Pages

Wednesday 7 December, 2011

പുന്നോലിന്റെ പുഴുക്കുത്തുകള്‍


"കൂട്ടുകാരാ, ഭീരുത്തം മൂലം ഒരിക്കലും ഒരു പട്ടിയും കുരയ്ക്കാതിരിക്കില്ല
സുഹൃത്തേ, പറയേണ്ടത് പറയാതെ, ഒരു പട്ടി പോലും
ആകാതെ, വാല് പോലും ഇല്ലാതെ നമ്മള്  സൌധങ്ങളില്ചീഞ്ഞു നാറുന്നു....
(ശ്രീ ശങ്കര പിള്ളയുടെ ‘കഷണ്ടി’ എന്ന കവിതയില്‍ നിന്ന്)


കഴിഞ്ഞ ദിവസം ദുബായ്മാളിന്റെ ഫുഡ് കോര്ട്ടിലൂടെ ഒരു സുഹൃത്തുമൊന്നിച്ചു നടക്കുമ്പോഴാണ് അവനെ കണ്ടത്. സൌകര്യത്തിനു ഷബീര്‍ എന്ന് വിളിക്കാം (യഥാര്‍ത്ഥ പേരല്ല). ആള്‍ എന്റെയൊരു പഴയ സുഹൃത്ത്. പഠിച്ചിരുന്ന കാലത്തേ റിബല്‍ സ്വഭാവക്കാരന്‍. പറയുന്നതെന്തും എതിര്‍ക്കുക; എല്ലാറ്റിലും കുറ്റം കണ്ടെത്തുക (അവന്റെ ഭാഷയില്‍ സമഗ്രമായി വിലയിരുത്തുക)  ഇതൊക്കെയായിരുന്നു പുള്ളിക്കാരന്റെ ഇഷ്ട വിനോദങ്ങള്‍. അതിനവനെ കുറ്റപ്പെടുത്തുന്നുമില്ല. സ്വാഭാവികമായും  എന്റെ ബ്ലോഗിനെ പറ്റിയും അതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും ഷബീറിനു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികം. ഷബീര്‍ ഒരു പാര്‍ട്ടിയുടെയോ മത സംഘടനയുടെയോ പക്ഷം ചേരുന്നത് കണ്ടിട്ടില്ല. മറിച്ച് എല്ലാവരെയും ധാരാളം വിമര്‍ശിക്കാറാണ് പതിവ്. പലപ്പോഴും തോന്നിയിട്ടുള്ള കാര്യം അതൊരു തരം ‘എസ്കേപ്പിസ’മല്ലേ എന്നാണ്. കാരണം എല്ലാവരെയും വിമര്‍ശിക്കുന്ന ഇക്കൂട്ടരെ പ്രതിരോധിക്കാനോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ അവര്‍ എന്ന വ്യക്തി മാത്രമേയുള്ളൂ നമ്മുടെ മുമ്പില്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കക്ഷി തമിഴ് നാടിനൊപ്പമാണ്. എന്നാല്‍ എന്നെക്കാളും ‘പുന്നോല്‍ മാലിന്യം’ ഒരു പ്രശ്നമായി വരുന്നതും അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിയും വരുന്ന ഒരാളെന്ന നിലക്ക് അതിനോടുള്ള അവന്റെ സമീപനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു നാട്ടിലെ ആബാല വൃദ്ധം ജനങ്ങളും അണി നിരന്നിരിക്കുന്ന ഒരു പ്രതിഷേധ ശബ്ദത്തിനെ തന്നാല്‍ കഴിയുന്ന വിധത്തില്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം അതിലെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത് വിമര്‍ശിക്കുക എന്നത് കുറഞ്ഞ വാക്കില്‍ പറഞ്ഞാല്‍ ഭീരുത്തമാണ്. അതിനു പിന്നിലെ മനശ്ശാസ്ത്രം അലസനായിരുന്നു അഭിപ്രായം പറയുന്ന കേരളീയന്റെ പൊതു സ്വഭാവത്തില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. മാലിന്യത്തിനും അതുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കു നേരെയും അഭിപ്രായങ്ങളല്ല; പകരം പ്രവര്‍ത്തനമാണ് വേണ്ടത്‌. ആ സത്യം വൈകിയാണെങ്കിലും മനസ്സിലാക്കിയ ഒരു നാടിന്റെ ജാഗരണത്തിന് നേരെ മുഖം തിരിക്കുന്നവര്‍ പിന്നെ ആ നാട്ടുകാരായിരിക്കുന്നതില്‍ എന്ത് ധാര്മികതയാണുള്ളത്‌?    

ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ഗ്രാഫ് അടയാളപ്പെടുത്തുന്നതില് അവരുടെ ശുദ്ധിബോധം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. അതവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. സ്വന്തം വീട്ടിലെ മാലിന്യം അയല്‍ക്കാരന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നത് സംസ്കാരത്തിന്റെ ഏതളവ്കോല് കൊണ്ടാണടയാളപ്പെടുത്തുക? സത്യത്തില്‍ തലശ്ശേരി നഗരസഭ ഇത്രയും കാലം ചെയ്തു വരുന്നതും ഇതൊക്കെ തന്നെയായിരുന്നില്ലേ? എന്റെയൊക്കെ ഓര്മ വെച്ച കാലം മുതല്‍ക്കേ പുന്നോലിനു ഈ ഗന്ധമാണ്. ഇതിനൊരറുതി വരുത്തണമെന്ന് തോന്നാത്ത തലശ്ശേരിക്കാരുണ്ടെങ്കില്‍ അവര്‍ സാഡിസ്റ്റുകളാണ്. ഒരര്‍ത്ഥത്തില്‍ നമ്മളൊക്കെയും. കാരണം അതു വഴി കടന്നു പോകുമ്പോള്‍ അറിയാതെ മൂക്കുകള്‍ക്ക് മീതെ കൈകളുറപ്പിക്കുന്ന നമ്മുടെ കണ്ണുകളില്‍ ഒരു ചിത്രം പതിയാതിരിക്കാന്‍ വഴിയില്ല. ആ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് അരികിലായി കുളിക്കുകയും അലക്കുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യരുടെ നിസ്സഹായതയുടെ ചിത്രം. പുറംപോക്കുകാര്‍ എന്ന മേല്‍വിലാസം നല്‍കി ദൌര്‍ഭാഗ്യത്തിന്റെ ദുര്‍ഗന്ധം പേറാന്‍ വിധിക്കപ്പെട്ടവര്‍. അവരോടെങ്കിലും നമ്മള്‍ കാട്ടിയിരുന്നത് സാഡിസമല്ലാതെ മറ്റെന്താണ്? എന്നിട്ടും സംസ്കൃത സമൂഹം എന്ന ലേബല്‍ നമ്മളുടെ നെറ്റിയില്‍ തന്നെയാണ് പതിച്ചിരിക്കുന്നത്. സ്വന്തം വിസര്‍ജ്യം മണ്ണിട്ടു മൂടുന്ന മൃഗങ്ങളോടൊപ്പമെങ്കിലും എത്താന്‍ നാമിനിയും എത്ര ദൂരം സഞ്ചരിക്കണം എന്നു ചിന്തിക്കുവാന്പോലും ആവാതെ പോയ അധമന്മാരായി നാം മാറിയോ?

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നട്ടെല്ല് നഷ്ടപ്പെട്ടിട്ടു കാലം കുറെയായി. എന്നിട്ടും അവര്‍ നേരെ നില്‍ക്കുന്നതും കാത്തിരിപ്പായിരുന്നു നാം, ഇത്രയും കാലം. തലശ്ശേരി നഗരസഭയുടെ പിടിപ്പു കേടിനു നമ്മളിനിയും എത്ര തലമുറയെ ബലികഴിക്കണം? കാല്‍ നൂറ്റാണ്ടിലേറെക്കാലം ഒരു നഗരത്തിന്റെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ല എങ്കില്‍ പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ, നിങ്ങളീ പണിക്ക് കൊള്ളില്ലെന്നതിന് ഇനിയെന്തു തെളിവാണ് സമര്‍പ്പിക്കേണ്ടത്? സ്വന്തം അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്താന്‍ വരെ കൈക്കൂലി ചോദിക്കുന്ന എക്സിക്യൂട്ടീവെന്ന സര്‍ക്കാര്‍ കാളകളിലും ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പിന്നെയുള്ളത് ജുഡീഷ്യറിയെന്ന നാട്ടിലെ ‘കാരണവര്‍’ മാത്രമാണ്. തറവാടുകളുടെ ഓടിളക്കി വില്പന നടത്തുന്ന അനന്തിരവന്മാരുടെ നാട്ടില്‍ കാരണവര്‍ക്കെന്തു പ്രസക്തി എന്നിടത്താണ് പുന്നോലിലെ കുടുംബവും കുരുന്നുകളും അണി നിരന്നിരിക്കുന്നത്. ജനാധിപത്യമെന്നത് ഒരു സങ്കല്പം മാത്രമായി മാറാത്തിടത്തോളം കാലം ഈ സമരപ്പന്തലിലെ ജനങ്ങള്‍ക്ക്‌ പ്രത്യാശയുണ്ട്. അത് തന്നെയാണ് അടുക്കളയില്‍ തീ പുകച്ചില്ലെങ്കിലും ഈ സമരത്തിന്റെ ജ്വാല അണയരുതെന്നു കരുതി സ്മരപ്പന്തലിലെത്തുന്ന വീട്ടമ്മമാരുടെ നിറഞ്ഞ സാന്നിധ്യം നമ്മോട് വിളിച്ചു പറയുന്നത്. ഇതൊരു പുന്നോലിന്റെ മാത്രം പ്രശ്നമല്ല. തലശ്ശേരി ഉള്‍ക്കൊള്ളുന്ന സമീപ പ്രദേശങ്ങളുടെത് കൂടിയാണ്. കാരണം പകര്‍ച്ചവ്യാധി പോലുള്ള മഹാ മാരികളും അവയുടെ വാഹകരായ കൊതുകുകളും പഞ്ചായത്ത്‌-മുനിസിപ്പാലിറ്റി അതിരുകള്‍ നോക്കിയല്ല പരക്കുന്നതും പറക്കുന്നതും.

വെടിപ്പിന്റെ പേറ്റന്റ് ഹോള്‍സെയിലായി ഏറ്റെടുത്ത് ഞെളിഞ്ഞു നടക്കുന്ന നമ്മള്‍ കേരളീയര്‍ക്ക് തമിഴന്‍ പറഞ്ഞു തരും വെടിപ്പിന്റെ പാഠങ്ങള്‍. നമ്മള്‍ അണ്ണാച്ചിയെന്നു പുച്ഛത്തോടെ വിളിച്ചു തള്ളുന്ന അവരില്‍ നിന്ന് തന്നെയാണ് നാം വൃത്തിയുടെ നഗര പാഠങ്ങള്‍ പഠിക്കേണ്ടത്‌. കേരളത്തിലെ മൂന്ന് മഹാ നഗരങ്ങളും ചേര്‍ന്നുണ്ടാക്കുന്നതിനേക്കാള്‍ മാലിന്യം ഉണ്ടാക്കുന്ന കോയമ്പത്തൂര്‍ എന്ന നഗരം ശുചീകരണത്തിന്റെ ഒരൊന്നാന്തരം മാതൃകയാണ്. അവിടുത്തെ ഡംപിംഗ് ഏരിയയില്‍ പോലും മൂക്ക് പൊത്താതെ നടക്കാമെന്ന് പറയുന്നത് അതിശയോക്തിയല്ല. പ്രതിദിനം രണ്ടു കോടി മുട്ട ഉല്പാദിപ്പിക്കുന്ന നാമക്കല്‍ എന്ന നഗരവും കൃത്യമായ ആസൂത്രണ പദ്ധതികളിലൂടെ മാലിന്യ മുക്ത നഗരം എന്ന രീതിയില്‍ മുന്നേറുകയാണ്. അതിലേറിയ പങ്ക് മുട്ടയും അകത്താക്കി തോട് പുന്നോലിലെക്ക് വലിച്ചെറിഞ്ഞു ഏമ്പക്കമിടാനേ നമ്മള്‍ പഠിച്ചിട്ടുള്ളൂ. എന്നിട്ടും ‘കുളിക്കാത്ത തമിഴനെ’ കുറ്റം പറയുന്ന നമ്മുടെ വൃത്തിബോധം പഴന്തുണിയില്‍ പൊതിഞ്ഞു കൊട്ടത്തേങ്ങക്കൊപ്പമിടാനെ പറ്റൂ. തലശ്ശേരി നഗരത്തിനു മാലിന്യ പ്ലാന്റും പ്ലാനും ഒക്കെയുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണാതെ പോയത്‌ രാഷ്ട്രീയ-ഉദ്യോഗസ്ഥ മേലാളന്മാരുടെ കയ്യിട്ടു വാരല്‍ കൊണ്ടാണെന്നത് പച്ചപ്പരമാര്‍ഥം! നാടിന്റെ മാലിന്യം കോരേണ്ട കാശു കൊണ്ട് വീടിന്റെ കക്കൂസ് കെട്ടിയവന്റെ മനസ്സിലെ മാലിന്യം, അതാണ്‌ ആദ്യം നീക്കം ചെയ്യപ്പെടേണ്ടത്‌. ആ അഴിമതിയുടെ ദുര്‍ഗന്ധമാണ് എല്ലാറ്റിനെക്കാളും അസഹനീയം. ഇവിടെയാണ്‌ പുന്നോല്‍ നിവാസികളുടെ ഉണര്‍വിന്റെ പ്രസക്തി. ഈ സമരം വിജയം കാണുമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. നാടിന്റെ പുഴുക്കുത്തുകളായ ഷബീറിനെപ്പോലെയുള്ളവര്‍ക്കല്ലാതെ. വടവൃക്ഷത്തിന് മുകളിലെ ഇത്തിക്കണ്ണികളെ പോലെ അവരറിയുന്നില്ല ഈ വടവൃക്ഷമാണവരുടെ നിലനില്പ്പെന്ന്..ഏതു കാലത്തും, ദേശത്തും ഏതു കൂട്ടായ്മകള്‍ക്ക് നടുവിലുമുണ്ടാകും ഇത്തരം ചില ഇത്തിക്കണ്ണികള്‍. നില്‍ക്കുന്ന കാലത്തെ പുറകോട്ടു വലിക്കുന്ന അപക്വ മനസ്സിന്നുടമകള്‍. ഒന്നുമാവാന്‍ കഴിയാത്തതിന്റെ അപകര്‍ഷതയും അസൂയയും കൊണ്ട് അന്ധ്ന്മാരായിപ്പോയ ചില മുടന്തന്‍ ന്യായക്കാര്‍.. അവരെ കാലം ഡംപ് യാര്‍ഡിലേക്ക് വലിച്ചെറിയുന്നതിന് മുമ്പ്‌ അവര്‍ ഉണര്‍ന്നെങ്കില്‍ അത്രയും കാലം ജീവിച്ചതിന് പ്രസക്തിയുണ്ട്. മാറി ചിന്തിക്കാന്‍ തയ്യാറല്ലാത്തവരോട് മേലുദ്ധരിച്ച കവിത മാത്രമേ തല്‍ക്കാലം പറയാനുള്ളൂ.

പുന്നോലിന്റെ ആവശ്യം മുല്ലപ്പെരിയാര്‍ പോലെ സങ്കീര്‍ണമല്ല. അതിന് കടലാസു കെട്ടുകളുടെ, നിയമങ്ങളുടെ നൂലാമാലകളില്ല. പകരം നട്ടെല്ലുള്ള ഒരു ഭരണ കൂടവും ഒപ്പം ഇച്ഛാശക്തിയുള്ള ജനങ്ങളുമാണാവശ്യം. മാലിന്യ നിര്‍മാര്‍ജ്ജനവും സംസ്കരണവും സ്വന്തം വീട്ടില്‍ നിന്നും തുടങ്ങേണ്ട ഒരു പ്രക്രിയയാണ്. പ്ലാസ്റ്റിക്‌ സഞ്ചികള്‍ നിരോധിക്കുന്ന ഭരണകൂടത്തിന് ബദല്‍മാര്‍ഗങ്ങള്‍ കൂടി കാണിച്ചു കൊടുക്കാന്‍ കഴിയണം. കൊച്ചിയില്‍ ഫ്ലാറ്റുകളിലെ ജൈവ മാലിന്യങ്ങള്‍ അതാത് ഫ്ലാറ്റുകളില്‍ തന്നെ സംസ്കരിച്ച് കമ്പോസ്റ്റ്‌ നിര്‍മാണം നടത്താന്‍ ആരംഭിച്ചിരിക്കുന്നു. കോഴിക്കോടടക്കമുള്ള നഗരസഭകള്‍ പ്ലാസ്റ്റിക്കുകള്‍ തരം തിരിച്ചു ശേഖരിച്ചു റോഡു നിര്‍മാണത്തിനുപയുക്തമാക്കുന്ന രീതിയില്‍ അവയെ ‘റീസൈക്കിള്‍’ ചെയ്യുന്ന നടപടികളുമായി മുന്നോട്ടു പോകുന്നു. അപ്പോഴും നമ്മുടെ നഗരസഭ അയലത്തുകാരന്റെ പറമ്പിലേക്ക് നോക്കി കെഞ്ചുന്ന കാഴ്ച സാംസ്കാരിക കേരളത്തിന്‌
  ഒരപമാനം തന്നെയാണ്. ഈ ജീവല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ മുന്‍ഗാമികളെപ്പോലെ ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ക്ക് മീതെ ഒരു ദുര്‍ഗന്ധം എന്നും അലയടിച്ചു കൊണ്ടേയിരിക്കും. ഒന്നോര്‍ത്താല്‍ നന്ന്. ജന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തിന് നേരെയും ഏറെക്കാലം ഇനി ഭരണകൂടങ്ങള്‍ക്ക് കണ്ണടക്കാന്‍ കഴിയില്ല. വൈകിയാണെങ്കിലും വിജയം സുനിശ്ചിതമെന്നത് സമീപകാല ചരിത്രം സാക്ഷി. നമ്മുടെ സഹോദരങ്ങളുടെ ഈ സമരത്തിന്‌ സര്‍വ ഭാവുകങ്ങളും നേരുന്നു. അടുത്ത പ്രാവശ്യമെങ്കിലും പുന്നോലെത്തുമ്പോഴുള്ള പതിവ് ശീലങ്ങള്‍ വേണ്ടി വരരുതേയെന്ന പ്രാര്‍ത്ഥനയോടെ..

2 മറുമൊഴികള്‍:

പുന്നോളിന്റെ പ്രശ്നങ്ങളിലേക്ക് ആത്മാര്‍ഥമായി ആഴ്ന്നിറങ്ങിയ ഒരു നല്ല പോസ്റ്റ്‌.
അതി ജീവനത്തിന് വേണ്ടി നടത്തുന്ന ഈ സമരത്തെപ്പോലും എതിര്‍ക്കുന്നവരുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും മനോരോഗവിദഗ്ദ്ധരെ കാണേണ്ടിയിരിക്കുന്നു.
തലശ്ശേരി നഗരസഭക്കും ആ ചികിത്സയാണാവശ്യം.
വൃത്തികേടിനോട് ഇത്രയും രാജിയായ ഒരു മുനിസിപ്പാലിറ്റിയും കേരളത്തിലുണ്ടാവില്ല.

എന്തിനും ഏതിനും തര്‍ക്കിക്കുക എന്നത് ചിലരുടെ സ്വഭാവമാണ്, എന്താണ് പറയുന്നത് എന്നു പോലും ഇക്കൂട്ടര്‍ക്ക് അറിയില്ല എന്നതാണ് സത്യം.
ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ഗ്രാഫ് അടയാളപ്പെടുത്തുന്നതില് അവരുടെ ശുദ്ധിബോധം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. അതവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. സ്വന്തം വീട്ടിലെ മാലിന്യം അയല്‍ക്കാരന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നത് സംസ്കാരത്തിന്റെ ഏതളവ്കോല് കൊണ്ടാണടയാളപ്പെടുത്തുക?
നിങ്ങളുടെ നാട്ടിലെ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കട്ടെ,
തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇനിയും താങ്കള്ക്ക് കഴിയട്ടെ ,.......