Pages

Wednesday 25 July, 2012

ഉമറിന്റെ ജീവിതം സീരിയലാകുമ്പോള്‍

ഒരുത്തിയെ പ്രേമിച്ചു മറ്റൊരുത്തിയെ കല്യാണം കഴിച്ചു ജീവിക്കുന്നതിനിടയില്‍ വേറൊരുത്തിയെ പിഴപ്പിച്ചു കുഞ്ഞുണ്ടാക്കുന്ന മീശനായകന്മാരുടെ മഴുമോന്തയുടെ ക്ലോസ്-അപ്പ് ഷോട്ടുകളും തോരാത്ത കണ്ണീരിന്റെ പ്രവാഹവുമാണ് നമ്മളെ സംബന്ധിച്ചേടത്തോളം സീരിയല്‍ എന്നത്. അത്തരമൊരു സീരിയലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു പൈങ്കിളിയുടെ ബ്ലോഗ്‌ അംബാസിഡറായി ആളെക്കൂട്ടാന്‍ എനിക്കുദ്ദേശമില്ല.

ചരിത്ര പുരുഷന്മാരെക്കുറിച്ചുള്ള സിനിമകളും സീരിയലുകളും ലോക ടെലിവിഷന്‍-സിനിമാ ചരിത്രത്തില് പുതുമയുള്ള കാര്യമല്ല. പക്ഷെ അതിശയോക്തികളും അമാനുഷികതകളും നിറഞ്ഞ ഒരു ദൃശ്യവിസ്മയം എന്നതില്‍ ‍ കവിഞ്ഞ് യഥാര്‍ത്ഥ ചരിത്രവുമായി അവയില്‍ പലതിനും പുലബന്ധം പോലും കാണാറില്ല എന്നതാണ്  വാസ്തവം. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് MBC1 എന്ന മിഡില്‍ ഈസ്റ്റ്‌ ചാനലിന്റെ പുതിയ റമദാന്‍ പരമ്പരയായ 'ഉമര്‍'എന്ന് അതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇസ്ലാമിക ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വമാണ് മഹാനായ ഉമര്‍ (റ) വിന്റെത്‌. ജാഹിലിയ്യാ കാലത്തെ പരുക്കനും അക്ഷരാര്‍ത്ഥത്തില്‍ ശിലാ ഹൃദയനുമായിരുന്ന ഒരു അറബ് യുവാവില്‍ നിന്നും ലോകമറിയുന്ന നീതിയുടെ പര്യായമായ ഉമറി(റ) ലേക്കുള്ള ദൂരം കേവലം ഒരു ഒരു പരമ്പരയില്‍ ഒതുക്കാവുന്നതല്ല. അങ്ങിനെയൊരു അവകാശ വാദം സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമില്ല. എങ്കിലും സത്യവും ധര്‍മവും നീതിയും കലര്‍പ്പില്ലാത്ത സ്നേഹവും സമ്മേളിച്ച ധീരനായ ഒരു പോരാളിയുടെ, ഭരണാധികാരിയുടെ, വിധികര്ത്താവിന്റെ ജീവിതാഖ്യാനത്തിലെ ഓരോ ഏടുകളും ഏറെ വിലപ്പെട്ടതാണ്. അവയെ പൊതു ജനങ്ങളിലേക്കെത്തിക്കുവാന്‍ ഇത്തരം മാധ്യമങ്ങളിലൂടെ സാധിക്കും. അതിനായുള്ള പരിശ്രമത്തിന്റെ ഭാഗമാണീ പരമ്പര എന്നാണ് സീരിയല്‍ നിര്‍മാതാക്കളുടെ പക്ഷം.

അറേബ്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ ഈ പരമ്പര മുപ്പത്തിയൊന്നു എപ്പിസോഡുകളായാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യന്‍ ടെലികാസ്റ്റ് കമ്പനിയായ മിഡില് ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് സെന്ററും (MBC) ഖത്തര്‍ ടെലിവിഷനും സംയുക്തമായാണ് ഈ ബ്രഹ്മാണ്ഡ സീരിയല്‍ നിര്‍മിച്ചിരിക്കുന്നത്. 10 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തോളം അഭിനേതാക്കളും നൂറു കണക്കിന് അണിയറ പ്രവര്‍ത്തകരും ഹോളിവുഡ് സിനിമകളിലെയടക്കം (അവതാര്‍, അലക്സാണ്ടര്‍) സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്താല്‍ ചിത്രീകരിച്ച യുദ്ധ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമായ പരമ്പര ഏകദേശം ഒരു വര്‍ഷമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചരിത്രത്തില്‍ പ്രതിപാദിച്ച രീതിയില്‍ ആനയെ ഉപയോഗിച്ചുള്ള യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചതാവട്ടെ ഇന്ത്യയില്‍ വെച്ചും. എല്ലാം കൂടി ചെ‍ലവായ തുകയായി നിര്‍മാതാക്കള്‍ പുറത്തു വിട്ടിട്ടുള്ളത് 50 മില്ല്യണ് ഡോളര്‍ (ഏകദേശം 280 കോടി രൂപ) മാത്രം!
 പരമ്പരയില്‍ നിന്നുള്ള ഒരു രംഗം
അറേബ്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഒരു വിസ്മയമായി മാറിക്കഴിഞ്ഞ പരമ്പര പക്ഷെ, വിവാദങ്ങള്‍ കൊണ്ട് കൂടി ശ്രദ്ധേയമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ദിനേന മുമ്പോട്ടു വന്നു കൊണ്ടിരിക്കുന്നത്. വിമര്‍ശകന്മാരുടെ പ്രധാന വാദമാകട്ടെ ന്യായമാണ് താനും. ബിംബാരാധനയെയും, വീരാരാധനയെയും ഹീറോ സങ്കല്പങ്ങളെയും പാടെ നിരാകരിക്കുന്ന ഇസ്ലാം, പ്രവാചകന്റെയും അവിടുത്തെ അനുയായികളുടെയും രൂപങ്ങള്‍ വരച്ചുണ്ടാക്കുന്നത് പോലും വിലക്കിയിട്ടുണ്ട് എന്നിരിക്കെ പ്രവാചകന്റെ അടുത്ത അനുയായിയും രണ്ടാം ഖലീഫ (ഭരണാധികാരി) യുമായ ഉമറിനെ ചിത്രീകരിക്കുന്നത് വിശ്വാസ വ്യതിയാനങ്ങളിലേക്കുള്ള ഒരു വഴിയായി മാത്രമേ കാണാനാവൂ എന്നാണ് അവരുടെ പക്ഷം. മൈക്കല്‍ ആന്ജലോവിന്റെ സങ്കല്പത്തില്‍ വിരിഞ്ഞ ഒരു രൂപം യേശു ക്രിസ്തുവിന്റെ ഒറിജിനല്‍ രൂപമായി ക്രിസ്തുമത വിശ്വാസികള്‍ തെറ്റിദ്ദരിച്ചതിനു സമാനമാകും ഇത്തരം ചിത്രീകരണങ്ങളുടെ അനന്തര ഫലമെന്നും അത് പിന്നീട് ബിംബാരാധനയിലേക്കും വ്യക്തി പൂജയിലേക്കും വഴുതി മാറി സമൂഹം അധ:പ്പതിക്കാന്‍ കാരണമാകുമെന്നും വിമര്‍ശകന്മാര്‍ ഭയപ്പെടുന്നുവെങ്കില്‍ അവരെ കുറ്റം പറയാനൊക്കില്ല. കാരണം മനുഷ്യന്റെ വിശ്വാസ ചരിത്രത്തില്‍ ഇത്തരം വഴുതി മാറലുകള്‍ക്ക് എമ്പാടും ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. പക്ഷെ ഉമറിന്റെ കഥാപാത്രത്തിന്‍റെ മുഖം കൃത്യമായി പ്രദര്‍ശിപ്പിക്കാതെ (ലിബിയന്‍ പോരാളിയായിരുന്ന ഉമര്‍ മുഖ്താറിന്റെ സിനിമയിലേതു പോലെ) യുള്ള ചിത്രീകരണമാണ് നടത്തിയിട്ടുള്ളതെന്നും ഈ പരമ്പരയില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ള ചരിത്ര സംഭവങ്ങള്‍ ഇസ്ലാമിക ലോകത്തെ മൂന്നു പ്രമുഖ പണ്ഡിത സഭകള്‍ (സൗദി, ഈജിപ്ത്, ഖത്തര്‍) പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടെന്നുമാണ് 'ഉമര്‍' പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പ്രാര്‍ഥനകളും ആരാധനകളുമായി കഴിച്ചു കൂട്ടേണ്ട റമദാനിന്റെ പുണ്യ രാവുകളില്‍ ജനങ്ങളെ ടെലിവിഷനുകള്‍ക്ക് മുമ്പില്‍ തളച്ചിടുന്നതിലെ ഔചിത്യബോധത്തിനു പക്ഷെ അവര്‍ക്ക് മറുപടിയുമില്ല. എന്തായാലും തുര്‍ക്കി തൊപ്പിയും തലയില്‍ വെച്ചു, മെയ്ക് അപ്മാന്‍റെ കരവിരുതില്‍ വിരിയുന്ന നിക്സാരത്തഴമ്പുമായി നമ്മളെ 'ദീനില്‍ കൂട്ടാന്‍' വരുന്ന ചാനലുകളിലെ സിനിമാ മൊല്ലമാരുടെ വാചകക്കസര്‍ത്തുകളെക്കാള്‍ ഭേദം ഇത്തരം പരമ്പരകള്‍ തന്നെയാണ്.

ലാസ്റ്റ് ബോള്‍: പരമ്പരയെ അനുകൂലിച്ച് യൂസുഫുല്‍ ഖറദാവിയുടെ പ്രസ്താവനയുണ്ടെന്നു 'ഉമറി'ന്‍റെ  നിര്‍മാതാക്കള്‍.
ജമാഅത്തുകാര്‍ക്ക് പരമ്പരയുടെ സി. ഡിയിറക്കാന്‍ സ്കോപ്പായി.