Pages

Saturday, 22 October, 2011

പടച്ചോന്റെ ഭൂമിയില്‍ വെല്‍ഫെയര്‍ ഭരണം


വേണ്ടതൊന്നും നാം വേണ്ട പോലെ കാണാറില്ല. പെരുത്ത് ആളുകളുള്ള ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ അതിലും പെരുത്ത് അംഗങ്ങളുള്ള 'വെല്‍ഫെയര്‍ പാര്‍ട്ടിയുടെ' സംസ്ഥാന പ്രഖ്യാപനം കഴിഞ്ഞ ദിവസം  കോഴിക്കോട് വെച്ച് നടന്നതൊന്നും നമ്മുടെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കുമൊന്നും വലിയ വാര്‍ത്തയല്ല പോലും. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ആ പഹയന്മാരും ഇപ്പോ 'മൂല്യം' നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ശുംഭന്‍ ഫെയിം ജയരാജന്‍ സഖാവ് പിള്ളപ്പോലീസിനെതിരെ ജിഹാദ് പ്രഖ്യാപനം (കണ്ടേടത്ത് വെച്ച് തല്ലുക!) നടത്തിയതാണ് എല്ലാവര്ക്കും വെണ്ടയ്ക്ക. ഖല്‍ബിന്റെ ഉള്ളിലും തൊലിപ്പുറത്തും 'മൂല്യം' ആവോളമുള്ള സംഘടനയുടെ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരു മൂല്യവുമില്ലെന്നു വരുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ തകരാറല്ലാതെ മറ്റെന്താണ്? ഈ വ്യവസ്ഥിതി മാറ്റത്തിനാണ് പുലയനെയും പള്ളീലച്ചനെയുമൊക്കെ കൂട്ടിച്ചേര്‍ത്തു വെച്ച് പാര്‍ട്ടി തട്ടിക്കൂട്ടിയത്‌.

പടച്ചോന്റെ ഭൂമിയില്‍ പടച്ചോന്റെ ഭരണം എന്നാണ് സായിപ്പിനോടേറ്റു മുട്ടുന്ന കാലം മുതല്‍ സാഹിബ് പഠിപ്പിച്ചതും കുട്ടികള്‍ കേട്ടതും. അത് കൊണ്ട് തന്നെ സായിപ്പാകുന്ന വിഗ്രഹത്തെ എടുത്തു മാറ്റി ജനാധിപത്യമാകുന്ന മറ്റൊരു വിഗ്രഹത്തെ സ്ഥാപിക്കുന്ന മെനക്കേട് പണിക്കൊന്നും അവറ്റകളെ കിട്ടിയതുമില്ല. ഫലത്തില്‍ ഗാന്ധിജിയും കൂട്ടരും പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളില്ലാതെ നന്നേ കഷ്ടപ്പെട്ടു. ആകെക്കൂടി ഇവരെക്കൊണ്ട് നേരാം വണ്ണം ചെയ്യാനറിയുന്നത് അതു മാത്രമാണല്ലോ? നാലാളേ  ഉള്ളൂവെങ്കിലും നാല്പത് പോസ്റ്റര്‍ ഒട്ടിച്ചു നാട്ടുകാരെ അറിയിക്കാനുള്ള മിടുക്ക് സുന്നികളും മുജാഹിദുകളും എന്തിനു സി. പി. എമ്മുകാര്‍ പോലും കണ്ടു പഠിക്കണം. അതെന്താണെപ്പാ നിങ്ങളിങ്ങനെ വകതിരിവില്ലാതെ സംസാരിക്കുന്നത്? പ്ലാച്ചിമടയും പരിസ്ഥിതിയും എന്‍ഡോസള്‍ഫാനുമൊന്നും സംഘടന ഏറ്റെടുത്ത്‌ വിജയിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലാന്നാണോ? പണ്ട് എന്‍ഡോസള്‍ഫാനെക്കാളും വലിയ ദുരിതങ്ങള്‍ ഈ നാട്ടുകാര്‍ക്ക് വിതച്ച് ഇവിടുത്തെ മണ്ണടക്കം വെളുത്ത കള്ളന്മാര്‍ കട്ടു കൊണ്ട് പോകുന്നത് കൈലിയും മടക്കിക്കുത്തി കക്ഷത്തില്‍ ഖുതുബാത്തും തിരുകി നോക്കി നിന്നവരുടെ പേരക്കുട്ടികളാണിന്ന് ഇമ്മിണി ബല്യ ബാനറുമായി ഇക്കണ്ട സമരത്തിനൊക്കെ ഇറങ്ങിത്തിരിച്ചത് എന്ന് കാണുമ്പോള്‍ സത്യം പറയാലോ കോരിത്തരിച്ചു പോയി. (വായിച്ചിട്ട് നിങ്ങളും കോരിത്തരിക്കുന്നുണ്ടാകും)

