Pages

Sunday, 5 February, 2012

ക്രിക്കറ്റിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ കളിക്കുകയാണ്. സച്ചിനോടൊപ്പം ഓപ്പണിംഗ് ഇറക്കിയത് ഒരു സര്‍ദാര്‍ജിയെയാണ്. ലോകോത്തര ഫാസ്റ്റ് ബൌളിംഗ് പടയെപ്പറ്റി സര്‍ദാര്‍ജിക്ക് കേട്ടറിവ് മാത്രമേയുള്ളൂ. ഷോണ്‍ ടൈറ്റ് ആണ് ബൌളര്‍. ടൈറ്റ് ആദ്യ ബൌള്‍ എറിഞ്ഞു. പക്ഷേ, ആക്ഷന്‍ മാത്രമേ സര്‍ദാര്‍ജി കണ്ടുള്ളൂ. ബോള്‍ ഏതു വഴി പോയെന്നു ഒരു പിടിയും കിട്ടിയില്ല. വെടിയുണ്ട കണക്കെ പാഞ്ഞു പോയ രണ്ടാമത്തെ ബോളും സര്‍ദാര്‍ജി കണ്ടില്ല. മൂന്നാമത്തെ ബോള്‍ എറിഞ്ഞപ്പോഴും സര്‍ദാര്‍ജി അന്തംവിട്ടു നിന്നതേയുള്ളൂ.
ഇയാള്‍ പന്തില്ലാതെയാണോ എറിയുന്നത് സര്‍ദാര്‍ജിയുടെ ചിന്ത ആ വഴിക്കായി. നാലാമത്തെ ഏറില്‍ അമ്പയര്‍ 'നോ ബോള്‍' വിളിച്ചു. സര്‍ദാര്‍ജിക്ക്‌ ആശ്വാസമായി. ഭാഗ്യം! തന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല. സര്‍ദാര്‍ജി മെല്ലെ നടന്നു ചെന്ന് സച്ചിനോട് പറഞ്ഞു. എനിക്കാദ്യം തന്നെ തോന്നിയതാണ്. പന്തില്ലാതെ വെറുതെ ആക്ഷന്‍ കാണിക്കുകയാണെന്ന്. പാവം അമ്പയര്‍! ഇപ്പോഴാണത് കണ്ടു പിടിച്ചത്.

കഥയിലെ സര്‍ദാര്‍ജി പ്രതിനിധീകരിക്കുന്നത് ഇപ്പോഴത്തെ ടീം ഇന്ത്യയെത്തന്നെയാണോ എന്നാര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ ദയവു ചെയ്ത് അവരെ തല്ലരുത്. ഓസ്ട്രേലിയയില്‍ നടന്ന നാലു ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ആരാധകര്‍ വിശ്വസിച്ചു. ട്വെന്റി-ട്വെന്റി എങ്കിലും നാണം കെടാതെ ജയിച്ചു കയറുമെന്ന്. ആശ്വാസം അതും ജയിച്ചു എന്ന് ഓസ്ട്രേലിയന്‍ ആരാധകര്‍ നെടുവീര്‍പ്പിട്ടതല്ലാതെ അത്ഭുതമൊന്നും സംഭവിച്ചില്ല. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു പരമ്പര എന്ന അതിമോഹവുമായി വിമാനമേറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം‍ ഇനി ശ്രീലങ്ക വഴിയെങ്ങാന്‍ വല്ല കടത്തു വള്ളത്തിലും നാട്ടിലെത്താനേ തരമുള്ളൂ. വീടിന്റെ ജനല്ചില്ലുകള്‍ക്ക് ഇന്ഷുറന്സ് ഏര്‍പ്പെടുത്തിയ താരങ്ങള്‍ക്ക് ആ ഇനത്തില്‍ ചെലവായേക്കാവുന്ന കാശ് ലാഭിക്കാം. ആരാധകരെ  സംബന്ധിച്ചേടത്തോളം കളി ജയിക്കാന്‍ മാത്രമുള്ളതാണ്. തോല്‍ക്കുമെന്നുറപ്പുള്ളത് കൊണ്ടാണ് ഇന്ത്യക്കാര്‍ ഫുട്ബോളൊന്നു കളിച്ചു നോക്കുക പോലും ചെയ്യാത്തത്‌. ജയിക്കുമ്പോള്‍ ജയ് വിളിക്കുകയും തോല്‍ക്കുമ്പോള്‍ തന്തക്ക് വിളിക്കുകയും ചെയ്യുക എന്നുള്ളതാണല്ലോ ലക്ഷണ ഗുണമുള്ള ഒരാരാധകന്‍ ചെയ്യേണ്ടത്‌.

വേഗം കൂടിയ പിച്ചുകള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്നും താരങ്ങള്‍ക്ക് അത്തരം പിച്ചുകളില്‍ പരിശീലനം നല്‍കണമെന്നും ബി.സി.സി. ഐക്ക് ടെസ്റ്റുകളുടെ മാരത്തോണ്‍ തോല്‍വിയോടെ ബോധോദയം ഉണ്ടായിട്ടുണ്ട്. ബി.സി.സി. ഐ യെ സംബന്ധിച്ചേടത്തോളം പത്തിരുപത് കൊല്ലം കൂടുമ്പോള്‍ ഉണ്ടാകുന്നതാണ് ബോധോദയം എന്നത്. ബുദ്ധിക്ക് മന്ദിപ്പുള്ള രാഷ്ട്രീയക്കാര്‍ ഡയരക്ടര്‍ബോര്‍ഡിലുള്ളത് കൊണ്ടാവാം പൊതുവേ എല്ലാത്തിനുമൊരു റിപ്ലേ സ്വഭാവമാണ്. ഒരു ജോലിയും നേരാം വണ്ണം ചെയ്യാനറിയാത്തവനാണ് രാഷ്ട്രീയത്തിലെത്തുന്നത്. എന്നിട്ടും ജോലിയില്ലാത്തവന്‍  ബി.സി.സി. ഐ യിലും എത്തും, അങ്ങിനെയാണതിന്റെ നടപടിക്രമം.  ബി.സി.സി. ഐക്ക് ബള്‍ബ്‌ കത്തിയത് കൊണ്ട് സമാധാനമായി, ഇനി 2030 ല്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നാം ജയിക്കുമായിരിക്കും. സച്ചിനെയും ദ്രാവിഡിനെയുമൊക്കെ അതു വരെയെങ്കിലും ടീമില്‍ നിലനിര്‍ത്താനുള്ള സദ്‌ബുദ്ധി സെലക്ഷന്‍ കമ്മിറ്റിക്ക് തോന്നിക്കണേ എന്ന് ഓരോ അഗര്‍ബത്തിയും കത്തിച്ചു വെച്ച് പ്രാര്‍ഥിക്കാം നമുക്ക്. രണ്ടു പരമ്പരകള്‍ തുടരെത്തുടരെ ജയിച്ചാല്‍ വൈസ് ക്യാപ്റ്റന്നു‍ ക്യാപ്റ്റന്‍ കുപ്പായം തുന്നി വെക്കാം എന്നത് പോലെ തന്നെ രണ്ടു കളി തോറ്റാല്‍ സാക്ഷാല്‍ ക്യാപ്റ്റന്‍ ക്രിക്കറ്റ് കുപ്പായമേ ഊരി വെച്ച് മൈക്കുമെടുത്തു ഇറങ്ങാം. കടലാസിലെ പുലികള്‍ എന്നറിയപ്പെടുന്ന മുതിര്‍ന്ന കളിക്കാര്‍ വിരമിച്ചു കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഖബറിടം പോലും കണ്ടെത്താന്‍ കഴിയില്ലെന്നാണ് വിദഗ്ദന്മാര്‍ പറയുന്നത്. സച്ചിന്റെയൊക്കെ റെക്കോര്‍ഡു തിരുത്തിയെഴുതണമെങ്കില്‍ സച്ചിന്‍ തന്നെ രണ്ടാമത്‌ പാഡും കെട്ടിയിറങ്ങണം. ആ ചങ്ങാതിയൊന്നു കയറിക്കിട്ടിയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലൊന്ന് പാഡും കെട്ടിയിറങ്ങി കണ്ണടയ്ക്കാമെന്നു വിചാരിക്കുന്ന അനേകം പേരുണ്ടത്രേ. അത്രയ്ക്കേറെയാണ് നമ്മുടെ പ്രതിഭാ സമ്പന്നത.

ഐ. പി. എല്‍ തുടങ്ങിയതില്‍ പിന്നെയാണ് കളിക്കാര്‍ സര്‍ക്കാര്‍ ജോലിക്കാരെ പോലെയായതെന്നും പറയപ്പെടുന്നു. കാര്യം അവരും സര്‍ക്കാര്‍ ജോലിക്കാരായതിനാലാകാം. ആനിലയ്ക്ക് ജനിതകഗുണം കാണിക്കാതിരിക്കാനാവില്ല. ഇത് വല്ലതും മനസ്സിലാക്കുന്നുണ്ടോ വിമര്‍ശകന്മാര്‍. ഒപ്പം മേലനങ്ങി ഒരു റണ്ണെടുക്കാനോ കൈ വീശിയാല്‍ കിട്ടുന്ന അകലത്തിലൂടെ പായുന്ന പന്തൊന്നു എടുക്കാനോങ്ങുകയോ ചെയ്‌താല്‍ കഴിഞ്ഞു കാര്യം. വിമര്‍ശകന്മാര്‍ക്ക് അതും അറിയേണ്ട കാര്യമില്ല. വല്ല ഉളുക്കോ ചതവോ വന്നാല്‍ ഐ.പി.എല്‍ മത്സരം പിന്നെയാരു കളിക്കും.? നേരാം വണ്ണം കഞ്ഞി കുടിച്ചു പോകണമെങ്കില്‍ ഐ. പി. എല്‍ തന്നെ വേണം എന്നതൊക്കെ അസൂയക്കാര്‍ പറഞ്ഞുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ അഭിമാനമാണ് ഐ. പി. എല്‍ എന്നതാണ് സത്യം. നമ്മളെങ്ങാന്‍ ഐ. പി. എല്‍ നടത്തിയില്ലെങ്കില്‍ എന്താകുമായിരുന്നു ലോക ക്രിക്കറ്റിന്റെ ഗതി? നമ്മുടെ യുവതലമുറയിലെ വീരശൂര പരാക്രമികളെ (കളിക്കളത്തിനു പുറത്ത്) ലോകം അറിയുമായിരുന്നോ? കാശിനു വേണ്ടിയായിരുന്നെങ്കില്‍ വല്ല സോപ്പ് പൊടിയുടെയോ കോഴിമുട്ടയുടെയോ പരസ്യത്തില്‍ അഭിനയിച്ചാല്‍ മതി. ഐ. പി. എല്‍ കളിയില്‍ ഇന്ത്യയാണ് പ്രധാനം. അത് കൊണ്ടാണ് നമ്മള്‍ പാകിസ്ഥാനികളെ കളിക്കാന്‍ കൂട്ടാത്തതും.

ബാറ്റിനു നേര്‍ക്ക്‌ പന്തെറിയാന്‍ എന്നാണിനി ഈ ഓസ്ട്രേലിയക്കാരും ഇംഗ്ലണ്ടുകാരുമൊക്കെ പഠിക്കുക എന്നറിയില്ല. നമ്മള്‍ അവര്‍ക്ക് പലവട്ടം കാണിച്ചു കൊടുത്തിട്ടുണ്ട്‌ എങ്ങിനെയാണ് ബൌണ്ടറികളും സിക്സറും അടിക്കാനുള്ള പന്തെറിയേണ്ടതെന്ന്. പക്ഷെ അവര്‍ കളി പഠിക്കാത്തത് നമ്മുടെ കുറ്റമല്ലല്ലോ? കഴിഞ്ഞ രണ്ടു പരമ്പരകളിലും നമ്മള്‍ തോല്‍ക്കാന്‍ കാരണം തന്നെ അവരുടെ ജയമാണ്. ഏതെന്കിലും ഒരു ടീം മാത്രമേ ജയിക്കാന്‍ പാടുള്ളൂ എന്ന നിയമമുണ്ടാക്കി വെച്ചാല്‍ അതിനു കളിക്കാരെ പഴി പറഞ്ഞിട്ടെന്തു കാര്യം?

ഇന്ത്യയുടെ കളി കണ്ടിട്ടാണോ എന്നറിയില്ല പണ്ട് ക്ലൂസ്നര്‍ പറഞ്ഞതാണ് കാര്യം. ക്രിക്കറ്റൊക്കെ നിര്‍ത്തി വെച്ച് വല്ല മീന്‍ പിടുത്തത്തിനും പോയാലോ എന്നാലോചിച്ചു പോകുന്നു. ഇന്ത്യയുമായുള്ള മല്‍സരത്തിനു മുമ്പ്‌ ഇന്ത്യയുടെ കഴിഞ്ഞ കാല കളികളുടെ വീഡിയോ കാണിച്ചു കൊടുക്കുന്ന പതിവുണ്ടത്രേ ഒസ്ട്രെലിയക്കാര്‍ക്ക്. ചുമ്മാ വാന നിരീക്ഷണം നടത്തുന്ന ഫീല്‍ഡര്മാരെ കാണിച്ചു കൊടുക്കാന്‍ മാത്രമല്ല; ലോകോത്തരമെന്ന് വാഴ്ത്തപ്പെട്ട് വല്ലാതായിപ്പോയ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ പ്രൈമറി സ്കൂള്‍ ബൌളിംഗ് നിലവാരം കൊണ്ട് എങ്ങിനെ തകര്‍ക്കാം എന്ന ആത്മവിശ്വാസവും കൂടി ഓസ്ട്രേലിയന്‍ കളിക്കാര്‍ക്ക്‌ വീഡിയോ പ്രദര്‍ശനം വഴി കിട്ടുമത്രേ. സച്ചിനൊന്നുമല്ല, ദ്രാവിഡിന്റെ കുറ്റി തെറിപ്പിക്കുന്നവനെ ഒരു നല്ല ബൌളറായി പ്രഖ്യാപിക്കുന്ന പതിവുണ്ടായിരുന്നു പണ്ട് ക്രിക്കറ്റില്‍ . ക്രീസിലെ അട്ടയെന്നും വന്മതിലെന്നുമൊക്കെ അങ്ങിനെ കിട്ടിയ ഇരട്ടപ്പേരുകളാണ്. എന്നാല്‍ ഏതു ബൌളര്‍ എങ്ങിനെ എറിഞ്ഞാലും ബോള്‍ ദ്രാവിഡിന്റെ സ്റ്റെമ്പിലേക്ക് ഓട്ടോ പിടിച്ചു വരും എന്നതാണിന്നത്തെ അവസ്ഥ. ദ്രാവിഡിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടീമിലെ പത്തു പേരും ഔട്ടായാല്‍ അദ്ദേഹം മാത്രം ക്രീസില്‍ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ? ഇന്ത്യന് ടീമിലെ ഏറ്റവും നല്ല കളിക്കാരന് മഴയാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്ന് വെച്ച് ഇന്ത്യന്‍ ടീം കാലാകാലം ഇങ്ങിനെ ആയിരിക്കും എന്നാരും വ്യാമോഹിക്കേണ്ട. നൈജീരിയയുടെ പുതിയ ടീം വരുന്നുണ്ട്. അവരോടു ഇന്ത്യ എന്തായാലും ജയിക്കും. കമോണ്‍ ഇന്ത്യാ..ദിഖാ ദോ!ലാസ്റ്റ് ബോള്‍: ഞാന്‍ ഇല്ലാത്തത് കൊണ്ടാണ് ഓസ്ട്രേലിയയുമായി തോറ്റതെന്ന് ഹര്‍ബജന്‍
ശരിയാണ്. ഹര്‍ബജന്‍ ഉണ്ടായിരുന്നെങ്കില്‍ തോല്‍ക്കേണ്ടി വരുമായിരുന്നില്ല. അതിനു മുമ്പ് തന്നെ അവരുമായി തല്ലിപ്പിരിയുമായിരുന്നു.

ഗുണപാഠം: തോല്‍ക്കുമെന്നുറപ്പുള്ള കളിയില്‍ ഹര്‍ഭജനെ കൂടെ കൂട്ടുക!

നിങ്ങള്‍ പറയൂ..:

7 മറുമൊഴികള്‍:

ലോകകപ്പ്‌ നേടിയപ്പോള്‍ ആരോ പ്രാകിയതാ...
ഹഹ...
ഇനി ഒരു മാന്ത്രിക യന്ത്രം കെട്ടേണ്ടി വരും...

ithellam strategy yude bhaagamaanu.. :)

njan onnum mindynnilla..... pinne blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ..... vayikkumallo............

കൊള്ളാം! ഞാനും കൂടുന്നുണ്ട്. ഇവിടെയും വരുമല്ലോ? http://pheonixman0506.blogspot.com/2012/01/blog-post_28.html and http://pheonixman0506.blogspot.com/2011/09/blog-post.html also http://pheonixman0506.blogspot.com/2011/08/blog-post.html

buy phentermine buy phentermine online from mexico - buy phentermine online