Pages

Wednesday 18 January, 2012

നാടിനെ കരളുന്ന കരാറുകാര്‍

മുല്ലപ്പെരിയാര് അണക്കെട്ടൊക്കെ 999 വര്ഷത്തേക്ക് 'സുരക്ഷിതമാക്കി' നിര്ത്തി നമ്മളിപ്പോള് സംസാരിക്കുന്നത് പാകിസ്താന് രാഷ്ട്രീയത്തെക്കുറിച്ചാണ്. മുല്ലപെരിയാര് അണക്കെട്ട് പൊട്ടിയാലും ഇല്ലെങ്കിലും മുല്ലപ്പെരിയാറിലിനി സ്കൂപ്പിനു സ്കോപ്പില്ലെന്നു കണ്ടു നമ്മുടെ നേതാക്കന്മാരും മാധ്യമങ്ങളും മെല്ലെ അവിടെ നിന്നും 'സ്കൂട്ടാ'യിട്ടുണ്ട്. തലയുള്ളിടത്തോളം കാലം മൂക്കില് നിന്ന് വരുന്ന വെള്ളത്തിന്റെ കാര്യം നോക്കണമല്ലോ എന്നതു പോലെ ഇന്ത്യാക്കാരന് പാകിസ്താന് രാഷ്ട്രീയത്തെ അവഗണിക്കാന് സാധ്യവുമല്ല.
കാരണം പാക്കിസ്ഥാനിലെ രാഷ്ട്രീയം നാട്ടിലെ ജനതയേക്കാളുപരി നമ്മളിലാണ് സ്വാധീനം ചെലുത്തുന്നത്. സ്വാധീനം എന്ന് പറയുമ്പോള് തമിഴ്നാട്ടുകാരന് മലയാളിക്ക് തരുന്നത് പോലെ, പഴങ്ങളും പച്ചക്കറികളും പരുത്തിക്കുരുവും എന്ന് വേണ്ട ഉടുമുണ്ടിന്റെ ശീല വരെ പാകിസ്ഥാനിയുടെ പറമ്പില് നിന്നും ഇന്ത്യാക്കാരന്റെ ഉള്ളിലേക്കും ഉടലിന്മേലും വന്നു നിറയുന്ന തരത്തിലുള്ള സ്വാധീനം. ഒപ്പം ഉപ്പ് പാകത്തിന് എന്നത് പോലെ ഇതിന്റെയൊക്കെ കൂടെ തീവ്രവാദവും അവര് കയറ്റി അയക്കാറുണ്ടെന്നു മാത്രം!

പാകിസ്ഥാനെ സംബന്ധിച്ചേടത്തോളം തീവ്രവാദം ഒരു ശീലമാണ്. അത് ശീലമല്ല കലയാണെന്ന് അഭിപ്രായമുള്ളവര്‍ വരെ പാകിസ്ഥാനിലുണ്ട്. അത് കൊണ്ട് തന്നെ അവിടെ സര്‍ക്കാരുകള്‍ മാറി മാറി വന്നത് കൊണ്ടൊന്നും കാശ്മീരില്‍ ബോംബ്‌ പൊട്ടാതിരിക്കില്ല. ഈ 'കലാവൈഭവം' കുറവുള്ള നേതാക്കന്മാരുടെ കാലത്ത് അതിനിത്തിരി കുറവുണ്ടാകുമെന്ന് മാത്രം. നമ്മുടെ നാട്ടില്‍ പി. എസ്. സി. ടെസ്റ്റിനു പോകുന്നത് പോലെയാണത്രെ അവിടെ ജിഹാദി ഗ്രൂപ്പുകളിലേക്ക് ചേരാന്‍ യുവാക്കള്‍ വീട് വിട്ടിറങ്ങുന്നത്. ആര്‍ഭാടത്തോടെ അടിച്ചു പൊളിക്കാന്‍ പിച്ചാത്തിയെടുക്കുന്ന നമ്മുടെ ക്വട്ടേഷന്‍ സംഘങ്ങളേക്കാള് എത്രയോ ഭേദമാണ് അരവയറിന്റെ സമൃദ്ധി കാണാന്‍ കലാഷ്നിക്കോവെടുക്കുന്ന പാക് യുവാവ്. ലോകത്തെവിടെയും എന്നത് പോലെ ദാരിദ്ര്യവും അനീതിയും അസമത്വവും ഒക്കെ തന്നെയാണ് അവിടെയും തീവ്രവാദത്തിന്റെ റോ മെറ്റീരിയല്സ്.

നീറോ ചക്രവര്‍ത്തിയുടെ വീണ വായന പോലെയാണ് പാക് നേതാക്കന്മാരുടെ ഭരണ കാര്യം. വിഷുത്തലേന്നു പടക്കങ്ങള്‍ പൊട്ടുന്നത് പോലെയാണ് ദിനം പ്രതിയുള്ള പാകിസ്ഥാനിലെ സ്ഫോടനങ്ങള്. എന്നാല്‍ അതിലൊന്നും ഗവണ്മെന്റിനു തെല്ലും അന്വേഷണ താല്പര്യമോ നിയന്ത്രണങ്ങളോ ഇല്ലെന്നുള്ളത് പാകിസ്ഥാന്റെ കാര്യത്തില്‍ ഒരത്ഭുതമേയല്ല. പോരാത്തതിന് നമ്മുടെ രാഷ്ട്രീയക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റുന്നത് പോലെ ചൊല്ലും ചെലവും കൊടുത്തു തീവ്രവാദികളെ പോറ്റുന്നതും പാക്കിസ്ഥാനിലെ രാഷ്ട്രീയക്കാര്‍ തന്നെയാണ്.

പേരിനു ജനാധിപത്യവും തെരഞ്ഞെടുപ്പും എല്ലാമുണ്ടെങ്കിലും ആര് എപ്പോള്‍ പ്രധാനമന്ത്രിയും പ്രസിണ്ടുമാകുമെന്നൊന്നും പാക്കിസ്ഥാന്റെ കാര്യത്തില്‍ പ്രവചിക്കുക സാധ്യമല്ല. കൂലിക്ക് വിളിക്കുന്ന കരാറുകാരനെ പോലെയാണ് അവിടുത്തെ ഭരണ കര്‍ത്താക്കള്‍. പ്രധാനമന്ത്രിയോ പ്രസിഡണ്ടോ ആകുന്നതിനു മിനുട്ടുകള്‍ക്കു മുമ്പ് മാത്രം അവിടെ പറന്നിറങ്ങുകയും ആ സ്ഥാനങ്ങള്‍ ഒഴിഞ്ഞാല്‍ (ഒഴിപ്പിച്ചാല്‍ എന്ന് കൂടി വായിക്കാം) ഒരു നിമിഷം പോലും പാഴാക്കാതെ ദുബായിലെക്കോ ലണ്ടനിലെക്കോ വച്ചു പിടിക്കുകയും ചെയ്യുക എന്നതാണ് കീഴ്വഴക്കം. പിന്നീട് അടുത്ത 'കരാറു പണി' വരുന്നത് വരെ അവിടെ കാലു കുത്തിപ്പോകരുതെന്നാണ് ചട്ടം. ചട്ടങ്ങള്‍ ലംഘിക്കുന്നവരെ പരലോകത്തേക്കു നാടു കടത്തുക എന്നതും ഒരു കീഴ്വഴക്കമാണ്.

ഇപ്പോഴത്തെ കരാറുകാരായ ആസിഫ് അലി സര്ദാരിയും തോഴന് ഗീലാനിയും പിന്നെ ജുഡീഷ്യറിയാകുന്ന കാര്ണോരും ഒക്കെ ചേര്ന്ന് നാട്ടില്‍ ടോം ആന്റ് ജെറി കളിക്കുകയാണ്. സ്വന്തം നിഴലിനെ പോലും പേടിക്കുന്നൊരു പ്രസിഡണ്ടാണ് സര്ദാരിയെന്നത് പാകിസ്ഥാനിലിന്നൊരു പഴഞ്ചൊല്ലാണ്. വല്ലാതെ പേടി തോന്നുമ്പോഴൊക്കെ ദുബായിലോട്ടു പറക്കും. പേടിയുടെ കാഠിന്യം കൊണ്ട് ബൈപ്പാസ് സര്‍ജറി രണ്ടെണ്ണം വേണ്ടി വന്നു. ഇനിയും പേടിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യാതിരിക്കലേ ഇതിനൊരു പരിഹാരമുള്ളൂ. അതിനാണ് ഗീലാനി കൊണ്ട് പിടിച്ചു ശ്രമിക്കുന്നതും. കാര്യം ഭൂട്ടോയുടെ കെട്ടിയോന്‍ എന്ന അഡ്രസ്സ് മാത്രമേ പാകിസ്ഥാനകത്ത് പുള്ളിക്കാരനുള്ളൂവെങ്കിലും പുറം രാജ്യങ്ങളിലൊക്കെ അത്യാവശ്യം മോശമില്ലാത്ത ചീത്തപ്പേരുള്ളതിനാല്‍ പിടിച്ചു നില്‍ക്കുന്നു എന്ന് മാത്രം! ആകെ അറിയാവുന്ന കുലത്തൊഴില്‍ അഴിമതി മാത്രമാണ്. അത് കൊണ്ട് തന്നെ പോയ രാജ്യങ്ങളിലൊക്കെ അതിന്റെ പേരില്‍ കേസുമുണ്ട്. അത് നോക്കി നടത്തലാണ് പാക് സര്‍ക്കാരിന്റെ ഭരണം എന്ന് പറയുന്നത് തന്നെ. ഭരണ കൂടത്തിന്റെ മിടുക്ക് കൊണ്ട് എന്നതിലുപരി പടച്ച തമ്പുരാന്റെ ഖുദ്റത്ത് കൊണ്ട് നടന്നു പോകുന്ന ഒരു രാജ്യമാണതെന്ന് പാകിസ്താനി സുഹൃത്ത് നദീമിന്റെ കമന്റ്. അതാണ്‌ യാഥാര്‍ത്ഥ്യവും!

ലോക രാഷ്ട്രീയമെന്നത് ഒരു സര്‍ക്കസ്സു കളിയാണ്. ട്രപ്പീസു കളിയും ചാടിപ്പിടിക്കലും പിടിവിട്ടു താഴോട്ടു പോകലും എല്ലാം നിറഞ്ഞ ഒരു മഹാ സര്‍ക്കസ്. അതിലെ കോമാളിയുടെ വേഷമാണ് പാകിസ്ഥാന്. അവിടെ ആര്‍ക്കും കയറിച്ചെന്നു തോന്നുന്നവരെയൊക്കെ വക വരുത്താം, അവരുടെ പട്ടാളത്തെ പോലും കാരണമില്ലാതെ കൊന്നൊടുക്കാം. കയ്യില്‍ ബോംബും തോക്കും കൊടുത്ത് പരസ്പരം കൊന്നു കളിക്കാന്‍ ആവശ്യപ്പെടാം. അവസാനം കൊന്നു കളിച്ചവന്റെ നെറ്റിയില്‍ ഭീകരവാദി സ്റ്റാമ്പ് പതിച്ചു കഴുത്തില്‍ കയറിട്ടു തൂക്കിക്കൊല്ലാം. എല്ലാത്തിനും കൂട്ട് നില്‍ക്കുന്ന സര്‍ക്കാരിനെ ആ പാവങ്ങള്‍ തന്നെ തെരഞ്ഞെടുത്തയച്ചു തരികയും ചെയ്യും. അറിവില്ലായ്മയുടെ നിഷ്കളങ്കത പേറുന്ന ഒരു ജനതയെ എങ്ങിനെ ചൂഷണം ചെയ്യാമെന്നുള്ളതിനു പാകിസ്ഥാനോളം നല്ലൊരുദാഹരണം ഭൂമിയില്‍ വേറെയില്ല. ഒപ്പം ഭരണ വ്യവസ്ഥിതി ഇസ്ലാമികമായത് കൊണ്ട് മാത്രം നാട് നന്നാവില്ലെന്ന് അത്തരമൊരു മാറ്റത്തെ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്കുള്ള ഒരുത്തമ പാഠവും കൂടിയാണ് പാകിസ്ഥാന്‍. മാറേണ്ടത് വ്യവസ്ഥിതിയല്ല; മനസ്ഥിതിയാണ്.


ലാസ്റ്റ് ബോള്‍: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും- മുഷറഫ്.

പുതിയ കരാറുകാര്‍ വരവായി. ആരവിടെ! നാല് ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തി അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ..

3 മറുമൊഴികള്‍:

നന്നായിരിക്കുന്നു..

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

“ലോകത്തെവിടെയും എന്നത് പോലെ ദാരിദ്ര്യവും അനീതിയും അസമത്വവും ഒക്കെ തന്നെയാണ് അവിടെയും തീവ്രവാദത്തിന്റെ റോ മെറ്റീരിയല്സ്.“

ആശംസകൾ!

നന്നായിരിക്കുന്നു...
കൂടുതല്‍ എഴുതുക...
ആശംസകളോടെ...