Pages

Sunday, 18 December, 2011

യൂസിംഗ് ഫേയ്സ്ബുക്ക്..നോ പപ്പാ..!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും മിസ്റ്റര്‍ ഒബാമ തന്റെ കുട്ടികളെ തടഞ്ഞതാണ് ഈ ആഴ്ചയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ഒബാമയുടെ ഈ നടപടി വിവിധ കോണുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പ്രസ്ഥാനം ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് ഇതിന്റെ അലയൊലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഒബാമയിലെ മൌലികവാദിയെയാണ് ഇത് തുറന്നു കാട്ടുന്നതെന്ന്
 എം. കെ വിദ്വാന്‍ അടിയന്തര പത്രക്കുറിപ്പില്‍ അറിയിച്ചു. ഓള്‍ ഇന്ത്യാ ടൂര്‍ കഴിഞ്ഞതിന്റെ കുഴമ്പു പിടിച്ചില്‍ തീര്‍ന്നാല്‍ വിശദമായ പത്രസമ്മേളനം വിളിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യകതമാക്കുകയുണ്ടായി. ഒബാമയുടെ അച്ഛന്‍ മുസ്ലിമായിരുന്നെന്നും ഇസ്ലാമിക മതമൌലിക വാദമാണ് ഒബാമ തന്റെ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര വിദ്വേഷദ്  നേതാവ് രാവണ് ഗഗോഡിയ ആരോപിച്ചു. എന്നാല്‍ ഈ കാര്യത്തില്‍ അഭിപ്രായം പറയുവാന്‍ തയ്യാറല്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. മാഡം പറയുന്നതിന് മുമ്പ് താന്‍ കയറി അഭിപ്രായം പറയല്‍ അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് പ്രമാണിത്തം തുടരുന്ന ഫെയ്സ് ബുക്ക് ഒരു കുത്തകക്കമ്പനിയാണെന്നു ഒബാമ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും തന്റെ മക്കളെ വിലക്കുന്നതിലൂടെ ഒബാമ കുത്തകള്‍ക്കെതിരെയുള്ള സമരം തുടങ്ങിയിരിക്കുകയാണെന്നും ക്വാളിറ്റി ബ്യുറോ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് വഴി വീട്ടില്‍ കമ്മ്യുണിസം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒബാമ ഇടതു പക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൌസിന്മേല്‍ ചെങ്കൊടി എന്ന സ്വപ്നം സാക്ഷാല്‍കൃതമാവാന്‍ പോവുകയാണെന്നും ഇത് കമ്യുണിസത്തിന്റെ പുനര്‍ജന്മമാണെന്നും സംയുക്ത പ്രസ്താവന വിശദീകരിക്കുന്നു. പക്ഷെ ക്വാളിറ്റി ബ്യുറോയില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായമാണ് തനിക്കുള്ളതെന്നു പ്രതിപക്ഷ നേതാവ് തന്റെ പതിവു ശൈലിയില്‍ പ്രതികരിച്ചു. താന്‍ കേരളത്തിന്റെ മാത്രം പ്രതിപക്ഷമല്ലെന്നും ക്വാളിറ്റി ബ്യുറോയുടേത് കൂടിയാണെന്നും ബഡായി വിഷന്‍ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഒബാമയുടെ മക്കള്‍ മലപ്പുറത്തെ കുട്ടികളില്‍ നിന്നും കോപ്പിയടി ടിപ്സുകള്‍ ചാറ്റ് വഴി പഠിക്കുന്നുണ്ടെന്നും ഇത് കയ്യോടെ പിടികൂടിയ ശേഷമാണ് അദ്ദേഹം ഫെയ്സ് ബുക്ക് ഉപയോഗം മക്കള്‍ക്ക്‌ നിരാകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വെച്ചുദന്തന് ബഡായി വിഷനോട് പറഞ്ഞു. അതേ സമയം അമേരിക്കന്‍ മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു തീരുമാനമാണിതെന്നു മുഖ്യ മന്ത്രി കൊച്ചുകുഞ്ഞ് പത്ര ലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ ഒബാമ അറിഞ്ഞിരുന്നത് മക്കളുടെ ഫെയ്സ് ബുക്കിലൂടെയായിരുന്നുവെന്നും അത് നിര്‍ത്തലാക്കുന്നതോട് കൂടി അമേരിക്കന്‍ മലയാളികള്ക്ക് വരാനിടയുള്ള ദുരിതങ്ങള്‍ വിണ്ഗ്രാസ് പാര്‍ട്ടി യോഗം ചേര്‍ന്ന് വിലയിരുത്തുമെന്നും പ്രധാനമന്ത്രിയുമായി ആലോചിച്ചു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ. ടി. വ്യവസായത്തിന് തുരങ്കം വെക്കുന്ന തരത്തിലുള്ള നടപടിയായിപ്പോയി ഒബാമയില്‍ നിന്നുണ്ടായതെന്നു മുഖ്യ മന്ത്രിയോടൊപ്പമുണ്ടായിരുന്ന കൊച്ചാപ്പ പ്രതികരിച്ചു. ഒബാമയുടെ മക്കള്‍ കഴിഞ്ഞ ആഴ്ച കഴിച്ച ഐസ്ക്രീമുമായി തന്റെ പേര് ചേര്ത്തുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ പത്രപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോള് അതെല്ലാം ഫറോവയുടെ വേലക‍ളാണെന്നാണ് അദ്ദേഹം ചിരിച്ചു കൊണ്ട് പ്രതികരിച്ചത്.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ കുറച്ചു കൂടി വിഭിന്നമായ തലത്തിലാണ് സാംസ്കാരിക-സാമൂഹ്യ-മാധ്യമ മേഖലകളിലുള്ളവര്‍ പ്രതികരിച്ചത്. ഒബാമയുടെ മക്കള്‍ പെണ്കുട്ടികളാണെന്നും അത് കൊണ്ടാണ് അവരുടെ മേല്‍ ഇത്തരം നിരോധനങ്ങള്‍ ഉണ്ടാകുന്നതെന്നും സ്ത്രീ ശാക്തീകരണ അധ്യക്ഷ പാറു ഔസേപ്പ് പറഞ്ഞു. ചടങ്ങില്‍ ശര്‍ര്‍ ബാനുവും സംസാരിച്ചു. ഒബാമയുടെ മക്കളായ മലിയ, സാഷ എന്നിവരെ മത മേലാളന്മാരുടെ പിടിയിലകപ്പെട്ട ഒബാമയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.  ഇത് സ്ത്രീയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, അമേരിക്കയില്‍ പോലും സ്വാധീനം കൂടി വരുന്ന മത മൌലിക വാദത്തിന്റെ ഇരയാണ് ഒബാമയുടെ മക്കളെന്നും പ്രശസ്ത കവിയിത്രി അഗതി കുമാരി പ്രതികരിച്ചു. ഇടി വെട്ടി മണ്ട കരിഞ്ഞു പോയ തെങ്ങിന്റെ രോദനത്തെക്കുറിച്ചുള്ള ഖണ്ഡകാവ്യം എഴുതുകയാണ് താനെന്നും ഇത് കഴിഞ്ഞാലുടന്‍ ഒബാമയുടെ മക്കളുടെ നിദ്രാ വിഹീനമായ രാത്രികളെക്കുറിച്ചൊരു മഹാ കാവ്യം തന്നെ താനെഴുതിക്കളയുമെന്നും കുമാരി കണ്ണീരോടെ അറിയിച്ചു.
പക്ഷെ വിഷയത്തെക്കുറിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചര്‍ച്ച കയ്യാങ്കളിയോളമെത്തിയത് പരിഭ്രാന്തി പരത്തി. ഒബാമ-ഫെയ്സ് ബുക്ക് വിവാദത്തെ ലൌജിഹാദുമായി കൂട്ടിച്ചേര്‍ക്കണമെന്ന പൈങ്കിളി രമ, കൊലാവികൃതി, തീപ്പക എന്നീ പത്രപ്രതിനിധികളുടെ ‍ കടും പിടുത്തമാണ് പ്രശ്നത്തെ വഷളാക്കിയത്. ഒബാമയുടെ അച്ഛന്‍ ലൌ ജിഹാദ് നടത്തിയാണ് ഒബാമയുടെ അമ്മയെ കല്യാണം കഴിച്ചതെന്നും അതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ഈ പത്ര പ്രതിനിധികള്‍ വാദിച്ചു. തങ്ങള്‍ ഇടയ്ക്കു വെച്ചു നിര്‍ത്തേണ്ടി വന്ന 'ലൌജിഹാദ് ലേഖന പരമ്പര' തുടരാനുള്ള അസുലഭാവസരമാണ് ഇതെന്നും അതിനു തടയിടാന്‍ ആരെയും അനുവദിക്കില്ലെന്നും പൈങ്കിളി മത്തായി പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
ഒബാമയും ഫെയ്സ്ബുക്കും ലൌ ജിഹാദും മുന്‍ നിര്‍ത്തി ‘വ്യഗ്രതാ സമിതി’ ഉടന്‍ ലഘുലേഖകള്‍ പുറത്തിറക്കുമെന്നും തങ്ങളുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഇത് അമേരിക്കയിലും കുട്ടനാട്ടിലും കോട്ടയത്തും വിതരണം ചെയ്യുമെന്നും ഫാദര്‍ ലോഹക്കൊട്ടില്‍ അറിയിച്ചു. എന്നാല്‍ തന്റെ മക്കള്‍ക്ക്‌ ഫെയ്സ് ബുക്ക് നിഷേധിച്ചതിലൂടെ ഒബാമ തങ്ങളുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുകയാണെന്നാണ് അഖിലേന്ത്യാ മുടിമന്ദിര നേതാവ് കൊന്തന്നൂര്‍ അറവാന്‍ മുസ്ല്യാര്‍ പറഞ്ഞത്. സ്ത്രീകളെ പള്ളികളില്‍ നിന്നും തടഞ്ഞ തങ്ങളുടെ നടപടിയേക്കാള്‍ ഒരു പടി മുന്നിലാണ് ഒബാമയുടെ നടപടിയെന്നും അത് വഴി അദ്ദേഹം അടിയുറച്ച മുടിയിസത്തിലേക്കുള്ള തന്റെ വരവ് പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മുസ്ലിയാര്‍ വിശദീകരിച്ചു. മുടിമന്ദിര ധന സമാഹരണത്തിന് അമേരിക്കയില്‍ ഒബാമ മുന്‍കയ്യെടുത്തു ഒരു കേന്ദ്രം നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഒബാമ തന്റെ മക്കളോട് ചെയ്തിരിക്കുന്നത് ഫെയ്സ്ബുക്കില്‍ നിന്നും മുക്തി നേടി, ഇന്ദ്രിയങ്ങളെ ഉണര്‍ത്തി പരമാനന്ദത്തിലേക്കെത്താനുള്ള വഴികളാണെന്നും ഇത് അമേരിക്കയിലെ അമ്മയുടെ 'മക്കള്‍' ഉള്‍ക്കൊള്ളണമെന്നും മാതാശ്രീ വൈകൃതവഴിയാനന്ദ ഉല്‍ബോധിപ്പിച്ചു. കുണ്ഡലിനിയെ ഉണര്‍ത്താന്‍ മുട്ടുകാലിന്റെ ചിരട്ട തല്ലിയൊടിക്കുന്നത് നന്നായിരിക്കുമെന്നും ഒബാമ കുട്ടികളില്‍ ആ മാര്‍ഗം കൂടി പരീക്ഷിക്കണമെന്നും മാതാശ്രീ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒബാമയാകട്ടെ കേരളത്തിലെ 'യൂണിവേര്‍സല്‍ ആന്റ് ഗ്ലോബല്‍ സ്റ്റാറുകള്‍' ആയ സൂപ്പര്‍ സ്റ്റാറുകളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് y b c ലേഖിക വെളിപ്പെടുത്തുന്നു. സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് മനസ്സിലാകുന്ന ഒരേയൊരാള്‍ തന്റെ ഭര്ത്താവായത് കൊണ്ട് അദ്ദേഹത്തിനാണ് ഈ കാര്യം ഒബാമ എസ്. എം. എസ് സന്ദേശം അയച്ചതെന്നും ലേഖിക വിശദീകരിച്ചു. സൂപ്പര്‍ സ്റ്റാറുകളുടെ പ്രതികരണത്തിനായി കാതോര്‍ക്കുകയാണ് ലോകം. മലിയയോടും, സാഷയോടുമൊപ്പം ഫെയ്സ് ബുക്കുകള്‍ അടച്ചു വെച്ച്‌ നമുക്കും കാത്തിരിക്കാം.

നിങ്ങള്‍ പറയൂ..:

4 മറുമൊഴികള്‍:

പവം കുട്ടികള്‍ ഹഹഹ്ഹഹാ
എന്തായാലും പ്രായം തികഞ്ഞാല്‍ മൂപര്‍ അവര്‍ക്ക് എഫ് ബി തുറക്കാന്‍ പറ്റുമെന്ന് പറഞ്ഞിടുണ്ട്

വളരെ നല്ലത് ലളിതമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു , നന്ദി