്‍ക്ക് വഴി മാറിയതും പുതിയ കൂട്ടുകാരുമൊത്തുള്ള സ്കൂള്‍ ദിനങ്ങള്‍ ഒരാവേശമായി മാറിയതും പെട്ടെന്നായിരുന്നു. അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചതും അവിടെ നിന്നായിരുന്നു.



കുഞ്ഞു ബെഞ്ചുകളില് ഇരിക്കുമ്പോള് അടുത്തിരിക്കുന്ന ആളോട് ആദ്യം ചെറു പുഞ്ചിരി. പിന്നീടെപ്പൊഴോ ചങ്ങാത്തം. പേരും വീടുമൊക്കെ ചോദിച്ചുള്ള ഔപചാരികതകളിലൂടെയൊന്നുമല്ല ചങ്ങാത്തം തുടങ്ങിയത്. പരസ്പരം ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു സൌഹൃദത്തില്‍ . ഇന്റര്വെല്ലിനോ മറ്റോ ആളുടെ അഭാവത്തില് പുസ്തകസഞ്ചിയും സ്ലേറ്റും സൂക്ഷിക്കേണ്ട ഭാരിച്ച ചുമതല! കൂട്ടത്തില്‍ എന്നും പ്രാധാന്യം സ്ലേറ്റിനായിരുന്നു. മുള്ളാണിയും തകരക്കഷണവും ചേറ്ത്ത് ഘടിപ്പിച്ച മരക്കൂടിനകത്ത് കറുത്ത നെഞ്ചു കാട്ടി എഴുതാന് ശീലിപ്പിച്ചവന്. അമ്മയും തറയും പനയും ഒരു പാട് രൂപ ഭാവങ്ങളില് അതിലൂടെ നിറഞ്ഞാടി. കണക്കിലെ അക്കങ്ങള്‍ പാടത്തിന്റെ ഓരത്ത് കൂടെ പോകുന്ന റെയില് വേ ബോഗികള് പോലെ നീണ്ട് വളഞ്ഞു കിടന്നു. ആദ്യമെഴുതുമ്പോള് കുഞ്ഞു കൈകള്‍ക്ക് മീതെ ടീച്ചറുടെയോ ചേച്ചിയുടെയോ കൈകളും കൂടെ വന്നു; വഴി കാട്ടിയായി. ജീവിതത്തിന്റെ അക്ഷരങ്ങളെ നേര്‍ രേഖയില്‍ കൊണ്ടു പോകണമെന്ന ഓര്‍മ്മപ്പെടുത്തലോടെ..

സ്ലേറ്റുകള് വീടിനുള്ളിലെ 'കറുപ്പ്' കൂടി പറഞ്ഞു തന്നിരുന്നു. ഗള്‍ഫുകാരന്റെ മക്കളുടെ സ്ലേറ്റുകള് താഴെ വീണാല് പൊട്ടുന്നവയായിരുന്നില്ല. അതിന്റെ വശങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെ എണ്ണത്തില്‍ പല വര്‍ണങ്ങളില്‍ മുത്തു മണികള്കോര്‍ത്തിട്ടുണ്ടാകും. ചിലരുടെ സ്ലേറ്റുകള് പൊട്ടിപ്പോ യാലും വര്‍ഷാന്ത്യം വരെ അങ്ങിനെ തന്നെ കിടക്കുമായിരുന്നു. ചട്ടയും വശങ്ങളും പൊളിഞ്ഞു പോയ സ്ലേറ്റില് വരികള് മുഴുമിക്കാന് പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന്‍ വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള് കൂട്ടിമുട്ടിക്കാന് പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം കാണാനുള്ള പക്വത അന്നില്ലായിരുന്നു. സ്ലേറ്റുകളില്‍ എഴുതുന്നതിനേക്കാള്‍ ആവേശമായിരുന്നു അതിലുണ്ടായിരുന്നത് മായ്ച്ചു കളയാന്. തൊടിയിലെ മഷിപ്പച്ചയും പിന്നെ പേരറിഞ്ഞു കൂടാത്ത വേറെയും ചെടികള്‍ അതിന്നുള്ളതായിരുന്നു. മാലിന്യമില്ലാത്ത മനസ്സിന്റെ മായാജാലമെന്നോണം ഉമിനീര് കൂട്ടി തുടക്കുന്നവരും വിരളമായിരുന്നില്ല. പിരീഡവസാനം ജനലഴികള്‍ക്കിടയിലൂടെ പെയ്യുന്ന ഇറയത്തേക്കു സ്ലേറ്റ് നീട്ടിപ്പിടിച്ച് പാഠങ്ങള് മഴവെള്ളത്തോടൊപ്പം ഒഴുക്കിക്കളഞ്ഞവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. എഴുതാനുപയോഗിച്ച പെന്സിലുകളും വിവിധ തരക്കാരായിരുന്നു. കല്ലു പെന്സില് കൊണ്ടെഴുതിയ അക്ഷരങ്ങള് സ്ലേറ്റിനു മീതെ മുറിപ്പാടുകളുണ്ടാക്കി. മഷിപ്പച്ചകള്ക്കും പിടി കൊടുക്കാതെ അവ കുറെ കാലം അങ്ങിനെ തന്നെ കിടന്നു. കൂട്ടത്തില് കേമനും താരമൂല്യവും മദ്രാസ് പെന്സിലെന്നും ചോക്ക് പെന്സിലെന്നും വിളിപ്പേരുകളുള്ള വെളുത്തു നീണ്ട ചതുരക്കഷണങ്ങള്ക്കാ‍യിരുന്നു. മഷിപ്പച്ച വീട്ടിലെ തൊടിയിലില്ലാത്തവര്‍ ഒരു മദ്രാസ് പെന്സിലിനു അഞ്ചു മഷിപ്പച്ചകള് എന്ന ബാര്‍ട്ടര്‍ പാഠം ആദ്യമേ പഠിച്ചു വെച്ചു.

കാലം ഡി.പി..പി യുടെയും സി.ബി.എസ്.സിയുടെയും പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതിനും മുമ്പ് കേരളപാഠാവലിയായിരുന്നു ഒരു തലമുറയുടെ ആദ്യാക്ഷരങ്ങള്‍ പേറിയിരുന്നത്. നീലാകാശം പീലികള്‍ വിരിച്ചതും കൂ കൂ തീവണ്ടി കൂകിപ്പാഞ്ഞതും അതിലൂടെയായിരുന്നു. ആദ്യമായി കിട്ടിയ കേരള പാഠാവലിയില്‍ നിന്നുള്ള ഗന്ധമായിരുന്നു ആ ദിനങ്ങളിലെ ക്ലാസ് മുറിക്കും ഉണ്ടായിരുന്നത്. അദ്ധ്യാപകരില് ക്ലാസ് ടീച്ചറിനോടാവും ഇഷ്ടം കൂടുതല്. പൂമ്പാറ്റയെക്കുറിച്ച് പറഞ്ഞപ്പോള്‍ കൈകള് വിടര്‍ത്തി ചിറകുകളടിച്ചും ബക്കറ്റ് വെള്ളത്തിലെ കണ്ണാടിയിലൂടെ മഴവില്ലു കാണിച്ചു തന്നും ടീച്ചറ് പാഠങ്ങള്‍ മനസിന്റെ ആഴങ്ങളില്‍ കൊത്തി വെച്ചു; കാലങ്ങളോളം ഒരേ വേഷം പകര്‍ന്നാടിയ ടീച്ചറുടെ മുഖത്ത് മടുപ്പേതുമില്ലായിരുന്നു. ഓമനപ്പേരുകള്‍ക്കും കുട്ടിത്തങ്ങള്‍ക്കും താല്‍ക്കാലിക വിരാമം നല്‍കി താനൊരു വ്യക്തിയാണെന്ന അഭിമാന ബോധവും നല്‍കിയത് ക്ലാസ് ടീച്ചര്‍ തന്നെയായിരുന്നു. ഇനീഷ്യല്‍ ചേര്‍ത്ത് ഹാജര്‍ വിളിക്കുമ്പോള്‍ 'പ്രസന്റ് സാര്‍' എന്ന തലയുയര്‍ത്തിപ്പിടിച്ചുള്ള മറുപടി ആ സന്തോഷമൊക്കെയും നിറച്ചു വെച്ചതായിരുന്നു. ചെയ്തിരുന്ന ശരികള്‍ക്ക് അമ്മയോളം സ്നേഹമുള്ള ഒരു തലോടല്‍.. അല്ലെന്കില്‍ മിടുക്കന്‍ എന്ന ഒരു വിളി. അപ്പോള്‍ ലോകം കീഴടക്കിയവന്റെ സന്തോഷം മുഖത്ത് വിടരും. പിന്നെ ഏറ്റവും ഇഷ്ടമുള്ളയാളിനെ ഒളി കണ്ണിട്ടൊരു നോട്ടം. അയാള് എന്നെ കാണുന്നുണ്ടോ എന്ന അന്വേഷണം. വികൃതികള്‍ക്ക് പക്ഷെ സ്നേഹം കൂട്ടിത്തിരുമ്മിയ ഒരു നുള്ളല്‍..ഒരു കണ്ണുരുട്ടല്‍.. അതു മതിയായിരുന്നു. അത് കൊണ്ടു തന്നെ പരാതിപ്പെട്ടികള്‍ ക്ലാസ് ടീച്ചറ്ക്കു മുന്നിലായിരുന്നു തുറന്നിരുന്നത്. ഹെഡ് മാഷ് എന്നും പേടി സ്വപ്നമായിരുന്നു. കയ്യില്‍ സദാ കാണാറുള്ള ചൂരലിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള് അതായിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാല് ചൂരലുകള്‍ ആരെയും നോവിച്ചിട്ടില്ലെന്ന സത്യം വളര്‍ന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളു. കുട്ടികളുടെ കളിപ്പാവകളായിരുന്നു പ്യൂണുമാര്. കൂട്ടം തെറ്റി വന്നവരെ കൂട്ടിലടക്കാനും തിരിച്ച് മലവെള്ളപ്പാച്ചില്‍ പോലെ ഒരാരവത്തോടെ പുറത്തിറക്കാനും കഴിയുന്ന നാഴിക മണിയുടെ കാവലാള്‍. കുരുന്നുകളുടെ കുസൃതികളേറ്റു വാങ്ങുമ്പോഴും കളികള്‍ക്കിടയിലുണ്ടാകുന്ന മുറിവുകളില്‍ സ്നേഹത്തിന്റെ മരുന്ന് പുരട്ടിത്തന്ന് വീടുകളില്‍ കൊണ്ടാക്കിയതും അവര്‍ തന്നെ.

ചങ്ങാതിമാരുടെ കൂട്ടത്തില്‍ ഒരാളിനോടാകും ഇഷ്ടം കൂടുതല്‍. കിട്ടുന്നതില്‍ പാതിയോ മുഴുവന്‍ തന്നെയോ ആളിന്നുള്ളതായിരുന്നു. പെന്സിലും മിഠായിയും പങ്കു വെച്ച നാളുകള്‍. ഐസ്മിഠായി പോലും പങ്കിട്ടു കഴിച്ച സൌഹൃദത്തിന്റെ കുളിര്‍മ പിന്നീടിങ്ങോട്ടുള്ള ഒരു സൌഹൃദത്തിലും ലഭിച്ചിട്ടില്ല. ചിലര്‍ക്കത് ആദ്യാനുരാഗത്തിന്റെ ദിനങ്ങളായിരുന്നു. വാലന്റ്റൈനുകളൊക്കെ വാഴും മുമ്പ് വളപ്പൊട്ടുകളും മയില്പ്പീ‍ലി തുണ്ടുകളും കണ്ണിമാങ്ങയും കൈമാറിയ ഇഷ്ടത്തിനെ അനുരാഗമെന്നു വിളിക്കാമോ.. അറിയില്ല. ബഷീറിന്റെ ‘ബാല്യ കാല സഖി’യിലെ മജീദ് ഉറുമ്പിന്റെ കടി വക വെക്കാതെ മാവില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചത് സുഹറയ്ക്കു വേണ്ടിയായിരുന്നു. താന്‍ വളറ്ന്നു വരാന്‍ പോകുന്ന ലോകത്ത് ശരികള് മാത്രമല്ല; കുരുത്തക്കേടുകളും ശരിയാണെന്നു ശീലിക്കാന്‍ പഠിപ്പിച്ചത് കൂട്ടുകാരിലെ കുട്ടിക്കുറുമ്പന്മാരായിരുന്നു. ഡസ്കിനു മുകളില്‍ ബെഞ്ചിട്ടു സീസൊ കളിക്കാന്‍ പഠിപ്പിച്ചതും അവരായിരുന്നു. കുറച്ച് കൂടി മുതിറ്ന്നപ്പോള്‍ കടലാസു ചുരുട്ടി ബീഡിയാക്കി വലിക്കുന്നതിന്റെ ട്രെയിനിങും അവിടെ നിന്നു തന്നെയായിരുന്നു. അവരില്‍ നിന്നും പഠിച്ചെടുത്ത ചില വാക്കുകള്‍, പ്രയോഗങ്ങള്‍ വീട്ടിലേക്കു കൊണ്ടു വന്നപ്പോള്‍ കിട്ടിയ 'സമ്മാന'ത്തിന്റെ പാടുകള് കാലം കാല്‍ത്തണ്ടയില്‍ നിന്നു മായ്ച്ചെങ്കിലും നീറ്റല്‍ ഇന്നും മനസ്സില്‍ അവശേഷിക്കുന്നു. ഓരോര്മ്മപ്പെടുത്തലായി..
സുന്ദരമായ സ്വപ്നങ്ങള്‍ക്കിടയിലെ ഞെട്ടിയുണരലുകളാണ് ബാല്യകാല സ്മരണകള്‍ എന്ന് തോന്നാറുണ്ട്. മധുരം മനസ്സില്‍ കിനിയുമ്പോഴും പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയെന്നുള്ള നോവ് അവശേഷിപ്പിക്കുന്ന സ്വപ്നങ്ങള്‍. ഓര്‍ത്തു നോക്കിയിട്ടുണ്ടോ നിങ്ങളോടൊപ്പം അന്നുണ്ടായിരുന്ന കൂട്ടുകാരെ? അതില് ഒന്നോ രണ്ടോ കൂട്ടുകാരായിരിക്കും ഇപ്പോഴും നിങ്ങളുടെ ആത്മ സുഹൃത്തുക്കള്‍. മനസ്സില്‍ വളപ്പൊട്ടുകള്‍ പോലെ ചിതറിക്കിടക്കുന്ന, ഭംഗിയുള്ള ചില ഓര്മകള്‍ മാത്രം സമ്മാനിച്ച് എങ്ങോട്ടൊക്കെയോ നടന്നു മറഞ്ഞ നമ്മുടെ പഴയ കൂട്ടുകാറ്.. അവര് എന്നെങ്കിലും നമ്മെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ? ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഓര്മകളുടെ മയില്പ്പീലിത്തുണ്ടുകളെ നമുക്ക് നെഞ്ചോട് ചേര്‍ത്തു വെക്കാം..മറവിയുടെ വെളിച്ചം കാണിക്കാതെ..

ലാസ്റ്റ് ബോള്‍: പ്രൈമറി ക്ലാസ്സിന്റെ അവസാനത്തില്എന്റെയൊരു കൂട്ടുകാരന്‍  തിരക്കിട്ട പണിയിലായിരുന്നു. അവന്റെ പേരിന്റെ ആദ്യാക്ഷരവും പ്രണയിനിയുടെ ആദ്യാക്ഷരവും + ചിഹ്നമുപയോഗിച്ച് ബെഞ്ചില്ഭംഗിയായി കൊത്തി വെക്കുന്ന തിരക്കില്‍.. ബെഞ്ച് ഇപ്പോഴുമുണ്ടോ എന്നറിയില്ല. അവന്റെ ഹൃദയത്തിന്റെ ഏതെങ്കിലുമൊരു മൂലയില് പേരുകാരി ഇപ്പോഴുമുണ്ടാകുമോ?