എനിക്കിനിയും മനസ്സിലാകാത്ത ഒരു കാര്യം എന്തിനാണീ പാര്‍ട്ടി നിലവില്‍ വന്നത് എന്നാണ്? (എന്റെ വിവരക്കേട് കൊണ്ടായിരിക്കും ഇത്തരം കൊനിശ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നത്). പല പല പേരുകളില്‍ കൊടികളില്‍ ഒരു പാട് പാര്‍ട്ടികള്‍ ഇവിടെയുള്ളപ്പോള്‍ ഇലാഹീ രാഷ്ട്രീയക്കാര്‍ക്ക് ‘ഈ വീട്ടിലെന്തു’ കാര്യം?  മാറ്റത്തിനൊരു വോട്ട് എന്നും പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയപ്പോള്‍ ജനങ്ങളവരെ മാറ്റി വെച്ച് വോട്ട് ചെയ്തതാണ് നമ്മള്‍ കണ്ടത്‌. അങ്ങനെ കണ്ടറിഞ്ഞ കൂട്ടരാണിപ്പോ പാര്‍ട്ടി പ്രഖ്യാപനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് കാണുമ്പോ സഹതാപം കൊണ്ട് ജയരാജന്‍ സഖാവ് പറഞ്ഞത് പോലെ കണ്ടേടത്ത് വെച്ച് തല്ലാന്‍ തോന്നിപ്പോകുന്നു. കൊണ്ടേ പോകൂ എന്നു വന്നാല്‍..? ഏതായാലും വരാനുള്ളത് വെല്‍ഫെയര്‍ ആയി വരും എന്ന് കരുതി സമാധാനിക്കാം.

ഹിറാ സെന്ററിലെ മൂല്യ മാപിനീ യന്ത്രത്തിന്റെ ഹിക്മത്ത് ഖൌമിനും ഖൌമാല്ലാത്തവര്‍ക്കും (മനുഷ്യ ജന്തുക്കള്‍ക്കും മറ്റു ജന്തുക്കള്‍ക്കുമെന്നു സാരം) ഇന്നേ വരെ മനസ്സിലായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ചില ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വരെ ആ യന്ത്രം മൂല്യം പ്രവചിച്ചു കളഞ്ഞു പോല്‍! ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായി മാറ്റാന്‍ കഴിയുമെന്ന് യന്ത്രത്തിനു തോന്നിയോ ആവോ? അങ്ങിനെയാണെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കൂ എന്ന് വല്ലാഹി.. സുമ്മ വല്ലാഹിനാഴികയ്ക്ക് നാല്പതു വട്ടം ചൊല്ലി ഊശാന്‍ താടിയും തടവി നടന്നൊരു കാലമുണ്ടായിരുന്നു. തുപ്പലിറക്കിയാല്‍ നോമ്പ് മുറിയുമോ ഉസ്താദേ എന്ന് ചോദിച്ച കുട്ടിയോട് പോലും ഇസ്ലാമിന്റെ സമഗ്രതയും ഹുക്കൂമത്തെ ഇലാഹിയും ഉത്തരം കൊടുത്തിരുന്ന ഒരു പഴയ കാലം. കള്ളുകുടിയും പലിശയും പരസ്ത്രീ ഗമനവും വോട്ടു ചെയ്യലും ഒക്കെ ഹറാമായിരുന്നു അന്ന്. ഇന്നതില്‍ പലതും ഹരം ആണെന്ന വ്യത്യാസം മാത്രം. ഈ മാറ്റത്തിനാണ് (ഹറാമായിരുന്നതിനെ ഹരമാക്കിയ) വോട്ട് ചോദിച്ചത്. വോട്ടെണ്ണി വന്നപ്പോ എണ്ണം തീര്‍ന്നു അടക്ക ബാക്കി എന്ന് പറഞ്ഞത്‌ പോലെ കൂട്ടാനെടുത്തു വെച്ച വിരലുകള്‍ ബാക്കി. പോത്തിന്‍ കുട്ടിക്ക് കാടി വെള്ളം കൊടുത്തത്‌ പോലെയാണ് വോട്ടിന്റെ കാര്യത്തില്‍ ജമാഅത്ത്‌ നിലപാട്. ആദ്യം കാടി കൊടുത്തവനെ കുത്താന്‍ വരും. പിന്നെപ്പിന്നെ കാടി ഇഷ്ടമാകും. അവസാനം കൊടുത്തില്ലെങ്കില്‍ കുത്തും എന്ന സ്ഥിതിയാകും. തുടക്കവും ഒടുക്കവും കുത്ത് തന്നെയാണ് ജമാഅത്ത്‌ ജനങ്ങള്‍ക്ക്‌ കൊടുക്കുക എന്ന് സാരം.

ഭരണ സംസ്ഥാപനത്തിനായുള്ള യത്നത്തില്‍ ബറേല്‍വികളെയും ഖവാരിജുകളെയും ഒക്കെ കൂടെ കൂട്ടാമെന്ന് മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ കാലത്തത് ബി. ജെ. പി. ക്കാരും പാതിരിയും പുലയനും അരയനുമൊക്കെ ആവാമെന്ന വ്യാഖ്യാനം സാഹിബ് പൊറുക്കുമെന്നു തന്നെ കരുതാം. എന്നിരുന്നാലും മതേതര ജനാധിപത്യത്തിനു വക്കാലത്തോതുന്ന പാര്‍ട്ടി സമ്പ്രദായത്തെ മൌദൂദി പൊറുത്താലും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ അനേകായിരം മഷിത്തുള്ളികള്‍ക്കത് പൊറുക്കാനാവില്ല. വോട്ട്‌ ചെയ്യാതെ മരണപ്പെട്ടു പോയ നൂറു കണക്കിനു ജമാഅത്ത്‌ സഹോദരങ്ങളെപ്പോലെ.. ഐ പി എച്ച് പുസ്തക ശാലയില്‍ പൊടി പിടിച്ചു കിടക്കുന്ന പുസ്തകങ്ങളിലെ അക്ഷരക്കൂട്ടങ്ങള്‍ ഉള്ളൂറി ചിരിക്കുന്നുണ്ടാവാം; തങ്ങളുള്ളില്‍ പേറുന്നതിന്റെ സമകാലിക ഭാഷ്യങ്ങളോര്‍ത്ത്. ജമാഅത്ത് സാഹിത്യങ്ങള്‍ വായിച്ചു വശം കെട്ട സാധാരണക്കാരന്‍ ചോദിച്ചു പോവുകയാണ്. വൈരുദ്ധ്യങ്ങളുടെ ഈ വ്യവസ്ഥിതിക്ക് എന്ന് മാറ്റം വരും?

ലാസ്റ്റ്‌ ബോള്‍: ലീഗ് എ. പി സുന്നികളുമായി അടുക്കുന്നു.

“ചക്രവാളത്തോടടുക്കുന്തോറും കരയിലേക്കുള്ള ദൂരം കൂടി വരും.”
(ആര്‍ക്കു മനസ്സിലായില്ലെങ്കിലും ഇപ്പറഞ്ഞത് ജമാഅത്തുകാര്‍ക്ക് തിരിയും. തിരിയേണ്ടത് ഇ.കെ സുന്നികള്‍ക്കാണ്. അവര്‍ക്കത് മറ്റന്നാളെ തിരിയൂ. അപ്പോഴേക്കും പൂരവും കഴിഞ്ഞു ചന്തയും പറിച്ചു ആളുകള്‍  പോയിട്ടുണ്ടാകും.)

നിങ്ങള്‍ പറയൂ..:

6 മറുമൊഴികള്‍:

Janab Abdulla sahibinte prasangam kelkkunnath pole manoharam thankalude ezhuth.Rookshamaaya parihaasam kurikku kolunnavayaanu.JIH nte kalariyil ninnaanu itharam srishtikal varaarullathu.

വീക്ഷിക്കുന്നു.

jama athe islamiyude kalariyil ninnano malayaalam padichathu.avarkku manassilaakum ennu idakku ezhiyathu kandu.

അബ്ദുല്ലഹ് സാഹിബിന്റെ പ്രസംഗം കേള്‍ക്കുന്ന ഒരു സുഖം.. വിമര്‍ശകനെങ്കിലും jamaathine നന്നായി വായിച്ചിട്ടുണ്ട് ..രൂക്ഷമായ പരിഹാസം കുറിക്കു കൊള്ളുന്നവയാണ് ..

@BIG B and @SEEDIAN.. thanks for your comments. Seeking further support and prayers..thnx -shamzi