Pages

Sunday 31 July, 2011

അഹലന്‍ റമദാന്‍!


ക്രവാളങ്ങളിലെവിടെയോ നിലാവിന്റെ തേങ്ങാക്കൊത്ത്..
റമദാന്‍ വിടര്ന്നതിന്റെ ആനന്ദം.
ഒപ്പം തെളിനിലാവിന്റെ പരിമളവും..
ജീവിതം ഒരു പ്രയാണമാണ്.
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള പ്രയാണം.
ഈ യാത്രയ്ക്കിടയില്‍ നാം ഏറെ ക്ഷീണിച്ചിരിക്കുന്നു; അല്ലേ?
നീണ്ട ജീവിതസഞ്ചാരത്തിനിടയില്‍ നമ്മുടെ മനസ്സും ജീവിതവും
പലതു കൊണ്ടും അസ്വസ്ഥമാകുന്നു.
തിന്മയുടെ പൊടിപടലങ്ങള്‍ തട്ടി നമ്മള്‍
ഏറെ മലിനമാക്കപ്പെട്ടിരിക്കുന്നു.
തിന്മകളെയും മാലിന്യങ്ങളേയും കഴുകിത്തുടയ്ക്കുന്ന
തെളിനീരുറവയാണ് റമദാന്‍!
റമദാനിന്റെ ഇരപകലുകള്‍ പ്രാര്‍ത്ഥനകള്‍
കൊണ്ട് നിറയണം.
പാപചിന്തകള്‍ക്ക് മുക്തി നല്‍കി
തൌബയുടെ തേങ്ങലുകളിലേക്ക് മടങ്ങണം.
അതാണ്‌ റമദാന്‍.
റമദാനില്‍ നിറഞ്ഞു തുളുമ്പേണ്ടത് ഖുര്‍ആന്‍ വചനങ്ങളാണ്.
ഹൃദയ നൊമ്പരങ്ങളുടെ മരുന്നാണ് വിശുദ്ധ ഖുര്‍ആന്‍.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ മനുഷ്യഹൃദയങ്ങളിലേക്കുള്ള
വെളിച്ചമായി ഖുര്‍ആന്‍ അവതരിച്ചത്‌ ഇത് പോലൊരു
റമദാനിലായിരുന്നു.
അത് കൊണ്ട് തന്നെ ഖുര്‍ആനിന്റെ അവതരണ
വാര്‍ഷികം കൂടിയാണ് റമദാന്‍.
റമദാന്‍ ബന്ധങ്ങളുടെ മാസമാണ്.
അന്യനെ അറിയുന്ന അവന്റെ വികാരങ്ങള്‍
മനസ്സിലാകുന്ന മാസം.
വേദന തളം കെട്ടിയ പട്ടിണിക്കൂരകളെ
അടുത്തറിയാനുള്ള മാസം.
പട്ടിണിയുടെ പരിവേദനം എത്രയെന്നറിയുന്ന മാസം.
നാവിന്റെ അനാവശ്യങ്ങള്‍ ഉപേക്ഷിക്കാത്തവന്‍
എന്തിനു വയറൊഴിയണം എന്ന് ചോദിക്കുന്നു
പുണ്യ റസൂല്‍.
അത് കൊണ്ട്, റമദാന്‍ പരിപൂര്‍ണമായ
പരിശുദ്ധിയാകണം.
തിന്മകളുടെ കുമിളകളെ പോലും
മനസ്സില്‍ അവശേഷിപ്പിച്ചു കൂടാ..
റമദാന്‍ സ്വകാര്യതയിലെ ഭക്തി കൂടിയാണ്.
സ്രഷ്ടാവ്‌ മാത്രമറിയുന്ന സ്വകാര്യത!
കളകളെയും കളങ്കങ്ങളെയും പറിച്ചെറിഞ്ഞു
പകരം നന്മയുടെ വേരുകള്‍ പടര്‍ത്തിയ
വടവൃക്ഷമാകണം.
മുപ്പതു ദിനരാത്രങ്ങള്‍ കൊണ്ട് നേടിയെടുക്കുന്ന
ആത്മശുദ്ധി
ജീവിതകാലത്തേക്ക് മുഴുവന്‍ പടര്‍ന്നു പന്തലിക്കണം.
അതിനു സാധിക്കുന്നില്ലെങ്കില്‍ ഭയപ്പെടുക,
നമ്മുടെ റമദാന്‍ പരാജയമാണ്!
ഹലാലുകളെ പോലും തിരസ്കരിക്കുന്ന മാസമാണ്
റമദാന്‍.
അതൊരു പരിശീലനമാണ്.
റമദാന് ശേഷം ഹറാമുകളെ തിരസ്കരിക്കാനുള്ള
പരിശീലനം.
തിന്മയുടെ തീയിനെ ജീവിതത്തില്‍ നിന്നും
അകറ്റിപ്പിടിക്കാനുള്ള ശീലം!
തിന്മകളെ പാടേ വിപാടനം ചെയ്ത്
പാപക്കറകള്‍ തൌബയുടെ
കണ്ണീരില്‍ കഴുകിക്കളയുന്ന
സഹജീവികള്‍ക്ക് സഹാനുഭൂതി പകരുന്ന
വിശ്വാസിയാകാന്‍ ഈ റമദാനിലെങ്കിലും
നമുക്ക്‌ കഴിയുമോ?
റമദാനില്‍ നിന്നും ഉള്‍ക്കൊള്ളുന്ന നന്മയുടെ കൈത്തിരി
നാളം ആയുസ്സിന്റെ സ്വകാര്യതകളില്‍ ഒരു ജ്വാലയായ്‌
അവശേഷിപ്പിക്കാന്‍ നമുക്കാകുമോ?
നമുക്ക്‌ ശ്രമിക്കാം...ഒപ്പം പ്രാര്‍ത്ഥിക്കാം.
കണ്‍ഠനാഡിയേക്കാള്‍ അടുത്തവന്‍
നമുക്ക്‌ ഉത്തരം തരാതിരിക്കില്ല.
റമദാനെ ഇഷ്ടപ്പെടുന്നവരാകട്ടെ നാം..
റമദാന്‍ തിരിച്ചും!
അല്ലാഹു തുണക്കട്ടെ!!

2 മറുമൊഴികള്‍: