Pages

Thursday 29 March, 2012

വെറുതെയല്ല ഭാര്യ (കൈത്തരിപ്പ്‌ തീര്ക്കാ നും കൂടിയാണ്!)


ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത് എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍  'ക്ഷീണം മാറ്റാന്'‍ രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്. ചാനല് ചര്ച്ചകളില് സ്ത്രീയുടെ ദൈന്യതയോര്ത്ത് രോഷം കൊള്ളുന്നവനും വീട്ടിലെത്തിയാല് മുട്ടുകാലു മടക്കി തൊഴിക്കുക എന്ന പതിവ് വിടാറില്ല. കല്യാണം കഴിക്കാത്ത പാതിരിമാര്‍ അനുഗ്രഹഭാഷണത്തില്‍ സ്ത്രീ അമ്മയാണ്, സ്നേഹമാണ്, കന്യാ മര്‍യമാണ് എന്ന് പറയുന്നത് പോലെ എളുപ്പമല്ല അവരെ മാനേജ് ചെയ്യുന്നതെന്ന് കഥകളുടെ അകമ്പടിയോടെ സരസമായി പറയാറുണ്ടായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒടുക്കം ഇടവകയിലെ അച്ചനോട് ‘അച്ചോ പോയി കല്യാണം കഴിച്ചേച്ചു വാ.. ഈ പറഞ്ഞതൊക്കെ അച്ചന് തിരുത്തിപ്പറയേണ്ടി വരും’ എന്ന് ഉപദേശിച്ചു ഉള്ളിലെ തൊന്തരവ്‌ തീര്‍ത്ത കഥയും അവനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.. പൊതുവേ പാവത്താനായ മോനു എന്ന എന്റെ കൂട്ടുകാരനാണോ 'ചങ്കരനൊത്ത ചക്കി'യായി കാണാറുള്ള അവന്റെ ലില്ലീസയാണോ വീട്ടിലെ 'സിംഗം' എന്നെനിക്കറിയില്ല. ഏതായാലും അവിടെയും ഒരുനിയമസഭ’ നടക്കാറുണ്ടായിരുന്നു എന്നതുറപ്പാണ്.


മുഹൂര്‍ത്തം നോക്കിയും അല്ലാതെയും കല്യാണം കഴിച്ചവരുടെ ഇടയിലേക്ക് മുഹൂര്‍ത്തം നോക്കാതെ കടന്നു വരുന്ന ശകുനമാണ് പിണക്കം. വിഷുവിന്റെ വരവ് പോലെ ചിലര്‍ പിണങ്ങി എന്നറിയിക്കുന്നത് തന്നെ 'വെടിക്കെട്ടോ'ടു കൂടിയാണ്. ദാമ്പത്യത്തില്‍ രണ്ടു പേരും ഒന്നിനൊന്നു മെച്ചമാകുമ്പോള്‍ അതിനു കലഹം എന്നും ഭര്‍ത്താവ് മാത്രം ഫോം കണ്ടെത്തുന്നിടത്ത് പീഡനം എന്നും വാക്കുകള്‍ വന്നത് അങ്ങിനെയാണ്. കലഹങ്ങളും പീഡനങ്ങളും പതിവായിടത്ത് Desperate Housewives (കലിപ്പു തീരാത്ത പെണ്ണുങ്ങള്) എന്ന പരമ്പരക്ക് പ്രേക്ഷകര്‍ കൂടും. നമ്മുടെ നാട്ടിലെ കോന്തന്മാരായ ആണുങ്ങള്‍ക്ക് 'വെറുതെയല്ല ഭാര്യ' എന്ന ഷോ ഇഷ്ടമാകുന്നത് പോലെ തന്നെ. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും സൌന്ദര്യപ്പിണക്കം എന്ന് വിളിപ്പേരുള്ള ഈ ദാമ്പത്യ റിയാലിറ്റി ഷോയില്‍ സൌന്ദര്യം വഴി മാറി പിണക്കം മാത്രമാകുന്നിടത്താണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയത് യൂത്ത് കോണ്ഗ്രസ്സ് തിരഞ്ഞെടുപ്പ് പോലെ കയ്യാങ്കളിയില് അവസാനിക്കുന്നതും അതു കൊണ്ടു തന്നെ! പറയാനുള്ളത് 'ചൊറിയുന്നത്' കൊണ്ടാണ് ആണുങ്ങള്ക്ക് വെറി പിടിക്കുന്നത് എന്ന് പെണ്ണും അവള് പറഞ്ഞാല് അത് ചൊറിഞ്ഞേ വരൂ എന്ന് ആണും മനസ്സിലാക്കാത്തിടത്തോളം 'കൈപ്രയോഗങ്ങള്' നടന്നു കൊണ്ടേയിരിക്കും.

ദാമ്പത്യ കലഹത്തില്‍‍ ഒരാള്‍ക്ക്‌ മറ്റേയാളെ തല്ലാന്‍ അധികാരമുണ്ടോ എന്നതാണ് ഒരു കാലത്തും തീരുമാനമാകാന്‍ സാധ്യതയില്ലാത്ത വിഷയം. Survival of the fittest (കൈത്തരിപ്പുള്ളവന് കെട്ടിയോളെ തല്ലും) എന്ന തിയറി വെച്ച് ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതാണ് നാട്ടു നടപ്പ്. തിരിച്ചും നടക്കാറുണ്ടെങ്കിലും അതാരും പുറത്തു പറയാറില്ലെന്ന് മാത്രം.

ഇതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒരു റിപ്പോര്‍ട്ട് ഈയിടെ പുറത്തു വരികയുണ്ടായി. കേരളത്തിലെ 65.7% വിവാഹിതകളായ സ്ത്രീകള് ഭര്ത്താക്കന്മാര്ക്ക് തങ്ങളെ തല്ലാന് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന റിപ്പോര്ട്ട് ലോകം തുടങ്ങിയേടത്തു തന്നെ നില്ക്കുകയാണെന്ന തരത്തിലുള്ള അമ്പരപ്പോടെയാണ് ജനങ്ങള് കേട്ടത്. റിപ്പോറ്ട്ട് പുറത്തു വന്നിരിക്കുന്നത് നാലുമുക്കാല് കിട്ടിയാല് നാക്കു മാറ്റിപ്പറയുന്ന നമ്മുടെ നാട്ടിലെ വനിതാ മാസികകളിലൂടെയൊന്നുമല്ല; യുണൈറ്റഡ് നേഷന്‍സ് എന്ന ഇമ്മിണി ബല്യ സഭയുടെ വകയാണീ റിപ്പോറ്ട്ട്..നമ്മുടെ നാട്ടിലെ ഫെമിനിസ്റ്റുകളും ‘തന്റേട’ക്കാരികളുമായിട്ടുള്ളവര്ക്ക്‍  വിശ്രമിക്കാന്‍ സമയമായിട്ടില്ല എന്നാണ് ഐക്യ രാഷ്ട്ര സഭ പറഞ്ഞു വെക്കുന്നത്. അഖില കേരളാ ഫെമിനിസ്റ്റുകളേ.. 65.7% എന്ന മ്റ്ഗീയ ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്.

ഭാര്യമാര്‍ ഉള്ളിടത്തൊക്കെ അവര്‍ക്ക് തല്ലും കിട്ടുന്നുണ്ടെന്നതൊരു സത്യമാണ്. അതിനു വികസിത-വികസ്വര രാജ്യങ്ങളെന്ന വ്യത്യാസങ്ങളൊന്നുമില്ല. കേരളത്തിലെ ഫാര്യമാരെപ്പോലെ പാശ്ചാത്യ നാടുകളിലെ ‘ഭ്വാര്യമാര്’ തങ്ങള്‍ തല്ലു കൊള്ളേണ്ടവരാണെന്നു ഐക്യ രാഷ്ട്ര സഭക്ക് എഴുതിക്കൊടുത്ത റിപ്പോര്ട്ടുകളൊന്നും ഇതു വരെ കണ്ടിട്ടില്ല. എങ്കിലും അമേരിക്കയിലും കാനഡയിലുമൊക്കെ കെട്ടിയോന്റെ 'കൈത്തണ്ടി'ല്‍ ആഴ്ചയില്‍ രണ്ടെന്ന വീതം ഭാര്യമാര്‍ ഒടുങ്ങിത്തീരുന്നുണ്ടെന്നാണ് കണക്കുകള് പറയുന്നത്. നമ്മുടെ നാട്ടിലെ പെണ്ണുങ്ങള് പക്ഷെ ചാകാന് വരെ കെട്ടിയോനെ ബുദ്ധിമുട്ടിക്കില്ല. ആറ്റിലോ, കുളത്തിലോ, കയറിലോ അവര് കാര്യമങ്ങു സാധിക്കും.

ബ്രിട്ടനിലെ മോഡെറേറ്റഡ് മുസ്ലിംകള്‍ (അങ്ങിനെയും ഒരു കൂട്ടരുണ്ട്. അവിടുത്തെ സോളിഡാരിറ്റിക്കാരാണെന്നു തോന്നുന്നു) അവരുടെ മിതത്വം വിട്ട് ഈയിടെ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. ദാമ്പത്യ ബന്ധത്തെക്കുറിച്ചെഴുതിയ ഒരു പുസ്തകമാണ് അവരെ പ്രകോപിപ്പിച്ച ഹേതു. വേണമെങ്കില് നിങ്ങള്ക്ക് ഭാര്യയെ തല്ലാം.. കൈ കൊണ്ട് മാത്രമല്ല; ആവശ്യമെങ്കില്‍ വടി കൊണ്ടും തല്ലാം എന്നിങ്ങനെയുള്ള വിവാദ പരാമര്‍ശങ്ങളുള്ക്കൊള്ളുന്ന പുസ്തകം (A gift for Muslim Couple) എഴുതിയിരിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ യാഥാസ്ഥിതിക പണ്ഡിതനായിരുന്ന അഷ്‌റഫ്‌ അലി തന്വിയാണ്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ക്ക് വിഷയ ദാരിദ്ര്യമുണ്ടാകുമ്പോള് കുപ്രസിദ്ധ ഫത്‌വകള് മുഖേന അവരെ സഹായിക്കാറുള്ള ദയൂബന്ദിന്റെ പ്രോഡക്റ്റ് തന്നെയാണീ തന്വിയും. പക്ഷെ ഇവിടെയും പണ്ഡിതന്റെ വീക്ഷണ വൈജാത്യം എന്നതിലുപരി, ചത്തത് കീചകനെങ്കില്‍ കൊന്നത് മുല്ലാ ഉമര്‍ തന്നെ എന്ന മട്ടില്‍ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് തിടുക്കം. പുസ്തകം ഏതായാലും പൊടിഞ്ഞ വില്പനയാണെന്നാണ് പ്രസാധകരുടെ പക്ഷം. ജീവിതത്തില് ഭാര്യയെ തല്ലുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്ന' ത്തെ വായിച്ചെങ്കിലും കലിപ്പ് തീര്ക്കുകയാണ് ചിലരെന്നും അഭിപ്രായമുയരുന്നുണ്ട്. ഒരു പ്രശ്നവുമില്ലാത്ത വീടുകളില്‍ വരെ പുസ്തകം വാങ്ങിയതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതായി വന്ന ചില രസികന്മാരുടെ കുറിപ്പുകളും കാര്‍ടൂണുകളും കൊണ്ട് സൈബര്‍ ലോകത്തും പുസ്തകത്തെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ സജീവമാണ്.
മധുവിധുവിന്റെ ആദ്യ നാളുകളില്‍ ഓമനേ..കരളേ..എന്ന വിളികള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്നവള് കാലം ചെല്ലുമ്പോള്‍ അത് താടകയും ശൂര്പണഖയുമാവുന്നതിന്റെ ‘പരിണാമ സിദ്ധാന്തം’ അനുദിനം നാം പഠിച്ചു കൊണ്ടേയിരിക്കുന്നു. പുരാണ കഥാപാത്രങ്ങളുടെ പേരുകള്‍ 'കുട്ട്യോള്‍ടെ വാപ്പ'‍ വല്ലാതെ ഉപയോഗിച്ച് മിനക്കെടുമ്പോള്‍ തിരിച്ചു കാലമാടനെന്നും, ഒന്നിനും കൊള്ളാത്തവനെന്നും പറഞ്ഞു 'അതിയാനെ' പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാരും നാട്ടില്‍ സുലഭം! ചപ്പാത്തിക്കോലുമായി ചേട്ടന്റെ പിന്നാലെ പായുന്ന ബോബനും മോളിയിലെ മറിയാമ്മചേടത്തിയെ കണ്ടു ആര്‍ത്തു ചിരിക്കുന്ന നമ്മള്‍ 'വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക്‌ വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാന് എനിക്കൊരു പെണ്ണിനെ വേണം' എന്ന് ചുമ്മാ പറയുന്ന നായകനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുമുണ്ട്. എന്നാലും ചാനല്‍ ചര്‍ച്ചകളിലും കോളമെഴുത്തുകളിലും‍ 'പാരതന്ത്ര്യത്തിന്റെ പര്‍ദ്ദക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന മുസ്ലിം സ്ത്രീ' മാത്രമേ കടന്നു വരാറുള്ളൂ. സ്ത്രീക്ക് വ്യക്തിത്വമുണ്ടെന്നു ലോകത്തെ പഠിപ്പിച്ച മതത്തിനു കിട്ടേണ്ടതു തന്നെ! ഏതായാലും പാശ്ചാത്യ മാധ്യമങ്ങളിലെ ഇന്നത്തെ ബിഗ്‌ സ്റ്റോറികളാണ് നാളത്തെ നമ്മുടെ പ്രൈം ടൈമുകളുടെ വിഷയം നിര്‍ണയിക്കുന്നത് എന്ന നിലയ്ക്ക് ചാനല്‍ ബുദ്ധിജീവികള്‍ വിഷയത്തിലൊരു ജാഗ്രത കാണിക്കുന്നത് നന്നായിരിക്കും. ഭാര്യയെ വടി മാത്രമല്ല ഉലക്കയെടുത്തു (ഇംഗ്ലണ്ടില്‍ ഉലക്കയില്ലേ ആവോ?) കൈകാര്യം ചെയ്യാമെന്നു പറയുന്ന പുസ്തകങ്ങള്‍ വരെ ഇവിടെ സുലഭമാണ്. ഇനി കണ്ടില്ലെന്നു പറയരുത്. നിങ്ങള്ക്ക് ഇസ്ലാമിന്റെ പേരില്‍ എളുപ്പം റെഫെറന്‍സ് കയറാം. എവിടെ കിട്ടുമെന്നതിനു ഒരു ക്ലൂ വേണമെങ്കില്‍ തരാം. ബഹു ഭാര്യത്വം ആര്ത്തവകാലത്തു ബെസ്റ്റാണെന്നു കണ്ടെത്തിയവരുടെ മാളങ്ങളില് ഇമ്മാതിരി എന്തെല്ലാം ജാതി പുസ്തകങ്ങളുണ്ടെന്നാണ് നിങ്ങടെ വിചാരം?!

7 മറുമൊഴികള്‍:

ബ്രിട്ടനിലെ മോഡെറേറ്റഡ് മുസ്ലിംകള്‍ (അങ്ങിനെയും ഒരു കൂട്ടരുണ്ട്. അവിടുത്തെ സോളിഡാരിറ്റിക്കാരാണെന്നു തോന്നുന്നു) അവരുടെ മിതത്വം വിട്ട് ഈയിടെ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി.


ഹ ഹ അത് വേണോ ....എന്തയാലും മോശമില്ല പോസ്റ്റ്‌

>> വിഷുവിന്റെ വരവ് പോലെ ചിലര്‍ പിണങ്ങി എന്നറിയിക്കുന്നത് തന്നെ 'വെടിക്കെട്ടോ'ടു കൂടിയാണ്. ദാമ്പത്യത്തില്‍ രണ്ടു പേരും ഒന്നിനൊന്നു മെച്ചമാകുമ്പോള്‍ അതിനു കലഹം എന്നും ഭര്‍ത്താവ് മാത്രം ഫോം കണ്ടെത്തുന്നിടത്ത് പീഡനം എന്നും വാക്കുകള്‍ വന്നത് അങ്ങിനെയാണ്. കലഹങ്ങളും പീഡനങ്ങളും പതിവായിടത്ത് Desperate Housewives (കലിപ്പു തീരാത്ത പെണ്ണുങ്ങള്) എന്ന പരമ്പരക്ക് പ്രേക്ഷകര്‍ കൂടും. <<

പറയേണ്ടത് പറഞ്ഞു മച്ചൂ!

അടി - ഭാര്യക്കായാലും ഭര്‍ത്താവിനായാലും കൊടുക്കേണ്ടത് ചിലപ്പോള്‍ ഒരു അനിവാര്യതയാണ്. സദാചാര - മത - നിയമങ്ങളെ വെല്ലുവിളിക്കാനല്ല ഇത് പറയുന്നത്, എന്നാലും...

This comment has been removed by the author.

ഭാര്യമാരെ തൊഴിക്കാം എന്ന് റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം,,, ഭാര്യമാരെ തൊഴിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ വിരളമാണ്‌ താനു,,, ഭാര്യ എന്തെങ്കിലും തെറ്റ്‌ ചെയ്താല്‍ ചെറുതായി തല്ലുന്നതില്‍ കുഴപ്പമില്ലെന്ന് ഇസ്ളാം പഠിപ്പിക്കുന്നുണ്‌ട്‌ (കാര്യ കാരണ സഹിതം, തൊലിപൊട്ടാതെയുള്ള അടി) ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള അടിപിടിയെ കുറിച്ചും പിണക്കമിണക്കങ്ങളെ കുറിച്ചുമാണ്‌ എന്‌റെ പുതിയ പോസ്റ്റ്‌ - ഈ ലിങ്കില്‍ ക്ളിക്കിയാല്‍ വായിക്കാം, ഇഷ്ടപ്പെടും..

http://njanorupavampravasi.blogspot.com/2012/03/blog-post_28.html