Pages

Wednesday 30 November, 2011

മന്മോഹന ചരിതവും മുല്ലപ്പെരിയാര്‍ കലുങ്കും

ഇന്ത്യയിലെ പ്രധാന മന്ത്രിക്ക് ശമ്പളം കൊടുക്കുന്നത് അമേരിക്കയാണോ എന്നറിയില്ല. മന്‍മോഹന് ജിയുടെ ചോറ് ഇധര്‍ കൂറ് ഉധര്‍ എന്ന അവസ്ഥ കാണുന്ന വല്ലവരും അങ്ങിനെ സംശയിച്ചു പോയാല്‍ അവരെ തെറ്റ് പറയാനൊക്കില്ല. പക്ഷെ ആള്‍ ശുദ്ധനും ഡീസന്റുമാണെന്നാണ് പൊതുവേയുള്ള ഒരഭിപ്രായം. കക്ഷത്തില്‍ ആഡം സ്മിത്തിന്റെ 'വെല്‍ത്ത് ഓഫ് നേഷന്‍സും' കയ്യിലൊരു ഡോക്ടറെറ്റുമായി കോണ്ഗ്രസ് പാളയത്തില്‍ കടന്നു ചെന്നിട്ടു ഇന്നേ വരെ പേരുദോശമൊന്നും കേള്‍പ്പിച്ചതായി അറിവില്ല. അത് മാത്രമല്ല; കൂടെയുള്ള 'രാജന്മാര്‍' പലര്‍ക്കും തിഹാറിലെ ഉറുമ്പിനു തീറ്റ കൊടുക്കുന്ന ജോലിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിട്ടും സര്‍ദാര്‍ജി പുറത്തായത് ആളല്പം ഡീസന്റായത് കൊണ്ടായിരിക്കണമല്ലോ? ഒരു പണിയും ചെയ്യാനില്ലാത്തവന് (ചെയ്യാനറിയാത്തവന് എന്ന് തിരുത്തല്‍) പറ്റിയ പണിയാണത്രെ വഴിയെ പോകുന്ന ഉറുമ്പിനെ പിടിച്ചു നിര്‍ത്തി തീറ്റ കൊടുക്കുക എന്നുള്ളത്. (സംശയമുള്ളവര്‍ കനിമൊഴിയോടു ചോദിച്ചാല്‍ മതി. അവര്‍ പറഞ്ഞു തരും).

സാമ്പത്തിക ശാസ്ത്രവും തെരഞ്ഞെടുപ്പു രാഷ്ട്രീയവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്തത് കൊണ്ട് ജനം എന്ന ഇസ്പേട് ഏഴാംകൂലികളുടെ മുന്നില്‍ ചിരിച്ചു കാട്ടി വോട്ടു ചോദിക്കാനൊന്നും പോയിട്ടില്ല നമ്മുടെ സര്‍ദാര്‍ജി. ദൈവം സഹായിച്ച് കോണ്ഗ്രസ്സുകാര്‍ക്ക്‌ ബുദ്ധി കുറവായത് കൊണ്ട് അവര്‍ നേരെ പിടിച്ചു പ്രധാന മന്ത്രിയാക്കി. പ്രധാനമന്ത്രിയായിക്കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള പണി ജനത്തെ എങ്ങിനെ ദ്രോഹിക്കാം എന്ന് കണ്ടു പിടിക്കലാണ്. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷമുള്ള ഒട്ടുമിക്ക പ്രധാനന്മാരുടെയും പ്രധാന പണിയും അതു തന്നെയായിരുന്നു. അത്‌ കൊണ്ട് തന്നെ നെഹ്രുവിനു ശേഷമുള്ള ഒരുത്തനും (ഒരുത്തിയും) അഞ്ചു വര്ഷം തികച്ചു ഭരിച്ചു വീണ്ടും ആ കസേരയില്‍ വന്നിരുന്നിട്ടില്ല. ആദ്യ ഊഴത്തില്‍ കാര്യമായ ജോലികളൊന്നും ഇല്ലായിരുന്നു. വെളുപ്പാന്‍ കാലത്തെണീറ്റു കൌര്‍ കൊടുക്കുന്ന കാപ്പി കുടിയും കഴിഞ്ഞാല്‍ പിന്നെ മാഡം കൊടുത്തയക്കുന്ന ഫയലുകളില്‍ ഒപ്പിട്ടു മാഡം പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു തീര്‍ക്കുന്ന നിസ്സാര ജോലികള്‍ മാത്രം. ബാക്കിയൊക്കെ മാഡം നോക്കിക്കൊള്ളുമായിരുന്നു. അതിനാണ് 2010 ല്‍ 'ഫോര്‍ബ്സ് മാഗസിന്‍ ‍ ലോകത്തിലെ ഏറ്റവും 'ശക്തനായ പതിനെട്ടാമത്തെ പുരുഷ കേസരി' എന്ന അവാര്‍ഡൊക്കെ കൊടുത്തു കളഞ്ഞത്. സര്‍ദാര്‍ജിക്ക് പിറകില്‍ നില്‍ക്കുന്നവരുടെ കാര്യം പറയാനില്ലെങ്കിലും ബാക്കി പതിനേഴിന്റെയും 'ശക്തി' ഇത് പോലെ തന്നെയാണോ എന്ന് ഫോര്ബ്സുകാരോട് തന്നെ ചോദിക്കണം. സോണിയാ ഗാന്ധിയെ സംബന്ധിച്ചേടത്തോളം മോന്‍ ഗാന്ധിക്ക് മൂപ്പെത്തുന്നത് വരെ അവിടെയിരുത്താന്‍ ജീവനുണ്ടെന്നു തോന്നിക്കുന്ന ഒന്നിനെ വേണം. അതിനീ 70 കഴിഞ്ഞ 'യുവാവ്' തന്നെ ധാരാളം. മാഡത്തിനു അസുഖമായതില്‍ പിന്നെയാണ് പുള്ളിക്കാരന് പിടിപ്പതു പണികള്‍ വന്നു തുടങ്ങിയത്. എന്നാല്‍ പിന്നെ ഭരിച്ചേച്ചു കളയാം എന്നു കരുതിയാല്‍ അതിനു പ്രതിപക്ഷം എന്ന ഏമ്പോക്കികള്‍ സമ്മതിക്കില്ല.

റാവുവിന്റെ കാലത്ത് സാമ്പത്തികം എന്ന അപകടം പിടിച്ച പണി മന്മോഹനെ ഏല്‍പ്പിച്ചതില്‍ പിന്നെയാണ് ഈ നാടൊന്നു പച്ച പിടിച്ചത്. (നശിച്ചു നാറാണക്കല്ലെടുത്തു എന്ന്‌ തര്‍ജ്ജമ). അഴിമതി ഇല്ലാതാക്കാനും രാജ്യത്തിന്റെ വളര്ച്ചക്കുമുള്ള ഏക പരിഹാരം ലൈസന്‍സ് രാജ് എടുത്തു കളയലാണെന്ന് മന്‍മോഹന്‍ മാഷ്‌ റാവുവിനെ പഠിപ്പിച്ചു. റാവു അനുസരിച്ചു. റാവുവാണെങ്കില്‍ എന്തും അനുസരിച്ചേ ശീലമുള്ളൂ. കുറച്ചു പിള്ളേര്‍ കുറുവടിയും കുറുന്തോട്ടിയുമായി പള്ളി പൊളിക്കാനോ മറ്റോ പോകുന്നുണ്ട് എന്നാരോ പറഞ്ഞു കേള്‍ക്കേണ്ട താമസം മൂപ്പര്‍ പൂജാമുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ മന്‍മോഹന്റെ കാര്യത്തില്‍ പറഞ്ഞത് പോലെയൊക്കെ സംഭവിച്ചില്ലെന്നു മാത്രമല്ല അതിനു ശേഷം അഴിമതിയുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. ആ കുത്തൊഴുക്കില്‍ മിസ്റ്റര്‍ റാവു വരെ ഒന്ന് നീരാടാനിറങ്ങി. ദോശം പറയരുതല്ലോ വളര്ച്ചയുമുണ്ടായി, വിലക്കയറ്റത്തിന്റെ കാര്യത്തിലാണെന്നു മാത്രം!

വിലയിടിയുക എന്ന അത്യപൂര്‍വ്വ സംഭവം രാജ്യത്ത് സുലഭമായിക്കണ്ടത് മനുഷ്യന്റെയും രൂപയുടെയും കാര്യത്തില്‍ മാത്രമാണ്. അതിനുള്ള കൃതജ്ഞത മന്മോഹന് രാജ്യത്തെ കര്‍ഷകര്‍ കെട്ടിത്തൂങ്ങി കാണിച്ചു കൊടുക്കുന്നുമുണ്ട്. അതും പോരാഞ്ഞിട്ടാണിപ്പോള്‍  റീടെയില്‍ മാര്‍ക്കറ്റ് ബില്‍ എന്ന സായിപ്പ് കച്ചോടം കൂടി ടിയാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കെന്തോ ഗുണമുള്ള കാര്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. തൂങ്ങിച്ചാകാന്‍ പോകുന്നവനെ തടഞ്ഞു നിര്‍ത്തി തല്ലിക്കൊല്ലുന്ന ഏര്‍പ്പാടാണത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൂട് പിടിപ്പിക്കാന്‍ ഈ ബില്‍ തന്നെ ധാരാളം!. ഇഷ്രത് ജഹാന്‍ വെച്ചൊരു കളി കളിക്കാമെന്ന് വെച്ചാല്‍ അവറ്റകള്‍ പാര്‍ലമെന്റില്‍ ഒന്നിരുന്നു കിട്ടേണ്ടേ?


സായിപ്പിനു സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കുന്ന കാര്യം വന്നപ്പോള്‍ ഒരെണ്ണമില്ല സര്‍ദാര്‍ജിയെ പിന്താങ്ങാന്‍. സി. പി. എമ്മുകാര്‍ക്ക്‌ പിന്നെ കച്ചവടം എന്ന ഏര്‍പ്പാട് തന്നെ ബൂര്‍ഷ്വയാണ്. പാര്ട്ടിക്കാകാം പത്രോസിനു പാടില്ല എന്ന നിലപാടാണവരുടേത്. അറിഞ്ഞു കൂടാത്ത എന്തിനെയും അവര്‍ എതിര്‍ത്തു കളയും. പണ്ടൊരു ജില്ലാ നേതാവ് ഘാട്ട് കരാറിനെതിരെ പൊടി പറത്തിയ പ്രസംഗം നടത്തി പോല്‍ . പ്രസംഗം കഴിഞ്ഞു വേദിയിലുണ്ടായിരുന്ന നായനാര്‍ ജില്ലാ സഖാവിനോട് സ്വകാര്യമായി ചോദിച്ചത്രെ എന്താണീ ഘാട്ട് കരാറെന്ന് അറിയുമോ സഖാവിനു? മറുപടിയായി  ഒരു അളിഞ്ഞ ചിരിയും കൂടെയൊരു ചോദ്യവും: അതറിയുമെങ്കില്‍ നമ്മളെതിര്‍ക്കുമോ സഖാവേ എന്ന്‌. പിറ്റേന്ന് ഘാട്ട് കരാറിനെ സംബന്ധിച്ച് വിശദമായൊരു ലേഖനം തന്നെ വന്നു ദേശാഭിമാനിയില്‍. നായനാരെ കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ!

                                       **************      **************
മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പൊട്ടുമെന്നുള്ളത് ഏതാണ്ട് ഹൈക്കോടതി ഉറപ്പാക്കിക്കഴിഞ്ഞു. പൊട്ടിക്കഴിഞ്ഞാലുള്ള കാര്യങ്ങളാണ് ഹൈക്കോടതിയിപ്പോള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്. വെള്ളം വരുമ്പോ മുറം കൊണ്ട് തടുക്കണോ അതല്ല കുടയായാല്‍ മതിയോ?ഡാം പൊട്ടി വരുമ്പോ എങ്ങോട്ട് ഓടണം എന്നിങ്ങനെ കനപ്പെട്ട കാര്യങ്ങളൊക്കെ ജനങ്ങളെ പഠിപ്പിച്ചോ എന്നാണു ഹൈക്കോടതിയുടെ ചോദ്യം. നമ്മുടെ സര്‍ക്കാരിനെക്കൊണ്ട് ഇത്രയൊക്കെയേ കഴിയൂ എന്ന്‌ ഹൈക്കോടതിക്കും ബോധ്യപ്പെട്ടു കാണും. ഹൈക്കോടതി പറഞ്ഞത് കേട്ടിട്ടാണോ എന്നറിയില്ല കുഞ്ഞൂഞ്ഞ് ഡല്‍ഹിക്ക് പറക്കുന്നുണ്ട്‌. ഇനി വല്ലതുമൊക്കെ നടക്കും. ഇതു വരെ ഇളകാത്തതൊക്കെ ഇളകും. അത്‌ മുല്ലപ്പെരിയാര്‍ ആകരുതേ എന്ന്‌ മുട്ടിപ്പായി പ്രാര്‍ഥിക്കാം നമുക്ക്.

മുല്ലപ്പെരിയാര്‍ ഡാം എന്ന്‌ പറഞ്ഞാല്‍ പഞ്ചായത്ത് റോഡിലെ കലുങ്കിനോളം വലുപ്പമേ വരൂ അച്ചു മാമന്. നമ്മള്‍ ആനക്കാര്യമായി കാണുന്ന പലതും അച്ചുമാമന് നിസ്സാരക്കാര്യം! അത്‌ കൊണ്ടാണ് അബ്ദുല്‍ കലാമിന്റെ മിസ്സൈല്‍ വെറും എലി വാണമായി മൂപ്പിലാനു തോന്നിയത് . ഡാം പുനര്‍ നിര്‍മാണച്ചെലവ് മൊത്തമായും ചില്ലറയായും ഇടതു പക്ഷം ഏറ്റെടുത്തിരിക്കുന്നു എന്ന്‌ പറയുമ്പോള്‍ പഞ്ചായത്ത് റോഡിലെ കലുങ്കായിരുന്നു മനസ്സില്‍. പക്ഷെ ഡാം ചെന്ന് കണ്ടപ്പോഴാണ് മനസ്സിലായത് ഇത് ബക്കറ്റ് പിരിവിലൊതുങ്ങുന്ന കേസല്ല എന്ന്‌. ഉടന് തന്നെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് പറയാന്‍ വൈക്കം വിശ്വനെ ഏര്‍പ്പാടാക്കി. അച്ചു മാമന്റെ ചെലവേറ്റെടുക്കല്‍ പ്രസ്താവനയുടെ ദൃശ്യം നിറുത്തി വൈക്കം വിശ്വനിലേക്ക് കാമറ തിരിച്ചിട്ടുണ്ട്. പ്ലീസ് വെയിറ്റ്, ബഫറിംഗ്.. ബഫറിംഗ്..!

ലാസ്റ്റ് ബോള്‍: സര്‍ക്കാര്‍ ഗോദൌണുകളിലെ ധാന്യങ്ങള്‍ ‍പൂപ്പലടിച്ചു കുഴിച്ചു മൂടുന്നതിനേക്കാള് നല്ലത് നശിക്കുന്നതിനു മുമ്പ് അവ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതല്ലേ എന്ന് പാവം സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു പോയി. നമ്മുടെ സര്‍ദാര്‍ മന്ത്രി "ചുപ് രഹോ!" എന്നാണത്രേ കോടതിയോട് പറഞ്ഞത്.
മത്സ്യ മാംസാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തെക്കാളേറെ ഭയക്കണം എന്ന്‌ പഴമക്കാര്‍!

1 മറുമൊഴികള്‍:

പൊട്ടിയാലെ നമ്മുടെ ആളുകള്‍ക്ക് മനസ്സിലാകൂ