Pages

Tuesday 24 May, 2011

കോടീശ്വര സഭ

അങ്ങിനെ പതിമൂന്നാം നിയമസഭയുടെ മിനുട്സ് ബുക്കും തുറന്നു. ഇനി അജണ്ടകളും കലാപരിപാടികളും എന്തൊക്കെയാണെന്ന് മാത്രം നോക്കിയാല്‍ മതി. കലാകാരന്മാര്‍ മിക്കവരും പഴയ താരങ്ങള്‍ തന്നെയായത് കൊണ്ട് ഏതാണ്ടിന പരിപാടികളൊക്കെ നമുക്ക്‌ ഊഹിക്കാന്‍ പറ്റും. തൊഴുത്തില്‍ കുത്തും വടം വലികളും `അതൊക്കെ നമ്മുടെ ശീലമല്ലേ അമ്മേ..അങ്ങിനെയങ്ങ് മാറ്റാന്‍ പറ്റുമോ?` എന്ന് കറി മസാലയുടെ പരസ്യത്തില്‍ പറയുന്നത് പോലെ കൊണ്ഗ്രസ്സുകാര്‍ ചെയ്തു കാണിച്ചു തരും. കോണ്ഗ്രസ്സുകാരുടെ ഗ്രൂപ്പ്‌ കളിയുടെ ഒരു പ്രത്യേകത തന്നെ അത് വാതം പോലെയാണെന്നതാണ്. ലക്ഷണങ്ങള്‍ ആദ്യമേ കാണിച്ചു തുടങ്ങും. അച്ഛന്‍ പണ്ടുപയോഗിച്ചിരുന്ന അസ്ത്രങ്ങള്‍ മകന്‍ മുരളി തൊടുത്തു വിട്ടു നോക്കുന്നുണ്ട്, ‘ഇനി ബിരിയാണി കൊടുത്താലോ’ എന്ന നിലക്ക്. അതിനിടയില്‍ ലീഗുകാരും തൊടുത്തു ഒരുഗ്രന്‍ (അച്ചുമാമന്‍ ഭാഷയില്‍ പറഞ്ഞാല്‍) വാണം. 4 മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞു നടന്നു ഒടുക്കം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ എണ്ണം 5. ചാണ്ടിച്ചായന്‍ ഒത്തൊപ്പിച്ച് ഐലസാ പറയാനിരുന്നപ്പോഴാണ് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും മന്ത്രിമാരുടെ എണ്ണം അന്ജെണ്ണമാക്കിക്കൊണ്ടുള്ള വിളംബരം കേള്‍ക്കുന്നത്. പക്ഷെ രാഷ്ട്രീയ ഭീഷ്മാചാര്യര്‍ക്ക് ശേഷം കേരളം കണ്ട ചാണക്യന്മാരില്‍ ഒരാളായ കുഞ്ഞാപ്പയുടെ ഏറു കൃത്യമായും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. അതു ദിക്കറിയാതെ പരക്കം പായുന്ന ചാണ്ടിയുടെ മണ്ടക്കായിരുന്നില്ല. ജെയും, എമ്മും, ഡബ്ലിയുവും പിന്നെ എന്നാ ഒക്കെയുണ്ടോ അതൊക്കെയും ചേര്‍ന്ന അവിയല്‍ കോണ്ഗ്രസ്സിന്റെ (കേരള കോണ്ഗ്രസ്സ് എന്നും പറയും) നെഞ്ജത്തായിരുന്നു. രണ്ടു പോര മൂന്നെണ്ണം വേണമെന്ന് മോങ്ങാനിരുന്ന മാണി സാറിന്റെ പിടലിക്കായിരുന്നു കൊടപ്പനക്കലെ ഏറിന്റെ ലക്‌ഷ്യം. അതാര്‍ക്കു മനസ്സിലായില്ലെങ്കിലും കുഞ്ഞൂഞ്ഞിന് മനസ്സിലാകും. എല്ലാം ഒരട്ജസ്റ്റുമെന്റാന്നേ..അല്ല പിന്നെ?

ഹൈക്കമാണ്ടിന്റെ ഹെഡാപ്പീസ്‌ എന്‍. എസ് .എസ് ആസ്ഥാനത്തെക്ക് മാറ്റിയോ എന്ന് ചിന്തിച്ചു പോയി അവരുടെ പ്രസ്താവന വായിച്ചപ്പോള്‍. മുരളിക്ക് മന്ത്രി സ്ഥാനം കൊടുക്കേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു തലക്കോളം പ്രസ്താവന. എന്‍ എസ് എസ് പറഞ്ഞിട്ട് കേരളത്തിലെ നായന്മാര് തന്നെ കേള്‍ക്കുന്നില്ല; പിന്നെയല്ലേ കൊണ്ഗ്രസ്സുകാര്‍. പക്ഷെ രമേശന്‍ നായരില്ലാത്ത മന്ത്രി സഭയില്‍ മുരളീരവം പാടേണ്ട എന്ന് മാഡം പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ? എന്നാലും സത്യപ്രതിജ്ഞാചടങ്ങിലെങ്കിലും മുരളിയെ ക്ഷണിക്കാമായിരുന്നു. നാട്ടുനടപ്പനുസരിച്ച് ഒന്ന് ചൊല്ലിയയക്കുകയെങ്കിലും ആവാമായിരുന്നു.
ഒരു കോടിയിലേറെ ആസ്തിയുള്ള 35 പേരാണ് ഇക്കുറി നിയമസഭയില്‍. വിരലെടുത്ത് മൂക്കില്‍ പോസ്റ്റ് ചെയ്യാനൊന്നും എന്നെ കിട്ടില്ല. നിയമസഭയായാല്‍ ഇങ്ങനെ വേണം എന്നേ ഞാന്‍ പറയൂ. അല്ലാതെ പരിപ്പ് വടയും ചായയും കുടിച്ച് ദിനേശ്‌ ബീഡി പുകക്കുന്നവനൊക്കെ വല്ല തട്ടു കടയുടെയും കോലായില്‍ ഇരുന്നാ മതി. ത്രിഫാണ്ട്റത്തോട്ട് വച്ചു പിടിക്കേണ്ട. ‘ഇലക്ഷന്‍ വാച്ച് കേരള’ യുടെ പഠനമനുസരിച്ച് മുപ്പത്‌ യു ഡി എഫ് എമ്മെല്ലെ മാരും അഞ്ചു എല്‍ ഡി എഫ് എമ്മെല്ലെമാരുമാണ് ആ പാവം കോടീശ്വരന്മാര്‍. 45 കോടിയുടെ ആസ്തിയുമായി കുട്ടനാട്ടില്‍ നിന്നുള്ള എന്‍ സി പി സ്ഥാനാര്‍ഥി തോമസ്‌ ചാണ്ടിയാണ് മുന്നില്‍. ഏറ്റവും പിറകില്‍ സി പി എമ്മിന്റെ അബ്ദുല്‍ ഖാദറും നിയമസഭയിലെ എക്ലോതി നാരി ജയലക്ഷ്മിയും. ജയലക്ഷ്മി മാഡം കുറച്ച് കാലം ‘കനിമൊഴി’ക്ക് പഠിച്ചാല്‍ മാറ്റിയെടുക്കാന്‍ പറ്റുന്നതേയുള്ളൂ ഈ ദരിദ്ര വാസി പേരു ദോഷമൊക്കെ. പഠിക്കും; അല്ലാതെന്തു കാന്ഗ്രസ്? പാവം ആഡം സ്മിത്തിന്റെ ക്ഷേമരാഷ്ട്ര സിദ്ധാന്തവും (welfare state) കാള്‍ മാര്‍ക്സിന്റെ സോഷ്യലിസവും സമന്വയിപ്പിച്ച് ഇത്രേം കാലം നമ്മുടെ സാമ്പത്തികം നോക്കി നടത്തിയ തോമസ്‌ മാഷ്ടെ ‘സാമ്പത്തിക സ്ഥിതി’ ആകെ മൂന്ന് ലക്ഷം ഉലുവ! വല്ലാത്തൊരു ചെയ്ത്തായിപ്പോയി മാഷേ ഇത്. പറഞ്ഞു കേള്‍ക്കുമ്പോ 2 രൂപയുടെ അരി ആദ്യം അങ്ങയുടെ കുടുംബത്തിലോട്ടായിരുന്നു കൊണ്ട്‌ പോകേണ്ടിയിരുന്നത്. അങ്ങയോളം വരില്ല കേരളത്തിലെ ഒരു ദരിദ്ര നാരായണനും. കുഞ്ഞാലിക്കുട്ടിയുടെയും മറ്റു ലീഗ് മന്ത്രിമാരുടെയും അടുത്ത്‌ തേങ്ങാ മിഠായി വാങ്ങിക്കാനുള്ള കാശില്ലാത്തത് കൊണ്ടാണോന്നറിയില്ല സംഘടനയുടെ പഠനത്തില്‍ കാണുന്നില്ല. സ്വത്ത് വിവരം ലഭ്യമാക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം ലഭ്യമാക്കാമോ എന്ന് സംഘടനക്കാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും. ഇത്രയും കേമന്മാരും പാടത്തെ നോക്ക് കുത്തി പോലെ ഒരു തരുണീ മണിയും ഉള്ള നിയമസഭയ്ക്ക് ചേരുന്ന പേര് കോടീശ്വര സഭ എന്ന് തന്നെയാണ്.

ലാസ്റ്റ്‌ ബോള്‍: എന്‍ഡോ സള്‍ഫാനെതിരെ ആഞ്ഞടിച്ച വി ഡി സതീശനെ മന്ത്രി സഭയിലെടുക്കാഞ്ഞത് ദുരൂഹം എന്ന് ബി ജെ പി നേതാവ്‌ വി. മുരളീധരന്‍
പൊന്നുരുക്കുന്നിടത്ത് വി മുരളീധരന് മത്തിത്തല കിട്ടില്ല!

2 മറുമൊഴികള്‍:

This comment has been removed by a blog administrator.

Dear Bro,
I would like to appreciate you as you are very much concious about our own state and it's futuristic values.Anyhow we can only watch the play as it used to be a PLAY,but we can do PRAY for our state's potential expectations to fulfill.