Pages

Friday, 26 October, 2012

ഓര്‍മയുടെ ഈദിന്‍ വിളി..

അതെ, ഓര്‍മയുടെ ആഘോഷ ദിനമാണ് പെരുന്നാളുകള്‍. തിന്മയുടെയും സ്വാര്‍ഥതയുടെയും കയങ്ങളില്‍ വീണു പോയവരെ നന്മയുടെ സുന്ദര തീരങ്ങലിലേക്ക്, അതിന്‍റെ നനുത്ത ഓര്‍മകളിലേക്ക് നയിക്കുന്ന സുദിനങ്ങളാണ് ഈദിന്റെ പകലുകള്‍. ഒരിക്കല്‍ കൂടി പെരുന്നാള്‍ സമാഗതമാവുന്നു. യുഗങ്ങള്‍ നീണ്ട മരുമണല്‍ക്കാറ്റ്‌ മറമാടിയ സത്യദൈവ തിരുഗേഹത്തെ മാനവ കുലത്തിനു സമര്‍പ്പിച്ച ആദര്‍ശ പിതാവ്‌ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട്. സത്യവിശ്വാസികള്‍ക്ക് ആനന്ദത്തിന്റെയും അതിലുപരി ഭക്തിയുടെയും ഒരായിരം ഓര്മ വിളക്കുകളുമായി..

നാഥന്‍റെ വിളിക്കുത്തരമേകിക്കൊണ്ട് ജനലക്ഷങ്ങള്‍ അങ്ങകലെ അറഫാ മൈതാനിയില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു, തങ്ങളെത്തന്നെ നാഥന് സമര്‍പ്പിച്ചു കൊണ്ട്. അതു കൊണ്ടായിരിക്കണം ജീവിതത്തിന്റെ വിട പറയല്‍ ഹജ്ജോടെയായിരിക്കണേയെന്ന് അധിക പേരും ആശിച്ചു പോകുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ പുണ്യ പ്രവാചകന്‍ തന്‍റെ അനുയായി വൃന്ദത്തെ മുഴുവന്‍ കണ്കുളിര്‍ക്കെ കണ്ടത്‌, ഇതു പോലൊരു അറഫാ ദിനത്തിലായിരുന്നു. അതിന്‍റെ ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ ഇന്നും അറഫയുടെ മണ്‍തരികളെ കുളിര്‍മഴ പെയ്യിക്കുന്നുണ്ടാവണം. ഹാജിമാര്‍ ഇബ്രാഹീമി കുടുംബത്തിന്റെ ഓര്‍മകളില്‍, ഹജ്ജിന്റെ ഭക്തിയില്‍ ലയിക്കുമ്പോള്‍ സ്വദേശങ്ങളില്‍ ഉറ്റവര്‍ അവരെ ഓര്‍ക്കുകയാണ്. നോമ്പിന്റെയും പെരുന്നാളിന്‍റെയും ഭക്തിയിലൂടെ. ഒത്തു ചേരലിന്റെ സന്തോഷങ്ങളിലൂടെ..

ഇബ്രാഹീം (അ) – ചരിത്രത്തില്‍ വല്ലാത്തൊരു പേരാണത്.

തുല്യതയില്ലാത്ത ആദര്‍ശത്തനിമ കൊണ്ടും ആത്മാര്‍ഥമായ ത്യാഗസന്നദ്ധത കൊണ്ടും ഉല്‍കൃഷ്ടമായ നാമം.

മുസ്ലിംകളും ക്രിസ്ത്യാനികളും യഹൂദന്മാരുമടങ്ങുന്ന ലോകത്തെ പ്രബല വിഭാഗം ജനതയും ആദരപൂര്‍വം സ്മരിക്കുന്ന അനിതര വ്യക്തിത്വം. കണ്ണില്‍ കണ്ടതിനെയെല്ലാം പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നവരോട്, സ്വപിതാവടങ്ങുന്ന സമൂഹത്തോട്, ഇബ്രാഹീം സംവദിച്ചത് യുക്തി കൊണ്ടായിരുന്നു. ഏക ദൈവത്വത്തിന്‍റെ മഹനീയ സന്ദേശം. സാമാന്യ ബുദ്ധിയുടെ സ്വാഭാവിക തേട്ടം. അതായിരുന്നു ഇബ്രാഹീമിന്‍റെ ആദര്‍ശം. മരണഭീഷണിക്ക് മുമ്പില്‍ പോലും അചഞ്ചലനായി നിന്ന് മന്ദസ്മിതം തൂകി തന്‍റെ ആദര്‍ശം വിളിച്ചു പറഞ്ഞ ഇബ്രാഹീമിന്‍റെതു പോലുള്ള വിപ്ലവം ലോക ചരിത്രത്തില്‍ അധികമൊന്നുമുണ്ടായിട്ടില്ല.

അതു കൊണ്ടാകാം ‘പടച്ചവന്റെ കൂട്ടുകാരന്‍’ എന്ന മനുഷ്യ ചരിത്രത്തിലെ അത്യപൂര്‍വ നാമം അദ്ദേഹത്തിനു മാത്രമായിരിക്കുന്നത്. പ്രിയപ്പെട്ടതൊക്കെയും ദൈവ ഹിതത്തിനു വിട്ടു കൊടുത്ത ത്യാഗസന്നദ്ധതയ്ക്കുള്ള ഉത്തമമായ സമ്മാനം.

ഇബ്രാഹീമിന്‍റെ തന്പാതിയായിരുന്ന ഹാജറിനെ ഓര്‍ക്കാതെ ഈദ്‌ പൂര്‍ണമാവില്ല.

അടിമയായി ജനിച്ചു ഉപേക്ഷിക്കപ്പെട്ടവളും അവഗണിക്കപ്പെട്ടവളുമായി വളര്‍ന്നവള്‍. കുഞ്ഞിക്കാല്‍ കാണണമെന്ന സാറയുടെ ഒടുങ്ങാത്ത മോഹത്തിന് സ്വതന്ത്രയാക്കപ്പെട്ടു ഇബ്രാഹീമിന്‍റെ സപത്നിയാവാന്‍ ഭാഗ്യം സിദ്ധിച്ചവള്‍, ഹാജറ..

ഹാജറിന്റെ ത്യാഗസ്മരണയിലാണ് ഹാജിമാര്‍ സഫാ മര്‍വയുടെ ഓരങ്ങളില്‍ ധൃതി പിടിച്ചോടുന്നത്. അവരിലെ മാതൃത്തത്തിന്റെ വിങ്ങലിലായിരുന്നു സംസം അണപൊട്ടിയൊഴുകിയത്. ജനവാസം പോയിട്ട് ജീവന്‍റെ നേരിയ തുടിപ്പ് പോലുമില്ലാതിരുന്ന, മണല്‍ക്കാറ്റും നിശബ്ദതയും മാത്രം കൂട്ടിനുണ്ടായിരുന്നിടം അന്നത്തെ മക്ക. തന്നെയും കുഞ്ഞു മോന്‍ ഇസ്മാഈലിനെയും ആ മണല്‍ക്കാട്ടില്‍ തനിച്ചാക്കി തിരിഞ്ഞു നടക്കുന്ന ഇബ്രാഹീമിനോട് ഹാജറിന്റെ ചോദ്യം ഒന്നു മാത്രമായിരുന്നു. ദൈവ ഹിതമായിരുന്നോ ഈ തീരുമാനത്തിനു പിന്നിലെന്നുള്ള ആരായല്‍.

അതെയെന്ന ഉത്തരം മാത്രം മതിയായിരുന്നു ഹാജറിനു സമാധാനിക്കാന്‍. പിന്നീടങ്ങോട്ടുള്ള ജീവിതം ചരിത്രത്തിന്‍റെ ഭാഗമാണ്. ത്യാഗത്തിന്റെ സ്ത്രീ രൂപമായി, സ്നേഹമയിയായ പത്നിയായി, വാത്സല്യവും കരുതലും വഴിഞ്ഞൊഴുകുന്ന ഉമ്മയായി കാലത്തിന്റെ നിക്ഷേപം ചെറിയ മണല്ക്കുന്നുകളാക്കി മാറ്റിയ സഫാ മര്‍വമാരോട് കുശലം പറഞ്ഞും സംസമിന്റെ തെളിനീരില്‍ ദാഹജലവും ജീവിതവും കണ്ടെത്തി ചരിത്രത്തില്‍ നിറഞ്ഞൊഴുകുകയായിരുന്നു ഹാജറ. കത്തിക്കു മുമ്പില്‍ കഴുത്തു നീട്ടിക്കൊടുക്കാന്‍ പ്രിയമകനെ  പ്രാപ്തനാക്കിയതിനു പിന്നില്‍ ഹാജറിന്‍റെ കരുത്തും കരുതലുമായിരുന്നു. ഈ ആദര്‍ശ കുടുംബത്തിന്‍റെ എക്കാലത്തേയും ജ്വലിക്കുന്ന ത്യാഗസ്മരണകള്‍ ആഘോഷിക്കാന്‍ നമുക്കെന്തര്‍ഹതയെന്നു ഓരോരുത്തര്‍ക്കും ചിന്തിക്കാനുള്ള അവസരമാവട്ടെ ഈ ഓര്‍മപ്പെരുന്നാള്‍.
 
സമസൃഷ്ടി സ്നേഹവും മാനവികതയും കാണാത്ത ഒരാഘോഷവും പ്രകൃതി മതം പഠിപ്പിച്ചിട്ടില്ല. ചുറ്റുപാടുകളെ കാണാന്‍ കഴിയാത്ത കണ്ണുകള്‍ക്ക്‌ ഇബ്രാഹീമിനെയും ഹാജറിനെയും കണ്ടെത്താന്‍ കഴിയുകയില്ല, ഇസ്മാഈലിന്റെ അകക്കരുത്തിന്റെ പൊരുളറിയുവാനും കഴിയില്ല. വര്‍ണാഭമായ കുപ്പായങ്ങളണിയിച്ച്  നമ്മുടെ കുഞ്ഞുങ്ങളെ പെരുന്നാള്‍ മുസല്ലയിലേക്ക് പറഞ്ഞയക്കുമ്പോള്‍ നാമോര്‍ക്കുക. പുത്തനുടുപ്പോ നിറവയര്‍ ഭക്ഷണമോ ഇല്ലാതെ എരിയുന്ന ദാരിദ്ര്യത്തിന്റെ നടുവില്‍ ഒരു പറ്റം പിഞ്ചു കുഞ്ഞുങ്ങള്‍ നമുക്ക്‌ ചുറ്റിലുമുണ്ടെന്ന്. അവരുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താത്തൊരു പെരുന്നാള്‍ സുദിനം നമുക്കില്ലാതിരിക്കട്ടെ! നമ്മുടെ ബലിയര്‍പ്പണം അതിന്നുള്ളതായിരിക്കട്ടെ. അവയുടെ മാംസമോ രക്തവുമല്ല, നിങ്ങളിലെ ധര്‍മനിഷ്‌ഠയാണ്‌ അല്ലാഹുവിങ്കല്‍ എത്തുന്നന്നതെന്ന ഖുര്‍ആനിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ നമ്മുടെ മനസ്സുകളില്‍ സഹാനുഭൂതിയുടെ, സഹോദര സ്നേഹത്തിന്‍റെ തെളിനീരൊഴുക്കട്ടെ! എല്ലാവര്ക്കും സ്നേഹ നിര്‍ഭരമായ പെരുന്നാള്‍ ആശംസകള്‍!

നിങ്ങള്‍ പറയൂ..: