Pages

Tuesday 22 November, 2011

നുണകളാല്‍ നിണം ചിന്തുന്നവര്‍

2004 ജൂണ് 15 ലെ തണുത്ത പ്രഭാതം. അഹമ്മദാബാദിന്റെ തെരുവില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് വിറങ്ങലിച്ച മൃതശരീരങ്ങള്‍. അതിന്റെ സചിത്ര വാര്‍ത്തയുമായാണ് പിറ്റേന്നത്തെ ദേശീയ പത്രങ്ങള്‍ പുറത്തിറങ്ങിയത്. മോഡിയെ വധിക്കാന്‍ വന്ന നാല് ലഷ്കര്‍ ഭീകരന്മാരെ പോലീസ് അതിസാഹസികമായി കൊലപ്പെടുത്തിയതിന്റെ അടിക്കുറിപ്പും വിശദീകരണങ്ങളും കൊണ്ട് തുടന്നുള്ള ദിവസങ്ങള്‍ ഫീച്ചറുകള്‍ ഇറക്കി മാധ്യമങ്ങള്‍ അതിനെ ആഘോഷിച്ചു. പക്ഷെ ആ വാര്‍ത്തയും ചിത്രവും മാനസികമായി തകര്‍ത്തു കളഞ്ഞ, പോലീസ് പറയുന്നതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന രണ്ടു പേരുണ്ടായിരുന്നു പൊതു ജനമെന്ന ഈ ആള്‍ക്കൂട്ടത്തിനിടയില്‍. സ്വന്തം മക്കളുടെ വേര്‍പാടില്‍ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയായിത്തീര്‍ന്ന ഒരച്ഛനും അമ്മയും. 'അതിസാഹസിക'മായി പോലീസ് കൊലപ്പെടുത്തിയ മുംബൈ സ്വദേശിനി ഇഷ്രത് ജഹാന്‍ എന്ന പതിനെട്ടുകാരിയുടെ മാതാവായ ഷമീമ കൌസരും ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ വട്ടക്കാട്ടുശ്ശേരി ഗ്രാമത്തിലെ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ അച്ഛന്‍ മണലാഴി തെക്കേതില് ഗോപിനാഥന് പിള്ളയുമായിരുന്നു ആ രണ്ടു പേര്‍. പിന്നീടിങ്ങോട്ട്‌ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ നാള്‍വഴികളായിരുന്നു അവര്‍ക്ക്. തങ്ങളുടെ മക്കള്‍ ഭീകരരായിരുന്നില്ലെന്നും പോലീസ് അവരെ കൊലപ്പെടുത്തി കൊണ്ടിട്ടതാണെന്നും അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. കേവലം സാധാരണ കുടുംബത്തിലെ വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാന്‍ എന്ന കൌമാരക്കാരിക്കും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയിലെ കേബിള്‍ ജോയിന്റെറായ ജാവേദ് ശൈഖിനും ഗുജറാത്ത് മുഖ്യ മന്ത്രിയെ കൊലപ്പെടുത്തിയിട്ട് ഒന്നും നേടാനില്ലായിരുന്നു. ഏത്തപ്പഴക്കുലയും, ചെന്തെങ്ങിന് തേങ്ങയും, ഇഞ്ചിയും കുരുമുളകുമായി കേരളത്തില്‍ നിന്നും കാറില്‍ പുറപ്പെട്ട മകന്റെ വഴി മരണത്തിന്റെതല്ലായിരുന്നുവെന്ന് മാത്രം നീതി തേടിയിറങ്ങിയ ആ അച്ഛനറിയാം; പകരം മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതമായിരുന്നു അവയെന്ന് കാവിയുടെ കുബുദ്ധി നിറയാത്തവരെല്ലാം സമ്മതിക്കുന്നു. കേരളീയന്റെ നിത്യജീവിതത്തിന്റെ ഭാഗമായ മേല്പറഞ്ഞ ഭക്ഷണസാധനങ്ങള്‍ പക്ഷെ ഗുജറാത്ത് പോലീസിനു മാരകായുധങ്ങളായത് സ്വാഭാവികം! ദൃശ്യമാധ്യമങ്ങളില്‍ ഞെളിഞ്ഞിരുന്നു ഈ വങ്കത്തം വിളിച്ചോതുവാനും മടി കാണിച്ചില്ല ഡി. ജി. ബന്സാര എന്ന ഡി.ഐ.ജി.

