Pages

Sunday 29 May, 2011

ക്രിക്കറ്റ്‌ വാഴും കാലം!

ccl


ഇന്ത്യാ മഹാരാജ്യത്തെ പറ്റി പണ്ടു പണ്ടേ നമ്മള്‍ ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണ് ‘നാനാത്വത്തില്‍ ഏകത്വം എന്നത്. രാജ്യത്തിന്‍റെ വിസ്ത്രുതിയുടെയും അതുള്‍ക്കൊള്ളുന്ന വ്യത്യസ്ഥ സംസ്കാരങ്ങളെയും കുറിച്ച് പരിശോധിച്ചാല്‍ ലോകത്ത്‌ ഇത്തരത്തില്‍ നില കൊള്ളുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണെന്ന് നമ്മള്‍ മനസ്സിലാക്കിയതുമാണ്. പലപ്പോഴും നമ്മള്‍ അഭിമാനത്തോടെയും വിദേശികള്‍ കൌതുകത്തോടെയും നോക്കിക്കണ്ടത് ഈയൊരു വ്യതിരിക്തതയാണ്. നൂറു കണക്കില്‍ ഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കപ്പെടുന്നു എന്നത് തന്നെ സംസ്കാര-സമൂഹങ്ങളുടെ വൈവിധ്യം ഇന്ത്യയില്‍ എത്രത്തോളമുണ്ടെന്നു വ്യക്തമാക്കി തരുന്നുണ്ട്. എന്നാല്‍ ഈ സാംസ്കാരിക വൈവിധ്യം നമ്മുടെ ദേശീയതയുമായി എത്രകണ്ട് സമരസപ്പെട്ടു പോകുന്നുവെന്നത് ഇപ്പോഴും പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളും ദേശ-ഭാഷാ-വംശീയ സംഘട്ടനങ്ങളും നാനാത്വത്തെയും ഏകത്വത്തെയും കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കതീതമായി ഉണ്ടായിട്ടുള്ളവയാണ്.
എന്നാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ നാം ഇന്ത്യക്കാര്‍ ഏക മനസ്കരാകുന്ന ചില മേഖലകള്‍ നമ്മുടെ രാജ്യ ശില്പികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തതായിരുന്നു. അല്ലെങ്കില്‍ ക്രിക്കറ്റ് ഒരു മതമെന്നത് പോലെ ഇന്ത്യക്കാരന്റെ ധമനികളില്‍ അലിഞ്ഞു ചേരുന്ന പ്രതിഭാസം ഉണ്ടായിത്തീരുമെന്നും മറ്റേതൊരു ദേശീയ പ്രതീകത്തെക്കാളും പ്രാധാന്യം അതിനുണ്ടാകുമെന്നും കുറച്ചു കാലം മുമ്പ് വരെ പ്രവചിക്കാന്‍ സാധിക്കത്തതായിരുന്നു. വര്‍ദ്ധിച്ച മാധ്യമ സ്വാധീനമാകാം ക്രിക്കറ്റിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്‌ എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും നമുക്ക്‌ ക്രിക്കറ്റ് എന്നത് ഒരു ദേശീയ വികാരത്തിന്റെ സൂചകമാണ്.
മാറിയ കാലഘട്ടത്തില്‍ കായികമേഖലയും കച്ചവടത്തിന് വിധേയമായത്‌ അതിന്റെ അനിവാര്യതയാണ്. ഒരളവോളം ഈ കച്ചവട താല്പര്യമാണ് അതിനെ മാര്‍ക്കറ്റ്‌ ചെയ്തു ഇങ്ങിനെ പോപ്പുലര്‍ ആക്കി നിര്‍ത്തുന്നതും. അത് കൊണ്ടു തന്നെ കളിക്കാരനാവുക എന്ന് പറഞ്ഞാല്‍ ഒരു കോര്‍പറേറ്റ്‌ മുതലാളിയോളം വളരുക എന്നാണിന്നിന്റെ അര്‍ത്ഥം. ഈയിടെ ഒരു കാര്‍ടൂണ്‍ കോളത്തില്‍ കണ്ടത്‌ പോലെ പുസ്തകവും പേനയുമെടുത്തു മര്യാദക്ക് പഠിക്കാനിരുന്ന മകനോട്‌ പോയി 2 ഇന്നിംഗ്സ് കളിച്ചേച്ച് വാടാ എന്ന് പറയുന്ന അച്ഛന്‍ പുതിയ കാലത്തിന്റെ പ്രായോഗികത അറിയുന്നവനാണ്. എന്തു തന്നെയായാലും ക്രിക്കറ്റിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അതൊന്നും അവരുടെ രസച്ചരട് ഇല്ലായ്മ ചെയ്യുന്ന ഒന്നല്ലെന്നു മാത്രമല്ല അതിന്റെ എരിവും ആവേശവും ഈ മാര്‍ക്കറ്റിങ്ങിലൂടെ വര്‍ധിച്ചിട്ടേയുള്ളു.
ലോകകപ്പും ചെന്നൈയുടെ രണ്ടാം ജയത്തോടെ ഐ പി എല്ലും കൊടിയിറങ്ങി. ഇനി എന്ത് എന്ന് കരുതി അന്തം വിട്ടു നില്‍ക്കുന്ന ആരാധകന്റെ മുമ്പിലേക്ക് കുത്തക സ്പോണ്സര്‍മാര്‍ വെച്ചു നീട്ടുന്ന വിഭവം പക്ഷെ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമികള്‍ എങ്ങിനെ സ്വീകരിക്കുമെന്ന് കണ്ടു തന്നെ അറിയണം. ജൂണ്‍ നാലിനു ആരംഭിക്കുന്ന സി സി എല്‍ (സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്) ഒരു പുതിയ തുടക്കമാണ്; ഒപ്പം പരീക്ഷണവും. താര നിശകളെക്കാളും അവാര്‍ഡ്‌ മാമാങ്കങ്ങളെക്കാളും പണം വാരിക്കൂട്ടാന്‍ ഒരു ക്രിക്കറ്റ്‌ ലീഗ് കൊണ്ട് കഴിയുമോന്നുള്ള പരീക്ഷണം. ആയിരക്കണക്കിന് ജനങ്ങളാണ് സന്നാഹ മല്‍സരം കാണാനെത്തിയത് എന്ന പോസിറ്റീവ് സൂചനകളും സംഘാടകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ക്രിക്കറ്റിനോളം അല്ലെങ്കില്‍ അതിനെക്കാളുമേരെ ജനപ്രിയമാണ് നമ്മുടെ നാട്ടില്‍ സിനിമ എന്നത്. ക്രിക്കറ്റ്‌ സീസണലാണെങ്കില്‍ സിനിമ എല്ലാ കാലത്തും ജനങ്ങളുടെ ഇഷ്ട വിഭവമാണ്. താരങ്ങളും താര സംഘടനകളും ഇത്ര മേല്‍ ‘പാഷന്‍’ ആയ ഒരു സമൂഹം ഹോളിവുഡില്‍ പോലും കാണുക പ്രയാസം. സ്വീകരണ മുറിയിലെ അല്മാരയിലും ഫേസ്ബുക്കിന്റെ ആല്‍ബങ്ങളിലും താരങ്ങളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രദര്‍ശിപ്പിച്ച് നിര്‍വൃതിയടയുന്നവര്‍ ഇങ്ങു കേരളക്കരയിലെ മുക്കുമൂലകളില്‍ പോലും ഇന്ന് സുലഭം. കേരളത്തെ പ്രത്യേകമെടുത്തു പറയാന്‍ കാരണം ഇത്തരം കാര്യങ്ങളില്‍ ഒരു പക്വത കാണിക്കുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍. അത് കൊണ്ട് തന്നെ ഫാന്‍സ്‌ അസോസിയേഷനും താരാരാധനയും നാം തമിഴന് തീറെഴുതിക്കൊടുത്ത് അവരെ പരിഹസിക്കുന്ന ഏര്‍പ്പാടിലായിരുന്നു ഈയടുത്ത കാലം വരെ. എന്നാല്‍ തമിഴന് നേരം വെളുക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങിയത് കാലത്തിന്റെ വികൃതിയാവാം. ഇപ്പോള്‍ നമ്മുടെ ഫേസ് ബുക്ക് പേജുകള്‍ കണ്ടു ചിരിക്കുന്നത് എം ജി ആറിനു സ്ക്രീനിലേക്ക് കത്തിയെറിഞ്ഞു കൊടുത്ത ആ പാവം തമിഴനാണ്.
ഇന്ത്യാക്കാരന്റെ ഈ രണ്ടു വീക്നെസ്സുകള്‍ (സിനിമയും ക്രിക്കറ്റും) എങ്ങനെ ഒരുമിച്ച് മുതലെടുക്കാം എന്നതാണ് ജൂണ്‍ 4-നോട് കൂടി തീരുമാനിക്കപ്പെടാന്‍ പോകുന്നത്. 100 കോടിയില്‍ പരം ജനങ്ങളുള്ളത് നമ്മളുടെ ഭാഗ്യം. കുറെ എണ്ണം അങ്ങിനെ പോയാലും കാണുമല്ലോ കുറച്ചെങ്കിലും കാര്യബോധമുള്ളവര്‍; അത്തരക്കാരെ കൊണ്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെങ്കിലും. ഏതായാലും ബോളിവുഡ് മാസില്മാനും സംഘവും തെന്നിന്ത്യന്‍ സിനിമാ ടീമുകളും (മലയാളം ഒഴികെ) തമ്മില്‍ കളിക്കുന്നിടത്ത് കവര്‍ ഡ്രൈവുകളും ഇന്‍ സ്വിങ്ങുകളും കാണില്ലെന്നുറപ്പ്. പകരം താരങ്ങളെ കാണാമല്ലോ. ആനന്ദലബ്ധിക്കിനിയെന്തു വേണം!

ലാസ്റ്റ്‌ ബോള്‍: സി സി എല്ലില്‍ പങ്കെടുക്കാന്‍ മലയാളം സിനിമാ ടീമിന് സ്പോണ്സര്‍മാരെ കിട്ടിയില്ലെന്നു വാര്‍ത്ത.
അവിടെ നടക്കുന്നത് സുമോ ഗുസ്തിയല്ലെന്നു സ്പോണ്സര്‍മാര്ക്കറിയാം. കുടവയറിനും സ്പോണ്സര്‍ഷിപ്പോ?

0 മറുമൊഴികള്‍: