Pages

Monday 28 November, 2011

നെടുവീര്‍പ്പുകള്‍ക്കിടയിലെ രൂപയുടെ മൂല്യം






സൌഹൃദങ്ങള് നിഫ്ടി-സെന്‍സെക്സ് പോലെയാണെന്ന് പറഞ്ഞത് ഹിഷാമാണ്. എന്ന് വെച്ചാല്‍ ഏതു സമയത്തും കയറി വരാമെന്നും ഇറങ്ങിപ്പോകാമെന്നും.ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഓളപ്പരപ്പുകളിലേക്ക് നോക്കി അവനിതു പറയുമ്പോള്‍ കണ്ണീര്‍ പൊടിഞ്ഞില്ലെന്നേ ഉള്ളൂ. ദുഖാര്ദ്രമായിരുന്നു അവന്റെ വാക്കുകള്‍. കേട്ട് നിന്ന ഞങ്ങള്‍ മൂന്നു പേര്‍ക്ക് സങ്കടത്തെക്കാളേറെ ചിരിയാണ് വന്നത്. അവന്റെ സങ്കടത്തിനു പിന്നിലെ കഥയിങ്ങനെ:
ഒരൊഴിവ് ദിനത്തിന്റെ ആലസ്യത്തിലേക്കാണ് ഹിഷാമിന്റെ ഫോണ്‍ തുരു തുരാ ശബ്ദിച്ചത്. കോട്ടുവായിട്ടു മൂരിനിവര്ന്നു നോക്കിയപ്പോ അങ്ങേ തലയ്ക്കല്‍ അജ്മല്‍. പിന്നീട് അല്‍പ നേരം നിശബ്ദതയായിരുന്നു. ഗാനമേളക്ക് മുമ്പുള്ള ഹാര്‍മോണിയം ടെസ്റ്റ്‌ പോലെ പല ടോണുകളില്‍ ഹലോ.. ഹലോ.. ഹലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു ഹിഷാം. അര്ജന്റായിട്ടു നിന്നെയൊന്നു കാണണം എന്ന് മാത്രം നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു അജ്മല്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നലെ രാത്രി കൂടി നേരിട്ട് കണ്ടപ്പോള് പറയാതിരുന്ന എന്ത് കാര്യമാണ് പൂരങ്ങളുടെ പൂരപ്പെരുമ പറയുന്നവന് വന്നു പെട്ടിരിക്കുന്നത്. ഹിഷാം ആലോചിച്ചു. ഒരു രാത്രി അവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാ‍ണുണ്ടാക്കിയിരിക്കുന്നത്?

ഹിഷാമിന് മള്‍ട്ടി നാഷണല്‍ കമ്പനിയിലെ കണക്കപ്പിള്ള ജോലി. അത് കൊണ്ട് തന്നെ പെറ്റി കാഷ് കാണും കയ്യില്‍ എന്നത് സുഹൃത്തുക്കള്‍ക്കിടയിലെ പരസ്യമായ രഹസ്യം. കടത്തനാടന്‍ ഉമ്മയുടെയും ബാപ്പയുടെയും രണ്ടു പെണ്‍കുട്ടികളടക്കമുള്ള കുടുംബത്തിലെ ഇളയ ചേകവര്‍. നാട്ടില്‍ പറയത്തക്ക പ്രാരാബ്ദങ്ങളും ബാധ്യതകളുമില്ല. പെണ്ണ് കെട്ടാത്തത് കൊണ്ട് പ്രത്യേകിച്ചും. ബാപ്പ ഷാര്‍ജ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (SEWA) ജീവാത്മാവും പരമാത്മാവുമായിരുന്നു ഒരു കാലത്ത്. കൂടെയുള്ള ലവാണ്ടന്മാര്‍ക്ക് കണക്കു കൂട്ടാന്‍ കൈകള്‍ മാത്രമല്ല കാലുകള്‍ കൂടി വേണ്ടി വരുമെന്ന അവസ്ഥ മുതലാക്കി അക്കൌണ്ട്സ് ഹെഡ് വരെയായിത്തീര്‍ന്ന പഴയ മീറ്റര്‍ നോട്ടക്കാരന്‍. ഹിഷാമിന് വേണ്ടിയുള്ള പെണ്ണ് കാണലില്‍ മാത്രം അദ്ദേഹത്തിന് കണക്കുകള്‍ പിഴച്ചു പോയി. ഹിഷാമിന്റെ ഇരുപത്തിയന്ജാം പിറന്നാളില്‍ തുടങ്ങിയ പെണ്ണുകാണല്‍ ചടങ്ങുകള്‍ രണ്ടാം വാര്‍ഷികവും കഴിഞ്ഞു ഗംഭീരമായി മുന്നേറുന്നു. രണ്ടു ലീവുകളിലായി 14 (അനൌദ്യോഗിക കണക്കു പ്രകാരം) എണ്ണം അവനും പിന്നെ കുടിച്ചു തീര്‍ത്ത ചായകള്‍ക്ക് മാത്രമറിയാവുന്ന കണക്കുകളുമായി അവന്റെ പെങ്ങന്മാരും എപ്പിസോഡുകള്‍ പിന്നിടുന്നു‍. അതിലൊരുത്തിക്ക് സ്ത്രീധനമായി കൊടുത്ത സ്വിഫ്ടിലാണ് 'സത്യാന്വേഷണ പരീക്ഷണ' യാത്രകള്. സ്വിഫ്ടുകാരിയുടെ കണ്ണുകള്‍ പള്ളി മിനാരത്തിലെ സ്പീക്കറുകള്‍ പോലെ ഒന്ന് തെക്കോട്ടെങ്കില്‍ മറ്റേത് വടക്കോട്ടെന്ന മട്ടിലാണ്. അത്രയ്ക്കുണ്ട് പൊരുത്തം! ആ 'പൊരുത്ത'ത്തിന് ബാപ്പാന്റെ പൊരുത്തമാണാ സ്വിഫ്ടെന്നു ഹിഷാം. അവള്‍ക്കാണത്രെ കണ്ണട വെക്കാത്ത പെണ്‍കുട്ടിയെ വേണം ഹിഷാമിന് എന്ന സ്റ്റാര്‍ മാര്‍ക്കില്ലാത്ത കണ്ടിഷന്. ആഞ്ജലീന ജൂലിയുടെ വടകര വേര്‍ഷനായ രണ്ടാമത്തവളുടെ 'കണ്ടീഷന്‍സ്' മീറ്റ് ചെയ്യുന്നതിലും ഭേദം തമിഴ്മക്കളെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം കുടിപ്പിച്ചു വറ്റിക്കുന്നതാണെന്നും അവന്‍ നെടുവീര്‍പ്പോടെ പറയുന്നു.

