Pages

Sunday 29 January, 2012

ബീരാന്റെ ഭരണവും ജയരാജന്റെ സുവിശേഷവും

പഴയൊരു കഥയുണ്ട്. ബീരാന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ കഥ. നിര്ത്തിയിട്ട ബസ്സില്നിന്നിറങ്ങി ചായ കുടിച്ചുകൊണ്ടിരുന്ന ബീരാനോട്അടുത്തിരുന്ന ആള്പറഞ്ഞത്രേ: അതാ ബസ്സ്പോകുന്നു. ഉടനെ ബീരാന്‍: അതെങ്ങനാ ബസ്സ്പോയ്ക്കളയാ? ? ടിക്കറ്റ്ന്റെ കയ്യിലല്ലേ?

കഥയിലെ ബീരാന്റെ സ്ഥിതിയാണിന്ന് മുസ്ലിം ലീഗിന്. പാര്‍ട്ടി ഭരണത്തിലുണ്ടാകുമ്പോള് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയില്ല എന്ന ലീഗിന്‍റെ പ്രസ്താവന കേട്ടപ്പോള്‍ ബീരാന്റെ കയ്യിലെ ടിക്കറ്റാണോര്മ വന്നത്. ഇ-മെയില്‍ ചോര്‍ത്തലൊന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം
പീഡനമാകുന്നില്ല. പീഡനമാകണമെങ്കില്‍ അതിനു ചില 'ശര്ത്തും-ഫര്‍ദും' ഒക്കെ ഒത്തു വരേണ്ടതുണ്ട്. അതിലൊന്നാമത്തേത് സംസ്ഥാനത്തിന്റെ ആഭ്യന്തരം കയ്യാളുന്നത് എല്‍. ഡി. എഫ് മന്ത്രിസഭയായിരിക്കണം എന്നതാണ്. ദേ ലീഗുകാരാ ബസ്സതാ പോകുന്നു എന്ന് പറഞ്ഞ ജനങ്ങളോട് ഭരണം കയ്യിലുണ്ടെന്നാ നേതാവിന്റെ മറുപടി. പക്ഷെ എല്ലാ ലീഗുകാരും ഇങ്ങനെയാണെന്നു തെറ്റിദ്ധരിക്കരുത്. പണ്ടൊക്കെ തിരുവായ്ക്ക് എതിര്‍വാ എന്ന നിലക്ക് വിവരക്കേട് വിളമ്പിയിരുന്നത് മുനീര്‍ പക്ഷം എന്ന പക്ഷമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മുനീര്‍ പക്ഷത്ത്‌ മുനീറും പിന്നെ ഇന്ത്യാവിഷന്‍ ചാനലിന്റെ ഓ.ബി വാനും മാത്രമേ ഉള്ളൂ എന്ന് മുനീറിനു പോലും മനസ്സിലായത്‌. കൂടെ തായമ്പക കൊട്ടിയ വയനാട് ഷാജി പോലും കുഞ്ഞാലിക്കുട്ടി രാഗത്തില്‍ അസ്സല്‍ കീര്‍ത്തനങ്ങള്‍ പാടാന്‍ തുടങ്ങിയതോടെ മുനീര്‍ പാട്ട് നിര്‍ത്തി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഇക്കാലത്ത്‌ ഒരു പാര്‍ട്ടി നടത്തിക്കൊണ്ട് പോകണമെങ്കില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നൊക്കെ പറഞ്ഞത്‌ പോലെ ഉള്‍പാര്‍ട്ടി പ്രതിപക്ഷവും വേണം. പിണറായിക്ക്‌ അച്ചുമാമന്‍ എന്നത് പോലെ, ഉമ്മന്‍ ചാണ്ടിക്ക് രമേശ്‌ എന്നതൊക്കെ പോലെ തന്നെ കുഞ്ഞാലിക്കുട്ടിക്ക് മുനീറായിരുന്നു ആ കുറവ്‌ നികത്തിക്കൊടുത്തു കൊണ്ടിരുന്നത്. എന്നാല്‍ ഇ-മെയില്‍ വിവാദത്തോടെയാണ് വടി ഇ.ടി. ബഷീറിന്റെ കയ്യിലാണുള്ളതെന്ന് മാലോകര്‍ക്ക് മനസ്സിലായത്‌. ഒരു ലോകത്തിന് രണ്ടു പടച്ചോന്മാരുള്ളത് പോലെയാണ് ഒരു പാര്‍ട്ടിക്ക്‌ രണ്ടു ജന. സെക്രട്ടറിമാരുണ്ടായാലത്തെ അവസ്ഥ. ഒരാള്‍ക്ക് മുരിക്കിന്‍ കമ്പാണെങ്കില്‍ മറ്റെയാള്‍ക്ക് കരിക്കിന്‍ കുലയായിരിക്കും പഥ്യം. ഇ-മെയില്‍ വിവാദത്തിലൂടെ അത് മറ നീക്കി പുറത്ത്‌ വന്നുവെന്ന് മാത്രം. കാര്‍ണോര്‍ ജീവിച്ചിരിക്കുമ്പോ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന മട്ടിലുള്ള സിദ്ധാന്തമൊന്നും ഇ.ടി. ബഷീറിന് മനസ്സിലായിട്ടില്ല. മറ്റു പലര്ക്കുമെന്ന പോലെ ബഷീറിനും മനസ്സിലായിട്ടില്ല എന്ന് നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. പക്ഷെ കക്ഷത്തിലുള്ളത് വീഴാതെ ഷോക്കേസിലുള്ളത് എടുക്കുന്ന വിദ്യയൊന്നും ലീഗിന്‍റെ കയ്യിലില്ലാത്തത് കൊണ്ട് മിണ്ടാതിരിക്കുന്നു. എന്നാല്‍ അരിയെത്രയാ പയറഞ്ഞാഴി എന്ന തരത്തില്‍ രണ്ടാലൊരു സെക്രട്ടറിയായി കാലം കഴിക്കാന്‍ ഏതായാലും ബഷീറിനു താല്പര്യമില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനാ നേരമ്പോക്കുകള്‍. കുഞ്ഞാലിക്കുട്ടി തീരുമാനിക്കുക, പാര്‍ട്ടി അഭിപ്രായമായി പാണക്കാട്ട് തങ്ങള്‍ അത് അല്‍ ഫാത്തിഹ വിളിച്ച് പ്രസ്താവിക്കുക, ആമീനും പറഞ്ഞു കോഴി ബിരിയാണിയും തിന്ന് പിരിയുക എന്നതില്‍ കവിഞ്ഞുള്ള ജനാധിപത്യമൊന്നും ലീഗില്‍ നടപ്പില്ല. അതിനൊരു മാറ്റം വരണമെന്നേ ബഷീറും, മുമ്പ്‌ മുനീറും  ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടപ്പെടാത്തത്?

പുര കത്തുമ്പോള്‍ വാഴ വെട്ടാമല്ലോ എന്ന് വെച്ചാണ് മാധ്യമം സ്കൂപ്പ് പുറത്തു വിട്ടതെങ്കിലും ഇത്തവണ മുയലു ചത്തില്ല. സ്വതേ ആളില്ലാത്ത സംഘടന രാഷ്ട്രീയ പാര്‍ട്ടി കൂടിയുണ്ടാക്കിയപ്പോള്‍ ചന്തേലിരുന്നവര്‍ വരെ ചന്തിയും തട്ടി പോയി എന്ന നിലയിലായി. ദൈവിക പാര്‍ട്ടിയിലേക്ക് ഖൌമിനെക്കൂട്ടാന്‍ വിട്ട പണി പാളിപ്പോയി എന്ന ജാള്യം മാധ്യമത്തിനുമുണ്ട്. പത്രത്തിന്റെ റീഡര്‍ഷിപ്പ് കൂട്ടുന്നത് പോലെ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ്‌ കൂട്ടാന്‍ പറ്റില്ലെന്ന പാഠവും അവര്‍ ഇതിനോടകം പഠിച്ചു. രാഷ്ട്രീയക്കാരുമായുള്ള സഹവാസമാവാം ഇന്ന് പഠിച്ചത് നാളെ മറക്കുകയും ഇന്ന് പറഞ്ഞത്‌ നാളെ മാറ്റിപ്പറയുകയും ചെയ്യുക എന്നതാണല്ലോ നമ്മുടെ മാധ്യമങ്ങളുടെയും ഒരു പൊതു നയം. ആ നിലയ്ക്ക് നോക്കുമ്പോള്‍ പുതിയ സ്ക്കൂപ്പുകളുമായി മാധ്യമവും ജമാഅത്തും വീണ്ടും വരും. ലെറ്റര്‍ പാഡ് അടിച്ചു പോയില്ലേ? അതിന്റെ ലീഫെണ്ണത്തിനെങ്കിലും അണികളില്ലാതെ പിന്നെ എന്തോന്ന് പാര്‍ട്ടി. അടുത്ത തവണ മുയല്‍ ചാകില്ലെന്നാരു കണ്ടു?

ഉമ്മന്‍ ചാണ്ടി ഐ.ടി മന്ത്രി ആവാതിരുന്നത് മലയാളികളുടെ നഷ്ടം. ലോഗിന്‍ വിവരങ്ങളും പാസ്‌ വേര്‍ഡും എന്താണെന്നെങ്കിലും കേരളീയര്‍ പഠിച്ചത് അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തത് കൊണ്ട് മാത്രമാണ്. ജനസമ്പര്‍ക്ക പരിപാടികളും തഹസില്‍ദാര്‍ പണിയും (പ്രയോഗത്തിന് സി.പി.എമ്മിനോട് കടപ്പാട്) കഴിഞ്ഞു നേരമൊഴിഞ്ഞിരുന്നേല്‍ മള്‍ട്ടി ലെവല്‍ ഇ-മെയില്‍ സ്ക്രിപ്റ്റിങ്ങിനെക്കുറിച്ചും നൂതന ക്ലൌഡ് സര്‍വറുകളെക്കുറിച്ചും അദ്ദേഹം കേരളത്തിലെ ഐ.ടി മന്ദബുദ്ധികള്‍ക്ക് ഒരു ക്ലാസ്‌ തന്നെ എടുത്തു കൊടുക്കുമായിരുന്നു. വിവരമില്ലാത്ത പത്രക്കാര്‍ അതിനു സമ്മതിച്ചില്ല? ഒപ്പം 268 ഇ-മെയില്‍ ഐഡി ഏഴു ജിഗാ ബൈറ്റാക്കുന്ന സാങ്കേതിക വിദ്യയും പഠിച്ചെടുക്കാന്‍ മലയാളി മണ്ടന്മാര്‍ക്ക് യോഗമില്ല. ബോംബ്‌ വെക്കുന്ന വിവരത്തിനു ഇന്‍ലന്‍റ് അയക്കുന്ന തീവ്രവാദികളെയും നോക്കി ആരാന്‍റെ മെയിലില്‍ അടയിരുന്ന് കാലം കഴിക്കുന്ന ഇന്റലിജന്‍സുകാരേ..നിങ്ങള്‍ക്കു നമസ്തേ!

കമ്മ്യൂണിസ്റ്റുകാര്‍ക്ക് പിടിപ്പതു പണിയാണ്. പ്രത്യയ ശാസ്ത്ര രേഖ പുതുക്കി എഴുതണം, എന്നിട്ടത് പാര്‍ട്ടി കോണ്ഗ്രസ്സില്‍ അവതരിപ്പിക്കണം എന്നിങ്ങനെ. ഇരുപത് കൊല്ലം കൂടുമ്പോഴുള്ള ഒരു ചടങ്ങാണത്. മുതലാളിത്തത്തിലേക്കെത്താന് ഇനിയുമെത്ര ദൂരം നടക്കണം എന്നൊരു അളന്നു തിട്ടപ്പെടുത്തല്‍. ചൈനയൊക്കെ ഈ ചടങ്ങ് ഇടയ്ക്കിടെ നടത്തി നടപ്പിന്റെ വേഗത‍ വര്‍ദ്ദിപ്പിക്കാറുണ്ട്. ചില ലാറ്റിനമേരിക്കന് രാജ്യങ്ങളിലൊക്കെ അമ്പത് കൊല്ലം കൂടുമ്പോഴേ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാറുള്ളൂ എന്നും കേള്‍ക്കുന്നു. ചടങ്ങ് നടക്കുന്ന ഹാളിനു പുറത്തു നിന്നാല്‍ നിയോ ലിബറലിസം, സ്വത്വവാദം, ഉത്തരാധുനികത എന്നിങ്ങനെ കടിച്ചാല്‍ പൊട്ടാത്ത മന്ത്രങ്ങള്‍ ഉരുവിടുന്നത് കേള്‍ക്കാം. അതൊക്കെ ധാത്രി എണ്ണയും ധാന്യവും കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്ന കെ. ഇ. എന്നിനെ പോലുള്ള താടി-മുടിക്കൂട്ടങ്ങള്‍ നോക്കിക്കോളും. ബു.ജി എന്നാണ് അവര്‍ക്ക് പാര്‍ട്ടി തസ്തികയിലുള്ള പേര്.

ഇത്തരം തിരക്കുകളിലായത് കൊണ്ടാണ് ഇ-മെയില്‍ അലമ്പുകളിലൊന്നും ഇടപെടാന്‍ സഖാക്കളെ കിട്ടാതിരുന്നത്. കല്യാണവീട്ടിലെ കാരണവരെ പോലെ അഭിപ്രായത്തിന് വേണ്ടിയെങ്കിലും അവര്‍ അഭിപ്രായം പറഞ്ഞു പോകാറു ണ്ടായിരുന്നു. ഇക്കുറി അതും കണ്ടില്ല. കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവം വിട്ട് ‘മാപ്ലമാര്‍ഗം’ കൂടി എന്നും ചിലര്‍ ആരോപിക്കുന്നത് കേള്‍ക്കുന്നു. ഇന്ത്യാ മഹാ രാജ്യത്തിലെ പാവം കുഞ്ഞാടുകളിലേക്ക് ഒടയതമ്പുരാന്‍ ഇറക്കിക്കൊടുത്ത ഇടയനാണത്രേ പ്രകാശ്‌ കാരാട്ട്. ജയരാജന്‍ സഖാവിന്റെ ദിവ്യ വെളിപാടിലൂടെയാണ് ഈ സുവിശേഷം മാലോകരറിഞ്ഞത്. മൈക്കല്‍ ആഞ്ചലോയുടെ സങ്കല്പ ചിത്രം വെച്ച് നോക്കിയാല്‍ (മുടിയുടെ കാര്യത്തിലെങ്കിലും) യേശുവിനോട് സാദൃശ്യമുള്ളത് പന്ന്യന്‍ രവീന്ദ്രനാണ്. കാനായിലെ കല്യാണ വിരുന്നില്‍ വെള്ളം വീഞ്ഞാക്കി മാറ്റുന്ന പോലുള്ള വല്ല ജാലവിദ്യയും ഇനി കാരാട്ട് പഠിച്ചു വെച്ചിട്ടുണ്ടോ എന്നറിയില്ല. ഉള്ള വീഞ്ഞില്‍ മായം കലര്‍ത്തി വില്‍ക്കുന്ന മണിച്ചനുമായുള്ള പരിചയം മാത്രമേ കാരാട്ടും വീഞ്ഞും തമ്മില്‍ പറഞ്ഞു കേട്ടിട്ടുള്ളൂ. ജയരാജന്‍ സഖാവ് കാരാട്ട്-ക്രിസ്തു ഉപമയിലൂടെ എന്താണുദ്ദേശിച്ചതെന്ന് (നേരാം വണ്ണം സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുക്കാത്തത് കൊണ്ടാകാം) എനിക്കൊട്ടും മനസ്സിലാകുന്നില്ല. ഇന്നത്തെ സങ്കല്പങ്ങള്‍ നാളത്തെ സിദ്ധാന്തങ്ങള്‍ എന്നാണല്ലോ വിവരമുള്ളവര്‍ പറഞ്ഞു വെച്ചിരിക്കുന്നത്. നാളെയെങ്കിലും എന്‍റെയുള്ളിലെ ലൈറ്റ്‌ കത്തുമായിരിക്കും. ഇതിപ്പോ കാരാട്ടിനെ യേശുവിനോളം ഉയര്‍ത്തിയതോ അതോ ക്രിസ്തുവിനെ കാരാട്ടോളം താഴ്ത്തിയതോ? ഒരു കൈ വെട്ടിന് അച്ചായന്മാര്‍ക്ക് സ്കോപ്പുണ്ട്. എന്‍. ഡി. എഫിനെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചാല്‍ അവരത് ഭംഗിയായി നിര്‍വഹിച്ച് ബങ്കലുരുവിലേക്ക് ഹിജ്റ പോയ്ക്കോളും. കാര്യം യേശുവും ഒരു പ്രവാചകനാണല്ലോ?

ലാസ്റ്റ്‌ ബോള്‍: ഏ. കെ. ആന്‍റണിയുടെ മകന്‍ നായകനായി സിനിമ വരുന്നു – വാര്‍ത്ത.
മേജര്‍ രവി സംവിധാനം ചെയ്‌താല്‍ അച്ഛനെയും അഭിനയിപ്പിക്കാം. പിന്നെ നമുക്ക്‌ സൈന്യത്തിന്റെ ആവശ്യം തന്നെയില്ല. പാക്കിസ്താന്‍ പട്ടാളം ആ സിനിമ കണ്ട് ചിരിച്ചു മരിച്ചോളും.


2 മറുമൊഴികള്‍:

ഈ മെയിലോ അതെന്തു മെയില്‍ ആണ് കോയാ?

ഈ മെയിലായിപ്പോയി, വല്ല ഫീ മെയിലുമായിരുന്നേൽ നോക്കാമായിരുന്നു,അല്ല പിന്നെ.