Pages

Wednesday, 11 April, 2012

108 കോടി വിഡ്ഢികളേ..നാണം തോന്നുന്നില്ലേ നിങ്ങള്ക്ക്?

വെളുപ്പാന്‍ കാലത്ത് പത്രം നിവര്‍ത്തി ഗ്രഹരാശി നോക്കി, ഇന്നത്തെ ദിവസം നന്നല്ലെന്നു വിധിയുമെഴുതി ക്ലബ്ബില്‍ പോയി കാരംസ് കളിക്കുന്ന ഗൃഹനാഥനെ നാട്ടു ഭാഷയില്‍ മാന്യമായി പറയാന്‍ കൊള്ളാവുന്ന പേര് പോയത്തക്കാരന് എന്നാണ്. ഏറെക്കുറെ ഇതേ മനോഭാവം വെച്ചു പുലര്‍ത്തുന്ന ബഹു കോടി ഇന്ത്യക്കാരുടെ മുഖത്ത് നോക്കി വിഡ്ഢികളേ എന്ന് വിളിക്കാന്‍ അസാമാന്യ ചങ്കൂറ്റമുള്ളവര്‍ക്ക് മാത്രമേ കഴിയൂ. മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കഡ്ജുവാണ് ആ ചങ്കൂറ്റക്കാരന്‍. 90% ഇന്ത്യാക്കാരും വിഡ്ഢികളാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സജീവമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടെങ്കില്‍ എന്നാശിച്ചു പോകുന്നു. 120 കോടി ജനങ്ങളില്‍ ഒരു മാര്‍ക്കണ്ഡേയ കഡ്ജു മാത്രമേ ഉണ്ടായുള്ളൂ എന്നതില്‍ നാം ലജ്ജിക്കുക!

അപ്രിയ സത്യങ്ങള്‍ പറയരുതെന്ന ഹിപ്പോക്രസിയില്ലാതെ കണ്മുന്നിലെ സത്യമാണ് കഡ്ജു പറഞ്ഞു വെച്ചത്. പക്ഷെ മാധ്യമങ്ങള്‍ പ്രതി സ്ഥാനത്ത് വരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പ്രൈം ടൈം ടോപിക്കുകളാവാന്‍ പോലും വഴിയില്ല. 120 കോടി ജനങ്ങളില്‍ 108 കോടിയും വിഡ്ഢികളാണെന്ന അതിശയോക്തികളിന്മേലാണ് മാധ്യമ ചര്ച്ചകളുടെ പള്സ് കിടക്കുന്നത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ് ഥാപ്പറിനു നല്‍കിയ ഒരഭിമുഖത്തില് ജസ്റ്റിസ് കഡ്ജു മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിച്ചത് 'ഏറ്റവും താഴ്ന്ന ബൗദ്ധിക നിലവാരമുള്ളവര്‍' എന്നാണ്. ആത്മവിമര്ശനത്തിന്റെ മൂര്‍ച്ചയുള്ള പാഠങ്ങള് പഠിപ്പിച്ചു തരുന്ന ജസ്റ്റിസ് കഡ്ജു അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നു. എന്റെ രാജ്യത്തിന്റെ തളര്‍ച്ചയില്‍ എനിക്കെങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയും. മറ്റുള്ളവരെ പോലെ ഞാനും ഒരന്ധനും ബധിരനുമല്ലല്ലോ?

ബഹുകോടി ഇന്ത്യാക്കാര്‍ വിഡ്ഢിരാക്ഷസന്മാരാണെന്നതിനുള്ള ന്യായീകരണവും അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്‌. അതു വായിക്കുമ്പോള്‍ ഇത് ചൈനാക്കാരെക്കുറിച്ചായിരിക്കും പറഞ്ഞതെന്നാണ് നമുക്ക് തോന്നുന്നതെങ്കില്‍ നമ്മളെത്തന്നെയൊന്നു  സര്‍വീസ് ചെയ്യാന്‍ സമയമായിരിക്കുന്നു.

എന്ത് കൊണ്ട് വിഡ്ഢികള്‍?
1.    90% ആളുകളും വോട്ടു ചെയ്യുന്നത് ജാതി-മത പരിഗണനകള്‍ വെച്ച് കൊണ്ടാണ്. താഴ്ന്ന ജാതിക്കാരിയെന്ന പരിഗണനയില്ലായിരുന്നുവെങ്കില്‍ ചമ്പല്‍കൊള്ളക്കാരിയും കൊലപാതകിയുമായ ഫൂലന്‍ ദേവി പാര്‍ലമെന്റിന്റിന്റെ പടി കടക്കില്ലായിരുന്നു.

2.    90% ഇന്ത്യാക്കാരും അന്ധവിശ്വാസത്തിലധിഷ്ടിതമായ ജ്യോതിഷത്തില് വിശ്വസിക്കുന്നവരാണ്. ദൂരെയെങ്ങോ കിടക്കുന്ന ഗ്രഹങ്ങള്‍ക്ക് നമ്മുടെ ജീവിതത്തെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാവാന്‍ സാമാന്യ ബുദ്ധി മാത്രം മതി. എന്നിട്ടും നമ്മുടെ മീഡിയകളിലെ ഏറ്റവും TRP റേറ്റിംഗ് കൂടിയ പരിപാടി ജ്യോതിഷ ഗ്രഹഫലങ്ങളാണ്.

3.    നമ്മുടെ രാജ്യത്തെ 80% ആളുകളും സാമൂഹ്യ-സാമ്പത്തിക (പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, വിലക്കയറ്റം, മികച്ച ആരോഗ്യ പരിരക്ഷണം) പരാധീനതകള്‍ മൂലം പൊറുതിമുട്ടി നില്‍ക്കുമ്പോള്‍, ക്രിക്കറ്റിനെ മതമായും ലഹരിയായും അവതരിപ്പിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെ വലയില്‍ ജനങ്ങള്‍ അകപ്പെട്ടു പോകുന്നത് ബുദ്ധിയുടെ ലക്ഷണമാണോ?

4.    15 വര്ഷത്തെ കണക്കെടുത്താല്ശരാശരി 47 കര്ഷക ആത്മഹത്യയെങ്കിലും ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ദേവാനന്ദ് എന്ന നടന്റെ മരണം പേജുകള്‍ നിറഞ്ഞു നില്‍ക്കുന്ന മാധ്യമാഘോഷങ്ങള്‍ക്ക് വഴി വെക്കേണ്ട ഒന്നായിരുന്നില്ല. ഏതെങ്കിലും കുന്നിന്‍മുകളില്‍ ദേവാനന്ദ് തന്റെ കാമുകിയോടൊപ്പം പ്രണയസല്ലാപം നടത്തുന്നുണ്ടായിരിക്കാമെന്ന് പട്ടിണിപ്പാവങ്ങള്‍ക്ക് തോന്നലുകള്‍ ഉണ്ടാക്കാനേ ദേവാനന്ദിന്റെ സിനിമകള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളൂ.

5.    ഈയടുത്ത് അണ്ണാ ഹസാരെ സംഘം ഡല്‍ഹിയില്‍ സമരം നടത്തിയപ്പോള്‍ അതാണ്‌ അഴിമതി ഇല്ലാതാക്കാനുള്ള ഏക പോംവഴി എന്ന് വിളിച്ചു പറഞ്ഞ നമ്മുടെ മാധ്യമങ്ങള്‍, ഷേക്സ്പിയര്‍ മാക്‌ബത്തില്‍ പറഞ്ഞത് പോലെ വിഡ്ഢി പറഞ്ഞ കഥയിലെ കേവലം ഒച്ചപ്പാടുകള്‍ മാത്രമുണ്ടാക്കുന്ന, യഥാര്‍ത്ഥത്തില്‍ ഒന്നും ചെയ്യാനാവാത്ത കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിക്കുകയായിരുന്നു.

ഒരു തരത്തിലുള്ള സങ്കീര്‍ണതകള്‍ക്കും ഇടം നല്‍കാതെ വളരെ കൃത്യമായി ജസ്റ്റിസ് കഡ്ജു പറഞ്ഞു വെക്കുന്ന കാര്യങ്ങളില്‍ സാമാന്യ ഇന്ത്യാക്കാരനെ ഒഴിവാക്കാന്‍ പറ്റുന്ന ഒരു പോയിന്‍റ് പോലുമില്ലെന്ന് വരുന്നത് നമ്മുടെയൊക്കെ അധപ്പതനത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. കൊട്ടി ഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ആത്മാവിനെ തേടുന്ന ഇന്നിന്റെ മാധ്യമങ്ങള്‍ അതിലൂടെ തമസ്കരിക്കാന്‍ ശ്രമിക്കുന്നത് ഗാന്ധിജിയും നെഹ്രുവും വിഭാവനം ചെയ്തു പടുത്തുയര്‍ത്തിക്കൊണ്ടു വന്ന മഹത്തായ ഒരു പൈതൃക ഭൂമിയുടെ ചരിത്രത്തെ തന്നെയാണ്. ജാതീയവും മതപരവുമായ ഉച്ചനീചത്വങ്ങള്‍ വിപാടനം ചെയ്യാതെ ഒരേ ഒരിന്ത്യ ഒരൊറ്റ ജനതയെന്ന തന്റെ സ്വപ്നം സാക്ഷാല്‍കരിക്കപ്പെടുകയില്ലെന്ന് നിരന്തരം നമ്മെ തെര്യപ്പെടുത്തി കടന്നു പോയ വന്ദ്യ വയോധികനുണ്ടായിരുന്നു. ആ മഹാത്മാവ് ജനിച്ച മണ്ണ് പോലും വര്‍ഗീയതയുടെ സംഹാര താണ്ഡവമാടിയ കാഴ്ചകള്‍ നമ്മുടെ കണ്ണില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. വര്‍ഗീയക്കോമരങ്ങളുടെ തോളില്‍ കയ്യിട്ടു അധികാരമെന്ന അന്ത്യാഭിലാഷത്തിനു വേണ്ടിയുള്ള സമരപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കും ചാര്‍ത്തിക്കിട്ടിയ നാമം ഗാന്ധിയന്‍ എന്ന് തന്നെയാണ്. പ്രിയ മഹാത്മാവേ ക്ഷമിക്കുക! അങ്ങയുടെ ഭാരതം ഇന്ന് മതഭ്രാന്തന്മാരുടെ, അരമനക്കള്ളന്മാരുടെ, അമ്മയ്ക്ക് അച്ചാരമിടുന്നവരുടെ പറുദീസയാണ്.

സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞില്‍ പോലും സെന്‍സേഷനലിസത്തിന്റെ മഞ്ഞ കണ്ടെത്തുന്ന മാധ്യമ പിതാക്കന്മാര്‍ നാലാം സ്തംഭത്തില്‍ നിന്നും ധാര്‍മികതയുടെ കുരിശുപലകയിലെ നാലാമത്തെ ആണിയായി മാറുന്ന കാഴ്ച അത്യന്തം ദയനീയമാണ്. ഇന്ന് യുദ്ധങ്ങള്‍ പിറവിയെടുക്കുന്നത് രണഭൂമികളിലല്ല. ന്യൂസ് റൂമുകളുടെ സുഖമുള്ള ശീതളാ ന്തരീക്ഷത്തിലാണ്. ഇരയുടെ ഭീതിദമായ കണ്ണുകളില്‍ ലൈവ് ടെലികാസ്റ്റിന്‍റെ ഉന്മാദ ലഹരി കണ്ടെത്തുന്ന, വേട്ടക്കാരായ യജമാനന്മാരുടെ കാവല്‍ പട്ടികളാകുന്നതില്‍ തെല്ലും മനസ്സങ്കോജമില്ലാത്ത മാധ്യമത്തലമുറ ന്യൂസുകള്‍ ബ്രെയ്ക്ക് ചെയ്യുന്ന തിരക്കിലാണ്. പട്ടിണിക്കാരന്റെ വിശപ്പിന്‍റെ വിളിയേക്കാള്‍ അവരുടെ കര്‍ണപുടങ്ങളെ പുളകം കൊള്ളിക്കുന്നത് അരമനത്തമ്പുരാട്ടിമാരുടെ അന്തിപ്പേറിന്റെ കോലാഹലങ്ങളാണ്. വാര്‍ത്തകള്‍ സൃഷ്ടിച്ചും വളച്ചൊടിച്ചും വടിച്ചു കളഞ്ഞും റേറ്റിംഗ് കൂട്ടുന്നവര്‍ ക്രിമിനലുകളുടെ ഒരാള്‍ക്കൂട്ടത്തെയാണ് അതു വഴി സൃഷ്ടിച്ചു വിടുന്നതെന്ന് വിസ്മരിക്കുന്നിടത്ത് ഫോര്‍ത്ത്‌ എസ്റ്റേറ്റിന്‍റെ അന്ത്യം സംഭവിക്കുന്നു.


അന്ധവിശ്വാസങ്ങള്‍ അലംകൃതമാവുന്നിടത്ത് സാമാന്യ ബുദ്ധി അനാവശ്യമാണ്. നാം വിടുന്ന റോക്കറ്റുകളില്‍ പോലും ഏലസ്സുകളുടെയും മന്ത്രച്ചരടുകളുടെയും സാന്നിധ്യമുണ്ടെന്നു വരുന്നത് ഏതു ശാസ്ത്രാവബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാം പറഞ്ഞയക്കുന്ന ബഹിരാകാശ വാഹനങ്ങള്‍ക്ക് പോലും ‘ഗ്രഹപ്പിഴ’ പിടിപെടുമെന്ന് പറയുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ പ്രാകൃത  നൂറ്റാണ്ടിന്റെ താളപ്പിഴകളിലാണ് തങ്ങളിപ്പോഴും നിലകൊള്ളുന്നതെന്ന് എന്നാണു മനസ്സിലാക്കുക? എന്നിട്ടും ഇന്ത്യ തിളങ്ങുന്നു എന്ന് ഒരുളുപ്പുമില്ലാതെ ഉരുവിടുന്ന രാഷ്ട്രീയ നപുംസകങ്ങളുടെ നാട്യ വിവരണങ്ങളും, മന്മോഹന്‍ സിങ്ങിന്റെ സി വിയും ഇന്‍ഫോസിസ്‌ ചെയര്‍മാന്റെ ഗുണ ഗണങ്ങളും ഇന്റെല്‍ ചിപ്പ്‌ കണ്ടുപിടുത്തക്കാരന്റെ അത്യല്ഭുതങ്ങളും വിവരിക്കുന്ന മെയിലുകള്‍ ഫോര്‍വേഡ്‌ ചെയ്തു നമുക്ക് നീണ്ടു നിവര്‍ന്നു പറയാം. അയാം പ്രൌഡ് ടു ബി ഏന്‍ ഇന്ത്യന്‍.. മേരാ ഭാരത്‌ മഹാന്‍ എന്ന്!

നിങ്ങള്‍ പറയൂ..:

3 മറുമൊഴികള്‍:

കലക്കി മച്ചൂ...പക്ഷെ ഒരു സംശയം ഈ മാര്ക്കന് കട്ജു ആരാ? അങ്ങേരു പറഞ്ഞാ അതില്‍ അപ്പീലില്ലേ? കേരളം ഒരു ഭ്രാന്താലയമാണെന്നു വിവേകാനന്ദ സ്വാമി പണ്ടേ പറഞ്ഞതല്ലേ? ഈ കട്ജു അതൊന്ന് നീട്ടിപ്പരത്തി ഇന്ത്യാക്കാര്‍ എന്ന് പറഞ്ഞു.

ആറാമത്തെ കാരണം:
ഫെയിസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളിലും ബ്ലോഗിലും ചുമ്മാ സമയം കളയുന്നവരാണ്‌ ഇന്ത്യന്‍സ്!

(കണ്ണൂരാന്‍ കട്ജു)

ഒരു കാരണം കൂടി, ആറായിട്ടോ എഴായിട്ടോ കൂട്ടിക്കോ. ജനങ്ങള്‍ ജാതീയമായി വോട്ട് ചെയ്യുന്നു എന്നതിന് ഒരു ദളിത് ഉദാഹരണം തന്നെ പെട്ടെന്ന് മനസ്സില്‍ വരുന്നത് . അതും സവര്‍ണ മാടമ്പികളെ ചെറുക്കാന്‍ ധീരത കാട്ടിയ ഒരു ദളിത് സ്ത്രീ. പര്‍ലിമേന്റാകെ സവര്‍ണ ഗുണ്ട നേതാക്കളുണ്ടായാലും ദളിതനെ തെരയുന്ന മേല്‍ജാതി മേല്‍ക്കോയ്മ അറിയാതെയാണെങ്കിലും കൊണ്ട് നടക്കുന്നതല്ലേ, ഇന്ത്യക്കാരുടെ വിഡ്ഢിത്തങ്ങളില്‍ ആദ്യം പറയേണ്ടിയിരുന്നത് .