ഈ നീതി യുദ്ധത്തിലെ എതിരാളികള്‍ നിസ്സാരക്കാരായിരുന്നില്ല. അഹ്മദാബാദ് കമീഷണര് കെ.ആര്. കൗശിക്, അസി. കമീഷണര് എന്.കെ. അമിന്, ജോയന്റ് കമീഷണര് പി.പി. പാണ്ഡ്യെ, എ.പി.സി ജി.എല്. സിംഗാള്, അന്നു ക്രൈംബ്രാഞ്ച് ഓഫിസറും പിന്നീട് ഡി.ഐ.ജിയുമായ ഡി.ജി. വന്സാര എന്നിവരടങ്ങുന്ന ഗുജറാത്ത് പോലീസിലെ ഉന്നതരും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ട തോഴന്മാരുമായവര്‍.

നീതിപീഠങ്ങള്‍ പലപ്പോഴും വസ്തുനിഷ്ഠത കൈവിട്ട് വൈകാരികമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ക്കിടയിലും, അസത്യത്തിന്റെയും അനീതിയുടെയും ചോര മണക്കുന്ന മൂടുപടങ്ങളെ വലിച്ചു കീറി ‘സത്യമേവ ജയതേ’ എന്ന ഭരണഘടനയുടെ മൌലിക അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് നീതിയുടെ കാവലാളായി എന്നും നിലകൊണ്ടിട്ടുള്ളത് പരമോന്നത  നീതിപീഠങ്ങള്‍ തന്നെയാണ്.

ആയിരക്കണക്കിന് കൊല്ലങ്ങളുടെ പാരമ്പര്യവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന ഇന്ത്യാമഹാരാജ്യം ലോക ജനതയ്ക്ക് മുമ്പില്‍ തല താഴ്ത്തി നിന്നത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതിലൊന്ന് ബാബരി മസ്ജിദ്‌ ധ്വംസനവും മറ്റൊന്ന് ഗുജറാത്ത്‌ വംശഹത്യയും. രണ്ടും ഭരണകൂടത്തിന്റെ മൌനാനുവാദത്തിന്റെ ഫലമായോ അല്ലെങ്കില്‍ അവര്‍ തന്നെ സ്പോണ്സര്‍ ചെയ്തതോ ആയത് കൊണ്ട് അതിന്റെ ആഘാതം വളരെയേറെ ആഴമുള്ളതായിരുന്നു. ഇന്ത്യയുടെ ആത്മാവ്‌ എന്ന് പറഞ്ഞു പതിഞ്ഞു പോയ മതേതരത്വത്തിന്റെ ശവക്കല്ലറയൊരുക്കാന്‍ ഫാഷിസം അതിന്റെ സംഹാരതാണ്ഡവമാടിയതിന്റെ സാമ്പിളുകള്‍ കണ്ട് ലോകജനത ഞെട്ടിത്തരിച്ചു പോയ അനേകമനേകം സംഭവവികാസങ്ങള്‍. ഇന്നും പുകയുന്ന ഉമിത്തീയായി അത് രാജ്യത്തിന്റെ നെഞ്ചകം നീറ്റിക്കൊണ്ടിരിക്കുന്നു. നവലോക ക്രമത്തില്‍ ഒരു ജനതയെ ഇല്ലായ്മ ചെയ്യാന്‍, അന്യായമായി കൊന്നൊടുക്കാന്‍ ‘ഭീകരത’ എന്ന വാക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യത്തോളം മറ്റൊന്നിനും കഴിയില്ല. ചതിയിലൂടെ ശത്രുവിനെ നിഗ്രഹിക്കുക എന്നതായിരുന്നു ചരിത്രമെങ്കില്‍ ഇന്നത് കുറച്ച് കൂടി എളുപ്പമായിരിക്കുന്നു. ഒരു വ്യക്തിയുടെ മേല്‍ ഭീകരത എന്ന ആഭരണം ചാര്‍ത്തുന്നതോട് കൂടി ആ വ്യക്തിയെയോ അയാളുള്‍ക്കൊള്ളുന്ന സമൂഹത്തെയോ ആക്രമിക്കാനും ഉന്മൂലനം ചെയ്യാനും ഈ ആഭരണച്ചാര്‍ത്ത് തന്നെ ധാരാളം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

2004 ജൂണ് 15-നായിരുന്നു ഇശ്രത് ജഹാന് ഏറ്റുമുട്ടല് നടന്നതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ അതിനു മുമ്പ് തന്നെ (കസേരയിലിരുത്തി പിസ്റ്റള്‍ ഉപയോഗിച്ച്) കൊലപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഹൈക്കോടതി, പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരില് കൊലക്കുറ്റം ചാര്ജ് ചെയ്തു കേസെടുക്കണമെന്നു നിര്ദേശിച്ചിട്ടുള്ളത്. ഒപ്പം ഇതിന്റെ ഗുണഭോക്താക്കള് ആരെന്നു കണ്ടെത്താനും കോടതിയുടെ നിര്ദേശമുണ്ട്. ജസ്റ്റിസ് ജയന്ത് പട്ടേലും ജസ്റ്റിസ് ആശ കുമാരിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാജ ഏറ്റുമുട്ടലിനെ പരാമര്ശിക്കുന്ന സമാന രീതിയിലുള്ള ഒരു റിപ്പോര്ട്ട് 2009 ല്‍ മെട്രോപോളിറ്റന് ജഡ്ജായിരുന്ന എസ്.പി. തമങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമീഷനും കണ്ടെത്തി സമര്പ്പിച്ചിരുന്നു.  രാജ്യത്ത് നടന്ന വര്ഗീയ കലാപങ്ങളില്പോലീസ് ഭൂരിപക്ഷ വര്ഗീയതയുടെ ആളും അര്ത്ഥവുമായി പലപ്പോഴും മാറിയെന്നത് പല അന്വേഷണ റിപ്പോര്ട്ടുകളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഗുജറാത്ത് വംശഹത്യയില്കാവി ഭീകരതയുടെ സംരക്ഷകരും സഹായികളുമായി നില കൊണ്ടിട്ടുള്ളത് അവിടുത്തെ കാക്കിപ്പടയായിരുന്നുവെന്നത് കുപ്രസിദ്ധമാണ്. വ്യാജ ഏറ്റുമുട്ടലുകളില് പലതും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതുമായിരുന്നു.

വംശീയ കലാപങ്ങളുടെ കുപ്രസിദ്ധിയില് നിന്നും കൈ കഴുകി വിശുദ്ധ കുപ്പായം സ്വയം എടുത്തണിഞ്ഞ 'മരണത്തിന്റെ വ്യാപാരി' യുടെ ഭീകര മുഖം ഒരിക്കല് കൂടി പുറത്തു വരാനിരിക്കയാണ്. അതിനു വേണ്ടിയാണ് ഇതാര്‍ക്ക് വേണ്ടി ചെയ്തു എന്നു കൂടി കണ്ടെത്തണമെന്ന കോടതി നിര്‍ദേശം. ഇതിനു മുമ്പ് സഞ്ജീവ് ഭട്ടും മലയാളി കൂടിയായ മുന്‍ ഡി.ജി.പി.ആര്‍.ബി ശ്രീകുമാറും നടത്തിയ വെളിപ്പെടുത്തലുകള്‍ മോഡിയെന്ന രക്തരക്ഷസ്സിന്റെ ഉറക്കം തെല്ലൊന്നുമല്ല കെടുത്തിയത്. പക്ഷെ അധികാരത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് എതിര്‍പ്പുകളെ തമസ്കരിക്കാനും വേണ്ടി വരുന്നവരെ നാമാവശേഷമാക്കാനും കഴിയുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദവും ഭരണകൂടത്തിന്റെ സ്റ്റെനോപ്പണി ചെയ്യുന്ന മാധ്യമ ഷണ്ഡന്മാരും കൂടെയുണ്ടെങ്കില്‍ ഏതു കൊലപാതകങ്ങളെയും ഭീകരവേട്ടയായി ചിത്രീകരിക്കാന്‍ എളുപ്പം കഴിയുമെന്ന് മോഡി ഒരു പാട് തവണ തെളിയിച്ചു കഴിഞ്ഞതാണ്. അന്യായമായ ഭീകരവാദാരോപണം ചോദ്യം ചെയ്യുന്നവരെ പോലും ഭീകരവാദിയാക്കുന്ന നമ്മുടെ രാജ്യത്ത് ഇനിയും ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെട്ടേക്കാം. കടന്നു വന്ന വഴികളില്‍ നിരപരാധികളുടെ തലയറുത്തും വെടിയുതിര്‍ത്തും തങ്ങളുടെയുള്ളിലെ അസുരജന്മത്തെ പുറത്തു കാണിച്ചവര്‍ ഒരു നാള്‍ ‍ദേവപരിവേഷം നല്‍കി വാഴ്ത്തപ്പെട്ടേക്കാം. നടന്നു വന്ന വഴികളിലെ ചോരപ്പാടുകള്‍ മായ്ക്കാന്‍ സദ്ഭാവനാ നോമ്പെടുത്ത് പ്രധാനമന്ത്രിക്കസേരയും സ്വപ്നം കണ്ടിരുന്നേക്കാം. അധികാരത്തിന്റെ ഉന്നത സോപാനങ്ങളില്‍ സുന്ദര സുഷുപ്തിയിലാവാന്‍ കൊതിക്കുന്ന മോഡിമാര്‍ക്ക് പക്ഷെ കേള്‍ക്കാന്‍ കഴിയുക തലച്ചോര്‍ പിളര്‍ത്തുന്ന രോദനങ്ങളായിരിക്കും. മറമാടുവാന്‍ പോലും ബാക്കിയില്ലാതെ ചാരമാക്കിക്കളഞ്ഞ ഒരു പാട് സഹോദരങ്ങളുടെ, വയര്‍ കുത്തിപ്പിളര്‍ന്ന് ജീവനോടെ കത്തിക്കപ്പെട്ട അമ്മമാരുടെ, മൃതദേഹത്തെപ്പോലും വെറുതെ വിടാതെ തെരുവില്‍ അനേകരുടെ കാമവെറിക്കിരയാക്കപ്പെട്ട സഹോദരിമാരുടെ, ഒടുക്കം ജനിക്കാന്‍ പോലും അവകാശമില്ലാതെ ശൂലത്തിന്മേല്‍ പിടഞ്ഞോടുങ്ങേണ്ടി വന്ന ശിശുക്കളുടെ..ഇവരുടെയെല്ലാം രോദനം തീര്‍ക്കുന്ന പ്രകമ്പനങ്ങളില്‍ ഒന്ന് മയങ്ങിക്കിടക്കാന്‍ പോലും കഴിയാതെ വരുന്ന അസമാധാനത്തിന്റെ ഞെരുങ്ങിയ ജീവിതങ്ങള്‍! അതാണവരെ കാത്തിരിക്കുന്നത്. അപ്പോഴും ചില താരങ്ങളുടെ വെള്ളിവെളിച്ചം അസ്തമിക്കാതെ ബാക്കിയുണ്ടാകും ജനമനസ്സുകളില്‍..ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെ പോലെ, സഞ്ജീവ് ഭട്ടിനെ പോലെയുള്ള യഥാര്‍ത്ഥ താരങ്ങള്‍!

ലാസ്റ്റ് ബോള്‍: മോഡിക്ക് അമേരിക്ക വീണ്ടും വിസ നിഷേധിച്ചു-വാര്‍ത്ത.
അവിടെ ജോര്‍ജ് ബുഷ്‌ ജീവിച്ചിരിപ്പുണ്ടല്ലോ?  ഒരു നാട്ടില്‍ രണ്ടു ചെകുത്താന്മാര്‍ പാടില്ലെന്നായിരിക്കും.

0 മറുമൊഴികള്‍: