Pages

Thursday 29 December, 2011

ഹിപ്പി ന്യൂ ഇയര്‍..!

കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ്‌ ചെയ്ത കാര്‍ഡിന്റെ ആശംസാ വാചകങ്ങളും പറഞ്ഞു തന്നു. മഡഗാസ്ക്കര് ദ്വീപിലെ ‍ 'അട്ടപ്പാടിയി'ലെങ്ങാണ്ടോ ഇരുന്നു വാതക പൈപ്പ് ലൈനിന്റെ സുരക്ഷ പരിശോധിക്കുന്ന ‍സുഹൃത്തിന്റെ ഉച്ചപ്പിരാന്തെന്നു കരുതിയെങ്കിലും അവന്റെ വിശദീകരണം കേള്‍ക്കാമെന്ന കൌതുകത്തിനു മറുപടി മെയില്‍ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അറുപതുകളില്‍ യുവത്വം നിറഞ്ഞാടിയ 'ഹിപ്പി' സംസ്കാരത്തിന്റെ സെറോക്സ് കോപ്പികളാണത്രേ ഇന്നിന്റെ തലമുറയും അവരുടെ ആഘോഷങ്ങളും എന്ന മുഖവുരയോടെയുള്ള നെടുങ്കന്‍ മറുപടി ഇന്‍ബോക്സില്‍ ഒരു സീല്‍ക്കാരത്തോടെയെത്തി. സൈക്കഡലിക്ക് റോക്കും സിരകളില്‍ നുരഞ്ഞു പൊന്തുന്ന ലഹരിയും അരാഷ്ട്രീയവാദവും ഒപ്പം നീട്ടി വളര്‍ത്തിയ മുടിയിലൂടെ തങ്ങളുടെ ഐഡന്റ്റിറ്റി തെളിയിക്കുന്ന രൂപങ്ങളുമായി അരാജക വാദത്തിന്റെ ആള്‍രൂപങ്ങളായി പകര്‍ന്നാടിയ യുവത്വം. ഹിപ്പികള്‍ എന്ന് ലോകം വിളിച്ച, ആഘോഷത്തിന്റെ അവര്‍ക്ക് മാത്രമറിയാവുന്ന വ്യാകരണങ്ങളില്‍ ജീവിതം 'കത്തിച്ചു തീര്‍ത്ത' യൌവനങ്ങള്‍. കലയിലും, സിനിമയിലും എല്ലാം സാന്നിധ്യമറിയിച്ചു കൊണ്ട് അവരിന്നും സജീവമാണെന്ന അവന്റെ കണ്ടെത്തല്‍, ഫൈന്‍ ആര്‍ട്സ് ബിരുദവും മള്‍ട്ടി മീഡിയ ഡിപ്ലോമയും എടുത്തു നല്ലൊരു ഡിജിറ്റല്‍ ആര്‍ടിസ്റ്റ് എന്ന പേരും സമ്പാദിച്ചു കരിയര്‍ തുടങ്ങിയ‍ ആളിപ്പോള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഒരു പെട്രോ-കെമിക്കല്‍ കമ്പനിയുടെ പ്രോജക്റ്റ് സേഫ്റ്റി ഓഫീസറായി മാറിയത് പോലുള്ള അനേകം നട്ടപ്പിരാന്തുകളിലൊന്നായി കാണാനാണെനിക്കിഷ്ടം.
 കര്‍ണപടങ്ങളില്‍

താരതമ്യങ്ങളിലെ പൊരുത്തക്കേടുകളല്ല; പക്ഷെ നമ്മുടെ പൊതു സമൂഹത്തെ പ്രത്യേകിച്ചും ഞാനടങ്ങുന്ന യുവസമൂഹത്തെ ചൂണ്ടിക്കാണിക്കാന്‍ ഹിപ്പികള്‍ എന്ന വിളിപ്പേരിലെ അപര്യാപ്തതയാണെനിക്കനുഭവപ്പെടുന്നത്. ഓരോ ആഘോഷങ്ങള്‍ക്ക് പിന്നാലെയും കാനേഷുമാരിക്കണക്കുകള്‍ പോലെ യാതൊരു കൂസലുമില്ലാതെ ബീവറേജസ് കണക്കുകളും കൊണ്ടാടപ്പെടുന്ന, രാവേറുവോളം കുടിച്ചര്മാദിച്ചു അതിന്റെ ഹാങ്ങോവറില്‍ പുതുവര്‍ഷപ്പുലരിയില്‍ വൈകിയുണരുന്ന ഒരു സമൂഹമായി നാം അധപ്പതിച്ചിട്ടു കാലമേറെയായി. സച്ചിന്റെ സെഞ്ച്വറികള്‍ പോലെ ഓരോ തവണയും തിരുത്തിക്കുറിക്കുന്ന റെക്കോര്ഡുകളായി നമ്മുടെ മദ്യാസക്തിയും വളര്‍ന്നിരിക്കുന്നു. ആഘോഷം അരാജകത്വമായി മാറിയ കാലത്ത് ഹാപ്പിക്ക് പകരം ഹിപ്പിയല്ലാതെ മറ്റെന്ത്?

ചുവരില്‍ തൂങ്ങുന്ന പുതിയ കലണ്ടറിന്റെ ദിനങ്ങള്‍ നമ്മോടു ചില കണക്കുകള്‍ പറയുന്നുണ്ട്. എന്തെന്നറിയാത്ത നാളെയ്ക്ക് ഇന്നലെകളുമായുള്ള ചില ബന്ധത്തിന്റെ കണക്കുകള്‍. അറിവിന്റെ ഉറവിടമായി വേദഗ്രന്ഥം വിശേഷിപ്പിച്ച, ചരിത്രത്തിന്റെ ഏടുകളിലാണ് നാളെയുടെ ജാതകം പരതേണ്ടത്. മരണത്തിലേക്ക് ഒരു വര്ഷം കൂടി നാം അടുത്തിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങുന്നു ഇന്നലെകളെക്കുറിച്ചുള്ള കണക്കെടുപ്പുകള്‍.

പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് നീണ്ടു നിന്ന സ്വേച്ഛാധിപത്യത്തിന്റെ കടയ്ക്കല്‍ മുല്ലപ്പൂ പ്രഹരം ഏല്‍പ്പിച്ചതാണ് മറയുന്ന വര്‍ഷത്തെ പ്രത്യേകമാക്കുന്നതെങ്കില്‍ ആ വസന്ത വിപ്ലവം സാധിച്ചതിന്റെ ക്രെഡിറ്റ്‌ സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകള്‍ക്കും ബ്ലോഗുകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. ചരിത്രത്തില്‍ ഇന്റെര്‍നെറ്റിനെയും വിവരസാങ്കേതിക വിദ്യയെയും ഇത്രയും ക്രിയാത്മകമായി ഉപയോഗിച്ച മറ്റൊരു വര്ഷം കഴിഞ്ഞു പോയിട്ടില്ല! വസന്ത വിപ്ലവത്തിന്റെ അലയൊലികളെന്നോണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായതോ ഭരണകൂടങ്ങള്‍ക്കെതിരോ ആയ അനേകം പ്രകമ്പനങ്ങള്‍ ഉണ്ടായതിനും നാം സാക്ഷികളായി. സിംഹാസനത്തിനടിയിലെ ഭൂമിയുടെ തിരയിളക്കം മനസ്സിലാക്കി ഗള്‍ഫ് നാടുകള്‍ പോലും പൌരപ്രീണന ഓഫറുകളുമായി മുന്നോട്ടു വരുന്ന കാഴ്ചകള്‍ കൊഴിയുന്ന കാലദളത്തിന്റെ കുളിരുള്ള ഓര്‍മ്മകളായി അവശേഷിക്കുന്നു. ജനാധിപത്യത്തിന്റെ മൂട് പടത്തിനുള്ളില്‍ ജനതയുടെ വിങ്ങലുകള്‍ എക്കാലവും ഒളിപ്പിച്ചു വെക്കാനാവില്ലെന്നു കാണിച്ചു തന്നു ലോകത്തെ വലിയ രണ്ടു ജനാധിപത്യ രാഷ്ട്രത്തിലെ പൌരന്മാര്‍. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിലൂടെ അമേരിക്കയിലും ലോക്പാല്‍ ബില്‍ ആവശ്യത്തിലൂടെ ഇന്ത്യയിലും ഉയര്‍ന്ന ജനവികാരം കണ്ടില്ലെന്നു നടിക്കാന്‍ ഭരണകൂടങ്ങള്‍ക്കായില്ലെന്നതും ചരിത്രത്തില്‍ നിന്നും രണ്ടായിരത്തിപ്പതിനൊന്നാമാണ്ടിനെ വേറിട്ട്‌ നിര്ത്തുന്നു.

