Pages

Tuesday 13 December, 2011

കണ്ണീരുപ്പ് നെയ്തെടുക്കുന്നവര്‍..

കുട്ടിക്കാലത്ത് ഓണാവധിക്കും മറ്റും ഇത്താത്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. കൃത്യമായ താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന 'ടക്..ടക്' ശബ്ദം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം. പിന്നെപ്പിന്നെയാണ് ബാല്യത്തിന്റെ കൌതുകങ്ങളിലൊന്നായ തറി യന്ത്രത്തെയും അതിനു പിന്നിലിരിക്കുന്ന ചാത്തുവേട്ടനെയും പരിചയപ്പെടുന്നത്. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുഭലക്ഷ്മി സുപ്രഭാതം കേള്‍ക്കുന്നതോടെ തുടങ്ങുകയായി , പരസ്പരം ആ; തറിയുടെയും ആകാശവാണിയുടെയും. രാത്രി പതിനൊന്നു മണിയോടെ നിശ്ചലമാകുന്ന ആകാശവാണിക്കൊപ്പം ചാത്തുവേട്ടന്റെ തറിയും നിശ്ചലമാകുന്നു.  നന്നെ കാലത്ത് തുടങ്ങി രാവേറുവോളം നീളുന്ന ചാത്തുവേട്ടന്റെ ജീവിതം പക്ഷെ അദ്ദേഹം നെയ്തെടുക്കുന്ന തുണികള്‍ പോലെ വര്‍ണാഭമായിരുന്നില്ല. അത്ര യൊക്കെ ചെയ്താലേ അഷ്ടിക്കു തികയൂ എന്ന് നാണിയമ്മ പറയുമ്പോള്‍ അതിനുള്ളില്‍ വിതുമ്പിക്കിടക്കുന്ന ഇല്ലായ്മകള്‍ കുരുന്നിളം പ്രായത്തിലെ ബുദ്ധിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
 ചാത്തുവേട്ടന്റെ ദിവസം.
 ശ്വാസമാകാന്‍ മാത്രം വിധിക്കപ്പെട്ട രണ്ടു ജന്മങ്ങള്‍! ഭക്ഷണത്തിന്റെയും വൈകുന്നേരത്തെ അങ്ങാടിയിലേക്കുള്ള ചാത്തുവേട്ടന്റെ സവാരിയുടെയും ഇടവേളകളിലുമല്ലാതെ ആ നാട്ടിന്പുറവീടിന്റെ നിശബ്ദതയെ
 ഭേദിച്ചത് രണ്ടേ രണ്ടു ശബ്ദങ്ങള്‍ മാത്രമായിരുന്നു
 പിന്നീട് തറിയുടെ താളങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന കൈകാലുകളും നൂലിഴകളുടെ നേര്‍രേഖ കാക്കുന്ന കണ്ണുകളുമായി ചാത്തുവേട്ടനും. ഞങ്ങള്‍ കുട്ടികളെ വലിയ ഇഷ്ടമായിരുന്നു ചാത്തുവേട്ടന്. തറി യന്ത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അകത്ത് നാണിയമ്മയ്ക്ക് കൊടുക്കുന്ന നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. തേങ്ങാക്കൊത്തും കപ്പ പൊള്ളിച്ചതും കൊണ്ട് തരുന്ന നാണിയമ്മയായിരുന്നു ഞങ്ങളുടെ കൂട്ട്. കാവി മെഴുകിയ നിലത്തിരുന്നു കപ്പ പൊളിച്ചു തരുമ്പോള്‍ നാണിയമ്മ മനസ്സ് തുറക്കും. വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന അവരുടെ ഏക സന്താനമായിരുന്നു രാജീവ് എന്ന രാജു. കുട്ടിക്കാലത്തെങ്ങോ നാടു വിട്ടു പോയ അവന്‍ ‍മടങ്ങി വരുന്നതും കാത്തിരുന്ന

നാട്ടിന്‍പുറത്തിന്റെ നന്മയായ ചാത്തുവേട്ടനെയും നാണിയമ്മയെയും ഇപ്പോഴോര്‍മിക്കാന്‍ കാരണം ഒരു തര്‍ക്കമാണ്. തല്ലോളമെത്തി ചീറ്റിപ്പോയ ഒരു തര്‍ക്കം. വേദി സ്ഥിരമായി ഇത്തരം പരിപാടികള്‍ നടന്നു വരാറുള്ള ലോക്സഭയും. ഒരു കണക്കിന് മാനം മര്യാദക്ക് തെറി പറയാനും ദേഷ്യമുള്ളവന്റെ നെടുകം പുറത്ത് കസേര കൊണ്ടെറിയാനും പിന്നെയും മുറുമുറുപ്പുള്ളവര്‍ക്ക് ഉടുമുണ്ട് പൊക്കിക്കാണിക്കാനും ഒരു തടയും പേടിയും വേണ്ടാത്ത സ്ഥലങ്ങള്ക്കാണല്ലോ നമ്മള്‍ ലോക്സഭ, നിയമ സഭ എന്നൊക്കെ പറയുന്നത്. പക്ഷെ ഇത്തവണ നായകനും വില്ലനും ഒരേ ജാതിയില്‍പ്പെട്ടവരായതാണ് ഈ 'ഫൈറ്റി'നെ എക്സ്ക്ലുസീവാക്കുന്നത്. ജാതി എന്ന് പറയുമ്പോള്‍ കോണ്ഗ്രസ് ജാതി. കാലപ്പഴക്കം കൊണ്ട് കൊണ്ഗ്രസ്സിനെ ഇപ്പോള്‍ ജാതിയിലാണ് പെടുത്തിയിരിക്കുന്നത്. തൊഴുത്തില്‍ കുത്തും തമ്മില്‍ തല്ലലുമടക്കം ഒരു ജാതിയാവാന്‍ വേണ്ട യോഗ്യതകളൊക്കെ തല്‍ക്കാലം കൊണ്ഗ്രസ്സിനുണ്ട്. ഭാവിയില്‍ അവശ വിഭാഗങ്ങള്‍ക്കുള്ള പെന്ഷന് പരിഗണിക്കുമ്പോള്‍ ഈ ജാതിപരിണാമം കൊണ്ഗ്രസ്സിനു ഉപകാരപ്പെടും. നമ്മുടെ ലോക്സഭാ സീനില്‍ ഒരു മസാലപ്പടത്തിനു വേണ്ട ചേരുവകളെല്ലാമുണ്ട്. നിര്‍ദോഷിയും, നിര്മലനും, പുകവലി മദ്യപാനം പോലുള്ള അസ്കിതകള്‍ ഒന്നുമില്ലാത്തവനും, വായില്‍ ഐസ് മിഠായി ഇട്ടാല്‍ പോലും കടിക്കാത്തവനുമായ പാവങ്ങളുടെ നേതാവ് എന്ന നമ്മുടെ നായക സങ്കല്പത്തിന് ഏതാണ്ടൊക്കെ അടുത്ത് വരുന്നതാണ് പി. സി. ചാക്കോയുടെ പ്രൊഫൈല്‍. സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ സായിപ്പന്മാരെയും കൂട്ട് പിടിച്ചു നടക്കുന്ന ആനന്ദ് ശര്‍മയെന്ന വില്ലന്‍ കഥാപാത്രവും മോശക്കാരനല്ല.