ഇത്രയും ചരിത്ര ഗാഥകള്‍ക്ക് സാക്ഷിയായ അവന്റെ ഐ ഫോണ്‍ ഫോറിലേക്കാണ് റൂമിന് പുറത്തെത്തിയെന്ന സൂചനയുമായി അജ്മലിന്റെ മിസ്കോള്‍.(ഒഴിവു ദിവസങ്ങളില്‍ കാളിംഗ് ബെല്ലടിച്ചു ശല്യപ്പെടുത്തരുതെന്ന അലിഖിത നിയമം ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളില്‍ നിലവിലുണ്ട്). ഹിഷാം പല്ല് തേച്ചെന്നു വരുത്തി പുറത്തിറങ്ങി. അജ്മലിന്റെ മുഖം തെരഞ്ഞെടുപ്പില് തോറ്റ സ്ഥാനാര്ഥിയുടേത് പോലെ തോന്നിച്ചു. ആകെ ഒരു മ്ലാനത. കാര്യം തിരക്കി. അവന്റെ ശ്വാസങ്ങള്‍ ഉച്ഛസ്ഥായിയിലാവുന്നത് ഹിഷാം ശ്രദ്ധിച്ചു. നാട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. ഉമ്മാക്ക് പെട്ടെന്നൊരു സ്ട്രോക്ക്. ഇത് രണ്ടാം തവണയാണ്. ഉടന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമത്രെ! കുറച്ചു കാശിന്റെ ആവശ്യം. ഈ സമയത്ത് നിനക്ക് മാത്രമേ സഹായിക്കാന്‍ പറ്റൂ. ഒരു ഗദ്ഗദത്തോടെ അജ്മല്‍ പറഞ്ഞു നിര്‍ത്തി. ഹിഷാം ആകെ വിഷമവൃത്തത്തിലായി. അടുത്ത മാസം ഇയര്‍ എന്റിംഗ് ആയത് കൊണ്ട് ഓഡിറ്റിങ്ങിന്റെ പുകിലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെറ്റി കാഷിന്റെ ബാലന്‍സ് കുറയുമെന്ന ഫ്രെണ്ടെണോമിക്സ് അവന്‍ അനുഭവത്തിലൂടെയാണ് പഠിച്ചത്. അത് കൊണ്ട് തന്നെ ബാലന്‍സ് ഷീറ്റ് ടാലിയാവാന്‍ വാങ്ങിയവന്മാരുടെ കുടുംബ പുരാണം മുതല്‍ കൊടുങ്ങല്ലൂര്‍ ഭരണി വരെ കേള്‍ക്കേണ്ടി വരും. അജ്മലിനെ പറ്റിയും ഹിഷാമിനു വലിയ മതിപ്പില്ല. കുന്നംകുളത്തുകാരന്റെ ട്രേഡ് മാര്‍ക്ക് കയ്യിലിരിപ്പുകള് ആവശ്യത്തിലധികം അവനുണ്ട് താനും. പക്ഷെ ഈയൊരവസ്ഥയില്‍ താന്‍ കൂടി കൈവിട്ടാല്‍.. തന്റെ ഇരുപതാം വയസ്സില്‍ കാര്‍ഡിയാക് അറസ്റ്റ്‌ വന്നു മരണപ്പെട്ട ഉമ്മയുടെ മുഖം ഓര്മ വന്നു ഹിഷാമിന്‍. ഒട്ടും താമസിച്ചില്ല. തന്റെ അഡ്വാന്‍സ് സാലറിയും പെറ്റിയും ഒക്കെ ചേര്‍ത്ത് അജ്മലിനു അവന്‍ ആവശ്യപ്പെട്ട സംഖ്യ‍ കൊടുത്തുവിട്ടു.

വൈകുന്നേരം ഞങ്ങള്‍ ക്രീക്കില്‍ നടക്കാനിറങ്ങിയപ്പോ ബൈജുവാണാ വെടി പൊട്ടിച്ചത്. അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ ടെല്ലറായി ജോലി ചെയ്യുന്ന ബൈജുവിനെ അജ്മല്‍ രാത്രി വിളിച്ചിരുന്നുവത്രേ! ഇന്ത്യന്‍ റുപ്പിയുടെ റേറ്റ് അറിയാന്‍. എനിക്ക് മോര്‍ണിംഗ് ഡ്യൂട്ടി ആയത് കൊണ്ട് കാലത്ത് എത്തുമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം അവന്‍ കാലത്ത് തന്നെ എത്തി കാശയച്ചു. ആരുടെ അടുത്തും കാശില്ലാത്ത ഈ മാസാവസാനം നിനക്കെവിടുന്നാണ് ഇത്രയും കാശെന്നും ചോദിച്ചിരുന്നു. ഒരു കള്ളച്ചിരിയായിരുന്നു അവന്റെ മറുപടി. ഉമ്മാന്റെ ഒപറേഷന് വേണ്ടിയാണെന്നു പറഞ്ഞപ്പോ ഞാനാണ് കാശ് കൊടുത്തതെന്ന് ഹിഷാം ബൈജുവിനോട്‌ പറഞ്ഞു. ഏത് ഉമ്മയെന്നായി ബൈജു. അജ്മലിന്റെ ഉമ്മ അവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മരണപ്പെട്ടു പോയിട്ടുണ്ടെന്ന് അയല്‍ക്കാരന്‍ കൂടിയായ ബൈജു പറഞ്ഞു നിര്‍ത്തി. ഇക്കുറി ഹൃദയം നിലച്ചത് ഹിഷാമിന്റെതായിരുന്നു. പിന്നൊരു കൂട്ട പൊട്ടിച്ചിരിയായിരുന്നു. മരണ വീട് പോലെ. ഹിഷാം മാത്രം ചിരിക്കാതെ. ഇപ്പോഴത്തെ മരണ വീടുകളില്‍ പരേതന്‍ ഒഴികെ ബാക്കിയെല്ലാവരും ചിരിയും കളിയുമാണല്ലോ. പരേതനും ചിരിക്കണമെന്നുണ്ടാകും; കഴിയാത്തത് കൊണ്ടായിരിക്കും.
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന ഹിഷാമിന്റെ മുഖം സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ ഓര്‍മിപ്പിച്ചു. കൈവിട്ടു പോയ സാലറിയും വറ്റിത്തീര്‍ന്ന പെറ്റിയും കാലിയായ ക്രെഡിറ്റ്‌ കോളങ്ങളും പിന്നെ ഓഡിറ്റിങ്ങിന്റെ കാണാച്ചോദ്യങ്ങളും അവന്റെ മനസ്സില്‍ തീര്‍ത്ത രസതന്ത്രം, സുധാകര-ജയരാജന്മാരെ നാണിപ്പിക്കും തരത്തില്‍ വാക്കുകളായി പുറത്തു വന്നു കൊണ്ടിരുന്നു. ക്രീക്കിലൂടെ ഒരു ദീപാലംകൃതമായ ആഡംബര ബോട്ട് ഞങ്ങളെയും കടന്നു പോയി. ഇരുളും അരണ്ട വെളിച്ചവും ഇട കലര്‍ന്ന ബോട്ടിനുള്ളില്‍ നിന്നുമുയര്‍ന്ന ഷോണ്ടെല് ലെയിനിന്റെ മനോഹര ഗാനം ബോട്ടിന്റെ താളത്തിനൊപ്പം ഒഴുകിയൊഴുകിപ്പോയി.
‍‍
Life is not an easy road
A true you just a struggle with your heavy load
I know it seems you lose the battle more and more..

3 മറുമൊഴികള്‍:

പെറ്റി കാഷിന്റെ ഫ്രണ്ട്‌ഇക്കോണോമിക്സ് പഠിച്ച ആള്‍ക്ക് എക്സ്ചേഞ്ചിന്‍റെ മാക്രോ ഇക്കോണോമിക്സ് മനസ്സിലാകാതെ പോയി. പെറ്റി വവുച്ചെര്‍സ് വച്ച് അഡ്ജസ്റ്റ്‌ ചെയ്യുന്ന വിദ്യ ഒന്നും ഇല്ലേ?
പ്രയോഗങ്ങളും ഉപമകളും വളരെ നന്നായി

funny.... :)


pls remove word verification otherwise no reader will interested to post any comment :(