പരമ്പരാഗത മാധ്യമ സമ്പ്രദായങ്ങളുടെ പൊളിച്ചെഴുത്ത് ഏറ്റവും ശക്തമായനുഭവപ്പെട്ട കാലം എന്ന പ്രത്യേകത കൂടി ഉള്‍ക്കൊണ്ടാണ് വര്ഷം വിട വാങ്ങുന്നത്. സമാന്തര ‍ മീഡിയയായി ബ്ലോഗുകളും ഫെയ്സ്ബുക്കും മാറിയതോടെ വാര്‍ത്തകള്‍ സൃഷ്ടിക്കലും, വളച്ചൊടിക്കലും, ഒളിച്ചു വെക്കലും അത്ര എളുപ്പമല്ലാതായിരിക്കുന്നു. അഹങ്കാരം കൊണ്ട് അക്ഷരങ്ങള്‍ തീര്‍ക്കുന്ന കുത്തക മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുകളും പരിപാടികളും പാടേ മാറ്റിവെക്കുകയോ, മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തതിനും നാം സാക്ഷികളായി. സമാന്തര മീഡിയയുടെ കരുത്ത് ബ്ലോഗിന്റെ അകത്താളുകളില്‍ കവിതയായും, കഥയായും, ലേഖനങ്ങളായും, വരകുറികളായും കാണിച്ചു കൊടുത്തു എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം അത് ചില ഉത്തരവാദിത്തങ്ങള്‍ കൂടി നമ്മില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. ചില പ്രത്യേക താല്പര്യങ്ങളോടെ കുത്തകമാധ്യമങ്ങള്‍ നടത്തുന്ന പരിപാടികളുടെ പോസ്റ്ററൊട്ടിപ്പുകാരായി നാം അധപ്പതിച്ചു കൂടാ എന്ന ഉത്തരവാദിത്തമാണ് അതില്‍ പ്രധാനം. വൈകുന്നേരം വരെ ഇത്തരം പത്ര-ചാനലുകള്‍ക്കെതിരെ 'കൊലവെറി' നടത്തുകയും മഗരിബോടടുക്കുമ്പോള്‍ ചാനല്‍ പരിപാടിയുടെ പോസ്റ്ററൊട്ടിച്ചു തൌബ ചെയ്തു മടങ്ങുകയും ചെയ്യുകയെന്ന ഊളത്തരം ബ്ലോഗുകാരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. കോടികളുടെ ആസ്തിയുള്ള ഔസേപ്പിനെയാണോ ലക്ഷങ്ങളുടെ അകമ്പടിയുള്ള കുഞ്ഞാലിക്കുട്ടിയെയാണോ പോയ വര്‍ഷത്തെ മികച്ച വാര്‍ത്താതാരമാക്കേണ്ടതെന്ന ചോദ്യം ഒരു സമാന്തര മീഡിയക്കാരന്റെ ചോദ്യമായി പരിണമിക്കുന്നേടത്ത് ആ സമാന്തര മാധ്യമത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. പകരം ഒരു വാര്‍ത്തയിലും ഇടം കിട്ടാതെ പോയ, മേല്‍പറഞ്ഞവരെക്കാള്‍ 'വിഭവ'ങ്ങള്‍ കുറഞ്ഞ എന്നാല്‍ സുകൃതത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരാളെയെങ്കിലും ജനസമക്ഷം അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം മനസ്സാക്ഷി ചാര്‍ത്തി തരും നിങ്ങള്‍ക്കൊരു വോട്ട്! ചാരിതാര്‍ഥ്യത്തിന്റെ ആ വോട്ടിന് ഒരായിരം പ്രശംസാ കമെന്റുകളെക്കാളും വാക്കുകളേക്കാളും വിലയുണ്ടെന്നറിയുക!

പ്രത്യാശയുടെ വരും നാളുകള്‍ നല്ലതായിരിക്കട്ടെ എന്നാശംസിക്കുന്നു. വാര്‍ത്തകളിലിടം നേടാനോ ഒരു നന്ദി വാക്കോ പോലും പ്രതീക്ഷിക്കാതെ സഹജീവികളുടെ നന്മയാഗ്രഹിച്ചു നെട്ടോട്ടമോടുന്ന പതിനായിരങ്ങള്‍..അവരുടെ സുകൃതമാണീ ലോകത്തിന്റെ നിലനില്പ്പിനു നിദാനമെന്നു  വിശ്വസിക്കുന്നു ഈയുള്ളവന്‍. അവര്‍ക്ക് വേണ്ടി പ്രാര്‍ഥനകളോടെ ഈ പോസ്റ്റ് സമര്‍പ്പിക്കുകയും ചെയ്യുന്നു.

ലാസ്റ്റ്‌ ബോള്‍: വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു. പി. എ സര്ക്കാരിനെതിരെ പ്രചാരണം നടത്തും- ഹസാരെ

ഇതങ്ങ് ആദ്യമേ തന്നെ പറഞ്ഞു കൂടായിരുന്നോ? സംഘപരിവാര്‍ ജാതകപ്പുരയില്‍ ഹസാരെ പേരുള്ള താളിയോലകള്‍ പരതേണ്ടി വരില്ലായിരുന്നുവല്ലോ.. ?

8 മറുമൊഴികള്‍:

nannaayi, keep writing..Happy New Year 2012.

എല്ലാം പറഞ്ഞൊപ്പിച്ചല്ലോ ഭായ്‌!


ഇനിയും വരും!

Nalla vimarshanam, nannaayi ishtappettu.... Ashamsakal

@ഫിയോനിക്സ്‌, @kannooraan, @പരപ്പനാടന്‍..എല്ലാവര്‍ക്കും നന്ദി.

gud one.....
pakshe blogil mattoru blogare patti chila paramarshangal olinju kidappundu. ethra thanne shramichalum epozhulla systethil ninnu konde ellavarkum blog ezhuthan pattu.....

@Shuhaib, ഒരു ബ്ലോഗറെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല. കൂടുതല്‍ വായനക്കാരുള്ള ബ്ലോഗര്‍മാര്‍ കുറച്ച് കൂടി ഉത്തരവാദിത്തമുള്ളവരാകണം എന്ന ഗുണകാംക്ഷ മാത്രം! വായനയ്ക്കും അഭിപ്രായത്തിനും നന്ദി. പ്രാര്‍ഥനയും പ്രോത്സാഹനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

valare nalla ezuth ella bhavugangalum.. [c k sameer]

കേരളത്തില്‍ ഒന്നല്ല എല്ലാ ചാനല്‍ മാധ്യമങ്ങളും ചില പത്രമാധ്യമങ്ങളും അവര്‍ക്ക് അവരുടെതായ ഒരു അജണ്ടകളുണ്ട് അതൊന്നും പാവപ്പെട്ടവന്റെയോ മര്ധിതന്റെയോ വാര്‍ത്തകള്‍ കാണുകയെ ഇല്ല പത്രപ്രവര്‍ത്തകരുടെതെല്ലാം പെയ്ഡ് ന്യൂസ്‌ ആണ് , അതില്‍ നിന്ന് വിഭിന്നമയിതന്നെയാണ് ബ്ലോഗേര്‍സ് പ്രവര്‍ത്തിക്കേണ്ടത്.