Pages

Sunday 8 April, 2012

പാര്‍ട്ടി മാനെജ്മെന്റ് കമ്പനിയും ഞമ്മള്‍ടെ കമ്മീഷനുകളും

 

ലോകം വിഡ്ഢിദിനം ആചരിക്കുന്ന ഏപ്രില്‍ മാസത്തില്‍ തന്നെ സി. പി. എമ്മിന്റെ പാര്‍ട്ടി കോണ്ഗ്രസ് സംഘടിപ്പിച്ചത് യാദൃശ്ചികമാവാന്‍ തരമില്ല. സാധാരണ ഗതിയില്‍ ഒരു പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ഇഫക്റ്റ് മൂന്നു വര്ഷം വരെ നീണ്ടു നില്‍ക്കുന്നതാണ്. അത് കഴിഞ്ഞാല്‍ പിന്നെയും റീ ചാര്‍ജ് ചെയ്തു ഇഫക്റ്റ് നിലനിറുത്തുന്ന രീതിയാണ് സി. പി. എമ്മുകാര്‍ പൊതുവേ ഉപയോഗിച്ച് വരാറുള്ളത്. പത്തൊന്‍പതാം പാര്‍ട്ടി കൊണ്ഗ്രസ്സില്‍ കോയമ്പത്തൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോഴിക്കോടും പാര്‍ട്ടിക്കു പൊടി തട്ടി വായിക്കാനുള്ളത്. മൊത്തത്തില്‍ ഒരു പാര്‍ട്ടി കോണ്ഗ്രസ് നടത്താന്‍ ആകെ വേണ്ടി വരുന്നത് നല്ലൊരു ഫോട്ടോസ്റ്റാറ്റ് മെഷീനും തിയ്യതി തിരുത്തിയെഴുതാന്‍ വേണ്ട പേനയും മാത്രമാണ്. അതിനീ ഇവന്റ് മാനെജ്മെന്റ് കമ്പനികളെ ഏല്‍പ്പിച്ചത് എന്തിനാണെന്ന് മാത്രം മനസ്സിലായിട്ടില്ല.

പാര്‍ട്ടി അണികള്‍ക്ക് മതവിശ്വാസമാവാം എന്ന പാര്‍ട്ടി കോടതിയുടെ (സുപ്രീം കോടതിയൊക്കെ അതിനു താഴെയേ വരൂ) ഉത്തരവ് വന്നതില്‍ പിന്നെ യേശു, മുഹമ്മദ്‌ എന്നൊക്കെ പറയുന്നത് പാര്‍ട്ടി ആചാര്യന്മാര്‍ക്ക് തുല്യമായ വ്യക്തിത്വങ്ങളാണ്. ദാസ്‌ ക്യാപിറ്റലിന്റെയും മറ്റു 'കടുകട്ടി കിത്താബു'കളുടെയും അച്ചടി തല്‍ക്കാലം നിര്‍ത്തി വെച്ച് 'യേശു മഹാനായ വിപ്ലവകാരി', 'മുഹമ്മദ്‌ യഥാര്‍ത്ഥ സഖാവ്' എന്നീ പുസ്തകങ്ങള്‍ രചിക്കാന്‍ 'ബുജി'കളെ ഏര്‍പ്പാട് ചെയ്തിട്ടുമുണ്ട്. കമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും അംഗീകരിച്ചത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വൈകിയുദിച്ച ബുദ്ധിയാണ് ന്യൂന പക്ഷ മനസ്സുകളിലേക്കുള്ള ഈ ഹോട്ട് ലൈന്‍ ഷോര്‍ട്ട് കട്ട്‌!

തോല്‍‌വിയില്‍ നിന്നും തോല്‍വിയിലേക്ക് നയിക്കുക എന്നത് ഒരു ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ചേടത്തോളം ചില്ലറ കാര്യമല്ല. രാഹുല്‍ ഗാന്ധിയെപ്പോലെ അങ്ങേയറ്റം വെവരവും ഒടുക്കത്തെ ബുദ്ധിയുമുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണത്. കൊണ്ഗ്രസ്സു പാര്‍ട്ടിയില്‍ അത്തരക്കാര്‍ ഏറെയാണ്‌. എന്നാല്‍ രാഹുലിനെയൊക്കെ അസൂയപ്പെടുത്തുന്ന ജനുസ്സാണ് സി. പി. എമ്മിലെ നമ്മുടെ കര്‍ത്താവായ പ്രകാശ് ക്രിസ്തു. പാര്‍ട്ടിയുടെ ദോഷം കൊണ്ടോ ജനങ്ങളുടെ ഭാഗ്യം കൊണ്ടോ എന്നറിയില്ല കാരാട്ട് ആ കസേരയിലിരുന്നതില്‍ പിന്നെ തോല്‍വികളാണേറെയും വന്നിട്ടുള്ളത്. അതിനും വേണം ഒരു യോഗം. ജനങ്ങള്‍ തോല്‍പ്പിക്കുന്നത് പോരാഞ്ഞിട്ട് പാര്‍ട്ടിയെ സ്വന്തം നിലയില്‍ തോല്‍പ്പിക്കുന്ന വിദ്യകളും അദ്ദേഹത്തിനു നന്നായിട്ടറിയാം. കോണ്ഗ്രസ്സിനെ ഒന്ന് തോല്‍പ്പിക്കാമെന്ന് കരുതിയാണ് ആണവം മണക്കുന്നുവെന്നു പറഞ്ഞു ആരോടും പറയാതെ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോന്നത്. അപ്പോഴും പാര്‍ട്ടിയാണ് തോറ്റതെന്ന് മനസ്സിലാകാത്ത ഏക സി. പി. എം സെക്രട്ടറിയാണദ്ദേഹം. ഈ തോല്‍വികള്ക്കെല്ലാം ഉത്തരവാദിയായ കാരാട്ടിനെ വംഗ നാട്ടിലെ പുലികള്‍ പ്രതിനിധി സമ്മേളനത്തില്‍ ക്രൂശിലേറ്റി എന്ന് പറയുന്നത് സിണ്ടിക്കേറ്റുകാരായത് കൊണ്ട് നമുക്കത് അവിശ്വസിക്കാം. സിണ്ടിക്കേറ്റുകാര്‍ പറയുന്നതെല്ലാം അവിശ്വസിക്കണമെന്നാണല്ലോ ബഹു. കര്‍ദിനാള്‍ മാര്‍ പിണറായി വിജയന്‍ അരുള്‍ ചെയ്തിരിക്കുന്നത്. എന്നാലും ജയരാജന്‍ സഖാവ് വെറും കാരാട്ടിനെ ക്രിസ്തുവാക്കി മാമോദീസ മുക്കിയത് ഈ കുരിശിലേറ്റല് മുന്‍കൂട്ടി കണ്ടത് കൊണ്ടാണോ? ഏയ്..അതിനുള്ള ഉണ്ടയൊന്നും ജയരാജന്‍ സഖാവിന്റെ തലയ്ക്കകത്തില്ല.

വിദേശ മോഡലുകള്‍ വിട്ട് ഇന്ത്യന്‍ മോഡല്‍ കമ്മ്യൂണിസമാണത്രേ ഇനി ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ലതായത് 34 വര്‍ഷത്തോളം ബംഗാളില്‍ ലാറ്റിനമേരിക്കനും ചൈനാ മോഡലും മാറി മാറി പരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനി പരീക്ഷണത്തിന്റെ പരിപ്പുമായി ബംഗാളിലെ അടുപ്പിലേക്ക് ചെന്നാല്‍ അന്നാട്ടുകാര്‍ അരിവാളെടുത്തു വീശും. അത് കൊണ്ട് പ്രിയപ്പെട്ട കേരളീയരെ, ഒരു 34 കൊല്ലം ഇന്ത്യന്‍ മോഡല്‍ കമ്മ്യൂണിസം  പരീക്ഷിക്കാന്‍ നിങ്ങളവരെ അനുവദിക്കണം. പ്ലീസ്! വിജയിച്ചില്ലെങ്കില്‍ നമുക്ക് മറ്റു മോഡലുകളെക്കുറിച്ച് ചിന്തിക്കാമല്ലോ? കൊല്ലങ്ങള്‍ 34 ഇനിയുമെത്ര കിടക്കുന്നു?

രംഗനാഥ് മിശ്ര, സച്ചാര്‍, നരേന്ദ്രന്‍ തുടങ്ങി‌ എണ്ണമറ്റ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കെട്ടിക്കിടക്കുന്നത് കണ്ടു സഹിക്കാന്‍ മേലാത്ത ഒരേയൊരു കൂട്ടരാണ് സി. പി. എമ്മുകാര്‍. ലീഗുകാര്‍ക്കും കൊണ്ഗ്രസ്സുകാര്‍ക്കും അടുത്തൂണ്‍ പറ്റി നില്‍ക്കുന്ന ഏതെങ്കിലും ജഡ്ജിയെ പിടിച്ചു കമ്മീഷനാക്കുന്ന പണിയേ അറിയുകയുള്ളൂ. അയാളെഴുതിക്കൂട്ടുന്ന റിപ്പോര്‍ട്ടുകള്‍ കാണേണ്ട കാര്യം തന്നെ അവര്‍ക്കില്ല. എന്നിട്ടല്ലേ നടപ്പിലാക്കല്‍. എന്നാല്‍ സി. പി. എമ്മുകാര്‍ അങ്ങിനെയല്ല. അവര്‍ റിപ്പോര്‍ട്ട് വായിച്ചു പഠിച്ചു മനസ്സിലാക്കാന്‍ ഒരു കൂട്ടരെ (ഇവന്റ് മാനേജ്മെന്റ് എന്നും പറയും) ഏര്‍പ്പാട് ചെയ്യും. അത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ വേറൊരു കൂട്ടരെയും ഒരുക്കി വെക്കും. പക്ഷെ ഇതൊക്കെ നടക്കണമെങ്കില്‍ പാര്‍ട്ടി പ്രതിപക്ഷത്തായിരിക്കണമെന്ന് മാത്രം.! അപ്പോഴല്ലേ ആവശ്യപ്പെടാന്‍ പറ്റൂ. എന്തും ആവശ്യപ്പെടാന്‍ മാത്രമേ അവര്‍ക്കറിയൂ നടപ്പിലാക്കാനറിയില്ല. അറിയണമെന്ന നിര്‍ബന്ധവുമില്ല. നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ എന്ന് പറയുന്നത് തന്നെ. ഇനി നടപ്പാക്കാന്‍ കഴിഞ്ഞാലും ലീഗതിനു മുതിരില്ല. സമുദായം നല്ല നിലയിലായാല്‍ പിന്നെ എന്ത് പറഞ്ഞാണവര് മലപ്പുറത്ത് വോട്ടു ചോദിക്കുക. ‍ ഇരിക്കും കൊമ്പു മുറിക്കാന്‍ ലീഗുകാരുടെ തലയില്‍ ഓളമിറങ്ങണം. അല്ലെങ്കിലും അര്‍ഹമായ അഞ്ചാം മന്ത്രി നേരാം വണ്ണം ചോദിച്ചു വാങ്ങാനറിയാത്ത കുഞ്ഞാപ്പയും കൂട്ടരുമാണോ കര-നാവിക സേനാ ഉദ്യോഗങ്ങളക്കമുള്ള കാക്കത്തൊള്ളായിരമിടങ്ങളില്‍ ന്യൂന പക്ഷ ഉദ്യോഗസ്ഥന്മാരെ കുത്തിയിരുത്താന്‍ പോകുന്നത്. ഒന്ന് പോടാപ്പാ..! അതിനിവിടെ സാമുദായിക സന്തുലനം എന്ന വാക്കും അച്ചു സാറും എക്സ്പെയറി ആവണം. വെറുതെ ട്രാജഡി പറഞ്ഞു ചിരിപ്പിക്കരുത്. അടുത്തുള്ള പ്രൈമറി സ്കൂളില്‍ അടുപ്പക്കാരനെ അറബിക് മുന്ഷിയാക്കുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍ എന്ന് മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കള്‍. അത് കൊണ്ട് കാറിനു മുന്നില്‍ കൊടിയുള്ള കാലത്തോളം കമാന്ന് രണ്ടക്ഷരം അവര്‍ അതിനെക്കുറിച്ച് മിണ്ടില്ല. അടുത്ത എല്‍. ഡി. എഫ് ഭരണം വരട്ടെ. കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് തന്നെ ഞങ്ങള്‍ പറയിപ്പിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന്. അതും പറഞ്ഞു സെക്രട്ടറിയേറ്റ് മാര്ച്ച് നടത്തി മുദ്രാവാക്യം വിളിപ്പിച്ചു ലീഗ് കുഞ്ഞുങ്ങള്‍ക്ക്‌ കേരളാ പോലീസിന്റെ അടിയും വാങ്ങിച്ചു കൊടുക്കും. അതോണ്ട് ലീഗിന്റെ സമുദായ സ്നേഹത്തിനു മാത്രം നിങ്ങള്‍ വിലയിടരുത്.

ലാസ്റ്റ് ബോള്‍: പാണക്കാട് തങ്ങള്‍ പറഞ്ഞ വാക്കിന്റെ വിലയാണ് അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കടുംപിടുത്തമെന്നു ലീഗ് അണികള്‍.

തങ്ങള്‍ പറയാക്കുറവു കൊണ്ടാണോ 2006 ല്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ഓട്ടുമുക്കാലിനു വകയില്ലാത്തവരാക്കിയത് . പാവം തങ്ങന്മാരെക്കൊണ്ട് ഇങ്ങിനെയൊന്നും പറയരുത് കേട്ടോ!

0 മറുമൊഴികള്‍: