Pages

Sunday 1 July, 2012

കൊന്നവര്‍ പാവങ്ങളാണ്

http://shamsiswanam.com
ചോരയും വിപ്ലവവുമൊക്കെ പറയുമെങ്കിലും സി. പി. എമ്മുകാര്‍ പാവങ്ങളാണ്. വായില്‍ വിരലിട്ടാല്‍ പോലും ഐസ് മിഠായിയാണെന്നു കരുതി ഈമ്പിക്കളിക്കുന്ന കൂട്ടര്‍. അവരെയാണ് ഏതോ കുലംകുത്തിയെ കൊന്നെന്നും‍ പറഞ്ഞു പോലീസുകാര്‍ ഇങ്ങിനെ ഓടിച്ചിട്ടു പിടിക്കുന്നത്. പാര്‍ട്ടി നിഘണ്ടു അനുസരിച്ച് ഇസ്പേഡ് ഏഴാംകൂലി, കള്ളിയില്‍ കൊള്ളി വെക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാമാണ് കുലംകുത്തി എന്നു പ്രയോഗിച്ചു വരുന്നത്. മാര്‍ക്സിസ്റ്റു പാര്‍ട്ടി ആളെക്കൊല്ലുന്ന പാര്‍ട്ടിയല്ല. കുലം കുത്തികളെ‍ ആള്‍ക്കാരുടെ കൂട്ടത്തില്‍ പെടുത്തില്ല. അതാണ്‌ പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു പറഞ്ഞത്. കുലംകുത്തി കുലം കുത്തി തന്നെ! (മനുഷ്യനേ അല്ലെന്നു അരിയാഹാരമെല്ലാത്തതെല്ലാം ഭക്ഷിക്കുന്നവര്‍ക്ക് വായിക്കാം). ഇനി ഏതെങ്കിലും വിധത്തില്‍ കുലം കുത്തി മനുഷ്യനാണെന്നു തെളിയിച്ചാല്‍ തന്നെ കൊന്നത് പാര്ട്ടിയല്ല. സംസ്ഥാന നേതാക്കള്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പോലും പാര്‍ട്ടിക്കതില്‍ യാതൊരു പങ്കുമില്ല. പ്രതികളല്ലാത്തവരെ പിടിക്കാന്‍ പരിശീലനം നല്കപ്പെട്ടവരാണ് നമ്മുടെ പൊലീസുകാരെന്നു ആര്‍ക്കാണറിഞ്ഞു കൂടാത്തത്. വേണമെങ്കില്‍ കോടിയേരിയോടു ചോദിച്ചു നോക്കാം. അദ്ദേഹമായിരുന്നല്ലോ പരിശീലിപ്പിച്ച ആശാന്‍. പാര്‍ട്ടി ചെയ്തതാവണമെങ്കില് അങ്ങു പ്രകാശ് കാരാട്ട് മുതല്‍ ഇങ്ങു സാദാ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാര്‍ വരെയുള്ളവര്‍ ദിനേശ് ബീഡിയുടെയും കട്ടന്‍ ചായയുടെയും ബലത്തില്‍ പകലന്തിയോളം ചര്‍ച്ച ചെയ്തു തീരുമാനിച്ചുറപ്പിച്ചതാവണം. അല്ലെങ്കിലും പാര്‍ട്ടി ഒരാളെ തട്ടുന്നുണ്ടെങ്കില്‍ നമ്പറിട്ടാണ് തട്ടുക. വണ്‍, ടൂ, ത്രീ, ഫോര്‍.. എന്നിങ്ങനെ. ടി. പി ചന്ദ്ര ശേഖരന് അങ്ങിനെ വല്ല നമ്പറും ഉണ്ടായിരുന്നതായി ഇതു വരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്ത് തെളിവാണ് പാര്‍ട്ടിക്കെതിരെ പോലീസിനു ഉന്നയിക്കാനുള്ളതെന്നാണ് മനസ്സിലാവാത്തത്.


പ്രതിസന്ധികളും പാര്‍ട്ടിയും കൂടപ്പിറപ്പുകളാണ്. പ്രതിസന്ധിയില്ലാതെ പാര്‍ട്ടിക്കും പാര്ട്ടിയില്ലാതെ പ്രതിസന്ധിക്കും മുമ്പോട്ട്‌ പോകാനാവില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടിയ കാലത്ത് സ്വാതന്ത്ര്യം കിട്ടിയോ എന്നതായിരുന്നു പ്രതിസന്ധിയെങ്കില്‍ കുറച്ചിങ്ങോട്ടു കഴിഞ്ഞപ്പോള്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നോ എന്നതായി മാറി. അതിനു ശേഷം ഇന്ത്യാ ചൈനാ യുദ്ധത്തില്‍ ആരുടെ പക്ഷത്തു നില്‍ക്കും എന്നതായിരുന്നു പ്രതിസന്ധി. പിന്നീടിങ്ങോട്ട്‌ പല തരത്തിലുള്ള പ്രതിസന്ധികളുടെ പൂരമായിരുന്നു. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എന്നറിയില്ല എല്ലാ പ്രതിസന്ധികളുടെയും ഒരറ്റത്ത് അച്ചു മാമന്‍ ഉണ്ടാവാറുണ്ട് എപ്പോഴും. പാര്‍ട്ടിക്ക് എന്നതാ ഒക്കെ ആയാലും അച്ചു മാമന്‍ പൂച്ചയെപ്പോലെയാണ്. വീണാലും ചാടിയാലും പതിനാലു കാലിലായിരിക്കും.  

പുതിയ പ്രതിസന്ധിയായി ഉയര്‍ന്നു വന്നിരിക്കുന്നത് ടി. പി ചന്ദ്ര ശേഖരന്റെ കൊലപാതകമാണ്. ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത് കൊണ്ട് ടി. പി കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ തല്‍ക്കാലം തര്‍ക്കമില്ല. ആര് കൊന്നു എന്ന കാര്യത്തിലാണിപ്പോഴത്തെ പ്രതിസന്ധി. പാര്‍ട്ടിയാണ് കൊലയ്ക്കു പിന്നില്‍ എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും എന്നാണു അച്ചു സഖാവിന്റെ വാദം. വിജയന്‍ സഖാവിന്റെ വാദമാകട്ടെ നല്ല അരി തിന്നാല്‍ പാര്ട്ടിയല്ലെന്ന് സംശയമേ ഉണ്ടാകില്ല എന്നാണ്. മനസ്സിലായിട്ടുണ്ട് എന്നല്ല മനസ്സിലാകും എന്നാണു അച്ചു സഖാവ് പറഞ്ഞിട്ടുള്ളത്. ആണ്‍കുട്ടിയാണ് നല്ലത്, പെണ്ണായിക്കൂടെന്നുമില്ല എന്ന് പറയുന്ന ജ്യോത്സ്യന്മാരുടെ മിടുക്കാണത്. ചുരുക്കത്തില്‍ കഴിക്കുന്ന അന്നം നല്ലതാണോ ചീത്തയാണോ എന്നതാണ് കൊലയാളികളെ തീരുമാനിക്കാനുള്ള മാനദണ്ഡം. ദയവു ചെയ്തു പിണറായി സഖാവ് പറഞ്ഞ 'നല്ല അരി' കേരള പോലീസിന് എത്തിക്കാനുള്ള ഏര്‍പ്പാട് ഉടനടി ഉണ്ടാക്കണം. അങ്ങിനെയെങ്കിലും പാവം സി. പി. എമ്മുകാര്‍ ഗോതമ്പുണ്ട തിന്നുന്നതില്‍ നിന്നും രക്ഷപ്പെടട്ടെ!

സി. പി എം നേതാക്കന്മാര്‍ ആനകളെപ്പോലെ മദപ്പാട് വന്നു നടക്കുന്നവരാണെന്നു പറഞ്ഞത് കൊല്ലപ്പെട്ട ടി. പി യാണ്. ആര്‍. എം. പിക്കാരനായ ഒന്ജിയത്തെ ജയരാജനെ പട്ടാപ്പകല്‍ സി. പി. എമ്മുകാര്‍ വെട്ടി പഞ്ഞിക്കിട്ടപ്പോഴാണ് ടി. പി അതു പറഞ്ഞത്. മദപ്പാട് കാലത്ത് ആനകള്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നു പറയുക സാധ്യമല്ല. മദപ്പാട് കഴിഞ്ഞാല്‍ ആനകളെപ്പോലെ തന്നെ മനുഷ്യന്മാര്‍ക്കും സുഖ ചികിത്സ വേണം. അതു കൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുന്ന സി. പി എം നേതാക്കന്മാരെല്ലാം 'സുഖമില്ലാത്ത'വരായി പോകുന്നത്. കുഞ്ഞനന്തന്‍ സുഖ ചികിത്സയ്ക്ക് പോയത് പര്‍ദയിട്ടു കൊണ്ടാണ്. അതും ചികിത്സയുടെ ഒരു ഭാഗമാണ്. നേതാവല്ലാത്തത് കൊണ്ടാവാം പാവം കൊടി സുനിക്കും കൂട്ടര്‍ക്കും ഏതോ കുന്നിന്മേല്‍ ഷെഡ്‌ കെട്ടിയുള്ള സുഖ ചികിത്സയാണ് വിധിച്ചത്. ചികിത്സയുടെ 'സുഖ'ത്തില്‍ മദപ്പാട് കാലത്തെ പല കാര്യങ്ങളും മറന്നു പോകാം. അതിനുള്ള 'മറുമരുന്ന്' പോലീസിന്റെ കയ്യിലുണ്ട്. അത് കിട്ടിയാല്‍ കൊച്ചുന്നാളില്‍ മുള്ളാനിരുന്നപ്പോ ആലോചിച്ചു കൂട്ടിയത് പോലും ഓര്‍മയില്‍ വരും.

വാഹന മോഷണക്കേസ് പ്രതികളെ പിടിക്കുന്നത് പോലെ നടു റോഡില്‍ കുറുകെ വണ്ടി തടഞ്ഞു നിര്‍ത്തിയാണ് പാവം മോഹനന്‍ മാഷെ തിരുവന്ജൂരിന്റെ തിരുപാടില്ലാത്ത പോലീസുകാര്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. മോഹനന്‍ മാഷൊരു മാഷാണെന്നത് ഏമാന്മാര്‍ മറന്നു. പ്യൂണ്‍ വശം ഒരു കുറിപ്പ് കൊടുത്തു വിട്ടാല്‍ പോലും ഹെഡ് മാഷിന്റെ മുറിയില്‍ ഭവ്യതയോടെ ഹാജരാവാറുള്ള മോഹനന്‍ മാഷെ ഇങ്ങിനെ അറസ്റ്റു ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഒരു കുറിപ്പടി എഴുതി അയച്ചു വിളിപ്പിക്കാനേ ഉണ്ടായിരുന്നുള്ളൂ പോലീസിന്. വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലാനേ പാടുള്ളൂ. അറസ്റ്റു ചെയ്യാന്‍ പാടില്ല. അതു കാടത്തമാണ്. കുഞ്ഞനന്തന്‍ വിളിച്ചു കൊല്ലട്ടേ എന്ന് ചോദിച്ചു. ശരിയാണ് മാഷ് അതെ എന്ന് ഉത്തരം പറഞ്ഞും കാണും. കുഞ്ഞനന്തനായത് കൊണ്ട് കൊതുകിനെ കൊല്ലട്ടേ എന്നാവും ചോദിച്ചിട്ടുണ്ടാവുക. തലശ്ശേരിയില്‍ പാര്‍ട്ടി നേതൃത്വത്തില് കൊതുക് നിര്‍മാര്‍ജ്ജനം നടത്തുന്നത് അറിയാത്തവരാണോ നമ്മുടെ പോലീസുകാര്‍. കഷ്ടം തന്നെ!‍ ‘കൊല’ത്തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരും തൊഴിലാളികളാണെന്നും അവര്‍ക്ക് വേണ്ടി കൂടിയാണ് ഈ പാര്‍ട്ടി നിലനില്‍ക്കുന്നതെന്നും വലതു പക്ഷ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഇനിയെന്നാണ് മനസ്സിലാക്കുക?

ലാസ്റ്റ് ബോള്‍: ടി. പി ചന്ദ്രശേഖരന്റെ ജീവിതം സിനിമയാക്കുന്നു- വാര്‍ത്ത.
ഒരഞ്ചു വര്ഷം കൂടി കാത്തു നിന്നാല്‍ ഒറിജിനല്‍ വില്ലന്‍ കഥാപാത്രങ്ങളെ വെച്ചു തന്നെ അഭിനയിപ്പിക്കാം. പ്ലീസ് വെയിറ്റ്!