Pages

Saturday, 27 August, 2011

അസ്സലാമു അലൈകും യാ..റമദാന്‍ വിട വാങ്ങുകയാണ്.
നന്മകളുടെ പൂമരത്തില്‍ ഇനി ഏതാനും ഇലകള്‍ മാത്രം.
റമദാനിന്‍റെ വിട വാങ്ങല്‍ വിശ്വാസിക്ക് വേദനയാണ്.
വിങ്ങുന്ന ഹൃദയവും കണ്ണീരില്‍ കുതിര്‍ന്ന ഇരവുകളുമായ്
അവനതിനെ യാത്രയയക്കുന്നു.
ഇനിയൊരു റമദാനിനെക്കൂടി വരവേല്‍ക്കാന്‍ നമ്മിലെത്ര പേര്‍?
വിട പറച്ചിലുകള്‍ വേദനകളാണ് സമ്മാനിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ റമദാനില്‍ നമ്മോടോപ്പമുണ്ടായിരുന്നവര്‍
ഇന്ന് ഹൃദയത്തിന്റെ ഓര്മച്ചിത്രങ്ങളില്‍
പൊടിപിടിച്ചു കിടക്കുന്നു.
റമദാനിന്‍റെ യാത്ര പറച്ചില്‍ എന്നെ ഓര്‍മപ്പെടുത്തുന്നത്
ക്ലാവു പിടിക്കാത്ത ഓര്‍മകളുടെ വസന്തങ്ങളാണ്.
പ്രിയപ്പെട്ട പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍!
രണ്ടായിരാമാണ്ടിലെ റമദാനിന്‍റെ ഇത് പോലൊരു
ദിനത്തിലായിരുന്നു ഞങ്ങളുടെ ബാപ്പ നാഥന്റെ
വിളിക്ക് ഉത്തരമേകിയത്.
വേര്‍പാടിന്റെ നൊമ്പരം എന്തെന്നറിയിച്ച ദിനരാത്രങ്ങള്‍.
ഈ മടിയിലായിരുന്നു ബാപ്പയുടെ അന്ത്യ നിമിഷങ്ങള്‍.
അതിന്റെ ഞെട്ടല്‍ മാറാന്‍ ദിവസങ്ങള്‍ കുറെയെടുത്തു.
മരണത്തിനു മുമ്പില്‍ നമ്മളെല്ലാം നിസ്സഹായര്‍!
സ്രഷ്ടാവിന്റെ വിധിക്ക് മുമ്പില്‍ കീഴടങ്ങുകയല്ലാതെ
സൃഷ്ടികളായ മനുഷ്യര്‍ക്ക്‌ അതില്‍ എന്തധികാരം?
മടിയില്‍ തലവെച്ചു കിടക്കുന്ന ബാപ്പയുടെ
നെറ്റിത്തടത്തിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പിക്കൊടുക്കുന്നതിനിടയില്‍
ഞാനറിഞ്ഞു ആ ദൃഷ്ടികളുടെ ചലനം നിലയ്ക്കുന്നത്..
ശ്വാസോച്ച്വാസത്തിന്റെ തോത് മന്ദഗതിയിലാകുന്നത്..
അറിയില്ലായിരുന്നു ബാപ്പാന്റെ അവസാന
നിമിഷങ്ങളായിരുന്നു അതെന്ന്.
വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല..പരിശോധിച്ച
ഡോക്ടര്‍മാരുടെ കാരണത്തെയും
മരണമെന്ന സത്യത്തെയും.
കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ആ ഓര്‍മകള്‍ക്ക്
മങ്ങലേറ്റിട്ടില്ല.. നെഞ്ചോടു ചേര്‍ത്ത് വെക്കാന്‍ ഒരു പാട്
നല്ല ഓര്‍മ്മകള്‍ മാത്രം തന്നു യാത്രയായ ബാപ്പ
ഇന്നും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നുവെന്ന തോന്നല്‍..
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സംഭാഷണങ്ങളുടെ അനുഭവങ്ങളിലൂടെ..
പറഞ്ഞു വെച്ച തമാശകളിലൂടെ, പങ്കു വെച്ച ചിന്താ ശകലങ്ങളിലൂടെ,
അറിവുകള്‍ പകര്‍ന്നു തന്ന ജീവിതയാത്രകളിലൂടെ..
എല്ലാം ബാപ്പ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ആളുകളെ മനസ്സിലാക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ദ്യം
തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്.
അനാഥത്വം പേറിയ ബാല്യവും പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ
ജീവിതായോധന യാത്രയുടെ തീക്ഷ്ണാനുഭവങ്ങളും അദ്ദേഹത്തിന്
പകര്‍ന്നു നല്കിയതാവാം ഈ അറിവുകള്‍.
ഞങ്ങളോടൊപ്പം കളിക്കൂട്ടുകാരനായും
യാത്രകളില്‍ അധ്യാപകനായും വികൃതികളില്‍
കാര്‍ക്കശ്യക്കാരനായും ഞങ്ങളനുഭവിച്ച അദ്ദേഹത്തിന്റെ ഭാവങ്ങള്‍..
കടല്‍ക്കരയില്‍ രാവേറുവോളം ഞങ്ങള്‍ കുട്ടികളെയും കൊണ്ട്
കടംകഥ പറഞ്ഞിരുന്ന നാളുകള്‍ ഞങ്ങളുടെ കുടുംബത്തിലെ
എതോരാള്‍ക്കാണ് മറക്കാനാവുക?
ഒരു പുരുഷായുസ്സിന്റെ സ്നേഹവും വാലസല്യവും നല്‍കി
യാത്രയായ ആ പ്രിയ പിതാവിനെ കുറിക്കുന്നതെന്തും
ഇന്ന് കണ്ണുകളെ ഈറനണിയിക്കുന്നു.
നാട്ടിലായിരുന്നപ്പോള്‍ പള്ളിക്കാട്ടില്‍ അദ്ദേഹത്തിനരികില്‍
ചെന്നിരുന്നു കരഞ്ഞാല്‍ അല്പം സമാശ്വാസം കിട്ടാറുണ്ടായിരുന്നു.
പ്രവാസം അതിനും വയ്യാതാക്കിയിരിക്കുന്നു.
അസ്സലാമു അലൈകും യാ ദാറ ഖൌമിന്‍..എന്ന് തുടങ്ങുന്ന
പ്രാര്‍ത്ഥന പഠിപ്പിച്ചു പ്രവാചകന്‍, ഖബറിടത്തിലേക്ക് 
ചെല്ലുമ്പോള്‍ ഉരുവിടാന്‍..
'വിശ്വാസത്തിന്റെ ഭവനങ്ങളിലുള്ളവരേ, നിങ്ങള്ക്ക് സമാധാനം!
ദൈവാധീനത്താല്‍ ഞങ്ങളും നിങ്ങളോടൊപ്പം ഉടന്‍ വന്നു ചേരുന്നതാണ്, തീര്‍ച്ച!'
ജീവിതത്തിന്റെ നൈമിഷികതയെ കുറിക്കുന്ന സുന്ദരമായ അഭിവാദ്യം!
ഒരു ദിനം മൂന്നു തുണ്ടം തുണിയില്‍ പൊതിഞ്ഞു നമ്മളും
ആ ഖബറിടത്തില്‍ എത്തിച്ചേരും..സന്ദര്‍ശകനായല്ല, അന്തേവാസിയായി..
നമ്മുടെ ഖബറിങ്കല്‍ വന്നിരുന്നു സ്രഷ്ടാവിനോട്‌ കരയാന്‍
നമ്മുടെ മക്കള്‍ക്ക്‌ സമയം ഉണ്ടാകുമോ?
പ്രവാസത്തിന്റെ, തിരക്കിന്റെ, ഓര്‍മ്മക്കുറവിന്റെ ന്യായീകരണങ്ങളാകുമോ അവര്‍ക്ക് പറയാനുണ്ടാവുക?
കാലം ബാക്കി വെച്ചത് നല്ലതായിരിക്കട്ടെ!
ഈ ഓര്‍മ്മക്കുറിപ്പുകള്‍‍ക്കൊടുവില്‍ ബാക്കിയാവുന്നത്
പരിവേദനങ്ങളാണ്.. ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകളാണ്..
നാഥാ! നിന്റെയടുക്കലെത്തിക്കഴിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ബാപ്പയ്ക്ക് നീ പൊറുത്തു കൊടുക്കേണമേ.. സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ..!

നിങ്ങള്‍ പറയൂ..:

2 മറുമൊഴികള്‍:

വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതണം.

@abdul gafoor..thanks,താങ്കളുടെ പ്രോത്സാഹനവും പ്രാര്‍ഥനകളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.