വിഷയം നമ്മുടെ ചാത്തുവേട്ടന്റെ, അല്ല അത് പോലുള്ള ലക്ഷക്കണക്കില്‍ ആളുകളുടെ ജീവിതത്തിനു വേണ്ടിയാണ് പി. സി. ചാക്കോ ശബ്ദമുയര്‍ത്തിയത് എന്ന നിലക്ക് അദ്ദേഹം ഒരു നായകന്‍ തന്നെയാണ്. തുണി മന്ത്രി ദയാനിധി മാരന്‍ ടു ജി യില്‍ കുരുങ്ങിയതില്‍ പിന്നെയാണ് ആ തുണി ആനന്ദ് ശര്‍മ എടുത്തുടുത്തത്. പി. സി. ചാക്കോയാണെങ്കില് ടു. ജി യില്‍ കുരുങ്ങിയവരെ ഒന്ന് കൂടി മുറുക്കിക്കെട്ടാന്‍ നടക്കുന്നവരുടെ തലവനും. കൈത്തറി മേഖലയിലെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിന് 3884 കോടി രൂപയാണ് നമ്മുടെ സര്‍ക്കാര്‍ ബജറ്റില്‍ വറുത്തു വെച്ചിരിക്കുന്നത്. ബജറ്റില്‍ വകയിരുത്തുക എന്ന് പറഞ്ഞാല്‍ തന്നെ അതൊരു തരം കിട്ടാക്കനിയാണെന്ന് ധനമന്ത്രിമാരല്ലാത്തവര്‍ക്കെല്ലാം അറിയാം. എന്നാല്‍ ആ വറുത്തു വെച്ചതങ്ങു എടുത്തു കൊടുത്ത് ആ പാവങ്ങളുടെ വിശപ്പടക്കിക്കൂടേ എന്നാണ് ചാക്കോ സാര്‍ ചോദിച്ചത്. അങ്ങിനെയൊന്നും പ്രകോപിതനാകുന്ന ആളല്ല നമ്മുടെ ശര്‍മ്മാജി. സായിപ്പിന് പലചരക്ക് കച്ചോടം തുടങ്ങിക്കൊടുക്കാന്‍ അഹോരാത്രം പണിപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. അത് കൊണ്ട് തന്നെയാണ് ശര്‍മ്മാജിയെ പ്രകോപിതനാക്കാന്‍ ചാക്കോ സാര്‍ സായിപ്പ് കൂട്ടി ഒരു തിരുമ്മു തിരുമ്മിയത്‌. സായിപ്പിന്റെ പതിനാറാം തലമുറയിലെ പേരക്കുട്ടി ചത്താലും അഴിയാത്ത ഫയലുകളാണ് ദിവസങ്ങള്‍ കൊണ്ട് സര്‍ദാര്‍ജിയും ശര്‍മാജിയും ഒക്കെ കൂടി അഴിച്ചെടുത്ത് മേശപ്പുറത്ത് വെച്ചത്. ആ ശുഷ്കാന്തി, വേഗത ഈ പാവങ്ങളുടെ കാര്യത്തിലും ആയിക്കൂടേ എന്ന് ചാക്കോ സാര്‍ ചോദിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ മാത്രമല്ല ഭരണ പക്ഷ അംഗങ്ങള്‍ വരെ കയ്യടിച്ചു പോയി. ചില അംഗങ്ങള്‍ ഉറങ്ങുന്നതിനിടയില് ബഹളം കേട്ടാലും കയ്യടിക്കുന്ന സ്വഭാവമു‍ള്ളത് കൊണ്ട് ഏത് കയ്യടിയാണ് ഒറിജിനല്‍ എന്ന് പറയാന്‍ പറ്റില്ല.

പിന്നീട് ലോബിയില്‍ കണ്ടപ്പോഴാണ് നിയമവും നടപടിയും ശരിയായില്ലെന്ന് ശര്മാജി ചാക്കോ സാറിനോട് ചൊടിച്ചത്. സുരേഷ് ഗോപി സിനിമ കണ്ടു കേരളത്തില്‍ നിന്നും വണ്ടി കയറുന്ന ചാക്കോ സാറിനോടാണോ ശര്‍മാജിയുടെ കണ്ണുരുട്ടല്‍. താനെന്നെ നിയമം പടിപ്പിക്കേണ്ടെടാ പുല്ലേ.. അയാം ദ ചെയര്‍മാന്‍ ഓഫ് ദ പ്രിവിലേജ് കമ്മിറ്റി..ഡയലോഗുകള്‍ പിന്നെയും ഉതിര്‍ക്കാനിരുന്ന ചാക്കോ സാറിനെ പവന്‍ കുമാര്‍ ബന്സല്‍ ഇടപെട്ടാണ് പോസ് ബട്ടണ്‍ അടിച്ചത്. അല്ലെങ്കില്‍ കാണാമായിരുന്നു. “ചന്ദനം ചുമക്കുന്ന... എന്ന് തുടങ്ങി ഡയലോഗുകളുടെ ലേറ്റസ്റ്റ് എഡിഷന്‍ വരെ ചാക്കോ സാര്‍ പുറത്തെടുത്താല്‍ ശര്മാജി ഈ നൂറ്റാണ്ടില്‍ ലോകസഭയിലേക്ക് വരില്ല. ഫൈറ്റ് നാക്കിലൊതുക്കിയത് കൊണ്ട് ലോക്സഭയിലെ കസേര മുതല്‍ കുറ്റിച്ചൂല്‍ വരെയുള്ളത് വെച്ചിടത്ത് തന്നെയുണ്ട്‌.

ചുരുക്കത്തില്‍ ബജറ്റ് പ്രഖ്യാപനത്തിലും പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന പ്ലാവിലയിലും പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്ന ഒരു പാട് കുടുംബങ്ങള്‍.. ഉടു തുണിക്ക് മറുതുണിയില്ലാതെ മറ്റുള്ളവരുടെ തുണി നെയ്യാനിരിക്കുന്ന കൈത്തറി തൊഴിലാളികള്‍, അവരുടെ വേദനകളാണ് പി. സി. ചാക്കോയെക്കൊണ്ട് ഇത്രയൊക്കെ പറയാന്‍ പ്രേരിപ്പിച്ചത്. ഇതു മനസ്സിലാക്കാന്‍ ഒരു ഭരണകൂടത്തിനു കഴിയാതെ വരുന്നത് അതെത്രമാത്രം ജനങ്ങളില്‍ നിന്നുമകന്നിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. കൈത്തറി യന്ത്രത്തിന്റെ നൂലിഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണീരിന്റെ നനവിനെ ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതേറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും കൊണ്ഗ്രസ്സില്‍ നിന്ന് തന്നെയാണ്. കാരണം വേണ്ടിടത്തും വേണ്ടാത്തിടത്തും ഗാന്ധിയെയും ഖാദിയെയും മാറി മാറി ഉപയോഗിക്കുന്നവര്‍ ഈ ഭൂമിയില്‍ കോണ്ഗ്രസ്സുകാരല്ലാതെ മറ്റാരുമില്ല.

ചാത്തുവേട്ടനും നാണിയേടത്തിയും ഇന്ന് ജീവിച്ചിരിപ്പില്ല. മറവി രോഗം ബാധിച്ചു തന്‍റെ ആയുസ്സിന്റെ മുക്കാല്‍ പങ്കും ചിലവഴിച്ച തറി യന്ത്രത്തെപ്പോലും തിരിച്ചറിയാനാവാതെ പോയ അവസാന നാളുകള്‍..തങ്ങളുടെ ഇല്ലായ്മകളെ മറക്കാന്‍ ശ്രമിച്ച് ഓര്‍മയുടെ അറകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായിരിക്കുമോ അദ്ദേഹത്തിന്? രോഗിയായ ഭര്‍ത്താവിന് തുണയ്ക്കായ്‌ മാത്രം ദൈവം ആയുസ്സ്‌ നീട്ടിയിട്ടു കൊടുത്ത് ദാരിദ്ര്യം കൊണ്ട് തന്നെ വിശപ്പടക്കി മറഞ്ഞു പോയ, സ്നേഹത്തിന്റെ തേങ്ങാക്കൊത്ത് നല്‍കി മനസ്സില്‍ ഒരു മന്ദസ്മിതമായി നിറഞ്ഞു നില്‍ക്കുന്ന നാണിയേടത്തി..നന്മകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഈ അച്ഛനുമമ്മയെയും വിട്ടു പോവാന്‍ മാത്രം മകനെ തോന്നിപ്പിച്ച വികാരം...അതെന്തായിരിക്കും?

0 മറുമൊഴികള്‍: